Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dzukou valley
cancel
Homechevron_rightTravelchevron_rightDestinationschevron_rightസൂക്കോവാലി - മുളപാടും...

സൂക്കോവാലി - മുളപാടും താഴ്‌വരകൾ

text_fields
bookmark_border

ഹരിതവിസ്മയങ്ങളുടെ പറുദീസയാണ് നാഗാലാ‌ൻഡിലെ സൂക്കോവാലി ( Dzüko Valley ). ആകാശത്തോട് മുത്തമിട്ടുനിൽക്കുന്ന പച്ചച്ചേലച്ചുറ്റിയ ഗിരിനിരകൾ. മുളമ്പുല്ലുകൾ പുതഞ്ഞുമൂടിയ, ചെറുമുളകൾ മാത്രമുള്ള നിരനിരയായ മലകളും താഴ്‌വരകളും. കിലോമീറ്ററുകളോളം നെടുകെയും കുറുകെയും ഞൊറിഞൊറിവുകളായി പ്രകൃതി വിന്യസിച്ചിരിക്കുന്ന ഇളം പച്ചക്കുന്നുകൾ. അവ ഒന്നിനൊന്നു തൊട്ടും തൊടാതെയും ആകാശം നോക്കി വിരിഞ്ഞുകിടക്കുന്നു. മുകളിൽ നീലവിരിപ്പുചാർത്തിയ വിശാലവിതാനം. അതിനുകീഴിൽ വെൺമേഘ ശകലങ്ങളുടെ ചിത്രപ്പണികൾ. കുന്നുകൾക്കിടയിലേക്ക് വെളിച്ചം പരത്തുന്ന സൂര്യരശ്മികൾ. അവയിൽ വെട്ടിത്തിളങ്ങുന്ന മുളങ്കൂട്ടങ്ങൾ.

വെയിലേറ്റ് തിളങ്ങുന്ന അദ്രികളുടെ നീണ്ട ശ്രേണികൾക്കിടയിൽ നീലിമ പടർന്ന അന്തരീക്ഷം. കുന്നിൻ ചെരിവുകളിലും താഴ്‌വരകളിലും ചിലയിടങ്ങളിൽ മാത്രം ആകാശത്തേക്കുയർന്ന കറുത്ത് കരിഞ്ഞുണങ്ങിയ മരച്ചില്ലകൾ. അവയുടെ രൂപം കണ്ടാൽ ചെകുത്താൻ കൈകളോ എന്നുതോന്നും. വശ്യമനോഹാരിതക്കൊപ്പം വന്യതയിലെ ഈ കാഴ്ച അൽപ്പം ഭയപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടാണോ സുന്ദരഭൂമിയായ സൂക്കോവാലിയെ പ്രേതങ്ങളുടെ താഴ്‌വര എന്ന് കൂടി പറയുന്നത് എന്നോർത്തു. സൂക്കോവാലിയെക്കുറിച്ച് ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയൊക്കെയാണ്.

ഇക്കഴിഞ്ഞ പുതുവർഷത്തലേന്നായിരുന്നു സൂക്കോവാലിയിലേക്കുള്ള യാത്ര. രാവിലെ എട്ട് മണിക്ക് തന്നെ കിഗ്വാമയിലെ ഞങ്ങളുടെ ഹോംസ്റ്റേയ്ക്ക് മുന്നിൽ വാഹനങ്ങൾ എത്തി. അവശ്യവസ്തുക്കളും ഉച്ചഭക്ഷണപ്പൊതിയും ബാക്പാക്കുമെടുത്ത് വണ്ടിയിൽ കയറി. കിഗ്വാമയിൽനിന്ന് 12 കി.മീ ദൂരത്തുള്ള വിശ്വേമ ഗ്രാമത്തിന്‍റെ നെറുകയിലുള്ള സൂക്കോവാലിയിലേക്ക്.

മാസ്മരികതയുടെ മരതകക്കാടുകൾ

ഗ്രാമവഴിയിലൂടെ വണ്ടി നീങ്ങുമ്പോൾ അകലെ നീലമലകളും അതിനുമുകളിൽ ഉദിച്ചുയർന്ന സൂര്യനും. പച്ചവിരിപ്പുകൾക്കിടയിലൂടെയുള്ള സഞ്ചാരങ്ങൾക്കൊടുവിൽ സൂക്കോവാലിയിലേക്കുള്ള പ്രവേശന കവാടത്തിലെത്തി. കാടുകയറ്റത്തിന്‍റെ തുടക്കം ഇവിടെ നിന്നാണ്. ടിക്കറ്റ് എടുത്തുവേണം ഇനിയുള്ള യാത്ര. കൗണ്ടറിൽ ടിക്കറ്റ് എഴുതുന്നയാൾ വളരെ സ്പീഡിൽ ഇടതുകൈകൊണ്ട് ഇടത്തേക്കെഴുതുന്നതുകണ്ട് കൗതുകം തോന്നി. ടിക്കറ്റ് വാങ്ങി പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു. ഒരു വ്യൂപോയിന്‍റ് കൂടിയാണിത്.


പച്ചപൈൻമരങ്ങളുടെ താഴ്‌വര. അവയുടെ തലപ്പുകൾ മരതകനിറമുള്ള പിരമിഡുകളുടെ നിരപോലുണ്ട്. രസമുള്ള കാഴ്ച. ഈ പരിസരത്ത് ധാരാളം ചൂളമരങ്ങളുമുണ്ട്. കൗണ്ടറിന്‍റെ പിൻഭാഗത്തുനിന്ന് നോക്കുമ്പോൾ ഇടതൂർന്ന വൃക്ഷങ്ങളും ഉയർന്നും താണും കാണുന്ന മലനിരകളും. ഹരിതനിരകളിലേക്ക് കുറേനേരം അങ്ങനെ നോക്കിനിന്നു. പിന്നെ വീണ്ടും വണ്ടിയിൽ കയറി യാത്ര തുടർന്നു.

ഉൾക്കാടിനു നടുവിലുള്ള സൂക്കോവാലി ട്രെക്കിങ്ങിന്‍റെ ബേസ് ക്യാമ്പിലേക്കാണ് ഈ സഞ്ചാരം. കൊടും വനത്തിന് നടുവിലൂടെയാണ് പോകുന്നത്. മുറ്റിവളർന്ന കുറ്റിച്ചെടികളും കാട്ടുവള്ളികളും കൂറ്റൻ മരങ്ങളും നിറഞ്ഞ ചോലക്കാട്. ഔഷധച്ചെടികളും മുൾച്ചെടികളും ഈ വഴിയിൽ ധാരാളമുണ്ട്. ഇലപ്പടർപ്പുകളും വള്ളിയൂഞ്ഞാലുകളും മുളന്തണ്ടുകളും വഴിയിലേക്ക് ചാഞ്ഞുവളർന്നിരിക്കുന്നു. അവ ഞങ്ങളുടെ വാഹനങ്ങളെ ഇടയ്ക്കിടെ തഴുകി തലോടിക്കൊണ്ടിരുന്നു. അതിനിടയിലൂടെ ശകടങ്ങൾ കുലുങ്ങിച്ചാടിയാണ് പോകുന്നത്.

