സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായി ചെങ്ങറ തോട്ടംമേഖല
text_fieldsപത്തനംതിട്ട: കേരളത്തിന്റെ സമര ഭൂപടത്തിൽ വീരേതിഹാസം രചിച്ച 6000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വശ്യമനോഹരമായ ചെങ്ങറ തോട്ടം മേഖല സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറുന്നു. നിരവധി ഹിറ്റ് സിനിമകളാണ് ഇവിടുത്തെ പ്രകൃതിഭംഗി ഒപ്പിയെടുത്ത് പുറംലോകം കണ്ടത്.
ആൽബങ്ങളും വിവാഹ വിഡിയോകളും ചിത്രീകരിക്കാനായി നിരവധിപേർ എത്തുന്നു. ലഹരിക്കെതിരായ കഥപറയുന്ന സൂപ്പർ ജിമിനി എന്ന സിനിമയാണ് നിലവിൽ ചെങ്ങറയിൽ ചിത്രീകരിക്കുന്നത്. മലയോര ജില്ലയുടെ ആസ്ഥാനമായ പത്തനംതിട്ട നഗരത്തിലും കൊടുമണ്ണിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. മാളികപ്പുറം, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളും ചെങ്ങറയിൽ ചിത്രീകരിച്ചിരുന്നു.
മഴക്കാഴ്ചകളും മഞ്ഞും കോടയും നിരവധി തോടുകളും അരുവികളും ബംഗ്ലാവുകളും നിറഞ്ഞ മനോഹര കാഴ്ചകളാണ് ചെങ്ങറ തോട്ടം മേഖല നൽകുന്നത്. റബർ തോട്ടങ്ങൾ മാത്രമായിരുന്ന ഹാരിസൺസ് മലയാളം കമ്പനിയുടെ അധീനതയിലെ സർക്കാർ ഭൂമികളിൽ ഇന്ന് കൈതച്ചക്കയും വ്യാപകമായി കൃഷിചെയ്യുന്നു.
സിനിമക്കാർക്ക് പുറമെ ഇപ്പോൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും ഇവിടേക്ക് സഞ്ചാരികൾ എത്തുന്നുണ്ട്. മലയാലപ്പുഴ, കോന്നി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതാണ് ചെങ്ങറയിലെ തോട്ടങ്ങൾ. വെള്ളച്ചാട്ടങ്ങളും വ്യൂ പോയന്റുകളുമുള്ള ജില്ലയിൽ അധികം സഞ്ചാരികളെത്താത്ത മനോഹരമായ സ്ഥലങ്ങൾ ഇവിടെ നിരവധിയാണ്.
ഉൾനാടിന്റെ ഭംഗി ഉൾക്കൊള്ളുന്ന ഗ്രാമീണ ടൂറിസത്തിന്റെ ഭാഗമായി വികസിപ്പിക്കാവുന്ന സ്ഥലങ്ങളാണ് ഇതിൽ ഏറെയും. അത്തരത്തിൽ ഒരുസ്ഥലമാണ് മലയാലപ്പുഴ പഞ്ചായത്തിലെ കുമ്പഴ എസ്റ്റേറ്റ്. മൂന്നാർ പോലെ ദൃശ്യഭംഗിയും തൊട്ടടുത്തുതന്നെ കാടും നദിയുമെല്ലാം ഒത്തുചേരുന്ന അപൂർവ ഭൂപ്രകൃതി സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ നൽകുന്നു. ഇവിടുത്തെ മഞ്ഞണിഞ്ഞ സൂര്യോദയം കാണാൻ ഇപ്പോൾ ആളുകൾ കൂടുതലായി എത്തുന്നു.
പുതുക്കുളം കുമ്പഴ എസ്റ്റേറ്റിൽ ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കീഴിലുള്ള പ്രദേശത്ത് റബറാണ് പ്രധാന കൃഷി. പുതിയ തൈകൾ നടുന്നതിനിടെയുള്ള ഇടവിളയായി കൈതയാണ് ഇപ്പോഴുള്ളത്. പ്രകൃതിമനോഹരമാണ് ഈ പ്രദേശം. ചുറ്റും മലകളും പ്ലാന്റേഷനും മാത്രം. ഘോരവനത്തിന്റെയും കല്ലാറിന്റെ വിദൂര ദൃശ്യവും ഇവിടെ കിട്ടും.
എസ്റ്റേറ്റുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബംഗ്ലാവുകളുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് എസ്റ്റേറ്റ് മാനേജർമാർക്ക് ഭരണ സൗകര്യത്തിനുവേണ്ടി നിർമിച്ചവയാണ് ഇവ. പത്തനംതിട്ട ജില്ലയുടെ തന്നെ ഗവിയിലാണ് മുമ്പ് ഓർഡിനറി സിനിമയുടെ ചെറിയ ഭാഗം ചിത്രീകരിച്ചത്. ഇതിനുശേഷമാണ് ഗവിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. ഭാഗ്യ ലൊക്കേഷനായി മലയോര ജില്ലയെ സിനിമാക്കാരുടെ ഇടയിൽ അറിയപ്പെടുന്നത്.
പുഴയുടെ ഭംഗിയും വെള്ളച്ചാട്ടങ്ങളും
മലകളുടെ അടിവാരത്തുകൂടിയുള്ള ചുറ്റിവളഞ്ഞ വഴിയിൽ കാഴ്ചകൾ കണ്ട് അൽപം സഞ്ചരിക്കാം. പുലർച്ച നല്ല മഞ്ഞുണ്ടാകും. കാറ്റും. തൊട്ടടുത്ത് റബർ തോട്ടങ്ങളും ഇവിടെ ഏതാനും വീടുകളുമുണ്ട്. വനത്തിന്റെ സാമീപ്യമാണ് ഇവിടുത്തെ പ്രധാന ആകർഷണം. റബർതോട്ടം കടന്നുചെല്ലുന്നത് കല്ലാർ പുഴയിലേക്കാണ്.
പുഴയുടെ ഭംഗി തൊട്ടടുത്ത് കണ്ട് ആസ്വദിക്കാം. സമീപത്ത് ചെക്ക് ഡാം ഉള്ളതിനാൽ ഈ ഭാഗത്ത് ഒഴുക്ക് കുറവാണ്. നദിക്കപ്പുറം റാന്നി വനംഡിവിഷനാണ്. മീൻമുട്ടി, വാപ്പില വെള്ളച്ചാട്ടങ്ങൾ മനോഹരമാണ്. മലനിരകളിൽ പതിറ്റാണ്ടുകൾ മുമ്പ് തേയില കൃഷിയാണ് ഉണ്ടായിരുന്നത്. പിന്നീട് റബറായി. ജില്ലയുടെ ടൂറിസം ഭൂപടത്തിൽ സ്ഥാനംപിടിക്കേണ്ട പ്രദേശങ്ങളാണ് ഇതിലേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.