ഹരിഹർ ഫോർട്ടും അതിലേറെ പേടിപ്പിക്കുന്ന ഭാസ്കർ ഘട്ടും
text_fieldsഅഗുംബെയിലെ മഴക്കാലം ആസ്വദിച്ച് മഹാരാഷ്ട്രയിലേക്ക് ട്രെയിൻ കയറാൻ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ കാത്തിരിപ്പാണ്. കൃത്യസമയത്തു തന്നെ മംഗള എക്സ്പ്രസ് എത്തിച്ചേർന്നു. ട്രെയിനിൽ കയറി വേഗം മുകളിലെ ബർത്തിൽ കിടന്ന് നന്നായി ഉറങ്ങി. വടപാവ് വടപാവ് എന്നുള്ള വിളി കേട്ടാണ് പിന്നീട് ഉറക്കമുണരുന്നത്.
ട്രെയിൻ യാത്രകളിൽ കർണാടകയും ഗോവയും കഴിഞ്ഞാൽ ഏതൊരു സഞ്ചാരികൾക്കും സുപരിചിതമായ കാഴ്ചയാണ് വട പാവുമായി ട്രെയിനിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കച്ചവടക്കാർ. ട്രെയിൻ ഏതെങ്കിലും സ്റ്റേഷനിൽ നിർത്തിയാൽ പിന്നെ പറയുകയും വേണ്ട. ചായയും വട പാവുമായി വരുന്ന കച്ചവടക്കാരും കുട്ടയും വട്ടിയുമായി റിസർവേഷൻ സീറ്റുകളിൽ ലോക്കൽ ടിക്കറ്റുമായി അധികാരത്തോടെ ഇരിപ്പുറപ്പിക്കുന്ന ഗ്രാമീണ ജനതയുമൊക്കെ പതിവ് കാഴ്ചകളാണ്.
കൊങ്കൺ പാതയിലൂടെ കുതിച്ചുപായുന്ന ട്രെയിനിന്‍റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. മഴയിൽ കുതിർന്നുകിടക്കുന്ന കൊങ്കൺ പാതയുടെ ചെറുതും വലുതുമായ ഗുഹകളിലൂടെ ട്രെയിൻ കൂകിപ്പാഞ്ഞ് പുറത്തേക്ക് കടക്കുമ്പോൾ ചുറ്റും മഞ്ഞിന്‍റെ പുകപടലം തന്നെയാണ്. കരകവിഞ്ഞൊഴുകുന്ന നദികളും മലയിടുക്കിലൂടെ തെന്നിവീഴുന്ന ജലകണികകളും കോരിച്ചൊരിയുന്ന മഴയും. മൺസൂണിന്‍റെ തനത് ഭംഗി കാണണമെങ്കിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൊങ്കൺ പാതയിലൂടെ യാത്ര ചെയ്താൽ മതി. കൊങ്കൺ ഓരോ സമയത്തും ഓരോരോ കാഴ്ചകൾ സമ്മാനിച്ചുകൊണ്ടേയിരിക്കും.
ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞുമൂടിയ പാതകളെ കീറിമുറിച്ചു പോകുന്ന കാഴ്ചകൾ ആണെങ്കിൽ ഫെബ്രുവരി - ഏപ്രിൽ വരെയുള്ള സമയത്ത് വരണ്ടുണങ്ങി കിടക്കുന്ന താഴ്വരകളും പാടങ്ങളിൽ മേഞ്ഞുനടക്കുന്ന കാലിക്കൂട്ടങ്ങളും കൊടുംചൂടിനെ വകവെക്കാതെ പണിയെടുക്കുന്ന കർഷകരെയുമൊക്കെയാണ് കാണാൻ കഴിയുക. മഴക്കാലത്ത് ആകട്ടെ, കോടയിൽ മുങ്ങി മഴയിൽ വിറങ്ങലിച്ചു നിൽക്കുന്ന മരങ്ങളും പർവതനിരകളെയുമെല്ലാം സമ്മാനിക്കും.
