കാണാതെ പോകരുത് ഈ 10 പൈതൃക കേന്ദ്രങ്ങൾ; അറിയാം ഇന്ത്യയുടെ സ്ഥാനം
text_fieldsകേവലം വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നതിലുപരി, ലോകത്തെ രൂപപ്പെടുത്തിയ പുരാതന സംസ്കാരങ്ങളിലേക്കും നാഗരികതകളിലേക്കും തുറന്നിട്ട ജാലകങ്ങളാണ് ഈ പൈതൃക കേന്ദ്രങ്ങൾ. ഓരോ സ്ഥലവും വേറിട്ട അനുഭവങ്ങളാണ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. വിവിധ കാലങ്ങളിലൂടെയുള്ള യാത്രയിലേക്കാണ് അവ നിങ്ങളെ നയിക്കുന്നത്. അവിടെ ഓരോ സ്മാരകത്തിനും പറയാൻ ഓരോ കഥകളുണ്ട്.
ചരിത്രം, സംസ്കാരം, കാലാതീതമായ സൗന്ദര്യം എന്നിവയിൽ മുഴുകാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇവ ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പായിരിക്കും. മനുഷ്യായുസ്സിൽ തീർച്ചയായും കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും ആകർഷണീയമായ പത്ത് പൈതൃക കേന്ദ്രങ്ങൾ ഏതെല്ലാമാണെന്നു നോക്കാം.
1. ഇറ്റലി: സഞ്ചാരികളുടെയും സംസ്കാര അന്വേഷികളുടെയും സ്വപ്ന കേന്ദ്രമാണ് ഇറ്റലി. കൊളോസിയം, പിസയിലെ ചരിഞ്ഞ ഗോപുരം, പോംപൈയുടെ ശേഷിപ്പുകൾ എന്നിവയിൽ നിന്നാണ് കാഴ്ചകളുടെ തുടക്കം. നഗരങ്ങളാകെ നവോഥാന കലകൾ, മധ്യകാല കോട്ടകൾ, വാസ്തുവിദ്യ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. റോം, ഫ്ലോറൻസ്, വെനീസ് എന്നിങ്ങനെ ഓരോ നഗരവും കല, രാഷ്ട്രീയം സംസകാരം എന്നിവയുടെ വ്യത്യസ്തവും ആകർഷകവുമായ കഥ പറയുന്നു.
പുരാതന അവശിഷ്ടങ്ങൾ, മനോഹരമായ തെരുവുകൾ, ലോകോത്തര മ്യൂസിയങ്ങൾ എന്നിവയിലൂടെ സഞ്ചരിക്കുമ്പോൾ നൂറ്റാണ്ടുകളുടെ ചരിത്രത്തിലൂടെ അലഞ്ഞുതിരിയാനുള്ള അവസരം കൂടിയാണ് കൈവരുന്നത്.
2. ഈജിപ്ത്: നാഗരികതയുടെ ഉദയത്തിലേക്ക് നിങ്ങളെ ആനയിക്കുകയാണ് ഈജിപ്ത്. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്ക്സ്, രാജാക്കന്മാരുടെ താഴ്വര എന്നിവ കാഴ്ചകളുടെ ചെറിയൊരംശം മാത്രമാണ്.
ഫറവോന്മാരുടെ കാൽപ്പാടുകളിലൂടെ നടക്കാനും കാലാതിവർത്തിയായ സ്മാരകങ്ങൾ സന്ദർശിക്കാനും ഈജിപ്ത് അവസരമൊരുക്കുന്നു. ലക്സറിലെ മഹത്തായ ക്ഷേത്രങ്ങൾ മുതൽ ഈജിപ്ഷ്യൻ മ്യൂസിയത്തിലെ വിസ്മയിപ്പിക്കുന്ന പുരാവസ്തുക്കൾ വരെ നിരവധിയായ അതിശയങ്ങളാണ് നിങ്ങളുടെ മനം നിറയ്ക്കാനുള്ളത്.
3. ഗ്രീസ്: ജനാധിപത്യത്തിന്റെയും തത്വചിന്തയുടെയും കലയുടെയും കളിത്തൊട്ടിലാണ് ഗ്രീസ്. ഏഥൻസിലെ അക്രോപോളിസിലൂടെയോ ഡെൽഫിയുടെ പുരാതന അവശിഷ്ടങ്ങളിലൂടെയോ നടക്കുമ്പോൾ തത്വചിന്തയും കലകളും അതിന്റെ പരകോടിയിൽ വിരാജിച്ച കാലത്തിലേക്ക് യാത്രപോവുകയാണ് നമ്മൾ.
