ബനിയാസ്; മരുഭൂമിയിലെ പാരഡൈസ്
text_fieldsയു.എ.ഇ എന്നാൽ വിശ്രമമില്ലാതെ വാഹനങ്ങൾ ഇരമ്പിയാർക്കുന്ന നഗരമോ, നട്ടുച്ച സദാസമയവും മേയുന്ന മരുഭൂമിയോ മാത്രമല്ല. പ്രകൃതിയിലെ നിരവധി സ്വാഭാവിക ജൈവീക ഘടനയുടെ ഉറവിടവും വന്യജീവികളുടെ സങ്കേതവും പക്ഷികളുടെ ചില്ലകളും കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് അബുദബിയിലെ സർ ബനിയാസ് ദ്വീപ്. സഞ്ചാരികൾ കൊടുംചൂടിനെ വകവെക്കാതെ എത്തുന്ന ഇടം. രാജ്യത്തെ ഏറ്റവും വലിയ സ്വാഭാവിക ദ്വീപുകളിലൊന്നായ ഇത്, പശ്ചിമ അബുദബിയിലാണ് സ്ഥിതി ചെയ്യുന്നത്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ ഇവിടേക്ക് അബൂദബിയിൽ നിന്ന് 170 കിലോമീറ്റർ ദൂരമുണ്ട്. കണ്ടൽ കാടുകളുടെ വിസ്തൃതിയിൽ പ്രകൃതിയിൽ നിന്ന് വിസ്മൃതിയിലേക്ക് മാഞ്ഞുകൊണ്ടിരിക്കുന്ന നിരവധി ജലജീവികളും സുക്ഷ്മ ജീവികളും വസിക്കുന്നു. ദേശാടനത്തിന് വന്നവരിലധികവും ഇവിടെ തന്നെ ആവാസം ഉറപ്പിക്കുന്നത് പതിവാണ്.
മരുഭൂമിയിൽ ചൂട് കനക്കുന്ന മാസങ്ങളിൽ ഇവിടെ കാറ്റും തണലും കഥപറഞ്ഞിരിക്കുന്നത് കാണാം. ഇവിടേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ നിബന്ധനകളോടെ പ്രവേശനം അനുവദിക്കുന്നുണ്ട്. കഴുതപ്പുലി, മ്ലാവ്, ജിറാഫ്, ചീറ്റ ഉൾപ്പെടെയുള്ള വിവിധതരം വന്യജീവികളെ കാർബൺ പ്രസരണം തീർത്തും ഒഴിവാക്കിയ പ്രകൃതി സൗഹൃദ വാഹനങ്ങളിൽ കറങ്ങി കാണാം. ദ്വീപിലെ സൗന്ദര്യങ്ങൾക്കിടയിലും കായലോരങ്ങളിലും മേഞ്ഞുനടക്കുന്ന അറേബ്യൻ കലമാനുകൾ, സോമാലി ഒട്ടകപ്പക്ഷികൾ, ജിറാഫുകൾ, ഡോൾഫിനുകൾ, കടലാമകൾ, മറ്റു കടൽ-കര ജീവികൾ എന്നിവയെ കാണാം. കണ്ടൽകാടുകളിൽ നിന്ന് വരുന്ന രാഗമാലിക മാധുരിയിൽ ലയിക്കാം. 87 ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള ദ്വീപിന്റെ പകുതിയോളം വലുപ്പത്തിലാണ് വന്യ ജീവിഉദ്യാനം. 41 ചതുരശ്ര കി.മീറ്ററിലാണ് കണ്ടൽ കാടുകൾ ഹരിത കവചം തീർക്കുന്നത്. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ സ്വകാര്യ ദ്വീപായിരുന്നു ഇത്. 1977ൽ ദ്വീപ് വികസിപ്പിച്ചതിന് ശേഷമാണ് സഞ്ചാരികൾക്കായി തുറന്നത്.