ത്രയംബകേശ്വറിലെ ഐതിഹ്യം
വൈകുന്നേരം അഞ്ചു മണിയോടെ ട്രെയിൻ മഹാരാഷ്ട്രയിലെ നാസിക് സ്റ്റേഷനിൽ എത്തിച്ചേർന്നു. പുറത്തിറങ്ങിയപ്പോൾ തന്നെ ടാക്സി ഡ്രൈവർമാർ ഒന്നിനുപിറകെ ഒന്നായി പൊതിയാൻ തുടങ്ങി. റെയിൽവേ സ്റ്റേഷനിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള ത്രയംബകിൽനിന്നു വേണം ഹരിഹർ ഫോർട്ടിന്‍റെ ബേസ് വില്ലേജിലേക്കെത്താൻ. സംസാരിച്ച കൂട്ടത്തിൽ ഒരുവിധം നല്ലതാണെന്നു തോന്നിയ ടാക്സി പിടിച്ച് ത്രയംബകേശ്വർ ക്ഷേത്രത്തിലെത്തി.
ടാക്സി ഡ്രൈവർ അവിടെത്തന്നെ റൂമും ശരിയാക്കി തന്നു. ഏഴുപേർക്ക് രണ്ട് ബെഡ്‌റൂം തന്നെ ധാരാളം. ഒരു റൂമിനു 400 രൂപ മാത്രമുള്ളൂ. ക്ഷേത്രദർശനത്തിന് വരുന്നവരാണ് ഇവിടെ കൂടുതലും റൂം എടുക്കുന്നത്. കൊള്ള ലാഭമൊന്നും ആരിൽനിന്നും അവർ വാങ്ങുന്നില്ല. പിറ്റേന്ന് രാവിലെ ആറിന് തന്നെ ക്ഷേത്രനടയിൽ വരാമെന്ന് പറഞ്ഞു ടാക്സി ഡ്രൈവർ തിരികെ പോയി.
അന്ന് സന്ധ്യക്ക് ക്ഷേത്ര പരിസരവും അമ്പലക്കുളവും കാണാനായി ഇറങ്ങി. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലം കൂടിയാണ് ത്രയംബകേശ്വർ. ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിനു ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ചയുണ്ടായി എന്നും ആ വരൾച്ചയിൽ ജീവജാലങ്ങളെ രക്ഷിക്കാനായി ഗൗതമ ഋഷി ഭഗവാൻ ശിവനെ തപസ്സ് ചെയ്യാനാരംഭിച്ചു എന്നുമാണ് വിശ്വാസം. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണഭാരതത്തെ വരൾച്ചയിൽനിന്ന് രക്ഷിക്കാൻ ഗോദാവരി നദിയെ സൃഷ്ടിക്കുകയുമായിരുന്നു.
ഗൗതമന്‍റെ പ്രാർത്ഥന മാനിച്ച് ശിവഭഗവാൻ ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്ത് ജ്യോതിർ ലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വർ ജ്യോതിർലിംഗം. ഭാരതത്തിൽ സ്ഥിതിചെയ്യുന്ന 12 ശിവ ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ഒരുപാടു നേരമൊന്നും ചെലവഴിക്കാതെ വേഗം റൂമിലേക്ക് പോയി. നേരത്തെ ഉറങ്ങി പുലർച്ചെ എഴുന്നേൽക്കണം. ആറു മണിക്ക് തന്നെ ഡ്രൈവർ വണ്ടിയുമായി വന്നു. നേരം പുലർന്നു വരുന്നതേയുള്ളൂ. മഴ തകർത്തു പെയ്യുന്നു. പോകുന്ന വഴിയരികുകളിൽ എല്ലാം പച്ചപ്പുല്ലുകൾ ഇടതൂർന്നു നിൽക്കുന്നു. ഇടക്ക് കുത്തനെ നിൽക്കുന്ന പാറക്കൂട്ടങ്ങളും പർവതങ്ങളുടെ മുകൾഭാഗവും കോടമഞ്ഞിൽ ഒളിച്ചിരിക്കുകയാണ്. ഉദയ സൂര്യനും അങ്ങനെതന്നെ മേഘത്തിനുള്ളിൽ എവിടെയോ തലതാഴ്ത്തിയിരുപ്പുണ്ട്. മഴയുടെ ശക്തി കൂടിയപ്പോൾ വണ്ടിയുടെ വിൻഡോ ഗ്ലാസുകൾ താഴ്ത്തിയിട്ടു.