ഗ്രീസ് ഒരു ഓപൺ എയർ മ്യൂസിയമാണ്. അവിടെ നിങ്ങൾക്ക് ഐക്കണിക് ആർക്കിയോളജിക്കൽ സൈറ്റുകളിലൂടെ ചുറ്റിക്കറങ്ങാം, മനോഹരമായ ഗ്രാമങ്ങളിൽ വിശ്രമിക്കാം. അല്ലെങ്കിൽ ക്രീറ്റ് ദ്വീപിൽ കാറ്റുകൊണ്ടിരിക്കാം. പുരാതന ചരിത്രവും പുരാണ കഥകളും അതിശയിപ്പിക്കുന്ന മെഡിറ്ററേനിയൻ പ്രകൃതിദൃശ്യങ്ങളും ചേർന്ന സവിശേഷമായ അനുഭവമാണ് ഗ്രീസ് സമ്മാനിക്കുന്നത്.
4. ഇന്ത്യ: ഇന്ത്യയുടെ പൈതൃകവും അതിന്റെ ഭൂപ്രകൃതി പോലെ വൈവിധ്യപൂർണമാണ്. ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ശാശ്വതമായ സ്നേഹത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു, ജയ്പൂരിലെ ആംബർ കോട്ട രജപുത്ര രാജവംശത്തിന്റെ മഹത്വം പ്രകീർത്തിക്കുന്നതാണ്. ഖജുരാഹോയിലെ ക്ഷേത്രങ്ങൾ മുതൽ വാരണാസിയിലെ പുണ്യഘട്ടങ്ങൾ വരെ പുരാതന പാരമ്പര്യങ്ങളും വാസ്തുവിദ്യാ അത്ഭുതങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. ഓരോ പ്രദേശവും അതിന്റേതായ കഥ പറയുന്നു,
5. ചൈന: പുരാതന പാരമ്പര്യങ്ങളുടെയും ആധുനിക അദ്ഭുതങ്ങളുടെയും നാടാണ് ചൈന. വൻമതിൽ, വിലക്കപ്പെട്ട നഗരം, ടെറാക്കോട്ട ആർമി എന്നിവ ചൈനയെ ചരിത്രാസ്വാദകർക്കുമുന്നിൽ സമാനതകളില്ലാത്ത സ്ഥലമാക്കി മാറ്റുന്നു. കല, തത്വചിന്ത, നൂതനത്വം എന്നിവയാൽ സമ്പന്നമാണ് ചൈനയുടെ 5,000 വർഷം പഴക്കമുള്ള സംസ്കാരം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളിലൊന്നിന്റെ പൈതൃകം വിശദമായി അനുഭവിച്ചറിയാനുള്ള അവസരമാകും ചൈനയിലേക്കുള്ള ഏതു സന്ദർശനവും.
6. പെറു: സാഹസികതയെയും ചരിത്രപ്രേമികളെയും ഒരുപോലെ മാടിവിളിക്കുന്ന രാജ്യമാണ് പെറു. ആൻഡീസിൽ സ്ഥിതി ചെയ്യുന്ന ഗംഭീരമായ മച്ചു പിച്ചു, ഇൻക സാമ്രാജ്യത്തിന്റെ ആകർഷകമായ ഓർമപ്പെടുത്തലാണ്. പുരാതന അവശിഷ്ടങ്ങൾ, വിശുദ്ധ താഴ്‌വരകൾ, ഊർജസ്വലമായ സംസ്കാരങ്ങൾ എന്നിവയാൽ നിറഞ്ഞ നാടുകൂടിയാണ് പെറു.
പുരാതന ഇൻക തലസ്ഥാനമായ കുസ്കോയിൽ നിങ്ങളെ കാത്ത് ദൃശ്യവിരുന്ന് തന്നെയുണ്ട്. സേക്രഡ് വാലിയിലൂടെ അലഞ്ഞുതിരിയുന്നതും ക്വെച്ചുവ ജനതയുടെ സംസ്കാരത്തിൽ മുഴുകുന്നതുമെല്ലാം വേറിട്ട അനുഭവമാകും.
