പറുദീസയിലെ പക്ഷികളുടെ നാട്ടിൽ
text_fieldsആസ്ട്രേലിയ ഉപഭൂഖണ്ഠത്തിൽ തെക്ക് കിഴക്കൻ ഫെസിഫിക്ക് പ്രദേശത്തെ ഒരു ദ്വീപാണ് പാപ്പുവാ ന്യൂഗിനി. ഇവിടം സന്ദർശിക്കണമെന്ന പഴയ ആഗ്രഹം സാക്ഷാൽക്കരിച്ചത് ഈ വർഷമാണ്. മാസങ്ങളുടെ തയ്യാറെടുപ്പുവേണ്ടിവന്നു യാത്ര തിരിക്കാൻ . കൊച്ചിയിൽനിന്നും സിംഗപ്പൂർ വന്ന് ഫിലിപൈൻസിലെ മനില വഴിസഞ്ചരിച്ചാൽ പോർട്മോർസ്ബിയിലെത്തും. അവിടെ നിന്ന് മൗണ്ട് ഹേഗനിലെത്താൻ വീണ്ടും ഒരു മണിക്കൂർ വിമാനയാത്ര വേണം ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള 11 വന്യജീവി ഫോട്ടോഗ്രാഫർമാരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. കെനിയയിൽ നിന്നെത്തിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ദിലീപ് അന്തിക്കാടായിരുന്നു ടീം ലീഡർ.
ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെ ദ്വീപായ ഈ രാജ്യം പലതു കൊണ്ടും പ്രശസ്തമാണ്. സമാനകളില്ലാത്ത സാംസ്കാരിക വൈവിധ്യവും ജൈവ വൈവിധ്യവും ഭൂപ്രകൃതിയുമാണ് ഈ പ്രശസ്തിക്ക് കാരണം. 839 ഭാഷകൾ സംസാരിക്കുന്ന ആയിരക്കണക്കിന് ഗോത്രവിഭാഗങ്ങൾ ഇവിടെയുണ്ട്. കേരളത്തിന്റെ 11 ഇരട്ടിവലുപ്പമുള്ള ഈ രാജ്യത്തെ ജനസംഖ്യ കേവലം 10 ലക്ഷം മാത്രമാണ്. ഇതുവരെ മനുഷ്യർ എത്തിപ്പെടാത്ത കാടുകളും ദ്വീപുകളും ഇപ്പോഴും ഇവിടെയുണ്ട്. രാജ്യത്തെ ഭൂവൃസ്ത്രിതിയിൽ 60 ശതമാനവും മഴക്കാടുകളാണ്. സാമ്പത്തിക സ്ഥിതിയിൽ ലോകത്ത് നൂറ്റിമൂന്നാം റാങ്കുള്ള ഇവിടുത്തെ ജനങ്ങളിൽ 80 ശതമാനവും കർഷകരും ആദിവാസികളുമാണ്. ഗ്രാമങ്ങളിൽ വൈദ്യുതി, റോഡ്, വീട്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമൊന്നുമില്ല. അതുകൊണ്ടുതന്നെ പാപ്പുവാ ന്യൂഗിനിയിലേക്ക് യാത്ര ചെയ്യാൻ വിദേശികൾ പലരും മടിക്കുന്നു. കൂടാതെ ഗോത്രങ്ങൾ തമ്മിലുള്ള കലാപങ്ങളും നിത്യസംഭവമാണ്. പാപ്പുവാ ന്യൂഗിനിയിൽ ആകെ 3000ത്തിൽ താഴെ മാത്രമാണ് ഇന്ത്യക്കാരുളളത്. അടിസ്ഥാനസൗകര്യങ്ങൾക്കുപുറമെ ആരോഗ്യ മേഖലയിലും രാജ്യം വളരെ പിറകിലാണ്. മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങൾ ഇവരുടെ ജീവിതം ദുരിതമാക്കി.