അത്ര സുഖകരമല്ലാത്ത ഒരു ഊഞ്ഞാലാട്ടം. നാലഞ്ച് കി.മീ അങ്ങനെ പോയിട്ടുണ്ടാകും. പിന്നെ അൽപ്പം വീതിയുള്ള തുറസ്സായ ഒരിടത്ത് വണ്ടി നിർത്തി. ഇവിടമാണ് സൂക്കോവാലിയിലേക്കുള്ള ബേസ് ക്യാമ്പ്. ഒഴിഞ്ഞ അടുപ്പുകളും കരിഞ്ഞ വിറകിൻ കഷണങ്ങളും ചാരവും ഡിസ്പോസബിൾ പാത്രങ്ങളുമെല്ലാം ഇവിടെ കാണാം. ബേസ് ക്യാമ്പിൽ തങ്ങി മല കയറിപ്പോയവരുടെ അടയാളങ്ങൾ. അടുത്തുതന്നെ വെട്ടിയിട്ട അഞ്ചാറു മുളങ്കമ്പുകളും കണ്ടു. ട്രെക്കിങ്ങ് കഴിഞ്ഞവർ ഉപേക്ഷിച്ചുപോയതാവാം. അത് ഓരോരുത്തരും കൈക്കലാക്കി. കയറ്റം കയറുമ്പോൾ ഒരു താങ്ങാകുമല്ലോ എന്ന് കരുതി.


അവിടെനിന്ന് മുകളിലേക്കുനോക്കി. കുത്തനെയുള്ള കുന്നുകൾ. അവക്കിടയിലൂടെയാണ് മുകളിലേക്കു പോകേണ്ടത്. തലക്കു മുകളിൽ, മരങ്ങൾക്കിടയിലൂടെ ആകാശത്തിന്‍റെ നീലമേലാപ്പ്, മേഘശകലങ്ങൾ. പച്ചിലകൾക്കിടയിൽ തീമഞ്ഞപ്പൂങ്കുലകൾ, തുരുതുരാ ചുവന്നുതുടുത്ത ചെറിയ ചെറിയ കാട്ടുപഴങ്ങൾ. മരത്തണ്ടുകളിൽ ഊയലാടുന്ന പരാദച്ചെടികൾ. കാഴ്ചകളുടെ തുടക്കം തന്നെ ഗംഭീരം. ഓരോരുത്തരായി മല കയറിത്തുടങ്ങി. വരിവരിയായി ഒന്നൊന്നരമീറ്റർ അകലം പാലിച്ച്, നിന്നും കിതച്ചും ഒരടി രണ്ടടി കാലെടുത്തുവച്ചും അധികഠിനമായ ഒരു ട്രെക്കിങ്ങിന്‍റെ ആദ്യചുവടുകൾ മുന്നോട്ടുവച്ചു.

ഉൾക്കാടുകളുടെ ഊഷ്മളത

ഇന്ത്യയിലെ തന്നെ അതിസാഹസിക സഞ്ചാരങ്ങളിൽ ഒന്നാണ് സൂക്കോവാലിയിലേക്കുള്ള യാത്ര. ദുർഘടവഴികളും അപകടവഴികളും നിബിഡവനങ്ങളും നിറഞ്ഞ പാതയാണിത്. ഏതാണ്ട് നൂറുനൂറ്റമ്പത് മീറ്റർ നടന്നുകയറി, നല്ല പ്രയാസപ്പെട്ടുതന്നെ. പിന്നീടുള്ള വഴിയിൽ ഇടയ്ക്കിടെ കരിങ്കല്ലുകൾ പാകിയിട്ടുണ്ട്. ഈ വഴി ധാരാളം പേർ മുമ്പും പോയിട്ടുണ്ട് എന്നതിന്‍റെ സൂചനയാണിത്. ഗോത്രനിവാസികളോ പ്രദേശവാസികളോ സ്ഥിരമായി ഉപയോഗിച്ചിരുന്ന വഴിയാകാം. വന്മരങ്ങളും കാട്ടുചെടികളും നിറഞ്ഞ ചോലക്കുള്ളിലേക്ക് കടന്നപ്പോൾ അന്തരീക്ഷത്തിന് കൂടുതൽ കുളിർമ. ശുദ്ധവായു ഉള്ളിൽ നിറയെ ചെന്നതിന്‍റെ സുഖം. എങ്കിലും ഓരോ ചുവടും ബുദ്ധിമുട്ടുതന്നെ.

നടന്നു. ഇരുന്നും വെള്ളം കുടിച്ചും പടമെടുത്തും സാവകാശം മുന്നോട്ടുനീങ്ങി. സംഗതിയത്ര എളുപ്പമല്ല എന്ന് മനസ്സിലായി. കുത്തനെയുള്ള കയറ്റമാണ്. മുകളിലേക്ക് നോക്കിയാൽ ആകാശം പോലും കാണില്ല. തലങ്ങും വിലങ്ങും വൃക്ഷത്തലപ്പുകൾ മാത്രം. ഇരുണ്ട കാടാണിത്. രണ്ടുമൂന്നു കി.മീ നടന്നു മുകളിലെത്തിയപ്പോൾ ഒരു കൂറ്റൻ പാറ. വിശാലമായ ആ പാറയിടുക്കിലേക്ക് ഞങ്ങൾ കയറി. ഒരു കൊച്ചുകൂടാരത്തിന്‍റെ മുഖപ്പുപോലെ തോന്നി അത്. പ്രകൃതിയുടെ കരവിരുതിന്‍റെ മറ്റൊരു സാക്ഷ്യം. കൂടുതൽ കുളിർമയുള്ള ഒരിടം. അതിന്‍റെ വിടവിൽ കയറിനിന്ന് ഫോട്ടോയെടുത്തു.


വീണ്ടും നടന്നു. ഇടയിൽ മലയിറങ്ങി വരുന്നവരുമുണ്ട്. ഹായ് ഹലോ ഹാപ്പി ന്യൂ ഇയർ എന്നൊക്കെ ഞങ്ങൾ പരസ്പരം പറഞ്ഞും ആശംസിച്ചുമാണ് സഞ്ചാരം. താഴേക്ക്‌ പോകുന്നവരിൽ കൂടുതലും നാഗാലാ‌ൻഡുകാരും മണിപ്പൂരികളുമാണ്. അവർ നല്ല വേഗത്തിൽ നടക്കുന്നു. ഇടക്ക് മല കയറുന്നവരുമുണ്ട്. അവർക്ക് വഴിമാറിക്കൊടുത്തു. ബാക് പാക്കിനൊപ്പം പാട്ടുപെട്ടിയും സുതാര്യമായ പ്ലാസ്റ്റിക് കവറുകളിൽ പച്ചക്കറികളും പഞ്ചസാരയും ഇറച്ചിയുമൊക്കെ ചുമന്നാണ് ഇവരുടെ പോക്ക്.

