വിയറ്റ്നാമിലെ സുന്ദരകാഴ്ചകൾ
text_fieldsകവിതാ സംഗീതും സഹയാത്രികരും
വർഷങ്ങൾ കടന്നു പോയെങ്കിലും ചില ബാല്യകാല സൗഹൃദങ്ങൾ ഊഷ്മളമായി ഇന്നും നിലനിൽക്കും. ആ സുഹൃത്തുക്കളോടൊപ്പം വീണ്ടുമൊരു യാത്ര പോവുക എന്നത് സ്വപ്ന തുല്യമായ അനുഭവമായിരുന്നു. പ്രായം അർധ സെഞ്ച്വറി പിന്നിട്ടപ്പോഴാണ് അതിനുളള ഭാഗ്യം കൈവന്നത്. ഏറ്റവും പ്രിയപ്പെട്ട ഏഴ് സ്കൂൾ സുഹൃത്തുക്കൾക്കൊപ്പം വിയറ്റ്നാമിലേക്കായിരുന്നു ആ സ്വപ്ന യാത്ര. നേരത്തെ പ്ലാൻ ചെയ്ത പ്രകാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാവരും ഒരുമിച്ച് കൂടി. വിയറ്റ്നാമിലെ ഹോ ചി മിന് സിറ്റിയാണ് ലക്ഷ്യം. നേരത്തെ ടിക്കറ്റ് ബുക് ചെയ്തിരുന്നു. വിയറ്റ് ജെറ്റ് വിമാനത്തിൽ ആദ്യ വരിയിൽ ഞാനും സുഹൃത്തുക്കളിൽ രണ്ടു പേരും സീറ്റുറപ്പിച്ചു. ബാക്കി നാലുപേർ പിൻഭാഗത്തെ സീറ്റിലായിരുന്നു. രാത്രി 12 മണിയോടെ വിമാനം ടേക്ക് ഓഫ് ചെയ്തു.
സുഹൃത്ത് ദിവ്യക്കൊപ്പം സംസാരിക്കാൻ അവസരം കിട്ടിയതോടെ ഞങ്ങൾ രണ്ടുപേരും കുശലാന്വേഷണങ്ങളുടെ കെട്ടഴിച്ചു. ഇതിനിടെ എയർഹോസ്റ്റസ് വിയറ്റ്നാംമീസ് സ്റ്റിക്കി റൈസും ചിക്കൻ കറിയും കൊണ്ടുവന്നു. വിശന്നിരുന്നതുകൊണ്ട് അതെല്ലാം ഒറ്റ ഇരുപ്പിൽ ആഘോഷമാക്കി കഴിച്ചു. പുലർച്ചെ 6.45ന് വിമാനം ഹോ ചി മിൻ സിറ്റി എയർപോർട്ടിൽ ലാൻഡ് ചെയ്തു. അവിടെ നിന്ന് വിയറ്റ്നാം തലസ്ഥാനമായ ഹനോയിലേക്ക് മറ്റൊരു വിമാനം കൂടി കയറേണ്ടി വന്നു. ഹനോയി വിമാനത്താവളത്തിൽ ഞങ്ങളെ സ്വീകരിക്കാൻ ഗൈഡ് ഇദ്വാർഡ് ഹോച്ചി കാത്തിരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാഹനത്തിൽ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തുമ്പോൾ സമയം ഉച്ച കഴിഞ്ഞ് ഏതാണ്ട് മൂന്നുമണി. ഹോട്ടലിൽ നിന്ന് വേഗത്തിൽ ഫ്രഷ് ആയി ആദ്യം ഹോ ചി മിന് മൊഴോളിയം മ്യൂസിയത്തിലേക്ക് പുറപ്പെട്ടു.