കാർഷിക, മൃഗസംരക്ഷണ മേഖലയിലും കാര്യമായി വികസിക്കാത്ത രാജ്യമാണിത്. ആവശ്യമായ പാലും മാംസവും ആസ്ട്രേലിയയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതു കൊണ്ട് തന്നെ ഈ മേഖലയിലെ വികസനത്തിന് തടസ്സം നിൽക്കുന്നത് ആസ്ട്രേലിയ ആണെന്നാണ് ഇവിടുത്തെ വിദഗ്ദരുടെ വിലയിരുത്തൽ. വീടുകൾ തോറും നാലോ അഞ്ചോ പന്നികളെ വളർത്തുന്നതാണ് ഇവിടുത്തെ പ്രധാന തൊഴിൽ. കൂടാതെ വളരെക്കുറച്ചു പേർ ആടുകളെയും പശുക്കളെയും വളർത്തുന്നുണ്ട്. പാലും മാംസവും വിപണനം നടത്തുന്നതിന് രാജ്യത്ത് ഒരിടത്തും സംഘടിതമായ സംവിധാനങ്ങളില്ല. സ്വന്തം ആവശ്യങ്ങൾക്കു മാത്രമായാണ് ഇവർ മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നത്. കൃഷി പൂർണമായും ജൈവരീതിയിലാണ്. രാസവളം രാജ്യത്ത് ഉപയോഗിക്കാറെയില്ല. കപ്പയും കാച്ചിലും, ഉരുളക്കിഴങ്ങും മധുരക്കിഴങ്ങുമാണ് പ്രധാന കൃഷി.
കേരളത്തിൽ കാണുന്ന പല ചെടികളും ഇവിടെ കാണാൻ കഴിഞ്ഞു. പൊതുനിരത്തിൽ കുടക്കീഴിൽ പലക നിരത്തി പഴങ്ങളും പച്ചക്കറിയും വിൽക്കുന്ന സ്ത്രീകളുടെ നീണ്ട നിരകൾ ഇവിടെ കാണാൻ കഴിയും. ഭക്ഷ്യ സംസ്കരണ മേഖലകളും കാര്യമായി വികസിച്ചിട്ടില്ല. എല്ലാം ഇറക്കുമതി തന്നെ. വലിയ തോതിൽ കൊക്കൊക്കോള വിപണിയുള്ള രാജ്യമാണിത്. ഇവിടുത്തെ എൻഗാ ഫെസ്റ്റ് ഉൾപ്പെടെ മിക്കതിന്റെയും സ്പോൺസർമാർ കൊക്കൊക്കോളയാണ്. അതുകൊണ്ടുതന്നെ ആദിവാസികളുടെ ഇടയിൽ കോള ഉപഭോഗം വളരെ കൂടുതലാണ്. മുലയൂട്ടുന്ന അമ്മമാരും പിഞ്ചുകുഞ്ഞുങ്ങളും വരെ കോള കുടിക്കുന്നത് കാണാം. തിപ്പലി പോലുള്ള ചെടിയുടെ തണ്ടും ചുണ്ണാമ്പും പച്ച അടക്കയും ചേർത്ത് ചവക്കുന്നതാണ് വേറൊരു ശീലം. എവിടെ നോക്കിയാലും ഇത് വിൽക്കുന്ന തട്ടുകടകളും ‘കുട കടകളും’ കാണാം. ലോട്ടറി പോലെ നടന്നു വിൽക്കുന്നവരെയും കാണാൻ കഴിഞ്ഞു. ഇറച്ചി ചുട്ടു തിന്നുന്നവരാണ് ഭൂരിപക്ഷവും. ഉപ്പും മസാലയുമില്ലാതെ തീയിൽ ചുട്ടെടുക്കുന്നമാംസമാണ് ഇവരുടെ ഇഷ്ടഭക്ഷണം
വിവാഹം
നാട്ടിൽ സ്ത്രീധനം വാങ്ങുന്ന യുവാക്കൾ പാപ്പുവാന്യൂഗിനിയിലൊന്നു പോകണം.! അവിടെ പുരുഷൻ സ്ത്രീക്കാണ് ധനം നൽകേണ്ടത്. പണവും സ്വത്തുമില്ലാത്തവന് അവിടെ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടാണ്.
