മാർസിന്റെ എവറസ്റ്റ് ട്രാവൽ
text_fieldsഹിമാലയൻ മലനിരകളിലൂടെ മഞ്ഞും മഴയും കാറ്റും വെയിലും ആസ്വദിച്ചുള്ള ഒരു യാത്ര സാഹസികരുടെ സ്വപ്നമാണ്. വിശ്രമ ജീവിതം നയിക്കേണ്ട പ്രായത്തിൽ ലവലേശം ഭയമില്ലാതെ മാർസ് എന്ന 72കാരൻ നടന്നുകയറിയതും ആ സ്വപ്നത്തിലേക്കാണ്. സമുദ്ര നിരപ്പിൽനിന്നും 5364 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ടി.ജെ. മാര്‍സ് എന്ന വയനാട്ടുകാരൻ ട്രക്കിങ്ങിനൊരുങ്ങുമ്പോൾ പ്രായം തന്നെ മറന്നിരുന്നു. ഈ പ്രായത്തിൽ എത്തിപ്പിടിക്കാനാവുമെന്ന് ഒരുറപ്പും ഇല്ലാത്തതു കാരണം ഏറ്റവും ദുർഘടമായ ട്രക്കിങ്ങുകളിലൊന്നായ എവറസ്റ്റ് ബേസ്ക്യാമ്പിലേക്കാണ് ഇത്തവണത്തെ യാത്രയെന്ന് വീട്ടുകാരോടും സുഹൃത്തുക്കളോടുമൊന്നും പറഞ്ഞില്ല. വാർധക്യത്തിന്റെ അവശതകളൊന്നും ശരീരത്തിനും മനസ്സിലും ഒരു പോറലുമേൽപിച്ചിട്ടില്ലെന്ന ധൈര്യം മാത്രമായിരുന്നു കൈമുതൽ. അങ്ങനെ കേരളത്തിൽനിന്ന് എവറസ്റ്റ് ബേസ്ക്യാമ്പ് ട്രക്കിങ് പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായംകൂടിയ ആളായി മാർസ്.
കുഞ്ഞുനാളിലെ മലകയറ്റം
യു.പി സ്കൂളിൽ പഠിക്കുന്ന കാലത്ത് നെല്ലിക്കയും ലൂയിക്കയും പറിക്കാൻ ഉച്ച സമയത്ത് ബാണാസുര മല കയറുമായിരുന്നു. അന്ന് വന്യമൃഗശല്യമൊന്നും ഇന്നത്തെ പോലെയില്ല. കടുവയെയും പുലിയെയുമൊന്നും കാണാനേ ഇല്ല. അന്ന് നായാട്ട് സജീവമായിരുന്നതിനാൽ മനുഷ്യന്റെ ഗന്ധമടിച്ചാൽതന്നെ വന്യമൃഗങ്ങൾ ഓടിയൊളിക്കാറാണ് പതിവ്. സ്കൂളിൽനിന്നുള്ള ഉച്ചസമയത്തെ മല കയറ്റം 18 വയസ്സായതോടെ മലമുകളിൽ രാത്രി കൂടുന്നതിലേക്കെത്തി. ഏതാനും സുഹൃത്തുക്കൾ ചേർന്ന് വൈകുന്നേരത്തോടെ മലയുടെ ഏറ്റവും മുകളിലേക്ക് എത്തും. രാവിലത്തെ കോടയും മഞ്ഞും തണുപ്പും മലമുകളിൽനിന്ന് ആസ്വദിക്കൽ വല്ലാത്ത അനുഭൂതിയാണ്. കൂടാതെ, തെളിഞ്ഞ പ്രഭാതത്തിൽ നേക്കെത്താ ദൂരത്തുവരെ മലമുകളിൽനിന്ന് കാണാനാവുന്നത് മനോഹരമായ ദൃശ്യമാണ്. സത്യത്തിൽ ഇത്തരം ചെറു സാഹസിക യാത്രകളാണ് പിന്നീട് ജീവിതത്തിലുടനീളം വലിയ സാഹസികയാത്രകൾക്കുള്ള ആവേശവും ആഗ്രഹവും മനസ്സിലുണ്ടാക്കിയതെന്ന് തോന്നിയിട്ടുണ്ടെന്ന് മാർസ് പറയുന്നു. ഗ്ലോബ് ട്രക്കേഴ്സ് കണ്‍സര്‍വേഷന്‍ അഡ്വഞ്ചര്‍ ആന്‍ഡ് ട്രക്കിങ് സൊസൈറ്റി 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ചീങ്ങേരി മലയിലേക്ക് ട്രക്കിങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തതോടെയാണ് സാഹസിക യാത്രാ പ്രേമിയായി മാര്‍സ് മാറുന്നത്. അങ്ങനെ ഗ്ലോബ് ട്രക്കേഴ്സിനൊപ്പം പിന്നീട് പലയിടത്തേക്കും യാത്രചെയ്തു.
