പുഴ കടന്ന് മല കയറി മല്ലീശരനടുത്തേക്ക്
text_fieldsഅട്ടപ്പാടിയെ കാക്കുന്ന രക്ഷകനാണ് മല്ലീശരമുടിയെന്നാണ് വിശ്വാസം. അട്ടപ്പാടിയില്‍ എങ്ങുനിന്ന് നോക്കിയാലും തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന മല്ലീശരനെ കാണാം. മേഖലയിലെ ഏറ്റവും ഉയരംകൂടിയ മലനിരയായ മല്ലീശരമുടി പരമശിവന്റെ രൂപമാണെന്ന് ഗോത്രവിഭാഗക്കാര്‍ വിശ്വസിക്കുന്നു. മല്ലീശരമുടി പരമശിവൻ നീണ്ടുനിവർന്നു കിടക്കുന്നതാണെന്നും അട്ടപ്പാടിയിലെ കാടുകള്‍ മല്ലീശരന്റെ ഒഴുകിയിറങ്ങുന്ന ജഡയാണെന്നും അവര്‍ കരുതുന്നു. മല്ലീശരന്‍ പ്രസാദിക്കുമ്പോള്‍ ഊരില്‍ സമൃദ്ധിയും മല്ലീശരന്‍ കോപിക്കുമ്പോള്‍ വരള്‍ച്ചയും വരുമെന്നാണ് ഇവരുടെ വിശ്വാസം. ഗോത്രസംസ്‌കൃതിയും വിശ്വാസവും പുരാവൃത്തവുമെല്ലാം ഇഴചേര്‍ന്നുകിടക്കുന്ന മണ്ണാണ് അട്ടപ്പാടിയിലേത്. അവിടത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് മല്ലീശരമുടി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം. അന്നുമാത്രം അട്ടപ്പാടിക്കാര്‍ മല്ലീശരമുടി കയറും. മലമുകളില്‍ പൂജചെയ്ത് വിളക്ക് കൊളുത്തും. ഒരിക്കലും വറ്റാത്ത തീർഥവുമായി തിരികെ മല്ലീശരന്റെ താഴ്വാരത്തെത്തും. മണ്ണാര്‍ക്കാടുനിന്ന് ഏഴു കിലോമീറ്റര്‍ യാത്രചെയ്താല്‍ അട്ടപ്പാടി ചുരമാണ്. ചുരം കയറി ആദ്യമെത്തുന്നത് സൈലന്റ് വാലിയുടെ കവാടമായ മുക്കാലിയില്‍. അഗളി റൂട്ടില്‍ പിന്നെയും മുന്നോട്ടുപോയാല്‍ ചെമ്മണ്ണൂരിലാണ് ക്ഷേത്രം. ഗോത്രവിഭാഗക്കാരുടെ ക്ഷേത്രമാണിത്. അട്ടപ്പാടിയെ ചുറ്റിയൊഴുകുന്ന ഭവാനീതീരത്ത് ചെറിയൊരു അമ്പലവും മുറ്റവും മാത്രം.
വർഷത്തിൽ ഒരിക്കൽമാത്രം
5400 അടി ഉയരമുള്ള മല്ലീശരമുടിയിലേക്ക് വർഷത്തിൽ ഒരിക്കൽ മാത്രം പോകാൻ അനുവാദമുള്ള വേളയാണ് ശിവരാത്രി. മല്ലീശരമുടി എല്ലാവർക്കും കയറാനാവില്ല. 41 ദിവസം വ്രതമെടുത്ത് തയാറാകുന്ന ‘മലമ്പൂജാരിമാർ’ക്ക് മാത്രമാണ് മുടി കയറാനാകുക. ശിവരാത്രി നാളിൽ രാവിലെയാണ് യാത്ര. ചുവന്ന പട്ടുടുത്ത മലമ്പൂജാരിമാർ മുളങ്കുറ്റികളിൽ നെയ്യും പൂജാദ്രവ്യങ്ങളുമായി ഒരുങ്ങും. ക്ഷേത്രത്തിലെ പൂജകൾക്കൊടുവിൽ ഭവാനിയിൽ മുങ്ങിക്കുളിച്ച് പുഴ കടന്ന് നീങ്ങും. ഭവാനിക്കര വരെ എല്ലാവർക്കും അനുഗമിക്കാം. കാട്ടിലേക്ക് കടന്നാൽ പിന്നെ മലമ്പൂജാരികൾക്ക് മാത്രമാണ് യാത്രാനുമതി. വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ ചെങ്കുത്തായ കയറ്റം കയറി വൈകീട്ടോടെയാണ് മല്ലീശരമുടിയുടെ നെറുകയിലെത്തുക. സന്ധ്യയോടെ അട്ടപ്പാടിയൊന്നാകെ വിളക്കുകളണച്ച് മല്ലീശരമുടിയിൽ തെളിയുന്ന വെളിച്ചത്തിനായി കാത്തിരിക്കും. മലമ്പൂജാരികൾ മല്ലീശരമുടിയിൽ വിളക്കുകൊളുത്തുന്നതോടെ ക്ഷേത്ര പരിസരവും ആദിവാസി ഊരുകളും ഭക്തിസാന്ദ്രമാകും. ശിവരാത്രി വ്രതമെടുത്തവർ വ്രതം മുറിക്കുന്നത് വിളക്ക് തെളിയുന്നതോടെയാണ്.