സ്വന്തമായി പാചകം ചെയ്യാൻ പോകുന്നവരാണ്. ഞങ്ങൾക്കുള്ള ഭക്ഷണം അവിടെ ഓർഡർ ചെയ്തിരിക്കയാണ്. ഉച്ചഭക്ഷണം കൈയിലുണ്ട്. വിശപ്പുമുണ്ട്. ക്ഷീണവുമുണ്ട്. പക്ഷെ എപ്പോൾ കഴിക്കുമെന്നൊരുറപ്പുമില്ല. ഈ കാടിന്‍റെ നെറുകയിലെത്താതെ യാതൊരു രക്ഷയുമില്ല. അത്രക്കുണ്ട് നടക്കാൻ. വെള്ളം കുടിച്ച് കൈയിലുള്ള ബിസ്‌ക്കറ്റും ഡ്രൈഫ്രൂട്‌സും കഴിച്ച് ഞങ്ങൾ മുന്നേറി.


സമയം ഏതാണ്ട് പത്ത് പതിനൊന്നു മണിയായി. ചോലക്കാടുകൾക്കിടയിലൂടെ പോകുമ്പോൾ ഇടയ്ക്കിടെ ജലധാരകളുടെ ശബ്ദം കേൾക്കാം. പക്ഷേ കാണുന്നില്ല. കാടിന്‍റെ തുഞ്ചത്തുനിന്ന് ഒഴുകിയിറങ്ങുന്ന അരുവികളുടെയും പുഴകളുടെയും ഒഴുക്കിന്‍റെ നാദതാളങ്ങൾ. നടന്ന് കയറ്റം കയറുമ്പോൾ മുന്നിൽ കടപുഴകി കിടക്കുന്ന ഒരു വലിയ മരം. അത് നിറയെ പരാദസസ്യങ്ങളും. നിറയെ ശാഖകളുമുണ്ട്. സഞ്ചാരം മുടക്കിയാണ് അതിന്‍റെ കിടപ്പ്‌. അതിനെ മറികടന്നുവേണം പോകാൻ. വഴിയെന്നുപറയാൻ പറ്റാത്ത ഒരിടംകൂടിയാണത്. പാറക്കെട്ടുകൾക്കും വേരുകൾക്കുമിടയിലൂടെ നൂണ്ടുപോകേണ്ടയിടത്താണ് ഈ മര മുത്തശ്ശന്‍റെ വിലങ്ങനെയുള്ള കിടപ്പ്‌. വളരെ വളരെ സൂക്ഷിക്കണം. താഴെ കരിങ്കല്ലുകളും കൊക്കയുമാണ്. കാൽവഴുതിയാൽ അപകടമാണ്. അതിനാൽ അൽപ്പസമയം നിന്ന് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള മാർഗം ആലോചിച്ചു. അപ്പുറമെത്താതെ നിവൃത്തിയില്ലല്ലോ. ഒരാൾ ആദ്യം റിസ്കിൽ തന്നെ അപ്പുറം കടന്നുനിന്നു. പിന്നെ ഓരോരുത്തരായി മരത്തിനടിയിലൂടെ കുനിഞ്ഞുകയറി.

മുമ്പേ പോയവർ പിന്നിലുള്ളവരുടെ ബാഗ് വാങ്ങി സഹായിച്ചു. കമ്പും കോലും മുഖത്തും ശരീരത്തിലും പോറലേൽപ്പിക്കാതെ, കാലിടറാതെ കുനിഞ്ഞും നിരങ്ങിയും അപ്പുറം കടന്നു. പിന്നെയും കയറ്റമാണ്. സിഗ്സാഗ് പോലെയും വളഞ്ഞുമുള്ള തെളിയാത്ത വഴികൾ. വേരുകൾക്കിടയിലൂടെ മരങ്ങൾക്കിടയിലൂടെ കയറ്റം കയറി. ഇടക്ക് തിരിഞ്ഞുനോക്കുമ്പോൾ പിന്നിൽ പേടിപ്പെടുത്തുന്ന കീഴ്ക്കാം തൂക്കായ ചെരിവുകൾ. ഇതൊക്കെ പിന്നിട്ടാണല്ലോ പോന്നത് എന്നോർത്തപ്പോൾ ഉള്ളിൽ സന്തോഷവും അഭിമാനവും തിരതല്ലി.


കുറേക്കൂടി നടന്നു. കാലുകൾ തളരുന്നുണ്ട്. തണുക്കുന്നുണ്ട്. ഇടക്ക് ശരീരം ചൂടാകുന്നുമുണ്ട്. പ്രകൃതിപോലെ തന്നെ മാറുന്ന ശരീരപ്രകൃതിയും. ഒന്നും വകവെച്ചില്ല. കാരണം ഈ സഞ്ചാരലക്ഷ്യം, വടക്കുകിഴക്കിലേക്കുള്ള പ്രയാണം, സൂക്കോവാലി തന്നെയായിരുന്നു. ആ ഊർജ്ജമാണ്, ഞങ്ങളെ മുന്നോട്ടു നയിച്ചത്, കൂടെ പ്രകൃതിയുടെ മായക്കാഴ്ചകളും.

വൃക്ഷസഞ്ചയങ്ങൾ നിറഞ്ഞ കാടിന്‍റെ നടുവിലൂടെ കുറെകയറ്റം കയറി അതിന്‍റെ ഉച്ചിയിലെത്തി. അത്ഭുതങ്ങളുടെ കാഴ്ചവട്ടങ്ങൾക്ക് നടുവിൽ. പിന്നിൽ ചോലക്കാടും മുന്നിൽ വെണ്മ പുതഞ്ഞ താഴ്‌വരകളും, അതിനപ്പുറം മുളമൂടിയ കുന്നുകളും നീലാകാശവും. അതിന്‍റെ അങ്ങേത്തലയാണ് സൂക്കോവാലി. പച്ചതാഴ്‌വരകളുടെ പറുദീസ. സഞ്ചാരികളുടെ സ്വപ്നഭൂമി. പുതുവർഷ രാവിനെ ആഘോഷമാക്കാനുള്ള ഞങ്ങളുടെ താവളം.