പാപ്പുവാന്യൂഗിനിയിൽ അതുകൊണ്ടു തന്നെ ആണുങ്ങൾക്ക് വിവാഹം ചെലവേറിയതാണ്. രണ്ടു തരത്തിലുള്ള വിവാഹമാണ് അവിടെയുള്ളത്. ആചാര പ്രകാരമുള്ളതും സർക്കാർ നിയമമനുസരിച്ചുള്ളതും. ആദിവാസികൾ മിക്കവരും അതാതു ഗോത്രങ്ങളുടെആചാരമനുസരിച്ചാണ് വിവാഹിതരാകുന്നത്. വിവാഹപ്രായമായാൽ പെൺകുട്ടികളെ അവരുടെ ഗോത്രവേഷമണിഞ്ഞ് പൊതുസ്ഥലത്തു കൊണ്ടു നിർത്തുന്നു. ബന്ധുക്കൾ ആടിയും പാടിയും യുവാക്കളെ ആകർഷിക്കും. പ്രായപൂർത്തിയായ ആൺകുട്ടികൾ അവരുടെ ബന്ധുക്കളുമായി വന്ന് പുരുഷധനം ഓഫർ ചെയ്യും. പണം, പന്നി, ആട് എന്നിവയാണ് സാധാരണയുള്ള ഓഫർ. പണമാണെങ്കിൽ 3000 കിനാ (ഒരു കിന 25 രൂപ) മുതൽ മൂന്ന് ലക്ഷം കിനവരെ ഓഫർ നൽകാറുണ്ട്. ഏറ്റവും കൂടിയ ഓഫർ നൽകിയ ആൾക്ക് കല്യാണം കഴിപ്പിച്ച് കൊടുക്കുന്നതാണ് ഇവിടുത്തെ രീതി. മടിയൻമാർക്കും ദരിദ്രർക്കും പെണ്ണ് കിട്ടില്ലെന്നർത്ഥം.
ചില സ്ഥലങ്ങളിൽ യുവാക്കൾ യുവതികളുടെ വീട്ടിൽ വന്ന് വിവാഹ അഭ്യർത്ഥന നടത്താറുണ്ട്. യുവതിയുടെ വീട്ടുകാർക്ക് താല്പര്യമുണ്ടെങ്കിൽ യുവാവിന്റെ വീട്ടുകാർ പുരുഷ ധനവുമായി യുവതിയുടെ വീട്ടിലെത്തും. അത് യുവതിയുടെ വീട്ടുകാർ അനുവദിച്ചാൽ വിവാഹം നടത്തും. മോതിരം, കല്ലുമാല എന്നിവ അണിയിക്കുന്നതാണ് വിവാഹ ചടങ്ങ്. ചടങ്ങിനു ശേഷം ബന്ധുക്കളോടൊപ്പം യുവതി യുവാവിന്റെ വീട്ടിലേക്ക് പോകും. അടുത്ത ദിവസങ്ങളിൽ ബന്ധുവീടുകളിലും അയൽവാസികൾക്കും പന്നിയിറച്ചി വിതരണം ചെയ്യും. വിവാഹ ധനമായി നൽകുന്ന വസ്തുവിനെ ആശ്രയിച്ചാണ് കല്യാണം അറിയപ്പെടുന്നത്. കോഴി കല്യാണം, പന്നി കല്യാണം....... അങ്ങനെ പലതരം കല്യാണങ്ങൾ !! മാസമുറ വന്നാൽ സ്ത്രീകൾ വീട്ടിന് പുറത്താകും. മിക്കപ്പോഴും പന്നികൂട്ടിനുള്ളിലാകും അവരുടെ വിശ്രമം. നാലാം നാൾ ഭർത്താവ് പ്രത്യേക ചെടി കൊണ്ടു കൊടുക്കും. അത്ചവച്ചരച്ച് വീട്ടിനകത്ത് തുപ്പിയാൽ അയിത്തം മാറിയെന്നാണ് വിശ്വാസം. പ്രസവം കഴിഞ്ഞാൽ ഭാര്യയും ഭർത്താവുംവേറെ താമസിക്കുന്ന ഗോത്രങ്ങളുണ്ട് . ആൺകുട്ടിയെ അച്ഛനും പെൺകുട്ടിയെ അമ്മയും നോക്കും. പുരുഷൻമാർക്ക് ഒന്നിൽ കൂടുതൽ വിവാഹമാകാം. അത്രയും പുരുഷ ധനം നൽകണമെന്ന് മാത്രം. ഭാര്യമാരെ തല്ലുന്ന ഭർത്താക്കൻമാർക്ക് കാലിലെ ഞരമ്പ് മുറിച്ച് നടക്കാൻ പറ്റാതെയാക്കുന്നതാണ് ഗോത്ര ശിക്ഷ. ഭാര്യമാർ പിണങ്ങി പോയാൽ ഭർത്താവ് ചെന്ന് മാപ്പ് പറഞ്ഞ് കൂട്ടി കൊണ്ടുവരണമെന്നാണ് ഗോത്ര നിയമം.
