അർമേനിയൻ മഞ്ഞുപൂക്കൾ
text_fieldsഅർമേനിയൻ യാത്രക്കിടെ കണ്ട മനോഹര കാഴ്ചകളും അനുഭവങ്ങളും വായനക്കാരുമായി പങ്കുവെക്കുകയാണ് ഒമ്പതാം ക്ലാസുകാരിയായ സമീഹ ഹസ്സൻ
അവസാന യാത്രക്കാരനെക്കാത്ത് മുക്കാൽ മണിക്കൂർ വൈകിയ ശേഷമാണ് ഷാർജയിൽ നിന്ന് അർമേനിയയിലേക്കുള്ള വിമാനം പുറപ്പെട്ടത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള പർവതപ്രദേശമായ കോക്കസസ് മേഖലയിലെ ഒരു രാഷ്ട്രമാണ് അർമേനിയ.
മുൻ സോവിയറ്റ് റിപ്പബ്ലികിന്റെ ഭാഗമായിരുന്ന രാജ്യം. പർവതങ്ങളുടെ സംരക്ഷണവലയത്തിലുള്ള മനോഹരമായ രാജ്യമാണിത്. ഷാർജയിൽ നിന്ന് കഷ്ടിച്ച് മൂന്നര മണിക്കൂർ യാത്ര കൊണ്ട് അർമേനിയയിലെത്താം. ദേശീയ ഫലമായ ആപ്രിക്കോട്ട് കൊണ്ട് തയ്യാറാക്കിയ അതിസ്വാദിഷ്ടമായ വെൽകം ഡ്രിങ്ക് നൽകിയാണ് അർമേനിയക്കാർ ഞങ്ങളെ സ്വീകരിച്ചത്.
കൊടും തണുപ്പായിരിക്കുമെന്നു കേട്ട് ജാക്കറ്റും ചൂട് കുപ്പായങ്ങളുമെല്ലാം ബാഗിൽ ഭദ്രമായി എടുത്തുവെച്ചിരുന്നു. അതുകൊണ്ടു തന്നെ പുറത്തെ ചൂട് കണ്ടപ്പോൾ അൽപം നിരാശ തോന്നി. അർമേനിയൻ ഭാഷയിൽ പ്രിയപ്പെട്ടവൻ എന്നർഥം വരുന്ന ജാൻ എന്നു വിളിപ്പേരുള്ള ഗൈഡാണ് വിമാനത്താവളത്തിൽ നിന്ന് രാജ്യ തലസ്ഥാനമായ യെരിവാനിലെ ഹോട്ടലിൽ എത്തിച്ചത്.
ചെറിയ യാത്ര ക്ഷീണമുണ്ടായിരുന്നെങ്കിലും ഒന്ന് ഫ്രഷായി വേഗത്തിൽ തന്നെ നഗരം ചുറ്റാനിറങ്ങിയിരുന്നു. സുഹൃത്തുക്കും ബന്ധുക്കൾക്കും കൊടുക്കാനായി സോവനീർ, ചോക്ലേറ്റ് എന്നിവ വാങ്ങുകയായിരുന്നു ആദ്യ ലക്ഷ്യം. ഒരു യു.എ.ഇ ദിർഹത്തിന് പകരം 130 അർമേനിയൻ കറൻസി ഡ്രം ലഭിക്കും. കുറച്ച് ദിർഹം എക്സ്ചേഞ്ച് ചെയ്തപ്പോൾ തന്നെ ബാഗ് നിറഞ്ഞു.
ഇത്രയും കറൻസി ആദ്യമായി ഒരുമിച്ച് കാണുന്ന സന്തോഷം. ഏത് രാജ്യത്ത് പോയാലും അവിടത്തെ തനത് രുചി വൈവിധ്യങ്ങൾ ആസ്വദിക്കണമല്ലോ. അതിനായി ഒരു ഭോജനശാലയിലേക്ക് പോയി. ഭക്ഷണത്തിന്റെ ബില്ല് നൽകിയതോടെ ബാഗിന്റെ ഭാരം അല്പമൊന്നു കുറഞ്ഞു.
പുറത്തിറങ്ങുമ്പോൾ ശരീരത്തെ തലോടി തണുത്ത കാറ്റ് ഇടക്കിടെ കടന്നുപോകുന്നുണ്ട്. എങ്കിലും, ദുബൈയിലെ ചൂടിൽ നിന്ന് വന്നതു കൊണ്ടാവാം ആദ്യ ദിവസം അത്ര ചില്ലായില്ല. ജാൻ അങ്കിൾ പനിപിടിച്ചാലോ എന്ന് പറഞ്ഞ് ജാക്കറ്റ് ഊരിതന്നു. ജാക്കറ്റില്ലാതെ നടക്കുന്ന എന്നെ എല്ലാവരും കൗതുകത്തോടെയാണ് നോക്കിയിരുന്നത്. ചിലർ കൈ തന്നു. ചിലർ ഒപ്പം നിർത്തി സെൽഫിയെടുത്തു.