പുറത്ത് എങ്ങും പുകപടലം മാത്രം. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഹരേശ്വർവാഡിയിലെത്തി. ഇവിടെ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്. ഹരിഹർ ഫോർട്ട് ട്രക്കിങ്ങിന് രണ്ട് ബേസ് ക്യാമ്പുകളുണ്ട്. നിർഗുഡ് പാഡയും ഹരേശ്വർവാഡിയും. നിർഗുഡ് പാഡയിലേക്ക് ഷെയർ ജീപ്പ് കിട്ടും. പക്ഷേ ഹരേശ്വർ വാഡിയിലേക്ക് ടാക്സി മാത്രമേ കിട്ടുകയുള്ളൂ. ഒന്നിലധികം പേർ ഒരുമിച്ച് പോവുകയാണെങ്കിൽ ടാക്സി ആണ് കൂടുതൽ ലാഭം.
ഹരേശ്വർവാഡി ഗ്രാമത്തിലൂടെ ഹരിഹർ ഫോർട്ട് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഉത്തരേന്ത്യൻ ദരിദ്ര ഗ്രാമങ്ങളെ പറ്റി കേട്ടിട്ടേയുള്ളൂ. കണ്ടറിഞ്ഞപ്പോൾ അത് എത്രത്തോളം സത്യമാണെന്ന് മനസ്സിലായി. വൈദ്യുതി പോലും എത്താത്ത ഈ ഗ്രാമങ്ങളിൽ ചുടുകട്ട കൊണ്ട് നിർമിച്ച ചെറിയ ചെറിയ വീടുകളും ചുള്ളിക്കമ്പിനു മേലെ കളിമണ്ണ് കുഴച്ചുതേച്ച കൂരകളും. അടുപ്പിച്ചു അടുപ്പിച്ചുള്ള വീടുകളിൽ പലതിനും ശൗചാലയങ്ങളോ മറപ്പുരകളോ ഉണ്ടായിരുന്നില്ല. വീടുകളുടെ അതിരുകൾ വേർതിരിച്ചിട്ടുമില്ല. വീടുകളുടെ ഇടയിലൂടെ ഇടുങ്ങിയ ഇടവഴികൾ കാണാം. ഒരു വീട് പോലും സിമന്‍റ് തേച്ചതായി കണ്ടില്ല. കൃഷിയും കാലി വളർത്തലുമാണ് പ്രധാന ഉപജീവനം.
ചെളിയും ചാണകവും നിറഞ്ഞ ഗ്രാമവീഥികളിലൂടെ മുന്നോട്ട് നടന്നു. ചെറിയ കുട്ടികൾ ചെളിയിൽ പൂണ്ടു തുള്ളിക്കളിക്കുന്നു. വീടിനു വെളിയിൽ തലങ്ങും വിലങ്ങും കാലികൾ കൂട്ടമായും ഒറ്റക്കും മേയുന്നുണ്ട്. വികസനം ഒന്നും കടന്നുവരാത്ത ദാരിദ്ര്യം വിളിച്ചോതുന്ന ഗ്രാമങ്ങൾ തന്നെയാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. ദാരിദ്ര്യത്തിന്‍റെ ശോക ഭാവങ്ങൾ ഒന്നും മുഖത്തു പ്രകടിപ്പിക്കാതെ മഴയെയും ചെളിയും അവഗണിച്ചുകൊണ്ട് വെള്ളത്തിൽ കുത്തിമറിഞ്ഞു പൊട്ടിച്ചിരിക്കുന്ന നിഷ്കളങ്ക ബാല്യങ്ങൾ മനസ്സിനു സന്തോഷത്തിന്‍റെ നിമിഷങ്ങൾ വാരിവിതറി.
പിന്നെയും കുറച്ചുദൂരം നടന്നു. ആദ്യത്തെ തട്ട് കഴിഞ്ഞു രണ്ടാമത്തെ തട്ടിലേക്കെത്തിയപ്പോൾ ഹരിഹർ ഫോർട്ടിന്‍റെ മുകൾഭാഗം കണ്ടുതുടങ്ങി. പെട്ടെന്നുതന്നെ കോട വന്നു ആ കാഴ്ച മറച്ചു. ചെങ്കുത്തായ തട്ടുകളും പാടങ്ങളും ചെറു അരുവികളും താണ്ടി അവസാനം ഹരിഹർ ഫോർട്ടിന്‍റെ ചുവട്ടിലെത്തി. സമയം എട്ടു മണി ആകുന്നതേയുള്ളൂ. സഞ്ചാരികൾ ആരും എത്തി തുടങ്ങിയിട്ടില്ല. ആദ്യത്തെ അതിഥികൾ നമ്മൾ തന്നെയാണ്.
