വികസനത്തിന് ഒരുങ്ങി എടക്കൽ ഗുഹ; പദ്ധതിക്ക് 2.9 കോടി രൂപ
text_fieldsഅമ്പലവയൽ: എടക്കൽ ഗുഹ ടൂറിസം കേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് 2.9 കോടി രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന ടൂറിസം വകുപ്പ്. നവീകരണം, അടിസ്ഥാന സൗകര്യവികസനം, സന്ദർശക സൗകര്യങ്ങൾ എന്നിവക്കാണ് തുക വിനിയോഗിക്കുക. ആയിരക്കണക്കിന് സന്ദർശകരെത്തുന്ന എടക്കൽ ഗുഹയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്.
ഗുഹയിലേക്കുള്ള വഴിയിൽ ടൈലുകൾ പതിക്കൽ, പ്ലാറ്റ്ഫോം നവീകരണം, കൈപ്പിടികൾ സ്ഥാപിക്കൽ, ഇരിപ്പിടങ്ങൾ, കവാടം, പുൽമൈതാനം, അലങ്കാര വിളക്കുകൾ, മാലിന്യക്കൂടകൾ, റോഡ് കോൺക്രീറ്റ്, സി.സി.ടി.വി എന്നിവയാണ് നിർമിക്കുന്നത്. നിർമാണം തുടങ്ങി പതിനെട്ട് മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന കർശന നിർദേശം ടൂറിസം ഡയറക്ടറുടെ ഉത്തരവിൽ നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ടൂറിസം വകുപ്പ് സമഗ്ര പദ്ധതിയാണ് ആവിഷ്കരിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നും വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവുമാണ് എടക്കൽ ഗുഹ. ദിവസം 1920 പേർക്ക് മാത്രമാണ് എടക്കൽ ഗുഹയിൽ പ്രവേശനമനുവദിക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാണ് പ്രവേശനം. തിങ്കളാഴ്ചകളിലും ദേശീയ അവധികളിലും പ്രവേശനമില്ല. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ് എടക്കൽ ഗുഹയുടെ പരിപാലനം, നടത്തിപ്പ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.