കാഠ്മണ്ഡുവിലൂടെ ലക്ഷ്യത്തിലേക്ക്
കഴിഞ്ഞ വർഷം 62കാരി എവറസ്റ്റ് ബേസ്ക്യാമ്പ് ട്രക്കിങ്ങിന് പോയി തിരിച്ചുവന്ന അനുഭവങ്ങൾ കേട്ടതോടെയാണ് തനിക്കും പോയാലെന്ത് എന്ന ചിന്ത മാർസിലും ഉടലെടുത്തത്. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്ലോബ് ട്രക്കേഴ്സ് എന്ന ട്രക്കിങ് ഗ്രൂപ്പിൽ അംഗമാണ് മാർസ്. ഇത്തവണ എവറസ്റ്റ് ബേസ്ക്യാമ്പിലേക്കായാലോ യാത്രയെന്ന ഗ്രൂപ്പിലെ ചർച്ചയിൽനിന്നാണ് 12 അംഗ ടീമിൽ ഇടംനേടി വയനാട് കാവുമന്ദത്ത് വ്യാപരസ്ഥാപനം നടത്തുന്ന 72 കാരൻ മാര്‍സ് ഏപ്രിൽ 25ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പുറപ്പെടുന്നത്. കാഠ്മണ്ഡുവിൽനിന്ന് ഏപ്രില്‍ 29ന് 12 അംഗ സംഘത്തിലൊരാളായി മാര്‍സും ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ പത്തു ട്രക്കിങ്ങുകളില്‍ ഒന്നായ എവറസ്റ്റിലേക്ക് യാത്ര തുടങ്ങി. നാല് മണിക്കൂർ ട്രാവലറിൽ യാത്ര ചെയ്ത് രാമേഛാപ്പ് എന്ന ചെറിയ വിമാനത്താവളത്തിൽ എത്തി. അവിടെനിന്നും ചെറു വിമാനത്തിൽ 2800 മീറ്റര്‍ ഉയരത്തിലുള്ള ലുക്ലയില്‍ എന്ന സ്ഥലത്തേക്ക്. 18 മിനിറ്റാണ് ലുക്ല വിമാന താവളത്തിലേക്കുള്ള യാത്രാ സമയം. കുന്നുകൾക്കിടയിലെ ഈ ചെറിയ വിമാനത്താവളം കാണാൻ തന്നെ അതിമനോഹരം. അതിനടുത്തുള്ള പക്ഡിങ് എന്ന സ്ഥലത്തുനിന്നാണ് 13 ദിവസത്തെ സാഹസിക ട്രക്കിങ് ആരംഭിക്കുക. യാത്രക്കിടെ കനത്ത തണുപ്പും അവിചാരിതമായുണ്ടായ മഞ്ഞുവീഴ്ചയും കാറ്റും യാത്ര പ്രതിസന്ധിയിലാക്കിയെങ്കിലും പ്രതീക്ഷ കൈവിട്ടില്ല. അങ്ങനെ മേയ് അഞ്ചിന് മാർസിന്റെ ആ സ്വപ്നവും പൂവണിഞ്ഞു.