ഹരിഹർ ഫോർട്ടിന്‍റെ ചരിത്രം
നാസിക്കിൽനിന്നും ഹരിഹർ ഫോർട്ടിന്‍റെ ബേസ്ക്യാമ്പായ ഹരേശ്വർ വാഡിയിലേക്ക് 48 കിലോമീറ്ററും ത്രയംബകേശ്വറിൽനിന്നും 13 കിലോമീറ്റർ ദൂരവുമുണ്ട്. അവിടെനിന്നും രണ്ടു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ ഹരിഹർ ഫോർട്ടിന്‍റെ ചുവട്ടിലെത്താം. മറാത്ത സാമ്രാജ്യത്തിലെ അധിപനായ ഛത്രപതി ശിവജി മഹാറാണയുടെ പ്രധാന കാവൽ കോട്ടകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് ഹരിഹർ ഘട്ട് എന്നറിയപ്പെടുന്ന ഈ ഹരിഹർ ഫോർട്ട്.
യാദവവംശ കാലത്താണ് ഈ കോട്ടയുടെ നിർമാണം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. നിരവധി യുദ്ധങ്ങൾക്ക് മൂകസാക്ഷിയായ ഹരിഹർ ഫോർട്ടിന്‍റെ കൽപ്പടവുകളിൽ നിരവധി പടയാളികളുടെ ചോരയാണ് ചിന്തിയിട്ടുള്ളത്. മഹാരാജ ശിവജിയിൽനിന്നും കോട്ട പിടിച്ചെടുക്കാൻ നടത്തിയ ആക്രമണങ്ങളിൽ നിരവധി ബ്രിട്ടീഷ് പടയാളികളുടെ ചോരയും ഇവിടെ വീണു. 1818ൽ ബ്രിട്ടീഷ് ക്യാപ്റ്റനായ ബ്രിഗ്സ് പിടിച്ചെടുത്ത ഹരിഹർ ഫോർട്ടിനെ തിരിച്ചെടുക്കാൻ നടത്തിയ പോരാട്ടത്തിൽ ആയിരക്കണക്കിനു മറാത്താ പടയാളികളുടെ ജീവൻ പൊലിഞ്ഞ കഥകളും പറയാനുണ്ട്.
സമുദ്രനിരപ്പിൽനിന്നും 3676 അടി ഉയരത്തിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. 80 ഡിഗ്രിയോളം ചെരിഞ്ഞ് പാറയിൽ കൊത്തിയുണ്ടാക്കിയ 117 കൽപ്പടവുകൾ വഴി ഒരു സമയം ഒരാൾക്ക് മാത്രമാണ് കയറാനാവുക. കയറുമ്പോൾ ഒരിക്കലും തിരിഞ്ഞു താഴോട്ടു നോക്കരുതെന്ന് മുന്നേ പോയ ചില യാത്രികർ പറഞ്ഞിട്ടുണ്ട്. കാരണം അഗാധമായ കൊക്കയുടെ കാഴ്ച നമ്മളെ പേടിപ്പെടുത്തി മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തും. ഓരോ സ്റ്റെപ്പിനും മുകളിലായി ചെറിയ രണ്ട് വിടവുകളുണ്ട്. അതിലൂടെ കൈ അള്ളിപ്പിടിച്ചു ഓരോ കാലും മുകളിലേക്ക് വെച്ച് കോട്ടയിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങി.
താഴേക്ക് നോക്കിയാൽ തൊട്ടുപിറകെ വരുന്നവരെ പോലും കാണാൻ പറ്റുന്നില്ല. അത്രമേൽ മഞ്ഞു വന്നു മൂടിയിരിക്കുന്നു. പാറകളിൽ നിറയെ വെള്ളമാണ്. മുകളിൽ നിന്നും വെള്ളം ചെറിയ തോതിൽ സ്റ്റെപ്പുകളിലൂടെ ഒഴുകി വരുന്നുണ്ട്. നിരന്തരമായ മഴ കാരണം സ്റ്റെപ്പുകളിൽ നിറയെ പായലും വഴുക്കലും ഉണ്ട്. അതിനാൽ ശ്രദ്ധിച്ച് മാത്രം പതിയെ പതിയെ പിന്നിലേക്ക് നോക്കാതെ മുകളിലേക്ക് കയറി. ആദ്യത്തെ പടവുകൾ കയറി കോട്ട വാതിലും പിന്നിട്ടു കുറച്ചു ദൂരം കുനിഞ്ഞ് ഒരു ചെരുവിലൂടെ ചെറിയ വളവു തിരിഞ്ഞു പിന്നെയും പടവുകൾ കയറണം.