മലമ്പൂജാരികൾ അന്ന് രാത്രി മല്ലീശരമുടിയിൽ തങ്ങുമ്പോൾ താഴ്വരയിൽ അട്ടപ്പാടിയൊന്നാകെ ഉറങ്ങാതെ കാത്തിരിക്കും. പിറ്റേന്ന് രാവിലെയാണ് മലമ്പൂജാരികൾ മുടിയിറങ്ങുക. ഉച്ചയോടെ തിരികെ ക്ഷേത്രമുറ്റത്തെത്തും. മല്ലീശരമുടിയിലെ ഉറവയിൽ നിന്നുള്ള തീർഥജലം മുളങ്കുറ്റികളിൽ നിറച്ചാണ് വരവ്. ഗോത്രാചാര പ്രകാരം വാദ്യമേളങ്ങളും മുത്തുക്കുടയുമായി ഇവർക്ക് സ്വീകരണം നൽകും. തീർഥം ക്ഷേത്രത്തിലെത്തിച്ച് ഭക്തർക്ക് പ്രസാദമായി നൽകും. ദിവസങ്ങളോളം നീളുന്നതാണ് അട്ടപ്പാടിയിലെ ശിവരാത്രി ആഘോഷം. ഊരുകളിൽനിന്ന് മല്ലീശരക്ഷേത്രത്തിലേക്ക് കാഴ്ചകളുമായി ഗോത്രവിഭാഗക്കാരെത്തും. വിത്തുകളും പശുക്കിടാക്കളെയും ക്ഷേത്രത്തിന് നൽകി മല്ലീശരനെ പ്രസാദിപ്പിക്കും. അടുത്ത വിതക്ക് നല്ല വിളവ് കിട്ടണേയെന്ന് പ്രാർഥിച്ചുകൊണ്ട് ക്ഷേത്രമുറ്റം നിറയെ വിത്തുകൾ വിതറും. ഈ വിത്തുകൾ ആർക്കും ശേഖരിക്കാം. ക്ഷേത്രത്തിലെ കലശമുല്ലപ്പൂ വഴിപാടും പ്രശസ്തമാണ്. ഊരുകളിൽനിന്നുള്ള രഥങ്ങളും എത്തും. വിവിധ കച്ചവടക്കാർ ക്ഷേത്രപരിസരത്ത് നിറയും. ദൂരദേശങ്ങളിൽനിന്നെത്തുന്നവർ ഭവാനിയിൽ മുങ്ങിക്കുളിച്ച് മല്ലീശരനെ വണങ്ങും.
ശിവപാർവതീ ഐതിഹ്യം
ശിവനും പാർവതിയും വേഷംമാറി നാടുചുറ്റിയ കാലത്ത് അട്ടപ്പാടിയിലെത്തിയിരുന്നുവെന്നാണ് ഐതിഹ്യം. അപരിചിതരെ കണ്ടപ്പോൾ ഊരുകാർ കാര്യം തിരക്കി. ശിവ-പാർവതിമാരാണെന്ന് അറിഞ്ഞപ്പോൾ അവരോട് അവിടെതന്നെ കഴിയാൻ ഊരുകാർ അപേക്ഷിച്ചു. വർഷത്തിലൊരിക്കൽ പൂജ നടത്തി വിളക്ക് കൊളുത്താമെന്ന ഉറപ്പിൽ ശിവനെ അട്ടപ്പാടിയിലെ ഏറ്റവുമുയർന്ന കൊടുമുടിയിൽ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. പരമശിവൻ ജഡയഴിച്ച് കിടക്കുന്ന രൂപമായാണ് മല്ലീശരമുടിയെ ഭക്തർ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.