ദൂരെ കിലോമീറ്ററുകൾക്കപ്പുറത്ത് ഉയർന്നുകാണുന്ന ആ കുന്നിൻ ചരുവിൽ പലനിറമുള്ള പൊട്ടുകൾ കാണാം. നീല ചുവപ്പ് വെള്ള പച്ച എന്നീ നിറങ്ങളിൽ. യാത്രികരുടെ ടെന്‍റുകളാണത്. ഞങ്ങൾക്ക് മുമ്പേ സൂക്കോവാലിയിൽ എത്തി ഹാജർ വച്ചവർ. അവിടേക്കുചൂണ്ടി സംഘാടകരിലൊരാൾ പറഞ്ഞു... 'ദാ ആ കാണുന്നയിടത്തേക്കാണ് നമുക്ക് പോകേണ്ടത്, അതാണ് നമ്മുടെ ക്യാമ്പ് സൈറ്റ്'. ഒറ്റനോട്ടത്തിൽ അഞ്ചാറു കിലോമീറ്റർ മാത്രമേയുള്ളു എന്ന് തോന്നും. പക്ഷേ അതല്ല സത്യം. നോക്കുമ്പോൾ അങ്ങനെ തോന്നുന്നതാണ്. അതിനിരട്ടിയിലേറെ ദൂരം പോകണം.

ഒരു നീണ്ട വരപോലെ പച്ചപ്പുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന സൂക്കോവാലിയിലേക്കുള്ള സഞ്ചാരമാർഗവും അതിലൂടെ ഉറുമ്പരിക്കുന്നപോലെ ഇടയ്ക്കിടെ നീങ്ങുന്ന ആളുകളെയും കാണാം. അടുക്കിവച്ച കൂനകൾ പോലെ, കൂമ്പിയും വിടർന്നും നിൽക്കുന്ന താമരയിതളുകൾ പോലെ, ഭൂമിയുടെ മുകൾപ്പരപ്പിൽ മലയിടുക്കുകളും താഴ്‌വാരങ്ങളും അനേകമുണ്ട്. അവ താണ്ടിയാൽ മാത്രമേ നമ്മുടെ ഡെസ്റ്റിനേഷൻ എത്തുകയുള്ളു. അതിനു മണിക്കൂറുകളെടുക്കുകയും ചെയ്യും.


കോടമഞ്ഞിൻ താഴ്‌വരയിൽ പൂങ്കാവനത്തിൽ

ചുറ്റും കോടമഞ്ഞ് ഇരച്ചുകയറുകയാണ്. കുന്നുകളെയും താഴ്‌വരകളെയും വാരിപ്പുണർന്ന് അവയെ മുത്തമിട്ട് കുസൃതിയോടെ നിമിഷങ്ങൾക്കകം ഓടിയകലുന്ന കോടമഞ്ഞ്. കാഴ്ചകളെ മറച്ചും പിന്നീട് തെളിച്ചും നീങ്ങുന്ന പുകമഞ്ഞ്, ചോലകളെ വെളുത്ത ചേലവീശി ചുറ്റിവരിയുന്നു. ആ പ്രകൃതിയുടെ ഭാഗമായിരുന്നു ഞങ്ങളും. ഇരച്ചുകയറുന്ന മഞ്ഞിനിടയിൽ കറുത്തിരുണ്ട വൃക്ഷത്തലപ്പുകൾ ഭംഗിയുള്ള മറ്റൊരു കാഴ്ചയായി. ഒറ്റ ഇലപോലുമില്ല അവക്ക്. തണുപ്പിൽ വിറങ്ങലിച്ചുനിൽക്കുകയാണവ.

തിങ്ങിനിറഞ്ഞ മുളമ്പുല്ലുകൾക്കൊപ്പം ചെറുചെടികളുടെ ഉണക്കപ്പൂവുകൾ. കുലകുലകളായി നിൽക്കുന്ന അവയുടെ ഭംഗി കണ്ണും മനസ്സും നിറച്ചു. ഊതനിറത്തിലുള്ള ചെറുനാരിതളുകളും അവയുടെ മധ്യത്തിൽ ബ്രൗൺനിറമുള്ള കേസരപുടങ്ങളും. കൂട്ടമായി നിരനിരയായി, അഴകുവിരിച്ചു നിൽക്കുന്ന, കിരീടംവച്ച സുന്ദരിപ്പൂവുകൾ. താഴെ നിലംപറ്റിച്ചേർന്നു വളർന്ന ചെറുപുല്ലുകൾ വേറെയുമുണ്ട്. അവയിലുമുണ്ട് സ്വർണനിറത്തിൽ തുരുതുരാ കുലകൾ. ഉണങ്ങിയ ചോളക്കുലകളുടെ മിനിയേച്ചർ രൂപങ്ങൾ എന്ന് തോന്നും ഒറ്റനോട്ടത്തിൽ. എത്ര വർണ്ണിച്ചാലും മതിവരാത്ത അഴകും മിഴിവുമുള്ള പുന്നാരിപ്പൂവുകൾ. ചിരി വിടർത്തിനിൽക്കുന്ന പൂക്കളുടെ മഹാസമ്മേളനമാണിവിടം.


ഇത് പൂന്തോപ്പുകളുടെ താഴ്‌വരകൂടിയാണ്. ഒരുപാട് പൂക്കാലങ്ങൾ ഒരുമിച്ച് ഈ മണ്ണിലെത്തി സംഗമിച്ചതുപോലെ. ഈ കാഴ്ചയിൽ മതിമറന്നു നിന്നുപോയി. കോടമഞ്ഞിനിടയിൽ, വിശ്വേമയുടെ വിസ്‌മൃതികൾക്ക് നടുവിൽ, അങ്ങനെ കുറേനേരം. അവിടെനിന്ന് കുറേ പടമെടുത്തു, ഒറ്റക്കും കൂട്ടായും പ്രകൃതിയോടൊപ്പം.

വിശപ്പിന്‍റെ വിളിവന്നു. വയറു മൂളിത്തുടങ്ങി. ഇനി ഭക്ഷണം കഴിച്ചിട്ട് പോകാം. സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടടുത്തു. ഓരോരുത്തരായി ഭക്ഷണപ്പൊതികൾ അഴിച്ചു. പുഴുങ്ങിയ മുട്ടയും ബിരിയാണിയും സലാഡും ചമ്മന്തിയും എല്ലാം ഉണ്ട്. തക്കാളിയും കിങ്ങ് ചില്ലിയും ചേർത്ത എരിവുള്ള ചുവന്ന ചട്‌നിയായിരുന്നു രുചിക്കൂട്ടിൽ മുഖ്യൻ. ശാപ്പാട് കഴിച്ച് വെള്ളം കുടിച്ച് അൽപനേരം കൂടി അവിടെയിരുന്നു, പ്രകൃതിസൗന്ദര്യം ആസ്വദിച്ച്, വർത്തമാനം പറഞ്ഞ്.


