മഞ്ഞിൽ കുളിച്ച് ചീങ്ങേരിമല വിളിക്കുന്നു
text_fieldsകൽപറ്റ: വയനാടന്‍ മഞ്ഞിന്റെ കുളിരില്‍ ചീങ്ങേരി സാഹസിക ടൂറിസം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു.
പാറക്കെട്ടുകളെ കീഴടക്കി ആകാശ കാഴ്ചകള്‍ കാണാന്‍ രണ്ടു മാസംകൊണ്ട് നാലായിരത്തിലധികം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. 2.8 ലക്ഷം രൂപയാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് വരുമാനം.
ഇന്‍സ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങില്‍ ചീങ്ങേരി മലയിലേക്കുള്ള സാഹസിക സഞ്ചാരത്തിന്റെ വിവിധ ചിത്രങ്ങള്‍ പ്രചരിച്ചതോടയാണ് കേന്ദ്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്.
സമുദ്രനിരപ്പില്‍നിന്നു 2600 അടി ഉയരത്തില്‍ നിന്നു വയനാടിന്റെ ഭൂതലത്തിലേക്കാണ് ചീങ്ങേരി വാതില്‍ തുറക്കുന്നത്. 360 ഡിഗ്രിയില്‍ വയനാടിന്റെ പൂര്‍ണ കാഴ്ചകള്‍ ആസ്വദിക്കാനാകും. കൊളഗപ്പാറയുടെയും കാരാപ്പുഴ റിസര്‍വോയറിന്റെയും മനോഹരമായ ദൂരക്കാഴ്ച, അമ്പലവയല്‍, ബത്തേരി, എടക്കല്‍, അമ്പുകുത്തിമല തുടങ്ങിയ സ്ഥലങ്ങളുടെ മനോഹാരിത മലമുകളില്‍നിന്നു വീക്ഷിക്കാനാകും.
ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് പുറമെ വിദേശ സഞ്ചാരികളെയും കൂടുതലായി ആകര്‍ഷിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്.
പുതിയ സാഹസിക ട്രക്കിങ് കേന്ദ്രം, ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രം എന്നിവ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരു പോലെ ഈ പര്‍വതത്തിലേക്ക് ട്രക്കിങ് നടത്താനാകും. സാഹസിക വിനോദ കേന്ദ്രം എന്ന നിലയില്‍ ചീങ്ങേരിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
2010ലാണ് എട്ട് ഏക്കറോളം ഭൂമി ടൂറിസം നടത്തിപ്പിനായി റവന്യു വകുപ്പ് ഡി.ടി.പി.സിക്ക് കൈമാറിയത്. ടൂറിസം വകുപ്പ് 1.04 കോടി രൂപ വകയിരുത്തിയാണ് സാഹസിക വിനോദ സഞ്ചാരം ഒരുക്കിയത്.
ബേസ് ക്യാമ്പിലെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിച്ചതിനുശേഷം ട്രക്കിങ്ങിന് പോകാം. രണ്ടു കിലോമീറ്ററോളം നടന്നാല്‍ മലമുകളില്‍ എത്താം. ട്രക്കിങ്ങിന് രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെയാണ് പ്രവേശനം.
മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. ചീങ്ങേരി മലയുടെ നെറുകയില്‍ രാത്രികാല കാഴ്ചകള്‍ കാണാനും താമസിക്കാനും ടെൻറ് ക്യാമ്പിന് അനുമതി തേടുകയാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.