മുമ്പ് ഇവിടെ എത്തിയവരെ കണ്ടു സംസാരിച്ചത് വലിയ അനുഗ്രഹമായി. കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും ദുർഘടപാതയിലെ അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും സാധ്യമായെന്ന് മാര്‍സ് പറയുന്നു. മുകളിലേക്ക് ചെല്ലുന്തോറും ഓക്സിജന്‍ അളവ് കുറയുമെന്നതിനാൽ വെള്ളം കൂടുതലായി കുടിക്കണം. വെള്ളത്തിൽനിന്ന് ലഭിക്കുന്ന ഓക്സിജനാവും പിന്നീട് നമ്മുടെ പ്രാണവായു. ആദ്യദിനം തണുത്തവെള്ളമാണ് ഉപയോഗിച്ചത്. എന്നാലത് പ്രതിസന്ധി സൃഷ്ടിച്ചു. വെള്ളംകുടി കുറഞ്ഞപ്പോള്‍ കടുത്ത തലവേദനയും തുടങ്ങി. ഇവിടെ ചൂടുവെള്ളം കിട്ടണമെങ്കിൽ കൂടുതൽ പണംകൊടുക്കണം. ഉയരം കൂടുംതോറും വിലയും കൂടിക്കൊണ്ടേയിരിക്കും. വെള്ളം ചൂടാക്കാനാവശ്യമായ ഗ്യാസിന്റ ചെലവ് ഓരോ കിലോമീറ്ററിലും കൂടിക്കൊണ്ടിരിക്കും. അരലിറ്റര്‍ ചൂടുവെള്ളത്തിന് നൂറുരൂപ മുതല്‍ മൂന്നൂറു രൂപവരെ കൊടുത്തു വാങ്ങിയാണ് മാര്‍സ് ഓക്സിജൻ സമ്പാദിച്ചത്.
സാഹസികത ഊർജമാണ്
സാഹസികതയോടുള്ള അഭിനിവേശം പ്രായത്തെ വകഞ്ഞുമാറ്റുമെന്ന് മാർസ് ഉറപ്പിച്ചുപറയുന്നു. ഈ വാർധക്യത്തിലും ദിവസവും വ്യായാമവും നടത്തവുമൊക്കെയുള്ളതു കൊണ്ടാവാം ജീവിതശൈലീ രോഗങ്ങളൊന്നും മാർസിനെ പിടികൂടിയിട്ടില്ല. അതുതന്നെയാവാം ഇത്തരമൊരു വലിയ സാഹസികതക്ക് കഴിഞ്ഞതും. ഈ പ്രായത്തിൽ വേറേ പണിയൊന്നുമില്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകാം, പക്ഷേ നമ്മുടെ മനസ്സ് പാകപ്പെട്ടാൽ ഏത് പ്രായത്തിലും ഇതൊക്കെ കൈപ്പിടിയിലൊതുക്കാവുന്നതേയുള്ളൂ എന്ന് അദ്ദേഹം ആണയിടുന്നു. അതുകൊണ്ടാണല്ലോ മഞ്ഞുമൂടിയ പർവതത്തിന്റെ ദുർഘട വഴിയിലൂടെ കിതച്ചും വിയർത്തും ശ്വാസമടക്കിയും 72കാരൻ മറ്റു ചെറുപ്പക്കാരോടൊപ്പം 30ഓളം മലകൾ കുത്തനെ വാക്കിങ് സ്റ്റിക്കുമായി കയറിത്തീർത്തത്.
കനത്ത കാറ്റിൽ ഇരുമലകൾക്കിടയിലെ തൂക്കു പാലങ്ങൾ ഇളകിയാടുമ്പോൾ ശ്വാസം നിലച്ചുപോകുന്ന പ്രതീതിയാവും. പക്ഷേ, മനസ്സ് പാകപ്പെട്ടാൽ അതൊന്നും നമ്മെ ഭയപ്പെടുത്തില്ലെന്ന് മാർസ് പറയുന്നു. ഈ പ്രായത്തിൽ ഇങ്ങനെയൊരു സാഹസികതക്കാണ് പോകുന്നതെന്നറിഞ്ഞാൽ സമ്മതിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് ഭാര്യ തങ്കമ്മയോടുപോലും റിസ്കുള്ള യാത്ര പറയാതെ എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമിട്ടത്. പ്രായം കൂടുംതോറും ഊർജം കൂടുന്നതുപോലെയാണ് മാർസിന്റെ ചിന്തകൾ. കുറഞ്ഞ ദിവസത്തെ വിശ്രമത്തിനുശേഷം അടുത്ത സാഹസിക യാത്രക്കൊരുങ്ങാനുള്ള ത്രില്ലിലാണ് ഈ വയനാട്ടുകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.