ഞങ്ങളുടെ കൂട്ടത്തിൽ ചിലർ മുന്നോട്ട് പോയിട്ടുണ്ട്. അവരാണ് ഈ സഞ്ചാരസംഘത്തിലെ ഉത്സാഹകമ്മറ്റികൾ. സീനിയർ സിറ്റിസൺസ് ആയ മന്മഥനും സദൻപിള്ളയും ശിവദാസും വേറെ ചിലരും. നാട്ടിലെ കിടിലൻ ഓട്ടക്കാരും കായികാഭ്യാസികളുമായ ഇവരായിരുന്നു ഈ യാത്രയിലെ വഴികാട്ടികൾ. അവർ പാതിവഴി പിന്നിട്ടിട്ടുണ്ടാവും. ഞങ്ങൾ വീണ്ടും നടപ്പ്‌ തുടങ്ങി, സൂക്കോവാലിയെ ലക്ഷ്യമാക്കി. താഴോട്ട് നടന്നു. പൂക്കാടുകൾക്കിടയിലൂടെ, കറുത്ത കൈകൾ വീശി നിൽക്കുന്ന കാട്ടുമരങ്ങൾക്കിടയിലൂടെ. നേർത്തുവളഞ്ഞ വഴിയിലൂടെ.

കഷ്ടി ഒരാൾക്ക് മാത്രം നടന്നുപോകാവുന്ന വീതിയേയുള്ളൂ. വഴിയിലേക്ക് പടർന്നുനിന്ന മുളയിലകളും തണ്ടുകളും മുഖത്തും കൈകാലുകളിലും സ്പർശിക്കുന്നുണ്ട്. അവയെ വകഞ്ഞുമാറ്റിയാണ് പോകുന്നത്. അത്രക്ക് ഇടുങ്ങിയ വഴിയാണ്. കയറ്റങ്ങളും ഇറക്കങ്ങളും വലതുമാറി ഇടതുമാറി അങ്ങനെ നടന്നു. വലതുവശം മലകളും ഇടതുവശം കീഴ്ക്കാംതൂക്കായ ചെരിവുകളും. കാലൊന്ന് തെറ്റിയാൽ താഴെ വീഴാം. അതുകൊണ്ട് സൂക്ഷിച്ചുതന്നെ നടന്നു. ഓരോ മലകളും വളവുകളും പിന്നിടുമ്പോൾ സൂക്കോവാലിയുടെ മുകൾത്തട്ടുകാണാം. സഞ്ചാരികൾ ഉറപ്പിച്ച ടെന്‍റുകൾ കാണാം. ആ കാഴ്ച നടപ്പിനുത്സാഹം കൂട്ടി.


ഉച്ചവെയിലിന്‍റെ പ്രഹരമുണ്ട്. സൂര്യരശ്മികൾ മുഖത്ത് തറക്കുന്നു. കണ്ണിൽ കുത്തിക്കയറുന്നു. ഇടയ്ക്കിടെ കാറ്റുണ്ട്, തണുപ്പുമുണ്ട്. മുളകളുടെ മനോഹരമായ കാഴ്ചയായിരുന്നു ഈ യാത്രയിലുടനീളം. ഇത്രയേറെ മുളകൾ ആദ്യമായി കാണുകയാണ്. മുളകൾ മാത്രമുള്ള കുന്നുകൾ. എത്രമനോഹരം. എത്ര വിശാലം. എണ്ണിയാൽ ഒടുങ്ങാത്തത്രയുണ്ട് മുളങ്കുന്നുകൾ. അരമീറ്ററിൽ താഴെ ഏറിയാൽ ഒരുമീറ്റർ വരെ മാത്രം പൊക്കമുള്ള മുളയിനങ്ങൾ കൊണ്ട് മൂടിയ അൽഭുതപ്രപഞ്ചം. ഇവയെ അങ്ങനെയല്ലാതെന്തു പറയാൻ. മഞ്ഞയും പച്ചയും തണ്ടുകളുള്ള നേർത്ത മുളകൾ. അവയുടെ ചെറിയ ചെറിയ ഇലകൾ. കാറ്റിൽ അവയുടെ മർമരങ്ങൾ. അതല്ലാതെ മറ്റൊരു ശബ്ദവുമില്ല ഈ താഴ്‌വരകൾക്ക്. ഇത്ര വിജനമായ ഒരിടവും ഇതുവരെ കണ്ടിട്ടുമില്ല. തികച്ചും ശാന്തം. വല്ലപ്പോഴും മിന്നിപ്പറന്നുപോകുന്ന ചെറുകിളികളെയും കാണാം.

സമയം മൂന്നരയോടടുത്തു. കുന്നുകൾ കയറിയിറങ്ങി കുറേക്കൂടി ചെന്നപ്പോൾ അന്വേഷിച്ചുവരുന്നുണ്ട് മന്മഥനും സദൻപിള്ളയും. അവർ സൂക്കോവാലിയിലെത്തി അവിടത്തെ സ്ഥിതിഗതികൾ നോക്കിക്കണ്ട്‌ തിരിച്ചുവന്നതാണ് ഞങ്ങളെ കൂട്ടാൻ. കാരണം നാലരമണിയോടെ അവിടെയെത്തിയില്ലെങ്കിൽ പണിപാളും. ഇരുട്ടാകും. തണുപ്പ് കൂടും. മാത്രമല്ല പരിസരമാകെ പലരും തമ്പടിച്ചിട്ടുണ്ട്. മുളങ്കാടുകൾക്കിടയിൽ അവരുടെ ടെന്‍റുകളുടെ മേൽഭാഗം കാണാം. ആരൊക്കെയെന്നറിയില്ല. എത്രത്തോളം സുരക്ഷിതമെന്നും. അതൊക്കെ കണ്ട് ബോധ്യപ്പെട്ടിട്ടാണ് ഈ ഇടയന്മാർ കുഞ്ഞാടുകളെ അന്വേഷിച്ചിറങ്ങിയത്. ഞങ്ങൾക്കും സന്തോഷമായി. ഒന്ന് രണ്ട് വളവുകൾകൂടി പിന്നിട്ട് ചെറിയ ചാലുകളും ചതുപ്പും കടന്നുമുന്നോട്ടുപോകുമ്പോൾ മുകളിൽനിന്ന് കേൾക്കാം, ആഘോഷത്തിമിർപ്പിന്‍റെ ആരവങ്ങൾ, പാട്ടും ഡാൻസുമൊക്കെയാണ്.


വഴി തീരാറായപ്പോൾ ഒരു അരുവികണ്ടു. അതിൽനിന്നു കുറേപ്പേർ വെള്ളം ശേഖരിക്കുന്നുണ്ട്. കുപ്പികളിലും പാത്രങ്ങളിലും. മുകളിലെ ആവശ്യത്തിനുള്ള വെള്ളമാണത്. ഭക്ഷണം ഉണ്ടാക്കാനും ടോയ്ലറ്റ് ആവശ്യങ്ങൾക്കും ഈ അരുവിയിലെ വെള്ളമാണാശ്രയം. വലിയൊരു കന്നാസ്സിൽ വെള്ളം നിറച്ചുവച്ചിട്ടുണ്ട്. ചുറ്റും ഈറ്റക്കാടുകളും വൻമരങ്ങളുമുള്ള ഒരു ചരിവാണത്. അതിലെ മുന്നോട്ടുചെല്ലുമ്പോൾ മരക്കമ്പുകൾ കൊണ്ടുണ്ടാക്കിയ ഒരു കമാനമുണ്ട്. സൂക്കോവാലിയുടെ കവാടം. മുന്നിൽ പരന്നുകിടക്കുന്ന ഭൂമിയും അതിനോട് ചേർന്ന ഒരു കെട്ടിടവും. കല്ലുപാകിയ വഴിയിലൂടെ നടന്നു മുന്നിലേക്ക്‌, വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക്.