അർമേനിയൻ പൊലീസുകാരും ഏറെ സഹൃദയരാണ്. അവർക്കൊപ്പം നിന്ന് ഞങ്ങളും പടമെടുത്തു. വൃത്തിയായി സൂക്ഷിച്ച തെരുവുകൾ. ഒപ്പം പഴങ്ങളുടെ അതീവ ഹൃദ്യമായ മണവും. ചോക്ലേറ്റ് ഫാക്ടറിയിൽ ഇതുവരെ കാണാത്തത്ര രുചി വൈവിധ്യങ്ങൾ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടാൻ തുടങ്ങി. വിക്ടോറിയ പാർക്കിലെ മദർ ഓഫ് അർമേനിയ കാണുകയായിരുന്നു അടുത്ത ലക്ഷ്യം.
അതിനായി 100ഓളം പടികൾ കയറണം. പാതി പിന്നിട്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി. എന്തോ തിരിച്ചിറങ്ങാനുള്ള പേടികൊണ്ട് മുന്നോട്ടു തന്നെ നടന്നു. സ്ത്രീയാണ് രാജ്യത്തെ സംരക്ഷിക്കുന്നത് എന്ന ആപ്തവാക്യത്തോടെ കൈയ്യിൽ വാളുമായി നിൽക്കുന്ന സ്ത്രീയുടെ പ്രതിമയാണ് മുന്നിൽ. അതു കാണുമ്പോൾ മനസ്സിൽ ആത്മവിശ്വാസം കൂടിയത് പോലെ. എന്തായാലും നൂറുപടികൾ കയറിയത് വെറുതെയായില്ല. അത്ര മനോഹരമായിരുന്നു അവിടത്തെ കാഴ്ചകൾ.
പിറ്റേന്ന് യാത്ര മറ്റൊരു ദിക്കിലേക്കായിരുന്നു. മഞ്ഞുമലകളിൽ നിന്ന് ഒഴുകിയെത്തിയ ഹിമകണങ്ങൾ കൊണ്ട് പരവതാനി വിരിച്ച പാതയിലൂടെ ഒരു മനോഹര സഞ്ചാരം. ഒരു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കാലാവസ്ഥകൾ കണ്ടറിയേണ്ടതു മാത്രമല്ല അനുഭവിച്ചറിയേണ്ടത് തന്നെയാണ്.
വൗ വൗ എന്ന് ഒരായിരം തവണ പറഞ്ഞുപോകും. കാരി, ആർപി, ഷിറാക്.... അക്ത തടാക ഭംഗി ആസ്വദിക്കുമ്പോൾ കാണാം പ്രൗഢഗംഭീരമായ മൗണ്ട് അറാറത്ത്. ഫ്ലൈറ്റിൽ നിന്ന് കണ്ണെത്താദൂരത്ത് കണ്ട ദൃശ്യം കയ്യെത്തും ദൂരത്ത് കണ്ടപ്പോൾ വാക്കുകൾക്കും മേലെയാണ് സന്തോഷം. നമ്മൾ ഇന്ത്യക്കാർക്ക് ഹിമാലയമെന്ന പോലെയാണ് അർമേനിയ, തുർക്കി, അസർബൈജാൻ, ഇറാൻ തുടങ്ങിയ രാജ്യക്കാരുടെ മഹാശൈലമാണ് അറാറത്ത്.
സാഗ്ഖഡസർ റോപ്പ് വേയിലൂടെയുള്ള യാത്രയും മറക്കാനാവില്ല. യാതൊരു പരിചയമില്ലാത്തവർക്കും കയറാൻ പകത്തിലാണ് കേബിൾ കാർ വരിക. ചാടിക്കയറിയിരിക്കണമെന്നു മാത്രം. മലമുകളിലൂടെ വളരെ പതുക്കെയാണ് പോകുന്നത്. നല്ല തണുത്തകാറ്റ് തഴുകിതലോടുന്നു. എത്ര ഉയരത്തിലാണ് പോകുന്നത്? താഴെക്ക് നോക്കാൻ പേടിയില്ലാതില്ല.
മഞ്ഞുപുതപ്പണിഞ്ഞ താഴ്വാരം സൂര്യാംശുയേറ്റ് വെട്ടിത്തിളങ്ങുന്നു. സ്റ്റോപ്പ് പോയിന്റിലെത്തിയാൽ ചാടിയിറങ്ങണം. ഞങ്ങളുടെ സഹയാത്രികന് ഒരൽപം ബേജാറും സാഹസവും കൂടുതലായിരുന്നു. അദ്ദേഹം ചാടിയിറങ്ങവെ എന്നെയും തട്ടിതെറിപ്പിച്ചു. തക്കസമയത്തുള്ള ഉപ്പാന്റെ കരുതൽ എനിക്ക് രക്ഷയായി. നട്ടുച്ച ഒരു മണിയായിട്ടും സൂര്യൻ കൂളായിരുന്നു.
