ദയാ ഫോര്‍ട്ട്: ചെറുത്തു നില്‍പ്പിൻെറ പ്രകാശ ഗോപുരം
text_fieldsകല്‍പ്പടവുകളിലൂടെ കിതപ്പിന്റെ ചെറു താളങ്ങളില്‍ മലനിരയിലെ കോട്ടയെ പുല്‍കുമ്പോള്‍ മനസ് മന്ത്രിക്കും, വശ്യം... മനോഹരം... വിസ്മയം... ഈ പോരാട്ട ഭൂമിക. ഏറ്റവും വലിയ അംബരചുംബിയായി ദുബൈയിലെ ബുര്‍ജ് ഖലീഫ ലോക നെറുകയില്‍ തിളങ്ങുമ്പോള്‍ അധിനിവേശ ശക്തികള്‍ക്കെതിരെ പൂര്‍വികര്‍ നയിച്ച ത്രസിപ്പിക്കുന്ന പോരാട്ട ചരിതമാണ് റാസല്‍ഖൈമയിലെ 'ദയാ ഫോര്‍ട്ട്'പറയുന്നത്. പ്രകൃതിയുടെ കരുണാരഹിതമായ ചൂടിനെ പ്രതിരോധിക്കാനുതകും വിധത്തിൽ 16ാം നൂറ്റാണ്ടിലാണ് മലനിരയിൽ ഈ നിര്മിതിയൊരുക്കിയതെന്നറിയുേമ്പാൾ അത്യാധുനിക വാസ്തുവിദ്യയുടെ ഉപാസകർ പോലും അദ്ഭുതപ്പെടും.
റാസല്‍ഖൈമ മേഖലയുടെ ഭരണം നടത്തിയിരുന്ന അല്‍ഖ്വാസിം കുടുംബമാണ്് ഇത് പണികഴിപ്പിച്ചത്. ഇവിടെ നിന്ന് പത്ത് കിലോ മീറ്റർ പിന്നിട്ടാല്‍ ഒമാന്‍ അതിര്‍ത്തിയെത്തി. ഒരു വശം ഹജ്ജാര്‍ മലനിര കോട്ടക്ക് സംരക്ഷണം നല്‍കുന്നു. കടലും ദിക്കുകളും ഒരേസമയം നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് കോട്ടയുടെ സ്ഥാനം. രണ്ട് ഗോപുരങ്ങളാണ് കോട്ടയുടെ മുഖ്യ ആകര്‍ഷണം. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നത് ഈ ഗോപുരങ്ങളിലൂടെയായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് റാസല്‍ഖൈമയില്‍ കാലുറപ്പിക്കുന്നതിന് വിലങ്ങു തടിയായി നിന്നത് അല്‍ഖ്വാസിം ഗോത്രത്തിന്‍െറ പോരാട്ട വീര്യമായിരുന്നു. ദീര്‍ഘ നാളത്തെ അധിനിവേശ ആക്രമണങ്ങളാണ് അല്‍ഖ്വാസിം ഗോത്രത്തിനെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയത്. ഒടുവിലത്തെ പോരാട്ട കേന്ദ്രമായാണ് ദയാ ഫോര്‍ട്ടിനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഹസന്‍ ബിന്‍ അലിയുടെ നേതൃത്വത്തിലെ ഐതിഹാസിക ചെറുത്തു നില്‍പ്പുകളെ പരാജയപ്പെടുത്തി 1819 ഡിസംബര്‍ 22ന് ദയാ ഫോര്‍ട്ട് ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്ക് കീഴിലാക്കി. 1964 വരെ ഈ മേഖലയുടെ ഭരണാധിപന്‍െറ ഭവനമായി കോട്ട അറിയപ്പെട്ടു. ഇടക്കാലത്ത് ജയിലായും ദയാ ഫോര്‍ട്ടിനെ ഉപയോഗിച്ചു. ഈത്തപ്പന പട്ടകളും ചരല്‍മണ്ണുമാണ് നിര്‍മാണത്തിന് മുഖ്യമായും ഉപയോഗിച്ചിരിക്കുന്നത്. ശത്രുക്കളുടെ വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെങ്കിലും നൂറ്റാണ്ടുകള്‍ക്ക് ശേഷവും ബലക്ഷയം സംഭവിച്ചിട്ടില്ല. 2001ല്‍ മിനുക്ക് പണികള്‍ നടത്തിയിട്ടുള്ള കോട്ട ഇപ്പോള്‍ പുരാവസ്തു വകുപ്പിെൻറ സംരക്ഷണ വലയത്തിലാണ്. മേഖലയിൽ പുരാവസ്തു വകുപ്പിെൻറ ഖനന ഗവേഷണങ്ങളും തുടരുന്നുണ്ട്. 1988ല്‍ ഒമ്പത് മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുള്ള ശവകല്ലറ ഇവിടെ കെണ്ടത്തിയിരുന്നു.
