ഉല്ലസിക്കാൻ ദുബൈയിലെ തീം പാർക്കുകൾ
text_fieldsലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ കുടുംബത്തോടൊപ്പം ഉല്ലസിക്കാനെത്തുന്ന നഗരമാണ് ദുബൈ. സുരക്ഷിതത്വവും യാത്രസൗകര്യവും എന്നതിന് പുറമെ വൈവിധ്യമാർന്ന മെഗാ തീം പാർക്കുകളുടെ സാന്നിധ്യവും കുടുംബങ്ങൾക്കിടയിലെ ജനപ്രീതിക്ക് കാരണമായിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ റൈഡുകൾ മുതൽ ഹോളിവുഡ്, ബോളിവുഡ് ആരാധകർക്ക് മാന്ത്രിക അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന തീം പാർക്കുകളാണ് ഇവിടെയുള്ളത്. ദുബൈ മീഡിയ കൗൺസിൽ ആരംഭിച്ച 'ദുബൈ ഡെസ്റ്റിനേഷൻസ്' കാമ്പയിനിൽ എടുത്തുകാണിക്കുന്ന പ്രധാന ആകർഷണങ്ങളാണ് ഇത്തരം പാർക്കുകൾ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഒത്തുചേരാൻ മികച്ച സ്ഥലങ്ങളാണിവ. ദുബൈയിലെ എല്ലാ തീം പാർക്കുകൾ സന്ദർശകർക്ക് ഉയർന്ന ആരോഗ്യ സുരക്ഷ ഉറപ്പുനൽകുകയും ആഗോളതലത്തിലെ മാനദണ്ഡ പ്രകാരമുള്ള പ്രതിരോധ പ്രോട്ടോക്കോളുകൾ പിന്തുടരുകയും ചെയ്യുന്നുണ്ട്. അതിനാൽ കോവിഡ് അടക്കമുള്ള രോഗപ്പകർച്ചകളുടെ ഭീതിയില്ലാതെ ഇവിടങ്ങളിൽ പോകാവുന്നതാണ്.
ദുബൈ പാർക്സ്ആൻഡ് റിസോർട്ട്‌സ്
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ തീം പാർക്ക് ഡെസ്റ്റിനേഷനായ ദുബൈ പാർക്സ് ആൻഡ് റിസോർട്ട്‌സ് ഇതിൽ പ്രധാനപ്പെട്ടതാണ്. ശൈഖ് സായിദ് റോഡിൽ 250ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ലൊക്കേഷനിൽ, 100ലധികം ത്രില്ലിംഗ് റൈഡുകളും റെക്കോർഡ് ബ്രേക്കിങ് സ്വിങ് റൈഡുകളും ആകർഷകമായ ലൈവ് ഷോകളും ഒരുക്കിയിട്ടുണ്ട്. മോഷൻഗേറ്റ് ദുബൈ, ബോളിവുഡ് പാർക്സ് ദുബൈ, ലെഗോലാൻഡ് ദുബൈ, ലെഗോലാൻഡ് വാട്ടർ പാർക്ക് എന്നിവ ഇവിടെയുണ്ട്. 'ദി ഹംഗർ ഗെയിംസ്', 'ഗോസ്റ്റ് ബസ്റ്റേഴ്സ്', 'സ്റ്റെപ്പ് അപ്പ്' തുടങ്ങിയ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെ തീമുകളുള്ള ആവേശകരമായ റൈഡുകളാണ് മോഷൻഗേറ്റ് ദുബൈയിലുള്ളത്. ലെഗോ ലാൻഡിൽ 40ലധികം ലെഗോ തീം റൈഡുകളുണ്ട്. 2മുതൽ 12 വയസ് പ്രായമുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗൾഫ് മേഖലയിലെ ഒരേയൊരു വാട്ടർ പാർക്കായ തൊട്ടടുത്തുള്ള ലെഗോലാൻഡ് വാട്ടർ പാർകിൽ സ്‌പ്ലാഷ് സഫാരി, വാട്ടർ സ്ലൈഡുകൾ എന്നിവ ആകർഷണങ്ങളാണ്.
അക്വാവെഞ്ചർ വാട്ടർപാർക്ക്
എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും വിനോദവും സാഹസിക അനുഭവങ്ങളും പ്രദാനം ചെയ്യുന്ന നിരവധി വാട്ടർ പാർക്കുകളും ദുബൈയിലുണ്ട്. അവയിൽ കൂറ്റൻ സ്ലൈഡുകൾ, വേവ് പൂളുകൾ, കുട്ടികൾക്ക് വേണ്ടിയുള്ള ചെറിയ റൈഡുകൾ എന്നിവ ഉൾപ്പെടുന്നു. അറേബ്യൻ തീമിലുള്ള വാട്ടർ പാർക്ക് മുതൽ സമുദ്രജീവികളുമായി അടുത്തിടപഴകുന്ന അനുഭവം സമ്മാനിക്കുന്നത് വരെ ഉൾപ്പെടും. പാം ദ്വീപ് അറ്റ്ലാന്‍റിസിലെ പാം റിസോർട്ടിലെ അതിശയകരമായ അക്വാവെഞ്ചർ വാട്ടർപാർക്ക് ഗൾഫിലെയും യൂറോപ്പിലെയും ഏറ്റവും വലിയ വാട്ടർ പാർക്കുകളിൽ ഒന്നാണ്. സുരക്ഷിതമായ അന്തരീക്ഷത്തിൽ 'ഷാർക്കു'കൾകും 'സ്റ്റിംഗ്റേ'കൾക്കും ഒപ്പം നീന്തുന്ന അനുഭവം അടക്കമുണ്ട് ഇവിടെ. 105 റെക്കോർഡ് സ്ലൈഡുകൾ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. അക്വാവെഞ്ചർ വാട്ടർപാർക്ക് ലോകത്തെ ഏറ്റവും മികച്ച വാട്ടർസ്ലൈഡുകളുടെ ആസ്ഥാനമാണ്. കഴിഞ്ഞ വർഷം ഏറെ ഇത് കൂടുതൽ സജ്ജീകരണങ്ങളോടെ വിപുലീകരിച്ചിരുന്നു. അക്വാവെഞ്ചറിന് സമീപത്താണ് വിസ്മയിപ്പിക്കുന്ന ട്രൈഡന്‍റ് ടവർ. ഒരു കിലോമീറ്റർ സ്വകാര്യ ബീച്ചും വാട്ടർപാർക്കിൽ ഉണ്ട്.