ചരിത്ര സ്മരണകൾ ഉറങ്ങുന്ന മ്യൂസിയം കാഴ്ചകൾ വിയറ്റ്നാമിനെ കുറിച്ച് പുത്തൻ അറിവുകൾ സമ്മാനിക്കുന്നതായിരുന്നു. ആ കാഴ്ചകൾ ആസ്വദിച്ച ശേഷം വിയറ്റ്നാമിലെ ആദ്യ സർവ്വകലാശാലയായ ദി ടെംപിൾ ഓഫ് ലിറ്ററേച്ചർ ലക്ഷ്യമാക്കി യാത്ര തുടങ്ങി. തലസ്ഥാന നഗരം സ്ഥാപിച്ചപ്പോഴുള്ള ചരിത്രസ്മാരകമാണിത്. അവിടെ ഹോൺ കിം തടാകത്തിന് ചുറ്റും കൂട്ടുകാർക്കൊപ്പം വെടിപറഞ്ഞുള്ള നടത്തം ബഹുരസമായിരുന്നു. എൻഗോക് സോൺ ക്ഷേത്രവും ലി തായ് വിയറ്റ്നാംമീസ് രാജാവിന്റെ പ്രതിമയും മനോഹരമായ കാഴ്ചയാണ്. വിയറ്റ്നാമിന്റെ പ്രാചീന കലാരൂപമായ വാട്ടർ പപ്പറ്റ് ഷോ കാണാൻ അവസരം ലഭിച്ചതാണ് യാത്രയിലെ ഏറ്റവും അവിസ്മരണീയമായ അനുഭവം. ഗ്രാമീണ ജീവിതം പ്രതിപാദിക്കുന്നതിലും ദേശീയ ചരിത്രത്തിലെ ചില രംഗങ്ങൾ അവതരിപ്പിക്കുന്നതിലും അവിടത്തെ കലാകാരൻമാരുടെ മികവ് ആരിലും കൗതുകമുണർത്തും.
രാത്രിയോടെ ഹോട്ടലിലേക്ക് തിരികെ മടങ്ങി. ഒന്ന് ഫ്രഷായ ശേഷമാണ് രാത്രി കാഴ്ചകൾക്കായി പുറത്തിറങ്ങിയത്. ബിയർ സ്ട്രീറ്റിലെ ഭക്ഷണശാലകളിൽ കയറി പലതരം വിയറ്റ്നാമീ സ്ട്രീറ്റ് ഫുഡുകൾ ആസ്വദിച്ചും ബാല്യകാല കഥകൾ പങ്കുവെച്ചും ആ രാത്രിയെ സ്നേഹത്തിന്റെ വർണങ്ങളാക്കി മാറ്റി. വിയറ്റ്നാമിലെ പരമ്പരാഗത ഭക്ഷണങ്ങൾ പരീക്ഷിക്കാൻ എല്ലാവരും മത്സരിച്ചു. രണ്ടാം ദിനം ഹാനോയിൽ നിന്ന് ഹലോങ് ബേയിലേക്കായിരുന്നു യാത്ര. ഹലോങ് ബേ നഗരത്തിലേക്ക് മൂന്നു മണിക്കൂർ റോഡ് യാത്രയുണ്ട് . യാത്രാ മധ്യേ ഹാനോയിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഹോ ടെയിലെ ഒരു ശുദ്ധജല മുത്തു സംസ്ക്കരണ വ്യവസായം സന്ദർശിക്കാനും അവസരം ലഭിച്ചു. ഹോ ടെ ഫാം തടാകത്തിൽ കാണപ്പെടുന്ന ഒരു തരം ഓയിസ്റ്റർ അഥവാ മുത്തുച്ചിപ്പിയിൽ നിന്നും ഉൽപാദിക്കപ്പെടുന്ന മുത്തുകൾ പോളിഷ് ചെയ്യുന്നത് ഇവിടെയാണ്. തിളക്കമുള്ള മുത്തുകൾ രൂപപ്പെടുത്തുന്ന കാഴ്ച കൗതുകരമാണ്. ഭംഗിയുള്ള മുത്തുകൾ കോർത്ത മാലകളും കമ്മലകളുമൊക്കെ വിൽപനക്കുണ്ട്. പിങ്ക്, ഓറഞ്ച്, ബ്രൗൺ, വെളുപ്പ്, ഇളം ചാരനിറം, കറുപ്പ് എന്നീ നിറങ്ങളുള്ള മുത്തുകളും വിൽക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ ചിലർ അവയിൽ ചിലത് വാങ്ങുകയും ചെയ്തു. ഞാൻ മുത്തുകളുടെ ഭംഗി ഫോണിൽ പകർത്തി.