ഹാരപ്പൻ നാഗരികതയുടെ പഴക്കം ദ്വീപിനുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവിടെ മനുഷ്യ സാന്നിധ്യം 5,500 ബി.സി മുതലുള്ളതായി കണക്കാക്കുന്നു. വെങ്കലയുഗത്തിലെ ഒട്ടേറെ അവശിഷ്ടങ്ങൾ ദ്വീപിലെ 36 ആർക്കിയോളജിക്കൽ സൈറ്റുകളിൽ നിന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മധ്യപൂർവ ദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു സൈറ്റുകളും സർ ബനിയാസ് ദ്വീപിലുണ്ട്. 4,000 വർഷത്തിലധികം പഴക്കമുള്ള വൃത്താകൃതിയിലുള്ള കല്ലറയുടെ അവശിഷ്ടങ്ങളും ദ്വീപിൽ നിന്നു കണ്ടെത്തിയിരുന്നു. ഹാരപ്പ, കാലിബംഗൻ, മെലൂഹ തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്ത അതേ കാലയളവിൽപ്പെട്ട മൺപാത്രങ്ങളും ആയുധങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പേർഷ്യ, മെസോപ്പൊട്ടാമിയ മേഖലകളായിരുന്നു ഹാരപ്പയുടെ പ്രധാന കച്ചവട കേന്ദ്രങ്ങളെന്ന് ഉദ്ഖനനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അബുദബിയിലെ ബനിയാസ് ഗോത്രക്കാരാണ് സർ ബനിയാസ് ദ്വീപ് രൂപീകരിച്ചത് എന്നാണ് നിഗമനം.
1977ൽ ശൈഖ് സായിദ് ദ്വീപിൽ വേട്ടയാടൽ തടയുന്ന നിയമം നടപ്പാക്കി വന്യജീവി സംരക്ഷണം ഉറപ്പാക്കി. അന്നു മുതൽ വിവിധ മരങ്ങൾ ദ്വീപിൽ നട്ടു. റോഡ് മാർഗം യാത്ര ചെയ്യുന്നവർക്ക് അബൂദബിയിൽ നിന്ന് 252 കി.മീറ്റർ ദൂരം യാത്ര ചെയ്ത് ജബൽദാനയിലെത്തിയാൽ അവിടെ നിന്ന് ബോട്ടിൽ ദ്വീപിലെത്താം. ഉല്ലാസയാത്ര മാത്രം നടത്താനും ദ്വീപിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു മാത്രമാണ് ജബൽദാന ജെട്ടിയിൽ നിന്ന് സർ ബനിയാസ് ദ്വീപിലേക്ക് പ്രവേശനം ലഭിക്കുക. കടലാഴത്തിലെ നീലിമയുള്ള കാഴ്ചകൾക്ക് സ്നോർകെല്ലിങ് ആൻഡ് സ്കൂബ ഡൈവിങ് സൗകര്യം ഉപയോഗപ്പെടുത്താം. മലയോരങ്ങളുടെ സാഹസികതയിലൂടെ സൈക്കിളിലും കുതിരപ്പുറത്തും സഞ്ചരിക്കാം. ദ്വീപിലേക്കുള്ള യാത്രക്ക് ചിറകുമായി ജലവിമാനങ്ങളുണ്ട്. കടൽപ്പരപ്പുകളുടെ അഭൗമസൌന്ദര്യത്തിലൂടെ പറന്നുനടക്കാം. ഒമ്പതു യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന സീവിങ് ജലവിമാനങ്ങളാണ് സേവനം നടത്തുന്നത്.
അബുദബി യാസ് ദ്വീപിൽ നിന്ന് ഒരു മണിക്കൂറും ദുബൈ ജബൽ അലിയിൽ നിന്ന് ഒന്നേക്കാൽ മണിക്കൂർ കൊണ്ടും ദ്വീപിലെത്താം. സന്ദർശകർക്ക് യാത്രയും താമസവും ഉൾപ്പെടെയുള്ള പാക്കേജുകളും ലഭ്യമാണ്. അബൂദബിയിൽ നിന്ന് 252 കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിച്ചാൽ ദ്വീപിലേക്കുള്ള ജബൽദാന ജെട്ടിയിലെത്താം. താരിഫ്, മിർഫ, ബെയ്നൂന എന്നീ സ്ഥലങ്ങൾ പിന്നിട്ട് അൽ റുവൈസ് കഴിഞ്ഞാൽ 113-ാം നമ്പർ എക്സിറ്റ് വലതു ഭാഗത്തേക്ക് കിട്ടും.
അവിടെ നിന്ന് സർബനിയാസ്, ജബൽദാന ജെട്ടിയിലെത്തിയാൽ വാഹനം പാർക്കു ചെയ്യാം. അവിടെ നിന്ന് വാട്ടർ ടാക്സിയിൽ 10-15 മിനിറ്റ് സമുദ്ര യാത്ര ചെയ്താൽ സർ ബനിയാസ് ദ്വീപിലെത്താം. ജബൽദാന ജെട്ടിയിൽ നിന്ന് രാവിലെ 7 മുതൽ രാത്രി 11വരെ വാട്ടർ ടാക്സിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.