ചരിത്രമുറങ്ങുന്ന മണ്ണ്, അമൃത്സർ
text_fieldsപഞ്ചാബ് യാത്രയിലെ ഏറ്റവും അവിഭാജ്യമായ ഒന്നാണ് അമൃത്സർ. ചണ്ഡിഗഡിൽനിന്നു അമൃത്സർ വരെ പോകുന്ന ഇന്റർസിറ്റി ട്രെയിനിലാണ് ടിക്കറ്റ് എടുത്തത്. വിശാലമായി പരന്ന് കിടക്കുന്ന ഗോതമ്പു പാടങ്ങളും കടുക് പാടങ്ങളും താണ്ടിയാണ് ട്രെയിൻ പോകുന്നത്. ജനലിലൂടെ ഈ കാഴ്ചകൾ കണ്ടു ഇരിക്കുമ്പോഴാണ് എല്ലാവർക്കും പലതരം പ്രസാദങ്ങളുമായി സിഖുക്കാർ വരുന്നത്. എല്ലാവർക്കും ഫ്രീയായിട്ട് റോട്ടിയും വിവിധ കറികളുമൊക്കെ കൊടുക്കുന്നു. ഇത് ഈ ട്രെയിനുകളിൽ സ്ഥിരമാണെന്ന് കൂടെയുള്ള യാത്രികനായ ബിഹാറുകാരൻ ഗോപാൽ മെഹത്ത (Gopal Mehta) പറഞ്ഞു.
യാത്രക്കിടയിൽ പരിചയപെട്ട ഗോപാലും അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കുടുംബവുമൊക്കെ പെട്ടന്നു തന്നെ യാത്രയുടെ ഭാഗമായി മാറി. പാവക്കുട്ടിയെ പോലെയുള്ള അവരുടെ കുഞ്ഞു വാവ യാത്ര തീരും വരെ എന്റെ കൂടെയായിരുന്നു. അവളുടെ കുറുമ്പിൽ ഒരു നിമിഷം പോലും ബോറടിച്ചില്ല. അതിരാവിലെ ട്രെയിനിൽ കയറിയ ഞാൻ 11.30 ആയപ്പോൾ അമൃത്സർ എത്തി. സിഖു ജനതയുടെ സാംസ്‌കാരിക തലസ്ഥാനമെന്നു പറയാവുന്ന സ്ഥലമാണ് അമൃത്സർ. കൂടാതെ പഞ്ചാബിലെ പ്രധാന വാണിജ്യ, ഗതാഗത കേന്ദ്രവും. പാകിസ്താനിലെ ലാഹോർ ഇവിടെ നിന്നു വെറും 50 കിലോമീറ്റർ ദൂരത്തിലാണ്.
രാവിലെ തന്നെ അമൃത്സർ കുൽചയുടെ രുചി അറിഞ്ഞാണ് തുടങ്ങിയത്. ആദ്യം പോയത് അവിടെ പുതിയതായി തുടങ്ങിയ എന്റെ ഗ്രാമം എന്ന അർഥം വരുന്ന "സാഡേ പിണ്ട്" (Sade പിണ്ട്) തീം വില്ലേജ് പാർക്ക് കാണാനാണ്. പഞ്ചാബിന്റെ സംസ്കാരം കാണാനും മനസ്സിലാക്കാനും ഇതിലും നല്ലൊരു സ്ഥലമുണ്ടാവില്ല. പരമ്പരാഗതമായി പഞ്ചാബിലെ എല്ലാ രീതികളും അറിയാനും ആസ്വദിക്കാനും അതിന്റെ ഭാഗമാകാനും നമുക്ക് ഇവിടെ സാധിക്കും. 800 രൂപയാണ് പ്രവേശന ടിക്കറ്റ് എങ്കിലും യാതൊരു നഷ്ടവും തോന്നില്ല. അവരുടെ ഫുൽകാരി വേഷം അണിയാനും കളിമൺ പാത്രങ്ങൾ ഉണ്ടാക്കാനും നൂൽ നൂൽക്കാനും ലസ്സി കുടിക്കാനും പഴയ രീതിയിലും മുറികളും സാധനങ്ങളും കണ്ടറിയാനും പാവയാട്ടം കാണാനുമൊക്കെ സാധിച്ചു.