ഭക്ഷണരീതി
കിഴങ്ങുകൾ, ചേന, കാച്ചിൽ എന്നിവ ചുട്ടുതിന്നുന്നതാണ് ഇവർക്കിഷ്ടം. ഇതിനായി ചെറിയ കുഴിയെടുത്ത് അതിൽ തീയിൽ ചുട്ട കല്ല് വെച്ച് അതിനു മുകളിൽ പ്രത്യേക തരം പച്ചില അട്ടി വെക്കുന്നു. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവ അതിനു മുകളിൽ വിതറി വീണ്ടും ഇലകൊണ്ട് വീണ്ടും മൂടും. ഇറച്ചിവേവിക്കാൻ ഇതിനുമുകളിൽ അട്ടിയായി ഇറച്ചി നിരത്തി വീണ്ടും മത്തൻ വള്ളിചെടി അരിഞ്ഞത് വിതറും. മണ്ണ് പറ്റാതിരിക്കാൻ കട്ടിയിൽ ഇറച്ചിക്കു മുകളിൽ വീതിയുള്ള ഇലവിതറും. അതിനു മുകളിൽ മണ്ണിട്ട് മൂടും. രണ്ട് മണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കിയാൽ കല്ലിന്റെ ചൂടിൽ എല്ലാം വെന്തിരിക്കും. ഇലകളിലാണ് ഭക്ഷണം വിളമ്പുന്നത്. വിവാഹങ്ങളിൽ ഭക്ഷണമൊരുക്കുന്നതും ഈ രീതിയിലാണ്.
ജൈവ വൈവിധ്യം
ലോകത്തിന്റെ മൊത്തം ജൈവ വൈവിധ്യത്തിന്റെ ഏഴ് ശതമാനവും ഇവിടെ കാണാം. തീരവും കുന്നുകളും, മലകളും, അരുവികളും, മുഴവനവും കണ്ടൽക്കാടുകളും ഒക്കെ ചേർന്ന പാപ്പുവ ന്യൂഗിനി ബയോഡൈവർ സിറ്റിയുടെ ഹോട്ട്സ്പോട്ട് ആണെന്നതിൽ സംശയമില്ല. ഒന്നരലക്ഷം പ്രണികളും 314 ഇനം ശുദ്ധജല മത്സ്യങ്ങളും 740 വർഗത്തിൽപ്പെട്ട പക്ഷികളും 276 വർഗത്തിൽപ്പെട്ട സസ്തനികളും 11000 ഇനം ചെടികളും അടങ്ങുന്നതാണ് ഇവിടുത്തെജൈവ വൈവിധ്യം. കര, ശുദ്ധജലം, കടൽ, ദേശാടന പക്ഷികൾ എന്നിവ ഉൾപ്പെടുന്ന 740 ഇനം പക്ഷികളെ പാർപ്പിക്കുന്ന പാപുവ ന്യൂഗിനിയ ദ്വീപ് പക്ഷി പ്രേമികളുടെ പറുദീസയാണ്. ഇതിൽ ഏറ്റവും പ്രശസ്തമായത് പറുദീസയിലെ പക്ഷികൾ എന്നറിയപ്പെടുന്ന നാൽപ്പത് ഇനം പക്ഷികളിൽ മുപ്പത്തിയെട്ടും ഇവിടെയാണ്. പറുദീസയിലെ പക്ഷികൾക്ക് പുറമേ, ട്രില്ലറുകൾ, ത്രഷുകൾ, ഷ്റൈക്ക്സ്, കുക്കു-ഷ്റൈക്ക്സ്, ലോഗ് റണ്ണേഴ്സ്, വാർബ്ലറുകൾ തുടങ്ങി നിരവധി പക്ഷികളുടെയും ആവാസ കേന്ദ്രമാണ് പി.