ലോക ചരിത്രത്തിലെ ഏറ്റവും വലുതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവിടെ നിന്ന് കണ്ടെടുത്ത സുവര്‍ണ കമ്മല്‍ ഉള്‍പ്പെടെയുള്ള പൗരാണിക വസ്തുക്കള്‍ റാസല്‍ഖൈമ മ്യൂസിയത്തില്‍ സുക്ഷിച്ചിട്ടുണ്ട്. കൗതുകവും ജിജ്ഞാസയും മുറ്റിനിൽക്കുന്ന ഒരു ചുറ്റുപാടിൽ സ്വസ്ഥമായി സമയം ചെലവഴിക്കാനാകുന്ന ഇടമായാണ് സന്ദര്‍ശകര്‍ ദയാ ഫോര്‍ട്ടിനെ കാണുന്നത്. ഒരു സ്വകാര്യ റസ്റ്റ് ഹൗസ് ഒഴികെ സമീപം മറ്റു വാണിജ്യ കേന്ദ്രങ്ങളൊന്നുമില്ല.
എങ്ങനെ എത്തിച്ചേരാം
റാസല്‍ഖൈമയുടെ വടക്കന്‍ മേഖലയായ അല്‍ റംസിലാണ് ദയാ ഫോര്‍ട്ട്. ഇതര എമിറേറ്റുകളില്‍ നിന്ന് വരുന്നവര്‍ക്ക് ഇ 611, ഇ 311 പാതകളിലൂടെ അല്‍ ജീര്‍, അല്‍ ശാം, ഒമാന്‍ സൂചികകള്‍ നോക്കി ഇവിടെയെത്താം.
ഒമാനില്‍ നിന്ന് വരുന്നവര്‍ക്ക് അല്‍ റംസ് പൊലീസ് സ്റ്റേഷന്‍ ട്രാഫിക് സിഗ്നല്‍ യൂടേണ്‍ എടുത്ത് നാല് കിലോ മീറ്റര്‍ കഴിഞ്ഞാല്‍ വലതു വശത്ത് ദയാ ഫോര്ട്ടിെൻറ ബോര്‍ഡ് കാണാം. ഉള്ളിലേക്ക് അഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ കോട്ടക്ക് താഴെയെത്താം.
പ്രവേശനം സൗജന്യമാണ്
കോട്ടക്ക് സമീപം കച്ചവട സ്ഥാപനങ്ങളൊന്നും പ്രവര്‍ക്കുന്നില്ല. മലമുകളിലെ കോട്ടയില്‍ പ്രവേശിക്കണമെങ്കില്‍ ഫീസ് ഒന്നും നല്‍കേണ്ടതില്ല. പരിസ്ഥിതി നിയമങ്ങള്‍ക്കൊപ്പം കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്ന് മാത്രം. കോട്ടക്ക് താഴെ നേരത്തെ റസ്റ്റ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നു. ഒരറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തനം ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.