സഞ്ചാരികൾ നിറഞ്ഞു; പാപനാശം ബീച്ച് പ്രതാപത്തിലേക്ക് ഉണരുന്നു
text_fieldsവര്‍ക്കല (തിരുവനന്തപുരം): കോവിഡ് ലോക്ഡൗൺ നീക്കി പാപനാശം ഉണർന്നു. ആഭ്യന്തര സഞ്ചാരികളാൽ നിറഞ്ഞ അവധി ദിവസങ്ങളിൽ പാപനാശം പഴയ പ്രതാപത്തിലേക്ക് ആവേശത്തോടെ ഉണരുകയും ചെയ്തു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ചുവടുപിടിച്ചാണ് ഇപ്പോൾ എല്ലാദിവസവും തീരത്തേക്ക് ആഭ്യന്തര വിനോദസഞ്ചാരികൾ കൂട്ടമായെത്തുന്നത്.
പത്തുമാസത്തെ ലോക്ഡൗണിൽ ഇളവ് വന്നതോടെയാണ് വിനോദസഞ്ചാര കേന്ദ്രം ഉണർന്നത്. പ്രതിസന്ധിയിലൂടെ നീങ്ങിയിരുന്ന വർക്കലയിലെ വിനോദസഞ്ചാരമേഖലക്ക് ഇത് ഉന്മേഷം നിറച്ച് പുത്തനുണര്വേകിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ പ്രത്യേകിച്ചും ഞായറാഴ്ചകളിൽ തീരം പഴയ പ്രതാപം വീണ്ടെടുത്തനിലയിലാണ്.
വൻതോതിൽ ഒഴുകിയെത്തുന്ന തദ്ദേശീയരായ സഞ്ചാരികള്‍ പാപനാശം തീരത്തിനും ടൂറിസം മേഖലക്കും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. കോവിഡും വിദേശവിനോദസഞ്ചാരികള് എത്താത്തതും കാരണം വിജനമായി നടുവൊടിഞ്ഞ വിനോദസഞ്ചാരമേഖലക്ക് കൈവന്ന അപ്രതീക്ഷിത പിടിവള്ളിയായിരിക്കയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവ്.
ക്രിസ്മസ്- പുതുവത്സര വാരത്തില്‍ അദ്ഭുതപ്പെടുത്തും വിധമാണ് ആൾക്കൂട്ടം ഒഴുകിനിറഞ്ഞത്. വൻതോതിലുള്ള തിരക്കാണ് പാപനാശം തീരത്തും കുന്നിൻമുകളിലും അനുഭവപ്പെട്ടത്. വൈകുന്നേരങ്ങളിൽ കടൽത്തീരം സഞ്ചാരികളാല്‍ നിറയുന്ന കാഴ്ച നാട്ടുകാരിലും ആവേശം നിറച്ചു.
കേരളത്തിെൻറ വിവിധ പ്രദേശങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. ആഭ്യന്തര സഞ്ചാരികളുടെ വരവുണ്ടായതോടെ പാപനാശം മേഖലയില്‍ അടഞ്ഞുകിടന്ന പകുതിയോളം റസ്റ്റാറൻറുകളും റിസോര്‍ട്ടുകളും പുതിയ പ്രതീക്ഷയോടെ തുറന്നിരുന്നിട്ടുണ്ട്. ഒരുവർഷമായി അടഞ്ഞുകിടന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥർക്ക് ആശ്വാസമേകുന്ന കാഴ്ചയാണ് രണ്ടാഴ്ചയായി പാപനാശത്ത് കാണുന്നത്.
റിസോര്‍ട്ടുകളില്‍ നല്ല ബുക്കിങ്ങും റസ്റ്റാറൻറുകളില് ആഭ്യന്തരസഞ്ചാരികളുടെ തിരക്കുമുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് കച്ചവടസ്ഥാപനങ്ങള്‍ക്കും നല്ല ബിസിനസ് ലഭിച്ചു. കോവിഡിനുശേഷം റിസോര്‍ട്ട് മേഖലയില്‍ ഇത്തരമൊരു ഒരുണര്‍വുണ്ടായത് ആദ്യമായാണ്.
കോവിഡ് കാലത്തും 127 വിദേശികള്‍ വര്‍ക്കലയില്‍ തങ്ങിയിരുന്നു. ഇതുപോലെ രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളില്‍ തങ്ങിയിരുന്ന നിരവധി വിദേശികള്‍ പുതുവത്സരാഘോഷത്തിന് വര്‍ക്കലയിലെത്തിയിരുന്നു. ഉത്തരേന്ത്യയില്‍ തണുപ്പായതോടെയാണ് അവിടങ്ങളിൽ തങ്ങിയിരുന്ന സഞ്ചാരികള്‍ വർക്കലയിലേക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.