കാഴ്ചകളാൽ സമ്പന്നം; കായൽ വിനോദസഞ്ചാരത്തിന് അനന്തസാധ്യതകൾ തുറന്നിട്ട് അരൂർ
text_fieldsഅരൂർ (ആലപ്പുഴ): ഗ്രാമീണ മേഖലകളിൽ 500 വിനോദസഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രഖ്യാപനം അരൂർ മേഖലയിൽ പ്രതീക്ഷ ഉണർത്തുന്നു. അരൂർ നിയോജക മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളും കായൽ തീര മേഖലകളിലാണ്. കായൽ വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളാണ് ഇവിടെയുള്ളത്.
കുത്തിയതോട്ടിലെ തഴുപ്പു ഗ്രാമവും എഴുപുന്നയിലെ കാക്കത്തുരുത്തും കായൽ വിനോദസഞ്ചാരത്തിൽ ലോകപ്രസിദ്ധമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അധികം ദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന അരൂക്കുറ്റിയിൽ ഒരുക്കിയിരിക്കുന്ന ഹൗസ് ബോട്ട് ടെർമിനൽ ആലപ്പുഴ വരെയുള്ള കായൽ സഞ്ചാരത്തിന് സഹായകമാകും.
അരൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരുമ്പളം കായൽ ദ്വീപ് കായൽ ടൂറിസത്തിന് അനന്തസാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്. വേമ്പനാട്ട് കായലും കൈതപ്പുഴ കായലും കുറുമ്പിക്കായലും മറ്റനേകം ചെറിയ കായലുകളും അതിരിടുന്ന നിരവധി ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതാണ് അരൂർ നിയോജകമണ്ഡലം. ഗ്രാമഭംഗിയും ഗ്രാമ ജീവിതത്തിന്‍റെ നേർക്കാഴ്ചകളും നാടൻ ഭക്ഷണവിഭവങ്ങളും നാടൻകളികളും കലാരൂപങ്ങളും തൊഴിലും തൊഴിൽ പരിശീലനവും വിനോദ സഞ്ചാരികൾക്ക് കാണിച്ചുകൊടുക്കാൻ ഗ്രാമീണർക്ക് കഴിയും.
മത്സ്യഗ്രാമങ്ങളും കയർ ഗ്രാമങ്ങളും ഗ്രാമീണരെ കൂടി ഉൾപ്പെടുത്തുന്ന ഉത്തരവാദിത്വ വിനോദസഞ്ചാര സാധ്യത വർധിപ്പിക്കുകയാണ്. ചെറുതോടുകളും കായൽ തുരുത്തുകളും ഉൾപ്പെടുത്തി ഗ്രാമീണ അന്തരീക്ഷത്തിൽ താമസിക്കാനുള്ള ചെറുസൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ വിനോദസഞ്ചാരത്തെ കൂടുതൽ പരിപോഷിപ്പിക്കാൻ അരൂർ മണ്ഡലത്തിന് കഴിയും.
ഗ്രാമങ്ങളെ മാലിന്യമുക്തമാക്കാനുള്ള പരിശീലനവും സഞ്ചാരികളെ നമ്മുടെ ജീവിത പരിസരങ്ങളുമായി ഇണക്കാനുള്ള മനസ്സുമുണ്ടെങ്കിൽ വിനോദസഞ്ചാരം വരുമാന സാധ്യതയാക്കി വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.