രണ്ടാമത്തെ പടവുകൾ പാറയുടെ ഉൾഭാഗം തുരന്നു കൊത്തിയുണ്ടാക്കിയതാണ്. ആദ്യത്തെ പടവുകളുടെ അത്രയും ബുദ്ധിമുട്ട് ഇല്ലാത്തതിനാൽ പെട്ടന്ന് കയറി മുകളിലേക്കു എത്തിചേർന്നു. പ്രതീക്ഷിച്ചതിനേക്കാൾ വിശാലമായ സ്ഥലമായിരുന്നു മുകൾ ഭാഗത്ത്. അവിടെനിന്ന് നോക്കിയാൽ ഹരേശ്വർ വാഡിയിലെയും നിർഗുഡ് പാഡയിലെയും കൃഷിത്തോട്ടങ്ങളും സോപ്പുപെട്ടി പോലെ അടുക്കിവെച്ച വീടുകളും ദൂരെയായി കിടക്കുന്ന ഗ്രാമപ്രദേശങ്ങളും ചെറു പട്ടണങ്ങളും കാണാൻ കഴിയും. ഇടതു ഭാഗത്തേക്ക് നോക്കിയാൽ പച്ചപ്പട്ട് വിരിച്ചു തലയുയർത്തി നിൽക്കുന്ന ബ്രഹ്മ പർവതവും പിരമിഡ് പോലെയുള്ള ചെത്തി മിനുക്കിയ ഫാനി കുന്നുകളും മനോഹരമായ നവ്ര നവ്രി പർവത നിരയും കാണാം.
അൽപ്പം അകലെയായി പടയാളികൾ ആയുധങ്ങൾ സംഭരിച്ചിരുന്ന ആയുധപ്പുരയും കുളവുമുണ്ട്. കോടയും മഴയും മാറി മാറി വരുന്നു. ശക്തമായ കാറ്റിൽ ഏറ്റവും നെറുകയിലുള്ള പാറക്കെട്ടിന് മുകളിലായി ഛത്രപതി ശിവജിയുടെ ചിത്രമുള്ള പതാക പാറി പറക്കുന്നുണ്ട്.
പേടിപ്പിച്ച കുരങ്ങൻമാർ
കുറച്ചുനേരം ചെലവഴിച്ചു അവിടത്തെ കാഴ്ചകൾ കണ്ടു തിരികെ ഇറങ്ങാൻ തുടങ്ങി. കയറുന്നതിനെക്കാൾ ദുഷ്കരമായിരുന്നു ഇറങ്ങിവരുമ്പോൾ. കൽപ്പടവിന്‍റെ അരികുകളിലായി നിരവധി കുരങ്ങൻമാർ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ചെറിയ ചുവപ്പ് കളറും നാട്ടു കുരങ്ങിനെ അപേക്ഷിച്ച് വലിപ്പവും കൂടുതലാണ് അവക്ക്. ഏകദേശം പകുതി ദൂരം എത്തിയപ്പോൾ എന്‍റെ തോളത്ത് കിടന്ന ചെറിയ ബാഗിൽ ഭക്ഷണം ഉണ്ടെന്നു കരുതി കുരങ്ങുകൾ കൂട്ടത്തോടെ അടുത്തേക്ക് വന്നു. രണ്ടു മൂന്നെണ്ണം എന്‍റെ ബാഗ് തട്ടിപ്പറിക്കാൻ മുതുകത്തേക്ക് ചാടാൻ തയാറെടുക്കുന്നു. കൈതട്ടി മാറ്റാനും പറ്റില്ല.
