ഫറസാൻ ദ്വീപ് അഥവാ ദ്വീപുകളുടെ റാണി
text_fieldsജിദ്ദ: സൗദിയിലെ ദ്വീപുകളുടെ റാണിയെന്ന് അറിയപ്പെടുന്ന ഫറസാൻ വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു. തെക്കുപടിഞ്ഞാറൻ സൗദിയിലെ ജീസാൻ തീരത്തുനിന്ന് 42 കിലോമീറ്റർ അകലെ ചെങ്കടലിൽ സ്ഥിതിചെയ്യുന്ന മനോഹര പവിഴദ്വീപുകളാണ് ഫറസാൻ. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങൾ അടയാളപ്പെടുന്ന സംവേദാത്മക ഭൂപടത്തിൽ ഫറസാൻ ദ്വീപസമൂഹം ഉൾപ്പെട്ടിട്ടുണ്ട്. ഗ്രേറ്റ് ഫറസാൻ, അൽസഖീദ്, ഖമാഹ് എന്നിവ ഈ ദ്വീപസമൂഹങ്ങളിൽ ഏറ്റവും വലുപ്പമുള്ളവ. ഇതിനുപുറമെ നിരവധി ജനവാസമില്ലാത്ത ദ്വീപുകളും ഉണ്ട്. ഇതടക്കം മുഴുവൻ ഫറസാൻ ദ്വീപസമൂഹത്തിനും 5,408 കിലോമീറ്റർ ചുറ്റളവാണുള്ളത്. ആകെ 216 കിലോമീറ്റർ നീളത്തിൽ തീരപ്രദേശമുണ്ട്.
പ്രകൃതിവൈവിധ്യങ്ങൾ നിറഞ്ഞ ഈ മനോഹര ദ്വീപുകളിൽ ഏറ്റവും വലുതാണ് ഗ്രേറ്റ് ഫറസാൻ. ഇവിടെ ചരിത്ര ഗവേഷണവും പുരാവസ്തു പര്യവേക്ഷണവും സജീവമായി നടക്കുന്നു. ബി.സി ഒന്നാം നൂറ്റാണ്ട് മുതൽ ഇവിടെ ജനവാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ അത്ഭുതകരമായ ദ്വീപുകളിലെ നാഗരികതകൾ റോമക്കാർ, ഓട്ടോമന്മാർ, അറബികൾ തുടങ്ങിയ വിവിധ സമൂഹങ്ങളാൽ ഉടലെടുത്തതാണ്. ദ്വീപുകളുടെ റാണി എന്നപേരും ഇതിനുണ്ട്.ചെങ്കടലിലെ പ്രധാന ഡൈവിങ് സൈറ്റുകളിൽ ഒന്നാണിവിടം. കടലിൽ മുങ്ങാംകുഴിയിടാനും ഊളിയിടാനും മുത്തുവാരുന്നതിനും മറ്റും ആഴത്തില്‍ നീര്‍ക്കുഴിയിടലിനും താൽപര്യമുള്ളവരുടെയെല്ലാം ഇഷ്ടതാവളം കൂടിയാണിവിടം.
കണ്ണഞ്ചിപ്പിക്കുന്ന പവിഴത്തിന്റെയും വർണാഭമായ മത്സ്യങ്ങളുടെയും വിസ്മയക്കാഴ്‌ച കാണാൻ സന്ദർശകർ തിരഞ്ഞെടുക്കുന്ന പ്രധാന സ്ഥലവുമാണ് ഫറസാൻ ദ്വീപ്. 230ലധികം ഇനം മത്സ്യങ്ങളും അപൂർവയിനം കടലാമകളും ഇതിനോട് ചേർന്നുള്ള കടൽഭാഗത്തുണ്ട്. അപൂർവ സ്രാവുകളുടെയും വ്യത്യസ്തമായ കടൽജീവികളുടെയും കേന്ദ്രമാണിവിടം. സ്ഫടികംപോലെ തെളിഞ്ഞ കടൽവെള്ളത്തിലെ വർണാഭമായ വൈവിധ്യമാർന്ന കാഴ്ചകൾ ദ്വീപിലെത്തുന്നവരുടെ മനം കവരുന്നു. വിവിധ വർണമത്സ്യങ്ങൾ, ചുറ്റിലും പവിഴപ്പുറ്റുകളുടെ അപൂർവ കാഴ്ചകൾ, വിരിഞ്ഞുനിൽക്കുന്ന കടൽപുഷ്പങ്ങൾ, കടൽചെടികൾ, പറന്നുല്ലസിക്കുന്ന കടൽപക്ഷികൾ, ഇടതൂർന്നു നിൽക്കുന്ന കണ്ടൽക്കാടുകൾ, ദേശാടനപ്പക്ഷികളുടെ അപൂർവ സംഗമം എന്നിവ ദ്വീപിലെ ഹൃദ്യമായ കാഴ്ചയാണ്.
പൗരാണികമായ 'അൽ ഖിസ്ർ' ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും പഴയ വീടുകളുടെ ശേഷിപ്പുകളും ഇവിടെ കാണാം. പൗരാണിക വാണിജ്യകേന്ദ്രങ്ങളും പള്ളിയും ശുദ്ധവെള്ളത്തിനായി പണിത കിണറുകളും ഇപ്പോഴും ഇവിടെയുണ്ട്. 'ബൈത്ത് രിഫാഈ' എന്ന പേരിലറിയപ്പെടുന്ന മനോഹര സൗധത്തിലെ ആകർഷണീയമായ കൊത്തുപണികൾ ഇന്നും കാലാവസ്ഥയെ അതിജയിച്ച് ഇവിടെ നിലനിൽക്കുന്നു. പവിഴം, മുത്ത് തുടങ്ങിയവയുടെ വ്യാപാരിയായിരുന്ന അഹ്മദ് മുനവ്വർ രിഫാഇ 1923ൽ പണികഴിപ്പിച്ച ഈ ഭവനത്തിന്റെ വാസ്തുവിദ്യയും കൊത്തുപണികളും ആകർഷണീയമാണ്. ഉസ്മാനിയ കാലഘട്ടത്തിൽ ദ്വീപിലെ ചെറിയൊരു മലമുകളിൽ പണികഴിപ്പിച്ച ഉസ്മാനിയ കോട്ട, 1928ൽ മുത്ത് വ്യാപാരിയായിരുന്ന ഇബ്രാഹീം തമീമി നിർമിച്ച മസ്ജിദ് നജ്ദി, 1918ൽ പണി പൂർത്തിയാക്കിയ ജർമൻ സൗധം തുടങ്ങിയവ പൗരാണിക സ്മാരകങ്ങളായി സംരക്ഷിച്ചുവരുന്നുണ്ട്.വൈവിധ്യങ്ങളാൽ സമ്പന്നമായ ദ്വീപ് കാഴ്ചകൾ ഹൃദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.