നാട്ടിലെ റോഡ് പണിക്കാർ ധരിക്കുന്നതു പോലെ ഫുൾ ഷൂസും ഗ്ലൗസുമെല്ലാം ധരിച്ചിട്ടും തണുപ്പ് യാതൊരു കൂസലുമില്ലാതെ തുളച്ചുക്കയറി. താഴ്വര കാണാൻ അനുവാദം ചോദിക്കാതെ ഉപ്പാന്റെ ഗ്ലൗസ് താഴെ പോയപ്പോൾ ഉമ്മാന്റെ ഗ്ലൗസ് ഷെയർ ചെയ്തു.
ഓരോ ഗ്ലൗസ് മാത്രം ഇട്ടുകൊണ്ട് മറ്റേ കൈ പോക്കറ്റിട്ടുകൊണ്ട് ഉപ്പയും ഉമ്മയും നടക്കാൻ തുടങ്ങി. കുറേ സ്ഥലങ്ങൾ കാണാനുണ്ടെന്ന ഗൈഡിന്റെ ഓർമ്മപ്പെടുത്തൽ സന്തോഷമായി.
കായൽ ഭംഗി ആസ്വദിച്ച് കൊണ്ട് കഷ്ലാമയെന്ന വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിച്ചു. പിന്നെ ഗ്രാമങ്ങളിലൂടെ നീണ്ട യാത്ര. അപ്പൂപ്പൻ താടി കണക്കെ ഞങ്ങൾ പ്രകൃതി സുന്ദരമായ ദേശത്ത് കൂടെ പാറി നടന്നു. യൂറോപ്പിന്റെയും ഏഷ്യയുടെയും ഇടയിലെ ക്രൈസ്തവ രാഷ്ട്രമായതിനാൽ പഴമയുടെ ഭംഗിയുള്ള ഒട്ടേറെ ചർച്ചുകൾ.
കൃഷിയിടങ്ങളിൽ പഞ്ഞിക്കെട്ടുപോലുള്ള ആട്ടിൻ പറ്റങ്ങൾ മേഞ്ഞു നടക്കുന്നത് കാണുമ്പോൾ നാടോടികഥകളുടെ പശ്ചാത്തലങ്ങൾ മനസിലെത്തി. ഇടയ്ക്ക് പെയ്ത ചാറ്റൽ മഴയും ഞങ്ങൾ നന്നായി ആസ്വാദിച്ചു. അർമേനിയൻ മഞ്ഞക്കുട...
കേബിൾ ബസ്സ്, ട്രെയിൻ, ട്രാം തുടങ്ങിയ വാഹനങ്ങളെല്ലാം ഓടുന്നത് ഗ്യാസ് ഉപയോഗിച്ചാണ്. യാത്രകളിൽ ഒരിടത്തും അങ്കിൾ കാർ ലോക്ക് ചെയ്തിരുന്നില്ല. അതേ കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ കള്ളന്മാർ ഇല്ലെന്നായിരുന്നു മറുപടി. സഞ്ചാരികളുടെ ആദരവ് കവർന്നെടുക്കുന്ന അനുഭവം തന്നെയായിരുന്നു അത്. ആനാടിന്റെ നറുമണം, ആ തണുപ്പ്... ഹൃദയം വെളിപ്പെടുന്ന മട്ടിൽ പുഞ്ചിരിക്കുന്നവർ... അവരെല്ലാം ഇപ്പോഴും ഞങ്ങളുടെ മനസ്സിലുണ്ട്.
തിരിച്ചു വരേണ്ട നാലാം ദിവസം ജാൻ അങ്കിൾ തന്നെയാണ് എയർപോർട്ടിൽ കൊണ്ടുപോകാനെത്തിയത്. അത്യാവശ്യം നല്ല ഗതാഗതകുരുക്കുണ്ടായിരുന്നു. എന്നാൽ അങ്കിൾ ഏതൊക്കെയോ ഊട് വഴികളിലൂടെ കൃത്യസമയത്ത് എയർപ്പോർട്ടിലെത്തിച്ചു. എനിക്ക് പ്രത്യേക സമ്മാനവും തന്നു. ഫ്ളൈറ്റ് പോയാൽ മാത്രമേ തിരിച്ചു പോകാമെന്ന് പറഞ്ഞു കാത്തിരുന്നു.
നമ്മളെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യുക അതാണ് ജാൻ അങ്കിളിന്റെ ജോലി എന്നിട്ടും ഇതൊക്കെ തന്നെയാണ് ഓരോ യാത്രയും വ്യത്യസ്തമാക്കുന്നത്. പോകുമ്പോഴുള്ള കുറച്ച് പേരുണ്ടായിരുന്നു ഫ്ലൈറ്റിൽ... നാട്ടിലെ പ്രൈവറ്റ് ബസ് ഓടിക്കുന്നത് പോലെയായിരുന്നു പൈലറ്റ്. പോകുമ്പോൾ വാങ്ങിയ മുക്കാൽ മണിക്കൂർ തിരിച്ചു നൽകിയത് പോലെ വേഗം എത്തി. യാത്ര എപ്പോഴും വ്യത്യസ്തമായ അനുഭവമാണ്, അറിവാണ്, ആനന്ദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.