അവധിനാളിൽ കായൽസൗന്ദര്യം നുകരാം, കോടിമതയിലേക്ക് വന്നോളൂ...
text_fieldsകോട്ടയം: ഓണാവധി അടുത്തതോടെ വിനോദസഞ്ചാരികളെ കാത്ത് ജലഗതാഗത ടൂറിസം മേഖല. സർവിസ് ബോട്ടുകൾക്കും വിനോദസഞ്ചാര ബോട്ടുകൾക്കും ഓണാവധി പ്രതീക്ഷയുടെ നാളുകളാണ്. സാധാരണക്കാർക്ക് ജലടൂറിസം ആസ്വദിക്കാനുള്ള ഏകസംവിധാനമാണ് കോട്ടയം-ആലപ്പുഴ സർവിസ് ബോട്ട്. അവധിക്കാലത്ത് ബോട്ടിൽ കായൽസൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ മറ്റ് ജില്ലകളിൽനിന്നുപോലും ഇവിടേക്കെത്താറുണ്ട്. ഏറെ ചുരുങ്ങിയ ചെലവിൽ ഗ്രാമജീവിതവും കായൽക്കാഴ്ചയും ആസ്വദിക്കാൻ ഇവിടെ 30 രൂപയാണ് ഈടാക്കുന്നത്. കോടിമതയിൽനിന്ന് ആലപ്പുഴ വരെയാണ് ബോട്ട്യാത്ര. രണ്ടര മണിക്കൂർകൊണ്ട് 50ഓളം ബോട്ട് ജെട്ടികൾ, വിവിധ കായൽ ജീവികൾ, ദേശാടനപ്പക്ഷികൾ, ചെറുകിട മത്സ്യബന്ധനം, ചെറുമത്സ്യങ്ങൾ എന്നിവയടങ്ങുന്ന ഗ്രാമീണസൗന്ദര്യം യാത്രയിൽ ഉടനീളം സഞ്ചാരികൾക്ക് ആസ്വദിക്കാം.
പുത്തൻതോട് വഴിയാണ് ബോട്ട് വേമ്പനാട്ടുകായലിലേക്ക് എത്തുന്നത്. കോട്ടയത്തെ ദിവാനായിരുന്ന രാമറാവുവിന്റെ കാലത്ത് വെട്ടിത്തെളിച്ച ജലപാതയാണിത്. കഴിഞ്ഞ വേനലവധിക്ക് പോള മൂടിയതിനാൽ ബോട്ട് സർവിസ് മുടങ്ങിയിരുന്നു. അടുത്തകാലത്താണ് ആറിൽനിന്നും പോള നീക്കി സർവിസ് പുനരാരംഭിച്ചത്. ഇതോടെ, ടൂറിസം പാക്കേജിലൂടെ ഓണക്കാലത്ത് മികച്ച വരുമാനം ലഭ്യമാകാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സർവിസ് ബോട്ടിനൊപ്പം ഡി.ടി.പി.സിയുടെയും സ്വകാര്യ വ്യക്തികളുടെയും ആഡംബര ബോട്ടുകളും ഓണക്കാലത്തെ ജലടൂറിസത്തിന്റെ സാധ്യതകളുമായി സജീവമാണ്.
സ്വകാര്യ ബോട്ടുകളും ധാരാളമായി സർവിസ് നടത്തിയിരുന്ന സ്ഥലമാണ് കോടിമത. കോവിഡിന് ശേഷം വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ മാന്ദ്യം ആഡംബര ബോട്ടുകളെയും സാരമായി ബാധിച്ചിരുന്നു. ബോട്ടുകളുടെ എണ്ണം കുറഞ്ഞതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഉപജീവനത്തിന് മറ്റ് മേഖലകളിലേക്ക് തിരിയേണ്ടിവന്നു.
സീസൺ ആരംഭിച്ചതോടെ കായൽസവാരി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളിലാണ് ഇവരുടെ പ്രതീക്ഷ. കുറഞ്ഞചെലവിൽ ഒരുദിവസത്തെ ബജറ്റിൽ വിനോദയാത്ര നടത്തുന്നവർക്ക് ഉപകാരപ്രദമാണ് സർവിസ് ബോട്ടിലെ കായൽയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.