ആമസോൺ വ്യൂ പോയന്റ് ; ഇതല്ലേ ‘ലോകോത്തര’ കാഴ്ച
text_fieldsഎടവണ്ണ: പുലർവേളയിൽ കോടമഞ്ഞ് പുതഞ്ഞു കിടക്കുന്ന ആമസോൺ വ്യൂ പോയിന്റ് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. എടവണ്ണ ഗ്രാമപഞ്ചായത്തിലെ ഒതായി കിഴക്കേ ചാത്തല്ലൂരിലെ മൂന്ന് കല്ല് മലയിലാണ് വ്യൂ പോയിൻറ് സ്ഥിതി ചെയ്യുന്നത്. ആദ്യം കയറിയ നാട്ടുകാരാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ മലനിരയുടെ സൗന്ദര്യം പുറംലോകത്ത് എത്തിച്ചത്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളെത്താൻ തുടങ്ങി. മലയും കാഴ്ചകളും ഹിറ്റായതോടെ പ്രദേശവാസികൾ തന്നെയാണ് ആമസോൺ വ്യൂ പോയിന്റ് എന്ന പേര് ചാർത്തിയത്.
അത്ര നിസ്സാരമായി മല കയറി മുകളിൽ എത്താൻ സാധിക്കില്ല. വനഭൂമിയിലൂടെയും സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയും മണ്ണും കല്ലും താണ്ടിയ വഴിയിലൂടെ ഏകദേശം ഒന്നര മണിക്കൂർ നടന്നുവേണം മുകളിൽ എത്താൻ. വഴികളിലെല്ലാം നിരവധി കാഴ്ചകളാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത്. ഓഫ് റോഡ് ജീപ്പ് കൈവശമുണ്ടെങ്കിൽ വേഗത്തിലെത്താൻ കുറുക്കുവഴികളും ഈ മലയിലേക്കുണ്ട്.
അതിരാവിലെ അതിസുന്ദരം
പുലർവേളയിലെ കോടമഞ്ഞ് കാണാനാണ് ആളുകൾ കൂടുതലായി എത്തുന്നത്. അതിരാവിലെ വെളിച്ചം കൂടുതൽ എത്തുന്നതോടെ കോടമഞ്ഞ് പതുക്കെ മലയിൽനിന്ന് നീങ്ങി തുടങ്ങും. ഈ സമയം എടവണ്ണ അങ്ങാടിയും ചാലിയാറും ഒരുമിച്ചു കാണുന്നൊരു കാഴ്ചയുണ്ട്. അതുകാണാൻ വേണ്ടിയാണ് ഓരോ സഞ്ചാരിയും മുകളിലേക്ക് എത്തുന്നത്. അതേസമയം, കൃത്യമായി ടൂറിസം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയാൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന ഒരു ഇടമാണിത്. ഈ പ്രദേശം പഞ്ചായത്ത് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.