സൈക്കിളിൽ ഈജിപ്തിലേക്ക് ഹാഫിസ്
text_fieldsതിരുവനന്തപുരം: ഉന്നത പഠനത്തിനായി ഈജിപ്തിലേക്ക് സൈക്കിൾ ചവിട്ടാൻ മംഗളൂരു സ്വദേശിയായ 21കാരൻ ഹാഫിസ് അഹമ്മദ് സാബിത്ത്. സാമൂഹികസേവനത്തിൽ ബിരുദപഠനം കഴിഞ്ഞ ഹാഫിസ് ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ ഉന്നതപഠനം നടത്താനാണ് വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിച്ചത്.
രണ്ട് ഭൂഖണ്ഡങ്ങളും 11 രാജ്യങ്ങളും 15,000 കിലോമീറ്ററും 200 ദിവസം കൊണ്ട് താണ്ടുകയാണ് ലക്ഷ്യമെന്ന് ഹാഫിസ് അഹമ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, കശ്മീർ, ലഡാക്ക് വഴി സഞ്ചരിച്ച് പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ജോർദാൻ, ഇസ്രയേൽ വഴിയാണ് ഈജിപ്തിലെത്തുക.
മക്കയും മദീനയും സന്ദർശിച്ച് ഹജ്ജും ഉംറയും നിർവഹിക്കണമെന്ന ഹാഫിസിന്റെ ആഗ്രഹസാഫല്യത്തിനും യാത്ര അവസരമൊരുക്കും. ഓരോ പ്രദേശത്തെയും സംസ്കാരങ്ങൾ കണ്ടും പഠിച്ചും അനുഭവിച്ചുമുള്ള ആത്മീയ, പഠന യാത്ര കൂടിയാണിതെന്ന് കാസർകോട് ജില്ലയിൽ പഠിച്ച, മലയാളം സംസാരിക്കുന്ന ഹാഫിസ് പറഞ്ഞു.
നേരത്തെ കേരളത്തിലുടനീളം നടത്തിയ സൈക്കിൾ സവാരിയാണ് ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള യാത്രക്ക് പ്രചോദനം. ഏകദേശം 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന യാത്രക്ക് ഇൻഡസ് സൈക്കിളിങ് എംബസി എന്ന സംഘടനയുടെ പിന്തുണയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.