ഏറ്റവും സന്തോഷം തോന്നിയത് സിഖുകാരുടെ ആയോധന കലയായ 'ഗട്കാ' കണ്ടതാണ്. വാളുകൾ പോലെയുള്ള മരത്തടിയിൽ തീർത്ത വടി ഉപയോഗിച്ചുള്ള പോരാട്ട ശൈലിയാണ് ഗട്ക. അവരുടെ വേഷവിധാനവും മേയ് വഴക്കവും കാണേണ്ടത് തന്നെയാണ്. ഉച്ചക്ക് പഞ്ചാബിന്റെ തന്നതായ രീതിയിലുള്ള ഭക്ഷണവും കൂടിയായപ്പോൾ ഭേഷ്!!!! വൈകിട്ട് വരെ അവിടം ആസ്വദിച്ചു നേരെ വാഗ അതിർത്തിയിലേക്ക് പോയി. വാഗ അതിർത്തി അറിയാത്തവർ കുറവായിരിക്കും. ഇന്ത്യയും പാകിസ്താനുമായി അതിർത്തി പങ്കിടുന്ന, എല്ലാ ദിവസവും രണ്ടു രാജ്യങ്ങളുടെ പട്ടാളക്കാർ പരേഡ് നടത്തുന്ന സ്ഥലമാണ് വാഗ ബോർഡർ. അമൃത്സറിൽ നിന്നു 32 കി.മി. ദൂരമുണ്ട് ഇവിടെയെത്താൻ. ഒരുപാട് പേരു പറഞ്ഞു കേട്ടിട്ട്, കാണണമെന്ന് ആഗ്രഹിച്ച ഒന്നാണ് വാഗ അതിർത്തിയിയിലെ പരേഡ്.
നാലു മണിയോടെ അതിർത്തിയിൽ എത്തുമ്പോൾ 'ഭാരത് മാതാ കി ജയ്' ആരവങ്ങളും ആർപ്പു വിളികളും, ദേശ ഭക്തി ഹിന്ദി സിനിമ ഗാനങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമായിരുന്നു. ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ ഒരു ആർജവം നിറയുന്ന പോലെ തോന്നി. പരേഡ് തുടങ്ങി കഴിഞ്ഞാൽ, ഒരു നിമിഷം പോലും ബോർഡർ ഫോഴ്സ് പട്ടാളക്കാരുടെ മേലിൽ നിന്നും കണ്ണെടുക്കാൻ സാധിക്കില്ല. അവരുടെ കാലുകൾ റോബോർട്ടുകളെ പോലെ ആകാശത്തേക്ക് ഉയർന്നു താഴുന്നത് ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ഞാൻ നോക്കി നിന്നു. ഇതേ പോലെ പാകിസ്താൻ പട്ടാളക്കാരും അതിർത്തിക്കപ്പുറം ചെയ്യുന്നുണ്ട്. നമ്മുടെ ടീമിനോട് ഒരു ഇഷ്ട കൂടുതൽ തോന്നും എന്നതിനപ്പുറം പാകിസ്താനോട് വെറുപ്പോ, ദേഷ്യമോ തോന്നും എന്നൊക്കെ പറയുന്നത് ചുമ്മാതാണ് എന്നാണ് എന്റെ അനുഭവം.
ദേശീയഗാനത്തോടെ നമ്മുടെ പതാക താഴ്ത്തുന്ന കുറച്ചു നിമിഷങ്ങളുണ്ട്. രണ്ട് രാജ്യങ്ങളുടെ പതാകകൾ കുറുകെ കടന്നു പോയി പട്ടാളക്കാരുടെ കൈയിലേക്കു എത്തുന്ന സമയം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ്. പരേഡിന് ശേഷം അവിടെ ചുറ്റും നടന്നു കുറച്ചു ഫോട്ടോയെടുത്തു. അമൃത്സറിൽനിന്ന് തിരിച്ചു വരും വഴിയിൽ കടുകു പാടങ്ങളുണ്ട്. എനിക്ക് ഏറെ ഇഷ്ടമാണ് മഞ്ഞ നിറത്തിലുള്ള കടുക് പൂക്കൾ. പഞ്ചാബിൽ ചിത്രീകരിച്ച എല്ലാ പാട്ടുകളിലും ഒരു കടുക് പാടങ്ങളിലെ ഒരു സീനുണ്ടാവും. അതിൽ കാണും പോലെയുള്ള മഞ്ഞ വിരിഞ്ഞ പാടങ്ങൾ നോക്കി ഇരുട്ടു വീഴും വരെ ആസ്വദിച്ചു.