കൈവിട്ടുപോയാൽ അഗാധമായ കൊക്കയിലേക്കു വീഴും. കുരങ്ങൻ ആക്രമിച്ചാൽ പേടിച്ചു കൈ വിട്ടു ഞാൻ താഴേക്ക് പോകും. കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ തോന്നി. ബാഗ് അവിടെ ഊരി കളഞ്ഞാലോ എന്നുവരെ ആലോചിച്ചു. പക്ഷേ അതിനും പറ്റുന്നില്ല. രണ്ടുകൈയും പാറയുടെ വിടവുകളിൽ പിടിച്ചു നിൽക്കുമ്പോൾ ബാഗു ഊരുന്നത് എങ്ങനെ. വീണ്ടും കുരങ്ങ് ശക്തിയായി ചീറിക്കൊണ്ട് അടുത്തേക്ക് വരുന്നു. എന്‍റെ പേടി കണ്ടിട്ടാകാം തൊട്ടുതാഴെയുള്ള പാലക്കാട്ടുകാരൻ ഷറഫുദ്ദീൻ ഉറക്കെ വിളിച്ചു പറഞ്ഞു, 'പേടിക്കേണ്ട, അതൊന്നും ചെയ്യില്ല ബാഗ് മാത്രം നോക്കുള്ളൂ' എന്നൊക്കെ. അവന്‍റെ അലർച്ച കേട്ടിട്ടാണോ എന്തോ ചീറിപ്പാഞ്ഞുവന്ന കുരങ്ങ് രണ്ടടി പിന്നോട്ടുപോയി.
ആ സമയം ഞാൻ പെട്ടെന്ന് തന്നെ താഴേക്ക് കാൽ വെച്ച് വേഗം ഇറങ്ങി അവരോടു ഒപ്പമെത്തി. ആൾക്കൂട്ടം കണ്ടാൽ കുരങ്ങ് അധികം ശല്യം ഉണ്ടാക്കില്ല. ഈ സമയം അടുത്ത ടീമുകൾ കോട്ടയുടെ മുകളിലേക്ക് കയറിത്തുടങ്ങി. എല്ലാവരും നോർത്ത് ഇന്ത്യക്കാർ തന്നെ. മലയാളികൾ ഞങ്ങൾ മാത്രമേയുള്ളൂ.
വന്ന വഴിയേ തിരിച്ചുനടന്നു. പോകുന്ന വഴിയിൽ ഓല മറച്ചുള്ള ചെറിയ പെട്ടിക്കട തുറന്നിട്ടുണ്ട്. നാരങ്ങ വെള്ളവും ബിസ്‌ക്കറ്റും മാഗിയും മാത്രമേയുള്ളൂ. നമ്മളെ പോലെ ടൂറിസ്റ്റുകളുടെ വരുമാനം മാത്രമേയുള്ളൂ ആ പാവങ്ങൾക്ക്. ഹരേശ്വർ വാഡിയിലെ ബേസ് ക്യാമ്പിൽ എത്തി വണ്ടിയിലേക്ക് കയറി. പോകുന്ന വഴിയിൽ അടുത്തുള്ള ഏതോ വീട്ടിൽ ഉച്ചക്കുള്ള ഭക്ഷണം ഡ്രൈവർ പറഞ്ഞിരുന്നു. നല്ല ചൂട് ചപ്പാത്തിയും ആവിപറക്കുന്ന ദാൽ കറിയും കഴിച്ചു ഭാസ്‌കർ ഘട്ടിലേക്ക് യാത്രതിരിച്ചു.
ഭാസ്കർ ഘട്ട്
ഹരിഹർ ഫോർട്ടിലേക്കുള്ള യാത്രക്കിടയിലാണ് സുഹൃത്തും അധ്യാപകനുമായ ബേസിൽ ഭാസ്കർ ഘട്ട് എന്നപേരിൽ ഒരു സ്ഥലം ഉണ്ടന്ന് പറയുന്നത്. ഒട്ടേറെ നോർത്ത് ഇന്ത്യക്കാർ പോയി യുട്യൂബ് വീഡിയോ ചെയ്യുന്നുണ്ട്. പക്ഷേ, മലയാളികൾ ആരും ഇതുവരെ പോയി വ്ലോഗ് ചെയുകയോ ഫേസ്ബുക് പേജുകളിൽ എഴുതുകയോ ചെയ്തിട്ടില്ല. അതൊക്കെ കൊണ്ട് പോകാനുള്ള വഴിയും കൃത്യമായി അറിയില്ല. ഹരിഹർ ഫോർട്ടിലുള്ള ഏതെങ്കിലും ഗ്രാമവാസികളോട് വഴി ചോദിച്ചു പോകാമെന്നും പറഞ്ഞു. നമ്മുടെ വണ്ടിയിലെ ഡ്രൈവർക്കുപോലും ആ സ്ഥലത്തെ കുറിച്ച് അറിയില്ല.