ശേഷം ഹലോങ്ങ് ബേയിലെ സുന്ദരമായ കാഴ്ചകൾ കണ്ടു യാത്ര തുടർന്നു. ഹാലോങ്ങ് ബെ യുടെ ഹാർബറിൽ ഗൈഡ് വിക്ടർ കാത്തിരിപ്പുണ്ടായിരുന്നു. കൊച്ചുകുട്ടികളെ പോലെ ഞങ്ങൾ ബോട്ടിന്റെ മുൻ ഭാഗത്തേക്കോടി സീറ്റ് പിടിച്ചു. ഞാനും ഫാജിനയും ശാന്തിയും മുൻ നിര പിടിച്ചപ്പോൾ ശില്പയും തൈബയും പ്രിയയും ദിവ്യയും കലപില പറഞ്ഞ് പിൻനിരയിലേക്കോടി. മുപ്പതു മിനുട്ട് നീണ്ട ബോട്ട് യാത്രക്കൊടുവിൽ ലാ പാന്റോറ ക്രൂസിലെത്തി.
മനോഹരമായി രൂപകൽപ്പന ചെയ്തതും ആഡംബരപൂർണ്ണവുമായ ഒരു ക്രൂസായിരുന്നു അത്. അതിനുള്ളിലെ റെസ്റ്റോറന്റും മനോഹരമായി സജ്ജീകരിച്ചിരുന്നു. ഉച്ച ഭക്ഷണം ക്രൂസിൽ നിന്നായിരുന്നു. പിന്നീട് അവിടെ നിന്ന് കായാക്കിങ്, നീന്തൽ തുടങ്ങിയ വിനോദ പരിപാടികളും ആസ്വദിച്ചു. കയാകിങ് കഴിഞ്ഞ് ക്രൂസിൽ തിരികെയെത്തി വേഷം മാറിയ ശേഷം രാത്രി ഭക്ഷണത്തിനായി വീണ്ടും ക്രൂസിന്റെ നാലാം നിലയിലേക്ക് പോയി. അവിടെ ഗൈഡ് വിക്ടർ ഒരുക്കിയ കുക്കറി ഷോ യാത്രകാർക്കും ടൂറിസിറ്റുകൾക്കും ഏറെ രസകരമായിരുന്നു. ഞങ്ങൾ പാട്ടുകളും പഴയകാല ഓർമ്മകളും പങ്കുവെച്ചു ആ രാത്രി പൂർത്തിയാക്കി. മൂന്നാം ദിനം ഹലോങ് ബേയിലെ ഗുഹകൾ കാണാനായി പുറപ്പെട്ടു. ഒരു ചെറു ബോട്ടിലായിരുന്നു യാത്ര. വിയറ്റ്നാമീസ് വനിതയുടെ പാട്ടിനൊപ്പം ബോട്ട് തുഴഞ്ഞു കൊണ്ടിരുന്ന അനുഭവം അതിമനോഹരമായിരുന്നു. പാട്ടിന്റെ ശാന്തമായ താളം, ഗുഹകളുടെ പ്രകൃതിഭംഗി എന്നിവ എന്നെ വിസ്മയിപ്പിച്ചു. പ്രകൃതിയുടെ സൗന്ദര്യവും ആവോളം ആസ്വദിക്കാനുള്ള അവസരമായിരുന്നു അത്.