ലഗുണ വാട്ടർ പാർക്ക്
ദുബൈയിലെ മറ്റൊരു ആവേശകരമായ വാട്ടർ പാർക്ക് ലാ മെർ ഹോട്ടലിൽ സ്ഥിതി ചെയ്യുന്ന ലഗുണ വാട്ടർ പാർക്കാണ്, മനോഹരമായ ബീച്ച് ഫ്രണ്ടും പ്രൊമെനേഡും ഉണ്ട്. നാല് സോണുകളുള്ള (സർഫ്, റിലാക്സ്, സ്ലൈഡ്, സ്പ്ലാഷ്) പാർക്ക് അതിന്‍റെ അൾട്ടിമേറ്റ് സർഫ് മെഷീന് പേരുകേട്ടതാണ്.
ഗ്ലോബൽ വില്ലേജ്
ദുബൈയിൽ മികച്ച വിനോദം, ഷോപ്പിംഗ്, ഡൈനിംഗ്, സാംസ്കാരിക അനുഭവങ്ങൾ, ആകർഷണങ്ങൾ എന്നിവയെല്ലാം ഒരുമിച്ചൊരുക്കിയ കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്. നിലവിൽ 26-ാം സീസണിൽ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളുടെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന ഗ്ലോബൽ വില്ലേജ് ആവേശകരമായ ഷോകളുമായി ദുബൈയിലെ മറ്റ് പാർക്കുകളിൽ നിന്ന് വ്യത്യസ്തമായ അനുഭവം നൽകുന്നു.
ദുബൈ മാൾ വി.ആർ പാർക്ക്
വെർച്വൽ ലോകത്ത് ത്രില്ലുകളും സാഹസികതകളും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ദുബൈ മാളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വെർച്വൽ റിയാലിറ്റി തീം പാർക്കുകളിലൊന്നായ ഇലക്‌ട്രിഫൈയിംഗ് വി.ആർ പാർക്ക് ഏറ്റവും മികച്ചതാണ്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വെർച്വൽ റിയാലിറ്റി അധിഷ്ഠിത തീം പാർക്കിലെ റൈഡുകളുടെയും വീഡിയോ ഗെയിമുകളും കുടുംബങ്ങളെ ആകർഷിക്കും. പാരാഗ്ലൈഡിംഗ്, ഡ്യൂൺ ബാഷിംഗ്, റോബോ സോമ്പികൾക്കെതിരായ പോരാട്ടങ്ങൾ തുടങ്ങി, ഈ ഫ്യൂച്ചറിസ്റ്റിക് അമ്യൂസ്‌മെന്‍റ് പാർക്ക് അക്ഷരാർത്ഥത്തിൽ അതീവ സാഹസികമായ വിനോദാവസരം സൃഷ്ടിക്കുന്നു.
ഐ.എം.ജി വേൾഡ്സ് ഓഫ് അഡ്വഞ്ചർ
ദുബൈയിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കാണ് ഐ.എം.ജി വേൾഡ്സ് ഓഫ് അഡ്വഞ്ചർ. ഇവിടെ ഇത്തവണ കുട്ടികൾക്കായി പുതിയ മേഖല തന്നെ ആരംഭിച്ചിട്ടുണ്ട്. പൂർണമായും കുട്ടികൾക്ക് വേണ്ടിയാണ് 'കിഡ്‌സ് സോൺ' വികസിപ്പിച്ചത്. സുരക്ഷിതമായും രസകരമായും അവരുടേതായ ലോകത്ത് കഴിഞ്ഞുകൂടാൻ ഈ മിനി-വേൾഡ് പ്ലേഗ്രൗണ്ടിൽ സാധിക്കും. 17,172 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഒരു ശിശുസൗഹൃദ പാർക്ക്, കൊച്ചുകുട്ടികൾക്ക് മികച്ച അനുഭവം നൽകാൻ മാതാപിതാക്കളെ സഹായിക്കുന്നതാണ്. ദുബൈയിൽ മറ്റൊരിടത്തും ലഭിക്കാത്ത അനുഭവമാണ് കുട്ടികൾക്ക് ഇവിടെ ഒരുക്കിയത്. കിഡ്‌സ് സോണിൽ കുട്ടികൾക്ക് കയറിപ്പോകാവുന്ന മതിൽ, ഫുട്‌ബോൾ പിച്ച്, സ്ലൈഡ്, സ്വീപ്പർ ഗെയിം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റംഗങ്ങൾക്ക് ആസ്വദിക്കാവുന്ന ആകർഷണങ്ങളും ഇതിന് പുറമെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.