ഹരേശ്വർ വാഡിയിലെ ഗ്രാമത്തിലേക്ക് എത്തിയപ്പോൾ വണ്ടി നിർത്തി. കൂട്ടത്തിൽ ഉണ്ടായിരുന്ന അമീർ അലി ഭാസ്കർ ഘട്ടിലേക്കുള്ള വഴി ചോദിച്ചു. അവന് മാത്രം ഹിന്ദി അറിയുകയുള്ളൂ. പക്ഷേ, ചോദിച്ചവരിൽ പലർക്കും അങ്ങനെ ഒരു സ്ഥലം അറിയില്ല. ഗൂഗിൾ മാപ് നോക്കിയിട്ടും കൃത്യമായ വഴി കാണുന്നില്ല. അങ്ങോട്ടേക്ക് പോകാനുള്ള ആഗ്രഹം ഉപേക്ഷിച്ചു നാസിക്കിലേക്ക് തിരികെ പോകാനൊരുങ്ങി. കുറച്ചു മുന്നോട്ട് ചെന്നപ്പോൾ ഗ്രാമം അവസാനിക്കുന്നിടത്ത് രണ്ടു മൂന്ന് പേർ നിൽപ്പുണ്ട്.
വണ്ടി നിർത്തി അവരോട് സംസാരിച്ചപ്പോൾ അവരിൽ ഒരാൾക്ക് ഈ സ്ഥലം അറിയാമെന്നു പറഞ്ഞു. ഗൈഡ് ഫീസ് ആയി 1000 രൂപ കൊടുക്കാമെന്നു പറഞ്ഞപ്പോൾ കൂടെ വണ്ടിയിൽ കയറി. കുറച്ചു ദൂരം വണ്ടി മുന്നോട്ടുപോയി. ഒരു പാടത്തിന്‍റെ അരികിലായി വണ്ടി നിർത്തി. ഇനി മൂന്ന് കിലോമീറ്റർ ദൂരം നടന്നു പോകണം. പച്ച വിരിച്ചുനിൽക്കുന്ന പുൽ മൈതാനത്തിലൂടെ നടത്തം തുടങ്ങി. ചെറിയ നൂൽ മഴയും മൈതാനത്തിന്‍റെ പച്ചപ്പും വേറിട്ടൊരു അനുഭവം തന്നെങ്കിലും പിന്നീട് ദുർഘടമായ പാതയിലേക്ക് കയറാൻ തുടങ്ങി.
ഹരിഹർ ഫോർട്ടിലേക്ക് പോകുന്ന പോലെ എളുപ്പമുള്ള വഴിയല്ല. തലക്ക് ഒപ്പം വളർന്നു നിൽക്കുന്ന കാട്ട് ചെടികൾ വകഞ്ഞുമാറ്റി ഗൈഡിനോടൊപ്പം പേരറിയാത്ത വഴികളിലൂടെ നടന്നു ഒരു വലിയ പർവതത്തിന്‍റെ ചുവട്ടിലൂടെ മുന്നോട്ടു പോയി. മലയുടെ മുകളിൽനിന്നും ശക്തിയായി വരുന്ന വെള്ളം തലയിലേക്ക് പതിച്ചപ്പോൾ കുളിരു മാത്രമല്ല നല്ല വേദനയും അനുഭവപ്പെട്ടു. തൊട്ടു മുന്നിൽ അരുവിയുണ്ട്. അത് മുറിച്ചു കടന്നു അപ്പുറത്തേക്ക് പോകണം. അരുവി മുറിച്ചു കടക്കുമ്പോൾ അത്യധികം സൂക്ഷിക്കണം. കാരണം കാലൊന്നു തെന്നി പോയാൽ താഴെ അഗാധമായ കുഴിയിലേക്കു വീഴും.
എല്ലാവരും ഇരുന്നു പതുക്കെ നിരങ്ങി അരുവി മുറിച്ചുകടന്നു. വീണ്ടും 500 മീറ്റർ നടന്നപ്പോൾ ഭാസ്കർ ഘട്ട് കണ്ടു തുടങ്ങി. ഒറ്റ നോട്ടത്തിൽ ഹരിഹർ ഫോർട്ട് പോലെ തോന്നുമെങ്കിലും അടുത്തേക്ക് എത്തുമ്പോൾ വേറെ ഒരു രൂപമാണ് അതിന്.
