മനോഹരിയായ ഫുജൈറ ഖിദ്ഫ ബീച്ച്
text_fieldsടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘എമിറേറ്റ്സ് വില്ലേജ്’ ന്റെ ഭാഗമായ ഖിദ്ഫ ബീച്ചിന്റെ പണിപൂര്‍ത്തിയായി. കഴിഞ്ഞ ആഴ്ച പൊതുജനങ്ങള്‍ക്കായി ബീച്ച് തുറന്നുകൊടുത്തു. ഫുട്ബോള്‍, വോളിബോൾ എന്നിവ കളിക്കാന്‍ സൗകര്യത്തിനു ഒരുക്കിയ കോര്‍ണിഷ്, കുട്ടികള്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ വിവിധങ്ങളായ കളി സ്ഥലങ്ങള്‍, ജോഗിങ് ട്രാക്ക്, വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ എല്ലാമായി അധിമനോഹരമാക്കിയിട്ടുണ്ട് ബീച്ച്.
ഫുജൈറയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരെ ഫുജൈറയുടെയും ഖൊര്ഫക്കാനിന്റെയും ഇടയിലായാണ് ഈ ബീച്ചിന്റെ സ്ഥാനം. ഖിദ്ഫയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമെല്ലാമായി നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഖിദ്ഫ ഫെസ്റ്റിവലിന്റെ ഭാഗമായി സ്വദേശികളായ സ്ത്രീകള്‍ നടത്തുന്ന പരമ്പരാഗത ഭക്ഷണ സ്റ്റാളുകളും നിരവധി മറ്റു ഫുഡ് സ്റ്റാളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
‘എമിറേറ്റ്സ് വില്ലേജ്’ എന്ന പദ്ധതിയിലൂടെ വലിയൊരു വികസന കുതിപ്പിനാണ് ഫുജൈറ ഖിദ്ഫ സാക്ഷ്യം വഹിക്കുന്നത്. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്മെന്റ് ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആണ് കഴിഞ്ഞ വർഷം ‘എമിറേറ്റ്സ് വില്ലേജസ്’ എന്ന പദ്ധതിയുടെ ഭാഗമായി ഫുജൈറ എമിറേറ്റ്സിലെ ഖിദ്ഫയില്‍ ഈ പദ്ധതിക്ക് ആരംഭം കുറിക്കുന്നത്.
എല്ലാ ഇമാറാത്തി പൗരന്മാർക്കും മാന്യമായ ജീവിതം ഉറപ്പാക്കുകയും സാമ്പത്തികവും വിനോദസഞ്ചാരവുമായ വികസനം ഗ്രാമങ്ങളില്‍ നടപ്പാക്കുക എന്നതാണ് ‘എമിറേറ്റ്സ് വില്ലേജസ്’ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യു.എ.ഇ യില്‍ നടപ്പാകുന്ന ആദ്യ പദ്ധതിയാണ് ഖിദ്ഫയിലേത്.
പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിച്ചും വിവിധ മാധ്യമ ങ്ങളെ ഉപയോഗിച്ച് പ്രൊമോട്ട് ചെയ്തും പ്രതിവർഷം ഒരു ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഖിദ്ഫ മേഖല വികസന പദ്ധതി ലക്ഷ്യമിടുന്നു. മേഖലയിലെ 200 യുവതീ യുവാക്കളെ പരിശീലിപ്പിക്കുന്നതിനൊപ്പം യുവജനങ്ങൾക്കായി 50 വികസന പദ്ധതികൾ ആരംഭിക്കുന്നത്തിനും പദ്ധതി ആലോചിക്കുന്നു. ഏകദേശം 380,000 വീടുകൾക്ക് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 10 ബില്യൺ ദിർഹം പവർ പ്ലാന്റും ഇതില്‍ ഉള്‍പ്പെടുന്നു.
അറബിക്കടലിന്റെ തീരത്ത് വ്യാപിച്ചുകിടക്കുന്ന പ്രദേശമായതിനാല്‍ പ്രകൃതിദത്തവും പാരിസ്ഥിതികവുമായ ഘടകങ്ങളെ ആശ്രയിച്ച് രണ്ട് കിലോമീറ്റർ നീളത്തില്‍ നിര്‍മിക്കുന്ന വാട്ടർഫ്രണ്ട് പാര്‍ക്കും വനവത്ക്കരണവും എല്ലാം ഈ പ്രദേശത്തെ വന്‍ വിനോദസഞ്ചാര, വാണിജ്യ കേന്ദ്രമാക്കും. ഇത് സന്ദർശകർക്ക് അതിമനോഹരമായ അനുഭവം തന്നെയായിരിക്കും പ്രദാനം ചെയ്യുക. മേഖലയിലെ കാർഷിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുകയും ബിസിനസ് കാർഷിക കരകൗശല മേഖലയില്‍ വൈദഗ്ദ്ധ്യം നേടുന്നതിന് യുവാക്കളെ ശാക്തീകരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
വിദൂര തൊഴില്‍ സാധ്യത കണ്ടെത്തുന്നതിനുതകുന്ന രീതിയില്‍ ഉള്ള ഈത്തപ്പഴ ഫാക്ടറികള്‍ മറ്റു സംരംഭങ്ങളും ഇവയില്‍ പെടുന്നു. രാജ്യത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സുസ്ഥിര വികസന മാതൃക അവതരിപ്പിച്ചുകൊണ്ട് യു.എ.ഇ നേതൃത്വത്തിന്റെ വികസന കാഴ്ചപ്പാട് കൈവരിക്കുന്നതിലെ ഒരു പുതിയ നാഴികക്കല്ലുകൂടിയാണ് ‘എമിറേറ്റ്സ് വില്ലേജസ്’ പദ്ധതി.
പ്രാദേശിക കമ്യൂണിറ്റികളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്താനും ഫെഡറൽ, പ്രാദേശിക സർക്കാരുകൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര വികസന മാതൃക മുന്നോട്ട് കൊണ്ടുപോകാനും ഇത് ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.