സഞ്ചാരികളെ ആകര്‍ഷിച്ച് ആങ്ങമൂഴി കൊട്ടവഞ്ചി സവാരി
text_fieldsവടശ്ശേരിക്കര: നീണ്ട ഇടവേളക്കുശേഷം സഞ്ചാരികളെ ആകര്‍ഷിച്ച് ആങ്ങമൂഴി കൊട്ടവഞ്ചി സവാരി. ഗവിയിലേക്കുള്ള സഞ്ചാരികള്‍ കടന്നുപോകുന്ന പ്രധാനഭാഗമായ കിളിയെറിഞ്ഞാംകല്ല് ചെക്പോസ്റ്റിന് സമീപമാണ് ആങ്ങമൂഴി കൊട്ടവഞ്ചി സവാരി കേന്ദ്രം.
കോവിഡിനെത്തുടർന്ന് ഗവിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിര്‍ത്തിയതുമൂലം കൊട്ടവഞ്ചി സവാരിയും നിർത്തിെവച്ചിരുന്നു. കേരളപ്പിറവി ദിവസമാണ് ആങ്ങമൂഴിയില്‍ കൊട്ടവഞ്ചി സഞ്ചാരം പുനരാരംഭിച്ചത്. പൂര്‍ണമായി വനത്തിലൂടെയുള്ള കൊട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ ദിവസവും നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.
സീതത്തോട് ഗ്രാമപഞ്ചായത്തിനുകീഴില്‍ ആരംഭിച്ച പദ്ധതിയുടെ മേല്‍നോട്ടം സീതത്തോട് ഗവി ജനകീയ ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്മെൻറ് കമ്മിറ്റിക്കാണ്. 16 കൊട്ടവഞ്ചികളാണ് സഞ്ചാരികള്‍ക്കായി ഇവിടെയുള്ളത്. ഒരു കൊട്ടവഞ്ചിയില് ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാം. നാലുപേര്‍ക്ക് 400 രൂപയാണ് ഒരു സവാരിക്ക് ഈടാക്കുന്നത്. 17 ജീവനക്കാരാണ് ഇവിടെ സഞ്ചാരികളുടെ സേവനത്തിനായുള്ളത്. കൂടാതെ, സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ലൈഫ് ജാക്കറ്റുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രദേശവാസികളായ 16 തുഴച്ചിലുകാരാണ് ഇവിടെയുള്ളത്. ആങ്ങമൂഴി-ഗവി റൂട്ടിൽ കൊച്ചാണ്ടിയിൽ കക്കാട്ടാറിൽ തടയണ കെട്ടിയാണ് സവാരി ഒരുക്കിയിരിക്കുന്നത്.
കക്കാട്ടാറ്റിലൂടെ കാനനഭംഗി ആസ്വദിച്ച് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് കൊട്ടവഞ്ചി സവാരി. വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയുന്ന നൂതനപദ്ധതികൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് മാനേജിങ് കമ്മിറ്റി. ട്രീഹട്ട്, ഊഞ്ഞാൽ, നടപ്പാത, പൂന്തോട്ടം, കയാക്കിങ്, നാടൻ ഭക്ഷണശാല എന്നിവയും സവാരി കേന്ദ്രത്തിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.