മലമുകളിലെ അസ്തമയം

സൂക്കോവാലി അതിസുന്ദരമായി തോന്നി. കൊടുംതണുപ്പിൽ മരവിച്ചുകിടക്കുന്ന പ്രകൃതിയും അതിന്‍റെ ചുറ്റുപാടുകളും. മുകളിൽ ആകാശം അസ്തമയത്തിന് തയ്യാറെടുക്കുന്നു. മേഘങ്ങൾക്കിടയിൽ വെള്ളിവെളിച്ചത്തിലേക്ക് ചെഞ്ചായം പടർന്നുകയറുന്നു. പച്ചപുതഞ്ഞ താഴ്‌വരകൾ സാന്ധ്യരശ്മികളിൽ തിളങ്ങിനിൽക്കുന്നു. ചന്തമുള്ളൊരു ചായക്കൂട്ട്. കാഴ്ചയുടെ കാലിഡോസ്കോപ്പിലേക്ക്‌ അത്ഭുതങ്ങളുടെയും കൗതുകങ്ങളുടെയും കാൻവാസുകൾ നിറയുന്നു. മനസ്സ് നിറയുന്നു, സന്തോഷം തുളുമ്പുന്നു. പ്രകൃതിയോടും ഈശ്വരന്‍റെ കരവിരുതിനോടും നന്ദി പറഞ്ഞു.


ഉണക്കമരത്തടികൾ ചേർത്ത് കെട്ടിയ ഒരു ഇരിപ്പിടമുണ്ടവിടെ. അതിൽ കയറി ഓരോരുത്തരായി അസ്തമയത്തെ ബാക്ക്ഗ്രൗണ്ട് ആക്കി പടമെടുക്കുന്നു. ചിലർ ടെന്‍റുകളിൽ കയറിക്കഴിഞ്ഞു. ഞങ്ങൾ കുറച്ചുപേർ അടുത്തുകണ്ട തടിബെഞ്ചിൽ ഇരുന്നു കാഴ്ചകൾ കണ്ടു. അപ്പോഴേക്കും ചായവന്നു. പക്ഷേ കഴിക്കാനൊന്നുമില്ല. നേരത്തേ ബുക്ക്‌ ചെയ്തിരുന്നെങ്കിലും തികഞ്ഞില്ലത്രെ. അത്രക്കുണ്ട് ആളുകൾ. വിശപ്പും ക്ഷീണവുമുണ്ട്. സാരമില്ല സഹിക്കുകതന്നെ. മറ്റുവഴികളില്ല. അടുത്തെങ്ങും കടകളുമില്ല. ചായകുടിക്കുന്നതിനിടയിൽ എന്തോ വെട്ടുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കിയത്. ഒരു തടിക്കഷണത്തിൽ രണ്ടുപേർ ചേർന്ന് ഇറച്ചിവെട്ടിനുറുക്കുന്നു. പന്നിമാംസമാണത്. വൈകിട്ടത്തേക്കുള്ള വിഭവങ്ങളിൽ ഒന്നാകും.

ചായകുടി കഴിഞ്ഞപ്പോഴേക്കും കൂരിരുട്ടായി. അസ്ഥിതുളക്കുന്ന തണുപ്പും. എല്ലാവരും പാട്ടും അന്താക്ഷരിയും തുടങ്ങി. അന്യഭാഷക്കാർ അവരുടെ ഭാഷയിൽ പാടിയും പാട്ടുപെട്ടി ഓൺ ചെയ്തും ഡാൻസ് ചെയ്യുന്നു. അവരുടെ ടെന്‍റിനു സമീപമുള്ള അടുപ്പുകൾ കത്തുന്നു. കബാബും ബിരിയാണിയും തയാറാക്കുന്നുണ്ട് ചിലർ. ഏതോ ഇലയിട്ട് വെള്ളം തിളപ്പിക്കുന്നു. ഉണക്കിയ ഇറച്ചി നാരുപോലാക്കി ആ വെള്ളത്തിലേക്കിടുന്നു. എന്തെന്തു പാചകങ്ങൾ ആണാവോ. പിടികിട്ടിയില്ല.


കൂരിരുൾ നിറഞ്ഞ തണുപ്പിൽ വിശപ്പും ക്ഷീണവും കൂടിവരുന്നുണ്ട്. ഇനി ഭക്ഷണം കിട്ടിയാൽ അൽപനേരം വിശ്രമിക്കാം. എല്ലാവർക്കുമുള്ള ടെന്‍റില്ല. പകുതിപ്പേർക്ക്‌ ടെന്‍റും ബാക്കിയുള്ളവർക്ക് പത്തിരുന്നൂറു മീറ്റർ അപ്പുറത്തുള്ള കോട്ടേജുമാണ്. ഞങ്ങൾ പെൺസംഘം അവിടെക്കൂടാമെന്നായി. ബാഗും സാധനങ്ങളും എടുത്ത് അവിടേക്ക് നടന്നു. ഞങ്ങൾക്ക് എസ്കോർട്ട് ആയി ആണുങ്ങളും. മുളങ്കൂട്ടങ്ങൾക്കിടയിലുള്ള വഴിയിലൂടെ ടോർച്ചും തെളിച്ച് ഞങ്ങൾ കോട്ടേജിലെത്തി. മൂന്നു മുറികളും വരാന്തയുമുള്ള ഒരു കോട്ടേജാണത്. ബാത്റൂം സൗകര്യവുമുണ്ട്. തൊട്ടടുത്തായി മറ്റൊരു കെട്ടിടവുമുണ്ട്.

ബാഗും മറ്റുവസ്തുക്കളും മുറിയിൽ വച്ച് ഞങ്ങൾ തിരിച്ചുപോയി. ഭക്ഷണം കഴിക്കാൻ. അവിടെ ചെല്ലുമ്പോഴേക്കും ഭക്ഷണം തീരാറായിരുന്നു. എങ്കിലും കിട്ടി. വെള്ളരിച്ചോറും പരിപ്പുകറിയും അച്ചാറും. വിശപ്പിന്‍റെ വിളികൊണ്ടു അത് മുഴുവൻ കഴിച്ചു. എന്തായാലും മുമ്പ് വെട്ടിനുറുക്കിയ മാംസം കിട്ടിയില്ല. പിന്നീടാണറിയുന്നത് അത് വേറെ ടീമിന്‍റേതായിരുന്നു എന്ന്. ഭക്ഷണം കഴിച്ച് വീണ്ടും ഞങ്ങൾ റൂമുകളിലെത്തി. സമയം ഒമ്പതര കഴിഞ്ഞിട്ടുണ്ട്. മുറ്റത്ത് നെരിപ്പോടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. വിറകുകൂട്ടി കത്തിതുടങ്ങിയപ്പോൾ പാട്ടും തുടങ്ങി.


