ഡെൽമ ദ്വീപ്; സാഗരം കടഞ്ഞെടുത്ത ശിൽപം
text_fieldsകടലിനുനടുവിൽ താക്കോൽ ആകൃതിയിൽ പ്രകൃതി വരച്ചുവെച്ച ഒരു ആരാമമുണ്ട് പശ്ചിമ അബുദബിയിൽ. ഡെൽമ ദ്വീപ് എന്നാണതിന്റെ പേര്. അതിന്റെ വേരാകട്ടെ സിന്ധുനദീതട സംസ്കാരങ്ങളിലേക്ക് ആഴ്ന്നിറങ്ങി കിടക്കുകയാണ്.
ബി.സി അഞ്ചാം നൂറ്റാണ്ടിലെയോ ആറാം നൂറ്റാണ്ടിലെയോ എന്ന് കരുതപ്പെടുന്ന ശിലോലിഖിതങ്ങളും കളിമൺപാത്രങ്ങളും പ്രതിമകളും മറ്റും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളികളും സ്ഥാപനങ്ങളും പാർപ്പിടങ്ങളും നിരവധിയുണ്ട്. സപ്തധാതുക്കൾ കൊണ്ട് സമ്പന്നമാണ് ഡെൽമ. ഖത്തറിനോട് ചേർന്ന് കിടക്കുന്ന അത്തറുമണക്കുന്ന ഈ ദ്വീപിലെ വെള്ളമുണ്ടല്ലോ പ്രകൃതിയുടെ വരദാനമാണ്, കണ്ണീരുപോലെത്തെ വെള്ളം എന്നൊക്കെ പറയാറില്ലെ, അത് നൽകിയാണ് ഡെൽമ നമ്മെ സ്വീകരിച്ചിരുത്തുന്നത്.
നാട്ടിൻപുറത്തിന്റെ നന്മകളത്രയും ഹരിത കാന്തിയിൽ അലിഞ്ഞുകിടക്കുന്ന, തിരമാലകൾ അതിരിടുന്ന ചാരുത. പശ്ചിമ അബുദബിയിലെ കാർഷിക നഗരമായ റുവൈസിൽനിന്ന് രണ്ടുമണിക്കൂറോളം കടലിലൂടെ യാത്രചെയ്താൽ താക്കോലാകൃതിയിലുള്ള ഡെൽമ ദ്വീപിലെത്താം. 15 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന ദ്വീപുവാസികളുടെ പ്രധാന തൊഴിൽ മുത്തുവാരലും മത്സ്യബന്ധനവുമാണ്. തലമുറകൾ കൈമാറിവന്ന പുണ്യത്തെ ഡെൽമ ഇന്നും നെഞ്ചോട് ചേർത്ത് വെക്കുന്നു. അബൂദബിയിൽനിന്ന് 234 കിലോമീറ്റർ ദൂരേ കിടക്കുന്ന റുവൈസിലുള്ള ജബൽദാന തുറമുഖത്ത് നിന്നാണ് ഡെൽമയിലേക്ക് കപ്പൽ യാത്ര നടത്തുന്നത്. അബൂദബി വിമാനത്താവളം വഴിയും റുവൈ
സിലുള്ള മുഹരി പോർട്ടിൽനിന്ന് ചങ്ങാടം വഴിയും ഇവിടെയെത്താം. താമസവിസയുള്ളവർക്ക് എമിറേറ്റ്സ് ഐ.ഡി കാണിച്ചാൽ മതി. സന്ദർശന വിസയിലുള്ളവർ വിസയുടെ കോപ്പി കരുതണം. ദ്വീപിൽ ടാക്സികളോ, മറ്റ് പൊതുഗതാഗത വാഹന സൗകര്യങ്ങളോ ഇല്ല. അതുകൊണ്ട് കപ്പലിൽ വാഹനവുമായിട്ടാണ് സഞ്ചാരികൾ ഇവിടേക്ക് വരാറുള്ളത്. അഞ്ചുവയസ്സുവരെയുളള കുട്ടികൾക്ക് ടിക്കറ്റ് സൗജന്യമാണ്. ഒരാൾക്ക് 20 ദിർഹമാണ് കപ്പലിൽ ഡെൽമയിലെത്താനുള്ള നിരക്ക്. വാഹനം കൊണ്ടുപോകാൻ 100 ദിർഹം നൽകണം.