പിറ്റേന്ന് രാവിലെ ആദ്യം പോയത് അമൃത്സറിന്റെ സ്വന്തം സുവർണ ക്ഷേത്രത്തിലേക്കാണ്. ഹർമന്ദിർ സാഹിബ് അല്ലെങ്കിൽ സുവർണ ക്ഷേത്രം സിഖ് മതത്തിന്റെ പ്രധാന ആരാധനാലയമാണ്. സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. മുഗൾ ചക്രവർത്തി അക്ബർ അനുവദിച്ച സ്ഥലത്ത് 1577ൽ സിഖുകാരുടെ നാലാമത്തെ ഗുരു രാംദാസ് ആണ് അമൃത്സർ സ്ഥാപിച്ചത്. അമൃത സരസ് ("പൂൾ ഓഫ് അമൃത്") എന്ന് വിളിക്കപ്പെടുന്ന പവിത്രമായ ടാങ്ക് അല്ലെങ്കിൽ കുളം നിർമിക്കാൻ ഗുരു രാം ദാസ് ഉത്തരവിട്ടത്രേ. അതിൽ നിന്നാണ് നഗരത്തിന്റെ ഈ പേര് ലഭിച്ചത് എന്നാണ് വിശ്വാസം. സിഖുകാരുടെ അഞ്ചാമത്തെ ഗുരുവായ അർജൻ ടാങ്കിന്റെ മധ്യഭാഗത്തുള്ള ഒരു ദ്വീപിൽ ഒരു ക്ഷേത്രം സ്ഥാപിച്ചു. മഹാരാജ രഞ്ജിത് സിങ്ങിന്റെ (1801-39) ഭരണകാലത്ത്, ക്ഷേത്രത്തിന്റെ മുകൾ ഭാഗം സ്വർണം കൊണ്ട് പൊതിഞ്ഞ ഒരു ചെമ്പ് താഴികക്കുടം കൊണ്ട് അലങ്കരിക്കുകയും അതിനുശേഷം ഈ ക്ഷേത്രത്തിനെ സുവർണ ക്ഷേത്രം എന്ന് വിളിക്കുകയും ചെയ്തു.
ചെരുപ്പ് വെക്കാൻ, ക്യു നിൽക്കാനൊക്കെ വളരെ കൃത്യമായ സംവിധാനമുണ്ട് സുവർണ ക്ഷേത്രത്തിൽ. ദർശനത്തിനു വരുന്ന ഭക്ത ജനങ്ങൾ ആണായാലും പെണ്ണായാലും മുടി മറക്കണം. ഷാൾ കൊണ്ട് വന്നില്ലെങ്കിൽ അവിടെ നിന്നും ലഭിക്കും. ക്യു സമയത്ത് വെള്ളം നൽകാനൊക്കെ സന്നദ്ധ പ്രവർത്തകരുണ്ട്. ഒരു മണിക്കൂറോളം ക്യൂ നിന്നാണ് ദർശനം ലഭിച്ചത്. ആ നേരം അങ്ങോളം അന്തരീക്ഷത്തിൽ സിഖ് ഭക്തി ഗാനങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഉള്ളിൽ അവരുടെ പുണ്യ ഗ്രന്ഥമാണ് വെച്ചിരിക്കുന്നത്. തൊഴുതു ഇറങ്ങുമ്പോൾ പുറത്ത് നിന്നും തീർഥജലവും പ്രസാദവും ലഭിക്കും.
ക്ഷേത്രത്തിൽ എത്തുന്ന എല്ലാവർക്കും സൗജന്യമായി ഭക്ഷണമുണ്ട്. ഒരുപാട് പേർക്ക് ഒന്നിച്ചു ഇരിക്കാവുന്ന ലങ്കാർ ഹാളിൽ ഒന്നുകിൽ റൊട്ടി അല്ലെങ്കിൽ ചാവൽ (അവരുടെ ചോറ്) കൂടെ കറിയും ലഭിക്കും. പാത്രവുമായി ചെന്ന് ഞാനും മറ്റു സന്ദർശകരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. സുവർണ ക്ഷേത്രത്തിൽ നിന്നു ഇറങ്ങിയപ്പോൾ എന്നെ കാണാൻ ഒന്നിച്ചു പഠിച്ച സുഹൃത്തും ഭാര്യയും വന്നു. അമൃത്സർ ആർമിയിലുള്ള അവനെ 13 വർഷങ്ങൾക്കിപ്പുറം മറ്റൊരു നാട്ടിൽ വെച്ച് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ഇതുപോലുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് യാത്രകളെ കൂടുതൽ മനോഹരമാക്കുന്നത്. സുവർണ ക്ഷേത്രത്തിൽനിന്നു ഇറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് ജാലിയാൻ വാലാബാഗ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 13 ഏപ്രിൽ 1919ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. എന്നാൽ ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ട് പോവുകയും, യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ പട്ടാളക്കാരോട് ഉത്തരവിടുകയുമായിരുന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് പത്തു മിനിറ്റോളം 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെത്രേ. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരിച്ചെന്നാണ്, ആയിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു.