നിശ്ബ്ദതയിൽ വിയറ്റ്നാമീ യുവതിയുടെ ശബ്ദം ഗുഹകളിൽ നിന്ന് പ്രതിധ്വനിച്ചപ്പോൾ ഒരുവിചിത്ര ലോകത്തെത്തിയ അനുഭൂതിയായിരുന്നു. വിയറ്റ്നാം യാത്രയുടെ തീരങ്ങളിൽ ക്രൂസിലെ രുചികരമായ പ്രഭാതഭക്ഷണം കഴിച്ച ശേഷം, ഹാർബറിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങളുടെ ഗൈഡ് എഡ്വാർഡ് ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളേയും കൊണ്ട് യാത്ര തുടർന്നു. ഇടക്ക് ഒരു ബാംബൂ ഫാക്ടറി കാണാൻ കഴിഞ്ഞു. അവിടെ നിന്നും നേരെ ഹാനോയി വിമാനത്താവളത്തിലേക്ക്.
ഡാ നാങ് നഗരത്തിലേക്ക് വൈകിട്ട് അഞ്ച് മണിയോടെയാണ് വിമാനം. ഒരു മണിക്കൂർ യാത്രക്ക് ശേഷം ഡാ നാങിൽ എത്തി. ബീച്ചിനടുത്തുള്ള ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിന് ചുറ്റും നൈറ്റ് മാർക്കറ്റുകളും മസാജ് സെന്ററുകളും വൈവിധ്യമാർന്ന ഭക്ഷണശാലകളും നിരന്ന് നിൽക്കുന്നു. തെരുവ് കച്ചവടക്കാരിൽ നിന്ന് സുന്ദരമായ നാടൻ വിഭവങ്ങൾ രുചിച്ചു. പിന്നെ മുറിയിലേക്ക് മടങ്ങി നല്ലൊരു ഉറക്കം പാസ്സാക്കി.
പ്രണയ നാഥനെ കാണാൻ ഡ്രാഗൺ ബിഡ്ജ്
അടുത്ത ദിവസം ജെന്നി എന്ന ഇരുപത്തിയാറുകാരിയായിരുന്നു ഗൈഡായി വന്നത്. മർബിൾ മൗണ്ടനായിരുന്നു ആദ്യ ലക്ഷ്യം. ചെറു ചാറ്റൽ മഴയിൽ മല കയറ്റം ആസ്വാദ്യകരമായിരുന്നു. പരിസര പ്രദേശങ്ങളുടെ മനോഹര കാഴ്ചകൾ മനസിനെ കുളിരണിയിക്കും. ഹ്യാൻ കൊങ്ങ് ഗുഹയും ടാം തായ്, ലിൻഗ് ഉംഗ് പാഗോഡകളും പുതിയ അനുഭവങ്ങൾ സമ്മാനിച്ചു. ഗുഹയിലെ സുഷിരത്തിലൂടെ വരുന്ന വെളിച്ചെത്തിൽ ബുദ്ധ പ്രതിമ കാണാൻ മനോഹരമായിരുന്നു. ഉച്ചയോടെ ഹോയാൻ ടൗണിലേക്ക് യാത്ര തുടർന്നു. ടൈൽ പതിച്ച ജാപ്പനീസ് ബ്രിഡ്ജ്, ചൈനീസ് അസംബ്ലി ഹാൾ, പഴയ ക്ലബ് ഹൗസുകളിൽ നിന്നുള്ള നാടൻ സംഗീതം, പഴയ വീടുകളുടെ ശാന്തത എല്ലാം വേറിട്ട അനുഭൂതി സമ്മാനിച്ചു. ഹോയ്ആൻ നഗരത്തിന്റെ വലിയൊരു സ്മാരകവും സാഹിത്യപ്രേരണകളും നൽകുന്നതിൽ പ്രശസ്തമായ സ്ഥലമായിരുന്നു.