കരിങ്കല്ല് പാകിയ കൽപ്പടവിലൂടെ കയറി മുകളിലേക്കു പോകണം. പടവുകളിൽ നിന്നും ശക്തിയായി വെള്ളം ഒഴുകി താഴേക്ക് വരുന്നുണ്ട്. തിരികെ മടങ്ങുമ്പോൾ മഹാരാഷ്ട്രയിലെ അംബോളി വാട്ടർ ഫാൾസിലേക്ക് പോകാനുള്ള പ്ലാൻ ഉണ്ടായിരുന്നു. ഇത് കണ്ടപ്പോൾ അതങ്ങു പാടെ ഉപേക്ഷിച്ചു. കാരണം അംബോളിയിലുള്ള അതേ കാഴ്ചകൾ പ്രകൃതി ഇവിടേയും ഒരുക്കിത്തന്നിരിക്കുന്നു. വന്നതിനേക്കാൾ ബുദ്ധിമുട്ട് ആയിരുന്നു പടികളിൽനിന്നും മുകളിലേക്കു കയറുന്നത്. വെള്ളത്തിന്‍റെ ശക്തിയും പായലിന്‍റെ വഴുക്കലും കാരണം കോട്ടയുടെ ചുമരുകളിൽ പിടിച്ചു വളരെ ആയാസപ്പെട്ട് മുന്നോട്ടു കയറി.
കോട്ടവാതിൽ കഴിഞ്ഞാൽ പിന്നെ കോട്ട എന്ന് പറയാൻ പറ്റില്ല. അത്രമേൽ പരിതാപകരമാണ് അവസ്ഥ. പണ്ടെങ്ങോ സംഭവിച്ച ഉരുൾ പൊട്ടലിൽ കോട്ടയുടെ പകുതി ഭാഗങ്ങളും നശിച്ചുപോയി. കോട്ടവാതിലിന്‍റെ പകുതി ഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. മുളിലേക്കു പോകുബോൾ പടികൾ പകുതിയേ ഉള്ളു. ബാക്കിയുള്ളത് കുത്തൊഴുക്കിൽ ഇടിഞ്ഞുപോയി.
ആകെക്കൂടി ഒരു പ്രേതാലയം പോലെയുണ്ട്. സഞ്ചാരികൾ ആരും വരാത്തതിനാൽ പ്ലാസ്റ്റിക് പോലുള്ള മാലിന്യം എവിടെയുമില്ല. പകരം ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രം. മുകളിൽ കയറുമ്പോൾ ഒരു വലിയ കുളമുണ്ട്. ചുറ്റും കോടവന്നു മൂടിയതിനാൽ കോട്ടയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ ഒന്നും കാണാനാകുന്നില്ല. ഹരിഹർ ഫോർട്ടിൽനിന്നും നോക്കുമ്പോൾ കാണുന്ന അതേ കാഴ്ചകൾ തന്നെയാണ് ഇവടെയും ഉള്ളതെന്ന് കൂടെ വന്ന ഗൈഡ് പറഞ്ഞു. പക്ഷേ ഇതിന്‍റെ ചരിത്രം ഒന്നും അദ്ദേഹത്തിന് അറിയില്ല.
മഹാരാജ ശിവാജിയുടെ നശിച്ചുപോയ കോട്ടകളിൽ ഒന്നാണ് ഇതെന്ന് മാത്രം അറിയാം. നാല് മണി കഴിഞ്ഞപ്പോൾ തന്നെ കാറ്റും കോളും കൊണ്ട് അന്തരീക്ഷം പെട്ടന്ന് കറുത്ത് തുടങ്ങി. അതോടെ ഞങ്ങൾ തിരികെ മടങ്ങാൻ തുടങ്ങി. ഒരുപാട് നാളുകൾ കൊണ്ട് പ്ലാൻ ചെയ്ത ഹരിഹർ ഫോർട്ടും ഒറ്റ രാത്രി കൊണ്ട് പ്ലാൻ ചെയ്ത ഭാസ്കർ ഘട്ടും കീഴടക്കിയ സന്തോഷത്തോടെ നാസിക്കിനോട് വിട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.