7. ജോർഡൻ: ചരിത്രവും ഇതിഹാസവും ഒത്തുചേരുന്ന സ്ഥലമാണ് ജോർഡൻ. പെട്ര റോസ് സിറ്റി, ചുവന്ന മണൽ പാറകളിൽ കൊത്തിയെടുത്ത ലോകത്തിലെ ഏറ്റവും ആകർഷകമായ പൈതൃക സ്ഥലങ്ങളിൽ ഒന്നാണ്. എന്നാൽ, ജോർഡന്റെ ചരിത്ര സമ്പത്ത് പെട്രയ്ക്കപ്പുറമാണ്. റോമൻ അവശിഷ്ടങ്ങൾ മുതൽ പുരാതന മരുഭൂമിയിലെ കോട്ടകളും വാദി റമിന്റെ വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും വരെ, ജോർഡനിലൂടെയുള്ള യാത്ര നിങ്ങളെ വിസ്മയിപ്പിക്കും.
8. മെക്സികോ: ചിചെൻ ഇറ്റ്സയുടെ പുരാതന അവശിഷ്ടങ്ങൾ മുതൽ ഓക്സാക്കയുടെ കൊളോണിയൽ സൗന്ദര്യം വരെയുള്ള നിരവധി പൈതൃക സ്ഥലങ്ങളുടെ ആസ്ഥാനമാണ് മെക്സികോ. യുകാറ്റൻ പെനിൻസുല മായൻ പിരമിഡുകളാൽ നിറഞ്ഞതാണ്. മെക്സികോ സിറ്റിയിലെ തെരുവുകൾ സ്പാനിഷ് കൊളോണിയൽ വാസ്തുവിദ്യയുടെ വിളനിലങ്ങളാണ്. പുരാതന നഗരമായ ടിയോതിഹുവാക്കനും നാടോടി കലകളും കൊളംബിയൻ-കൊളോണിയൽ സ്വാധീനങ്ങളെ സമന്വയിപ്പിക്കുന്നു.
9. തുർക്കിയ: സമ്പന്നമായ സാംസ്കാരിക പൈതൃകം നിറഞുനിൽക്കുന്ന തുർക്കിയ, നാഗരികതയുടെ വഴിത്തിരിവാണ്. എഫെസസിന്റെ അതിശയകരമായ ദൃശ്യങ്ങൾ മുതൽ ഗംഭീരമായ ഹാഗിയ സോഫിയ വരെ, പുരാതന റോമൻ, ബൈസൈന്റൻ, ഓട്ടമൻ സ്വാധീനങ്ങളുടെ സംഗമം തുർക്കിയ സന്ദർശകർക്കായി മുമ്പോട്ടുവെക്കുന്നു നൽകുന്നു.
ട്രോയിയുടെ ശേഷിപ്പുകൾ, കപ്പഡോഷ്യയിലെ പാറയിൽ കൊത്തിയ പള്ളികൾ എന്നിവ സന്ദർശിക്കുന്നതിനൊപ്പം, ഇസ്താംബൂളിലെ തിരക്കേറിയ ബസാറുകളിൽ സ്വയം മറന്ന് ഉല്ലസിക്കുകയും ചെയ്യുമ്പോൾ അനുഭവങ്ങളുടെ വൈവിധ്യതയിൽ മനംനിറയുകയാവും ഫലം.
10. കംബോഡിയ: ലോകത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന പൈതൃക കേന്ദ്രങ്ങളിലൊന്നായ അങ്കോർ വാട്ടിന്റെ ആസ്ഥാനമാണ് കംബോഡിയ. ഖെമർ സാമ്രാജ്യം നിർമിച്ച വിശാലമായ ക്ഷേത്ര സമുച്ചയം പുരാതന വാസ്തുവിദ്യയുടെ ഗംഭീര കാഴ്ചയാണ്. എന്നാൽ, കംബോഡിയയുടെ പൈതൃകം അങ്കോർ വാട്ടിന് അപ്പുറമാണ്.
സീം റീപ്പ് എന്ന മനോഹര പട്ടണത്തിൽ പോയി നോക്കൂ. അല്ലെങ്കിൽ കില്ലിങ് ഫീൽഡിൽ കംബോഡിയയുടെ ആകർഷകമായ ചരിത്രത്തെക്കുറിച്ച് അറിയാൻ ശ്രമിക്കൂ. തെക്കുകിഴക്കൻ ഏഷ്യയുടെ ഭൂതകാലത്തിലേക്ക് ആഴമേറിയതും അർഥവത്തായതുമായ ഒരു യാത്രയാകും കംബോഡിയ നിങ്ങൾക്ക് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.