മൂന്നാം ദിവസം, ബാന ഹിൽസ് സന്ദർശനം – പ്രഭാതഭക്ഷണത്തിനുശേഷം, 1487 മീറ്റർ ഉയരമുള്ള പർവതത്തിൽ കേബിൾ കാർ സവാരി. ബാന ഹിൽസിലെ വിനോദങ്ങൾ, ഗോൾഡൻ ബ്രിഡ്ജിൽ നിന്നുള്ള വിസ്മയകരമായ കാഴ്ചകൾ, വിസ്മയിപ്പിക്കുന്ന രൂപത്തിലുള്ള തുരുത്തുകൾ എല്ലാം യാത്രയെ സ്മരണീയമാക്കി. അവസാന രാത്രിയിൽ ഡ്രാഗൺ ബ്രിഡ്ജ് അദ്ഭുകരമായ ഒരു കാഴ്ചയായിരുന്നു. മൂന്നു ദിവസവും രാത്രി 9.30ന് ഡ്രാഗണിന്റെ വായിൽ നിന്ന് തീയും വെള്ളവും പുറന്തള്ളും. തുറന്ന കാർ സവാരിയിലൂടെയായിരുന്നു ഡ്രാഗൺ ബ്രിഡ്ജിലേക്കുള്ള യാത്ര. ഷോ ആരംഭിക്കുമ്പോൾ, എല്ലാവരും ക്യാമറകൾ എടുത്ത് കാഴ്ചകൾ പകർത്താൻ ഒരുങ്ങി. ഞങ്ങൾ ഡ്രാഗൺ ബ്രിഡ്ജിന്റെ വായുടെ അടുത്തായിരുന്നു. പെട്ടെന്ന് ഡ്രാഗണിന്റെ വായിൽ നിന്നും ശക്തമായി വെള്ളം ചീറ്റാൻ തുടങ്ങി.
നല്ല ഫോട്ടോ കിട്ടുമെന്ന പ്രതീക്ഷയി അവിടെ നിന്നത്. കണക്കു കൂട്ടലുകൾ തെറ്റി എല്ലാവരും നനഞ്ഞു. ഇതു കണ്ട ഗൈഡ് ജെന്നി പറഞ്ഞു ആരുടെ ദേഹത്താണോ ഡ്രാഗണിന്റെ വായിൽ നിന്നും ഉള്ള വെള്ളം വീണത് അവർ ജീവിതത്തിൽ പുതിയ പ്രണയനാഥനെ കണ്ടെത്തുമെത്രെ. ഇതു കേട്ടത്തോടെ സുഹൃത്തുക്കളുടെ മുഖത്ത് പരിഹാസ ചിരി വിടർന്നു. തിരികെ ഹോട്ടലിലെത്തി ഒരു ഷവർ ബാത്ത് നടത്തി. വീണ്ടും തെരുവ് ഭക്ഷണം തേടി യാത്ര. എല്ലാ തെരുവുകളും വൃത്തിയായും ഭംഗിയായും അലങ്കരിച്ചിരിക്കുന്നു. പല വർണത്തിലുള്ള റാന്തൽ വെളിച്ചെത്തിൽ ഗാംഭീര്യം നിറഞ്ഞ പുരുഷന്മാരും സ്ത്രീകളും, എല്ലാം ദേവ ദേവന്മാരെപ്പോലെ കണ്ണിനും മനസ്സിനും ഒരേപോലെ കുളിർമയുള്ള കാഴ്ചയായിരുന്നു. പിറ്റേന്നു രാവിലെയായിരുന്നു കൊച്ചിയിലേക്കുള്ള മടക്കയാത്ര. എല്ലാവരുടെയും മുഖത്ത് യാത്രയും കളിചിരികളും അവസാനിച്ചതിന്റെ വിഷമം കാണാനുണ്ട്. മറക്കാനാകാത്ത സ്മരണകളുമായി ഞങ്ങളെ അമ്പതിന്റെ നിറവിൽ അഭിമാനിപ്പിച്ച ഈ സ്വപ്നയാത്രാ മനസ്സിനും ഒരേപോലെ കുളിർമയുള്ള അനുഭവമായി മാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.