എൻ.ജി. ദ്വീപിലെ മഴക്കാടുകളിൽ പലതരം തത്തകൾ, മൂങ്ങകൾ, കിംഗ്ഫിഷറുകൾ, മൈനകൾ, ഓറിയോൾസ്, കൊക്കറ്റൂകൾ, വേഴാമ്പലുകൾ, ഇരപിടിയൻ പക്ഷികൾ, പ്രാവുകൾ (ഏറ്റവും പ്രശസ്തമായത് വിക്ടോറിയൻ ക്രൗൺ പിജിയൺ) എന്നിവയും കാണാം. ലോകത്തെ ഏറ്റവും വലിയ മീൻ കൊത്തിയായ കുക്കുബറ മീൻ കൊത്തിയെ ഇവിടെ മാത്രം കാണുന്ന പക്ഷിയാണ്.
ഉയർന്ന പ്രദേശങ്ങളിലെ പച്ചപ്പ് നിറഞ്ഞ മഴക്കാടുകൾ മുന്നൂറിലധികം പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ഇതിൽപത്ത് ഇനം പറുദീസ പക്ഷികൾ ഉൾപ്പെടെ നമുക്ക് ഇവിടെ കാണാം. ബ്രൗൺ സിക്കിൾബിൽ, സ്റ്റെഫാനിസ് അസ്ട്രാപ്പിയ, ബ്ലാക്ക് സിക്കിൾബിൽ, ബഫ്-ടെയിൽഡ് സിക്കിൾബിൽ, ഷോർട്ട്-ടെയിൽഡ് പാരഡിഗല്ല, തുടങ്ങിയ ഇനങ്ങളെ കൂടാതെ പറുദീസയിലെ സാക്സണി ബേർഡ് രാജാവ്, പറുദീസയിലെ സൂപ്പർബ് ബേർഡ്,
റിബൺ-ടെയിൽഡ് അസ്ട്രാപ്പിയ, ബ്രെംസ് ടൈഗർ പാരറ്റ്, തുടങ്ങിയ ഇനങ്ങളെയും ഇവിടെ കാണാൻ കഴിയും. ഈസ്റ്റേൺ ക്രെസ്റ്റഡ് ബെറിപെക്കർ, വെളുത്ത ചിറകുള്ള റോബിൻ എന്നിവയും സാധാരണമാണ്. പാപ്പുവ ന്യൂഗിനിയയുടെ ദേശീയ പക്ഷിയായ റഗ്ഗിയാന ബേർഡ് ഓഫ് പാരഡൈസിനെ കാണാൻ ഞങ്ങൾ പോർട്സ്മോബിക്കടുത്തുള്ള വേറിരാറ്റ നാഷണൽ പാർക്കിലേക്ക് പോയി. ലോകത്തെ ഒരേയൊരു വിഷമുള്ള പക്ഷി പിറ്റോഹൂയി ഇവിടെയാണ് ഞങ്ങൾ കണ്ടത്. പറുദീസയുടെ നീല പക്ഷിയെ കാണാൻ കഴിയുന്ന ഒരു കുന്നിൻ ചരിവ് ഞങ്ങൾ സന്ദർശിച്ചു. കുറെ കാത്തിരുന്നശേഷം നീലപക്ഷിയേയും കാണാൻ കഴിഞ്ഞു. സാക്സണി ബേർഡ്സ് ഓഫ് പാരഡൈസിലെ അതിഭയങ്കരനായ രാജാവിനെ, അസാധാരണമാം വിധം നീളമുള്ള തല തൂവലുകളോടെ കാണുന്നത് അതിശയകരമാണ്.
തുടരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.