ഒരു ഭാഗത്തേക്കുള്ള നിരക്കാണിത്. ഡെൽമയിലേക്കുള്ള യാത്ര കടൽമാർഗമാണ് രസം. തിരമാലകൾ മനസിലേക്ക് പണ്ടത്തെ പത്തേമാരി കഥകളുമായി കടന്നുവരും. ഏഡിമീനുകളുടെ കേളിയാട്ടം കാണ്ടിരിക്കാം. രണ്ട് മണിക്കൂറോളം നീളുന്ന കടൽ യാത്രയിൽ അഴകിന്റെ തിരമാലയാകും മനസ്സ്. സർവീസ് നടത്തുന്ന ഫെറിക്ക് നാലുനിലകളാണ്.
താഴത്തെ നില വാഹനങ്ങൾക്കു മാത്രമുള്ളതാണ്. മുകളിലത്തെ നിലയിൽ കുടുംബങ്ങൾക്കും സ്ത്രീകൾക്കുമായി വിശാലമായ മുറികൾ തന്നെയുണ്ട്. നമസ്ക്കാരത്തിന് പ്രത്യേകം സൗകര്യമുണ്ട്. ശീതള പാനീയങ്ങൾ, ലഘുഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും കപ്പലിലുണ്ട്. മുകളിലത്തെ നിലയിൽ ഇരുന്നാൽ മേഘങ്ങൾ കടലിൽ അലിഞ്ഞുചേരുന്നതും തിരമാലകൾ മുകിലുകളുമായി കഥ പറഞ്ഞിരിക്കുന്നതും കാണാം. ആകാശ കാഴ്ച്ചകളിലേക്ക് മുങ്ങാംക്കുഴിയിടുന്ന സാഗര സൗന്ദര്യം.
യാത്രക്കാരുടെ സുരക്ഷക്കായി രക്ഷാ ബോട്ടുകളും, പരിശീലനം നേടിയ നീന്തൽ വിദഗ്ദരും, സുരക്ഷാ ഉദ്യോഗസ്ഥരുമൊക്കെ കപ്പലിലുണ്ടാകും. കടലിനുനടുവിലെ ഈ ഗ്രാമീണ സൗന്ദര്യത്തിൽ അലിഞ്ഞ് പതിനായിരത്തിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിൽ പ്രവാസികളുമുണ്ട്. മലയാളികളാണ് പ്രവാസികളിൽ അധികവും. റോഡൊരു അരഞ്ഞാണമായി തിരകളെ തഴുകുമ്പോൾ യാത്ര എങ്ങനെ കവിത എല്ലാതാകും.
അത്രക്ക് അനുഭൂതി നിറഞ്ഞതാണ് ഡെൽമയിലെ കരയാത്ര. പൊലീസ് സ്റ്റേഷൻ, പുരാതന മ്യൂസിയം, യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ നിർദേശപ്രകാരം പണിത കൊട്ടാരം, പുരാതന പള്ളികൾ, ആശുപത്രികൾ തുടങ്ങി ഡെൽമ ദ്വീപിൽ കാഴ്ചകളേറെയുണ്ട്. ഡെൽമയുടെ കാർഷിക-ക്ഷീരമേഖല സജീവമാണ്. സമൃദ്ധമായി വെള്ളം ലഭിക്കുന്ന നിരവധി കിണറുകൾ ഡെൽമയിലുണ്ട്. ഭൂഗർഭ ജലത്തിന്റെ വറ്റാത്ത ഉറവിടം കൂടിയാണ് ഡെൽമ ദ്വീപ്. മുത്തുച്ചിപ്പി വ്യാപാരത്തിന്റെ സുപ്രധാന കേന്ദ്രമായിരുന്ന ഡെൽമയുടെ പൈതൃകം പൗരാണിക നാഗരികതകളുമായി ചേർന്ന് കിടക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.