അമ്യൂസ്മെന്റ് പാർക്കും കൂടുതൽ ബോട്ടുകളും തയ്യാർ; പുതുമോടിയോടെ വയനാട്ടിലെ ആദ്യത്തെ ഉദ്യാനം
text_fieldsമാനന്തവാടി: വയനാട് ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടി പഴശ്ശി പാര്‍ക്ക് പുതുമോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞുകിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ രണ്ട് കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഒ.ആര്‍. കേളു എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപയും പഴശ്ശി പാര്‍ക്കില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ചെലവഴിച്ചു.
മാനന്തവാടി നഗരത്തില്‍നിന്നും വിളിപ്പാടകലെയുള്ള പാര്‍ക്കില്‍ കുട്ടികളെയും മുതിര്‍ന്നവരെയും വിനോദ സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് നവീകരണം നടന്നത്. ഇലചാര്‍ത്തുകള്‍ തണല്‍ വിരിക്കുന്ന സഞ്ചാരപാതയും കുട്ടികള്‍ക്കായുള്ള അമ്യൂസ്‌മെന്‍റെ പാര്‍ക്കും ബോട്ടിങ്ങുമെല്ലാം ഇനി ഏവരെയും ആകര്‍ഷിക്കും.
കബനി നദിയുടെ തീരത്ത് 1994ലാണ് പഴശ്ശി പാര്‍ക്ക് തുടങ്ങിയത്. 1982ല്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ നഴ്സറിയായിരുന്ന അഞ്ചേക്കറോളം വിസ്തൃതിയുള്ള പാര്‍ക്ക് 94ൽ ജില്ല ടൂറിസം വകുപ്പ് എറ്റെടുക്കുകയായിരുന്നു. മാനന്തവാടി - കല്‍പ്പറ്റ പ്രധാന പാതയോരത്തുള്ള പാര്‍ക്കില്‍ അക്കാലം മുതല്‍ സഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്നു.
പിന്നീട് പലഘട്ടങ്ങളായി പാര്‍ക്കില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കിലും കാലത്തിനനുസരിച്ച് വിപുലമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഉദ്യാനം മോടികൂട്ടി നാടിനായി തുറന്നുകൊടുക്കാന്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പദ്ധതി തയാറാക്കിയത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സായാഹ്നം ചെലവിടാനും വിശ്രമിക്കാനും ഒഴിവുവേളകള്‍ ചെലവിടാനും മാനന്താവടിയിലെ ഏക പാര്‍ക്കാണിത്. ഈ പാര്‍ക്കിന്‍റെ നവീകരണം തദ്ദേശീയരുടെയും ഏറെക്കാലത്തെ സ്വപ്നമായിരുന്നു. സംസ്ഥാന സര്‍ക്കാറും ജില്ല ടൂറിസം വകുപ്പും മുന്‍കൈയെടുത്ത് രണ്ട് കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ അനുമതി വാങ്ങുകയായിരുന്നു.
അഞ്ച് കിയോസ്‌ക്കുകള്‍, നടപ്പാത, ബോട്ട് ജെട്ടികള്‍, കെട്ടിടങ്ങള്‍, ഗേറ്റ്, ലാന്‍ഡ്സ്‌കേപ്പ്, ലൈറ്റിംഗ് ജലധാര, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്. കബനി നദിയിലൂടെയുള്ള ബോട്ട് റൈഡും സഞ്ചാരികളെ ആകര്‍ഷിക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് ആലോചന.
സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനും മറ്റുമായി ഇവിടെ ഓപ്പണ്‍ സ്റ്റേജും ഒരുക്കുന്നുണ്ട്. കബനിയിലൂടെയുള്ള ബോട്ടുയാത്രക്ക് മുമ്പെല്ലാം മികച്ച പ്രതികരണമാണ് സഞ്ചാരികളില്‍നിന്നും ലഭിച്ചത്. ബോട്ടുയാത്ര സൗകര്യങ്ങള്‍ ഇത്തവണ കൂടുതല്‍ മെച്ചപ്പെടുത്തി. കൂടുതല്‍ പെഡല്‍ ബോട്ടുകളും മറ്റു ബോട്ടുകളും ഇവിടെ എത്തിക്കാനാണ് തീരുമാനം. രണ്ട് സീറ്റുള്ള ബോട്ടിന് 200 രൂപയും നാല് സീറ്റുള്ള ബോട്ടിന് 350 രൂപയുമാണ് റൈഡിങ്ങിനായി നല്‍കേണ്ടിവരിക.
മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പാര്‍ക്കിലേക്കുള്ള പ്രവേശന നിരക്ക്. നിലവില്‍ അഞ്ച് ജീവനക്കാരണ് ഇവിടെയുള്ളത്. നവീകരണങ്ങള്‍ വരുന്നതോടുകൂടി കൂടുതല്‍ തസ്തികകള്‍ ഇവിടെ അനുവദിക്കും. 10 ഹൈമാസ് ലൈറ്റുകള്‍, 96 സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളച്ചാട്ടം, കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കുകള്‍ എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്.
സംസ്ഥാന ഹൈവേ കടന്നുപോകുന്ന റൂട്ടായതിനാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിനായി രണ്ട് യൂനിറ്റ് ചാർജിങ് സ്റ്റേഷനും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പാര്‍ക്കിന്‍റെ പ്രവര്‍ത്തനം. അഭ്യന്തര വിനോദ സഞ്ചാരികൾക്കും നഗരവാസികളായ പൊതുജനങ്ങള്‍ക്കും ഈ ഉദ്യാനം ഇനി വേറിട്ട അനുഭവമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.