മരുഭൂമിയിലേക്ക് സഫാരി പോവാം
text_fieldsപ്രവാസത്തിന്‍റെ പതിറ്റാണ്ട് പിന്നിട്ടിട്ടും മലരാരണ്യത്തിന്‍റെ യഥാർഥ ചൂരറിഞ്ഞിട്ടില്ലാത്തവർ നിരവധിയുണ്ട്. ജോലിത്തിരക്കിനിടയിൽ ആസ്വദിക്കാൻ മറന്നുപോകുന്ന ഭൂമികയാണ് അറബ് രാജ്യങ്ങളിലെ മരുഭൂമികൾ. നഗര ഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്രക്കിടയിൽ അകലെ നിന്ന് കാണുന്നതല്ലാതെ മരുഭൂമിയുടെ ഉൾതടങ്ങളിലേക്ക് കടന്നു ചെല്ലുന്നവർ കുറവായിരിക്കും. എന്നാൽ, പതിറ്റാണ്ടുകളായി മരുഭൂമിയുടെ മണൽപരപ്പുകൾ മാത്രം കണ്ട് ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുക്കുന്നവരും കുറവല്ല.
മരുഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരും ടൂറിസം ഏജൻസികളും നിരവധി ഡ്യൂൺ ബാഷിങ് പാക്കേജുകൾ അവതരിപ്പിക്കുന്നുണ്ട്. മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഡ്യൂൺ ബാഷിങ് മുതൽ ദിവസങ്ങൾ നീളുന്ന പാക്കേജ് വരെ ഇക്കൂട്ടത്തിലുണ്ട്. 100 ദിർഹം മുതൽ ഇതിന്‍റെ നിരക്കുകൾ വ്യതാസപ്പെട്ടിരിക്കും. പ്രവാസം അനുഭവിക്കുന്നവരും കുടുംബവുമായെത്തുന്നവരും ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ് ഡ്യൂൺ ബാഷിങ്ങിന്‍റെ ആനന്ദം. മരുഭൂമിയിലെ കാണാക്കാഴ്ചകൾ തേടിയുള്ള യാത്ര കൂടിയാണിത്.
ഡ്യൂൺ ബാഷിങ്ങിന് സാഹസികത വേണമെന്ന് നിർബന്ധമില്ല. സുരക്ഷിത യാത്രയാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്. ദുബൈ, അബൂദബി, റാസൽഖൈമ ഉൾപെടെ ഏഴ് എമിറേറ്റുകളിലെയും മരുഭൂമിയിലേക്ക് ഇത്തരം പാക്കേജുകൾ ലഭ്യമാണ്. കുടുംബങ്ങൾക്കായി പ്രത്യേക പാക്കേജുണ്ട്. ഉച്ചക്ക് ഡസർട്ട് സഫാരിയിൽ തുടങ്ങി ഒട്ടക സഫാരിയും സാൻഡ് ബോർഡ് സ്കേറ്റിങ്ങും കഴിഞ്ഞ് രാത്രി ഭക്ഷണത്തോടെ പിരിയുന്ന പാക്കേജുകൾ 130 ദിർഹം മുതൽ ലഭിക്കും. ഷാർജ നിക്ഷേപ വികസന വകുപ്പിന്‍റെ മലീഹ പോലുള്ള പാക്കേജുകളിൽ രാത്രി കാമ്പിങും പാരാൈഗ്ലഡിങുമെല്ലാം ഒരുക്കുന്നുണ്ട്. പരമ്പരാഗത അറബ് ഭക്ഷണം ആസ്വദിച്ചായിരിക്കും ഈ യാത്രയും കാമ്പിങും. അറബ് മേഖലയുടെ സമഗ്ര ചരിത്രം പഠിക്കാനും ഇത്തരം യാത്രകൾ ഉപകരിക്കും.
സ്വന്തം വാഹനത്തിൽ മരുഭൂമിയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നവരുമുണ്ട്. കൃത്യമായ അറിവില്ലാതെ ഇതുവഴി യാത്ര ചെയ്താൽ ഒറ്റപ്പെട്ടുപോകാനും വഴിതെറ്റാനും സാധ്യതയുണ്ട്. യഥാർഥ വഴി തേടിയുള്ള യാത്രകൾ കൂടുതൽ ഉൾഭാഗത്തേക്ക് എത്തിച്ചേക്കാം. ഗൂഗൾ മാപ്പിന് പോലും കൃത്യമായ വഴി കണ്ടെത്തി അറിയിക്കാൻ കഴിയണമെന്നില്ല. മരുഭൂ യാത്ര നടത്താൻ ഈ സീസണിലെ അവസാന സമയമാണിത്. ചൂട് കനത്ത് തുടങ്ങി. കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ കൊടും ചൂടിലേക്കെത്തും. അതിനാൽ, ഇപ്പോൾ തന്നെ നമുക്ക് റൈഡ് തുടങ്ങാം.
ഡസർട്ട് സഫാരി: ഇവ ശ്രദ്ധിക്കാം
വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തുക
മരുഭൂമിയിലെ മണൽപരപ്പിലൂടെ സഞ്ചാരയോഗ്യമാണ് വാഹനം എന്ന് ഉറപ്പാക്കുക
ആവശ്യത്തിന് കുടിവെള്ളവും ഭക്ഷണവും കരുതുക
മൊബൈൽ പൂർണമായും ചാർജ് ചെയ്യുക
പവർ ബാങ്കുകൾ കരുതുക
പൊലീസിന്‍റെ എമർജൻസി നമ്പറുകൾ സേവ് ചെയ്യുക
വാഹനത്തിന്‍റെ ടയർ മർദം ക്രമീകരിക്കുക
മികച്ച ടയറുകൾ ഉപയോഗിക്കുക
പ്രാഥമിക ചികിത്സക്ക് ആവശ്യമായ വസ്തുക്കൾ കരുതുക
വാഹനം കേടുപാടുകൾ പറ്റിയാൽ അറ്റകുറ്റപ്പണി നടത്താൻ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കുക
ടയർ സ്റ്റെപ്പിനി കരുതുക. ഇത് മാറ്റിയിടാൻ ആവശ്യമായ സംവിധാനങ്ങളുമുണ്ടാകണം
സൂക്ഷിച്ച് ഡ്രൈവ് ചെയ്യുക
അപകടകരമായ രീതിയിൽ വാഹനം ഓടിക്കാതിരിക്കുക
സീറ്റ് ബെൽറ്റ് ധരിക്കുക
ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കുക
രാത്രി റൈഡുകൾ ഒഴിവാക്കുക
പരിചയമില്ലാത്ത മരുഭൂമികളിലൂടെ യാത്ര വേണ്ട
അത്യാവശ്യ ഘട്ടങ്ങളിൽ സഹായത്തിന് 999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.