ഇത്രയും നികൃഷ്ടമായ ഒരു സംഭവം ഇന്ത്യൻ ചരിത്രത്തിൽ തന്നെ വിരളമാണ്. ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓർമക്കായി ആ സ്ഥലമിന്നും സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്. അവിടെ ഒരു കിണറുണ്ട്. അതിൽ നൂറു കണക്കിന് ആളുകൾ വീണിരുന്നു, അതിലേക്കും ബ്രിട്ടീഷ് പട്ടാളം നിറയൊഴിച്ചുവത്രേ. ആ ദിവസത്തെ ഭീകരമായ അവസ്ഥയൊന്നു ഓർത്താൽ ഒരുപക്ഷെ ഒരു രാത്രിയെങ്കിലും നമുക്ക് ഉറങ്ങാൻ സാധിച്ചെന്ന് വരില്ല. ഇന്ന് സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കാണേണ്ട സ്ഥലമാണിത്. എത്ര പേരുടെ ജീവത്യാഗത്തിന്റെ ഫലമാണ് ഇന്നത്തെ സ്വതന്ത്രമായി ജീവിക്കാനുള്ള അവസ്ഥയെന്ന് തിരിച്ചറിയണം. എന്നാലേ ഇതിലും ഭേദം ബ്രിട്ടീഷ് ഭരണമായിരുന്നു എന്ന് ലാഘവത്തോടെ പറയാൻ തോന്നാതിരിക്കൂ.
ഇത്പോലെ നമ്മുടെ മനസ്സിനെ പിടിച്ചുലക്കുന്ന ഒരു സ്ഥലമാണ് പാർട്ടീഷൻ മ്യൂസിയം. ഇന്ത്യ-പാക് വിഭചനത്തിന്റെ യഥാർഥ ചിത്രം വിളിച്ചോതുന്ന മ്യൂസിയം. വർഷങ്ങളായി ജീവിച്ചു വന്ന വീടും സ്ഥലവും എല്ലാം ഉപേക്ഷിച്ചു മറ്റൊരു രാജ്യത്തേക്ക് പോകേണ്ടി വന്ന ലക്ഷ കണക്കിന് മനുഷ്യരുടെ പൊള്ളുന്ന ജീവിത കഥകൾ ഇവിടെയുണ്ട്. ഒരുപക്ഷെ നമുക്ക് ഒരു സിനിമ പോലെ സാങ്കല്പികമായി തോന്നി പോകും. അത്രമേൽ നമുക്ക് അവിശ്വസനീയമായ പലതുമാണ് വിഭജന സമയത്ത് അവർ അനുഭവിച്ച കാര്യങ്ങൾ, അത് ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്ക് പോയതാണെങ്കിലും തിരിച്ചാണെങ്കിലും!! കൊലകളും, കവർച്ചയും, പീഡനവും എന്ന് വേണ്ട ഒരു സമൂഹത്തിൽ നടക്കുന്ന ഏറ്റവും നികൃഷ്ടമായ എല്ലാ ക്രൂരതയും ഏറ്റു വാങ്ങിയ ജനതയുടെ കഥകളാണ് പാർട്ടീഷൻ മ്യുസിയത്തിനു പറയാനുള്ളത്.
ഞാൻ പരിചയപെട്ട പഞ്ചാബിലെ പല കുടുംബങ്ങളുടെയും വേര് ലാഹോറിലാണ്. ഒന്ന് ഓർത്തു നോക്കിയേ വാടക വീട്ടിൽ നിന്നു പോലും ഇറങ്ങണമെന്നു പറഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ. അപ്പോൾ ഇത്രയും ക്രൂരമായി സ്വന്തം വേരുകൾ നഷ്ടപെട്ട അവരുടെ അനുഭവങ്ങൾ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കുമോ? ഒറ്റക്കു പഞ്ചാബ് കാണാൻ വന്ന ഞാൻ ഈ സ്വാതന്ത്ര്യം എനിക്ക് ലഭിക്കാൻ കാരണക്കാരായവരെ ഓർത്തില്ലെങ്കിൽ എത്ര വലിയ നീതി കേടാവുമെന്നു ചിന്തയിലാണ് അമൃത് സറിൽ നിന്നു മടങ്ങുന്നത്.
(തിരുവനന്തപുരം സി.എം.ഡി സീനിയർ കൺസൽട്ടന്റ് ആണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.