ജ്വാല ഉയരുമ്പോൾ പാട്ടും ഉച്ചത്തിലാവുന്നു. എല്ലാവരും മത്സരിച്ച് പാടി. ഇടക്ക് മുകളിലേക്കുനോക്കി. ആകാശം നിറയെ കണ്ണുചിമ്മുന്ന നക്ഷത്രങ്ങൾ. താരനിശ. വാനനിരീക്ഷണത്തിന് പറ്റിയ ഒരിടം കൂടിയാണിത്. കുറേനേരം അങ്ങനെയിരുന്നു. നല്ല ക്ഷീണം. തണുപ്പും കൂടിയിട്ടുണ്ട്. ഉറക്കം വരുന്നുണ്ട്. അൽപനേരം കിടക്കാമെന്നുവച്ച് മുറിയിൽ പോയിക്കിടന്നു. അപ്പോഴും പുറത്ത് തകർപ്പൻ പാട്ടുകൾ. അതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി.

ഹാപ്പി ന്യൂഇയർ!!

ഒരു കൂട്ടവിളി കേട്ടാണ് ഉണർന്നത്. സമയം പന്ത്രണ്ടോടടുത്തു. എല്ലാവരും ഹാപ്പി ന്യൂ ഇയർ പറഞ്ഞ് ആർത്തട്ടഹസിക്കുന്നുണ്ട്. കിടക്കയിൽ നിന്ന് ചാടിയിറങ്ങി ഞാനും പുറത്തേക്കോടി. അവർക്കൊപ്പം ചേർന്നു. പരസ്പരം ആശംസകൾ നേർന്നു. അതിജീവനക്കാലത്തെ ആവേശം മുഴുവൻ ഉൾകൊണ്ട ഒരു പുതുവർഷാഘോഷമായിരുന്നു അത്. കൂരിരുട്ടിൽ, മഞ്ഞ് പൊഴിയുന്ന രാവിൽ, നക്ഷത്രങ്ങൾ സാക്ഷിയായി നിൽക്കേ സൂക്കോവാലിയുടെ മിടിപ്പുകൾക്കൊപ്പം ഞങ്ങളുടെ ഹൃദയവും ആനന്ദത്താൽ തുടികൊട്ടിക്കൊണ്ടിരുന്നു. അൽപനേരം കൂടി നേരിപ്പോടിനുചുറ്റും ഇരുന്നു. പിന്നെ എല്ലാവരും മുറിയിലെത്തി. ബ്ലാങ്കറ്റിനുള്ളിൽ കയറി. അടുക്കിയ ചാളപോലെ തൊട്ടുതൊട്ട് കിടന്നു. കഞ്ചനയും സായിയും ശരണ്യയും റോമിയോയും പിന്നെ ഞാനും. കൊടുംതണുപ്പിൽ സുഖനിദ്ര.


വെളുപ്പാൻ കാലം ഏതാണ്ട് മൂന്നുമൂന്നരയായിട്ടുണ്ടാകും. പെരുമഴ പോലൊരു ശബ്ദം കേട്ടാണ് കണ്ണുതുറന്നത്. മഞ്ഞ് പെയ്യുകയാണ്. പടപടാ ചറപറാ മഞ്ഞിൻ പൊടികൾ മേൽക്കൂരയിൽ പതിക്കുന്ന ശബ്ദമാണത്. കാതടപ്പിക്കുന്ന ശബ്ദം. പുറത്തിറങ്ങണമെന്നുണ്ട്. പക്ഷേ തണുപ്പ് സമ്മതിക്കുന്നില്ല. പലരും കൂർക്കം വലിയിലുമാണ്. പാതിരാവരെ ഉറക്കമിളച്ചതിന്‍റെ ക്ഷീണം കാണും. ഏതായാലും പുറത്തിറങ്ങിയില്ല. മഞ്ഞുവീഴ്‌ചയുടെ പെരുമ്പറ കൂടിവരുന്നു. ഉരുകിയ മഞ്ഞ് ടിൻ ഷീറ്റുകളിൽ നിന്ന് താഴോട്ട് പതിക്കുന്ന ശബ്ദവും. അതിനിടയിൽ വീണ്ടും ഉറങ്ങിപ്പോയി.

മഞ്ഞണിഞ്ഞ താഴ്‌വരകൾ

നേരം നന്നേ വെളുത്തു. സമയം അഞ്ചുമണി ആയിട്ടുണ്ടാകും. കണ്ണുതുറന്നപ്പോൾ കിടക്കയിൽ ഒരാളൊഴിച്ച് എല്ലാവരും പുറത്തേക്കുപോയി. ഞങ്ങൾ പല്ല്തേച്ച് കുപ്പിയിലിരുന്ന വെള്ളമെടുത്ത് വായകഴുകി. എന്നിട്ട് പുറത്തിറങ്ങി. അപ്പോഴാണ് മഹാത്ഭുതം. കോട്ടജിനു ചുറ്റുമുള്ള കമ്പിവേലിയും ചെടികളും മരങ്ങളും നിലവുമെല്ലാം മഞ്ഞണിഞ്ഞ് നിൽക്കുന്നു. ഏതോ ഒരു പുതിയ ലോകം. വജ്രകണങ്ങൾ പോലെ തിളങ്ങുന്ന മഞ്ഞിൻ തരികൾ.


അതിസുന്ദരമായ കാഴ്ച. ദൂരെ കിഴക്ക് സൂര്യൻ ഉദിച്ചുയരുന്നു. ഉദയരശ്മികളുടെ സുവർണ്ണശോഭയിൽ സുക്കോവാലിയും ചുറ്റുപാടുകളും തിളങ്ങിനിൽക്കുന്നു. തെളിഞ്ഞു നിൽക്കുന്ന ആകാശം. ചെറുകിളികളുടെ ചിലപ്പൊഴിച്ചാൽ തികച്ചും ശാന്തമായ പ്രകൃതി. മഞ്ഞിൻ കണങ്ങൾ തൊട്ടും കൈക്കുമ്പിളിൽ വാരിയെടുത്തും ഞങ്ങൾ സന്തോഷം പങ്കുവച്ചു. എന്നിട്ട് മഞ്ഞുകാഴ്ചകളുടെ മധ്യത്തിലേക്കിറങ്ങി.

ആഘോഷത്തിലായിരുന്നു സൂക്കോവാലിയിലെ സസ്യലതാതികളും പ്രകൃതിയും. ശരീരം മുഴുവൻ വജ്രാഭരണങ്ങളാണിഞ്ഞ നവവധുവിനെപ്പോലെ, ഓരോ ചെടിയും മഞ്ഞണിഞ്ഞു നിൽക്കുന്നു. എന്ത് രസമുള്ള കാഴ്ച. എത്ര കണ്ടാലും മതിവരാത്ത കാഴ്ച. കുഞ്ഞിലകളും ചെറുകമ്പുകളും മണ്ണുമെല്ലാം തരിമഞ്ഞ് കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. വജ്രക്കമ്മലും വജ്രം കൊണ്ട് തീർത്ത നെക്‌ലേസും മോതിരവും മൂക്കുത്തിയും ഞാത്തുമെല്ലാം ചുറ്റിലും കൂട്ടിയിട്ടിരിക്കുന്ന പോലുണ്ട്.


10,000 വജ്രാഭരണക്കടകൾ ഈ താഴ്‌വരയിലെത്തി പ്രദർശനം നടത്തുകയാണോ? തമാശക്കെങ്കിലും അങ്ങനെയോർത്തുപോയി. ഉള്ളുമുടലും കോരിത്തരിക്കുന്ന നിമിഷങ്ങൾ. സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും നിമിഷങ്ങൾ. പുതുവർഷത്തിലെ പ്രഭാതം നയനാനന്ദകരമായ കാഴ്ചകളുടെ ദിനം കൂടിയായിരുന്നു. ഒരിക്കലുമൊരിക്കലും മതിവരാത്ത, മനസ്സിൽനിന്ന് മായാത്ത കിടിലൻ കാഴ്ച്ചകൾ.


ഒരുപാട് പടമെടുത്തു ഞങ്ങൾ. ഒത്തിരിനേരം കണ്ണിമക്കാതെ ചുറ്റും നോക്കിനിന്നു, കൊതിതീരാതെ. ഒന്നുകൂടി ഒരു ചുറ്റിക്കറക്കമാകാം എന്ന് വിചാരിച്ച് വാലിയുടെ ഒരു തുഞ്ചത്തേക്ക് നടന്നു. അവിടെയും മഞ്ഞിൽ കാഴ്ചകൾ നിറഞ്ഞ് നിന്നു. അതിനിടയിൽ അകലേക്ക്‌ കണ്ണുനട്ട് നിൽക്കുന്ന യുവദമ്പതികൾ. അടുത്ത് ചെന്ന് പരിചയപ്പെട്ടു. മണിപ്പുരുകാരാണ്. അകലെ പടിഞ്ഞാറു ഭാഗത്തുകാണുന്ന മലനിരകളെ ചൂണ്ടി അയാൾ പറഞ്ഞു. ആ മലകൾ മണിപ്പുരിന്‍റെ ഭാഗമാണെന്ന്. മണിപ്പൂരിന്‍റെയും നാഗാലാ‌ൻഡിന്‍റെയും ഇടയിലുള്ള പ്രദേശമാണ് ഈ താഴ്‌വരകൾ.


സൂക്കോവാലി നാഗാലാ‌ൻഡിന്‍റെ മണ്ണാണ്. ഞങ്ങൾ ആകാംക്ഷയോടെ പലതും ചോദിച്ചു. കാരണം മണിപ്പൂരും ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. മണിപ്പൂരിന്‍റെ വിശേഷങ്ങളും ഭക്ഷണ രീതികളും അവിടത്തെ പ്രത്യേകതകളും അയാൾ പറഞ്ഞു. അപ്പോഴും നമ്രമുഖിയായി നാണം കുണുങ്ങി നിൽക്കുകയായിരുന്നു ആ പെൺകുട്ടി.


യുവദമ്പതികളോട് യാത്രപറഞ്ഞ് തിരികെ വന്ന് ബാഗുകൾ ഒരുക്കിവച്ചു. എന്നിട്ട് ചായകുടിക്കാൻ പോയി. അവിടെയെത്തുമ്പോൾ ടെൻുകൾ അടുക്കിക്കെട്ടുകയാണ് സഹയാത്രികർ. അവരോട് ചായകുടിച്ചോ എന്നന്വേഷിച്ചു. ചായക്കിട്ടിയില്ല എന്നായിരുന്നു ഉത്തരം. കേട്ടപ്പോൾ മനസ്സും വയറും ഒരുപോലെ കാളി. ഇനി എന്തുചെയ്യും. ഒന്നും ചെയ്യാനില്ല. തിരക്കുവന്നപ്പോൾ തീർന്നുപോയതാകാം. എന്തായാലും ഇനി വല്ലതും കഴിക്കണമെങ്കിൽ ഹോംസ്റ്റേയിൽ തിരിച്ചെത്തണം.


വേറെ രക്ഷയില്ല. കൈയിലുള്ള ബിസ്‌ക്കറ്റിന്‍റെ ബാക്കിയും വെള്ളവും കൊണ്ട് ഉള്ളതുകൊണ്ട് ഓണമാക്കി ഞങ്ങൾ തിരികെയാത്രക്കുള്ള തീരുമാനത്തിലെത്തി. സമയം ഒമ്പത് മണിയാകുന്നു. ഇപ്പോൾ പോയാലെ താഴ്‌വരകൾ താണ്ടി മലകൾ ഇറങ്ങി വൈകുന്നേരം കിഗ്വാമയിൽ എത്തൂ. അവസാനവട്ട നോട്ടങ്ങളും പടമെടുപ്പും കഴിഞ്ഞ് ബാക്ക് പാക്കെടുത്ത് ഞങ്ങൾ സൂക്കോവാലിയിൽ നിന്ന് മടക്കയാത്ര തുടങ്ങി. ഏറെ ആഹ്ലാദത്തോടെ.

(തുടരും)



Travel Info:

നാഗാലാൻഡിന്റെ (Nagaland) തലസ്ഥാനമായ കൊഹിമയിൽനിന്നും 16 കി.മീ ദൂരത്താണ് കിഗ്വാമ വില്ലേജ്. അവിടെനിന്നും 12 കി.മീ യാത്ര ചെയ്തുവേണം വിശ്വേമാ ഗ്രാമത്തിലുള്ള സൂക്കോവാലിയിലെ ( Dzukou Valley ) ബേസ്ക്യാമ്പിലെത്താൻ. 100 രൂപയുടെ ടിക്കറ്റ് എടുത്തുവേണം വാലിയിലേക്ക് പോകാൻ. ക്യാമറയ്ക്ക് വേറെ ഫീസുണ്ട്, 200 രൂപ. സൂക്കോവാലിയിൽ താമസസൗകര്യം ഉണ്ടെങ്കിലും പരിമിതമാണ്. അവിടെ തങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി ടെൻറുകളും ഭക്ഷണവും കരുതുന്നതാണ് നല്ലത്.

Part 1: വടക്കുകിഴക്കിന്‍റെ വിസ്മയക്കാഴ്ചകൾ - 1

Part 2: വടക്കുകിഴക്കിന്‍റെ വിസ്മയക്കാഴ്ചകൾ - 2

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north east traveldzukou valley
News Summary - Dzukou Valley Bamboo valleys
Next Story