തോണിക്കടവ് റിസർവോയറിലെ ഹൃദയ ദ്വീപ് വിനോദ സഞ്ചാര ശ്രദ്ധയിലേക്ക്
text_fieldsബാലുശ്ശേരി: തോണിക്കടവ് റിസർവോയറിലെ ഹൃദയദ്വീപ് വിനോദ സഞ്ചാര ശ്രദ്ധയിലേക്ക്. കല്ലാനോട് തോണിക്കടവിനടുത്ത് പെരുവണ്ണാമൂഴി റിസർവോയറിന് നടുവിൽ 15 ഏക്കറോളം വിസ്തൃതിയിൽ ഹൃദയ രൂപത്തിൽ നിലകൊള്ളുന്ന പ്രകൃത്യായുള്ള തുരുത്തിനെ വിനോദ സഞ്ചാര ശ്രദ്ധയിലേക്ക് കൊണ്ടു വരാനായി പദ്ധതികൾ കൊണ്ടുവരുമെന്ന് സചിൻ ദേവ് എം.എൽ.എ പറഞ്ഞു. നിലവിൽ ടൂറിസം കേന്ദ്രമായി മാറിയ തോണിക്കടവിന് സമീപത്തായി റിസർവോയറിന് നടുവിലാണ് ഹൃദയ ദ്വീപ് എന്നറിയപ്പെടുന്ന തുരുത്ത് നിലകൊള്ളുന്നത്. 30 വർഷം മുമ്പ് സാമൂഹിക വനവത്കരണത്തിെൻറ ഭാഗമായി വെച്ചുപിടിപ്പിച്ച അക്കേഷ്യ മരങ്ങളാണ് ഇവിടെയുള്ളത്.
കുറ്റിക്കാടുകൾ തഴച്ചുവളർന്നിട്ടുണ്ട്. മുകളിൽ നിന്നു നോക്കുമ്പോൾ ഹൃദയത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഈ പച്ചത്തുരുത്ത് ആരെയും ആകർഷിക്കുന്ന കാഴ്ചയാണ്. മുമ്പ് ഇവിടെ കാട്ടാടുകളെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. തോണിക്കടവ് ടൂറിസം കേന്ദ്രത്തിൽ നിന്നും ഹൃദയ ദ്വീപിലേക്ക് സസ്പെൻഷൻ ബ്രിഡ്ജ് നിർമിക്കാനാണ് പദ്ധതി. ഇത്രയും വിസ്തൃതിയിൽ ഹൃദയാകൃതിയിലുള്ള ദ്വീപ് വേറൊരിടത്തും ഇല്ലെന്നാണ് പ്രകൃതി സ്നേഹികൾ പറയുന്നത്.
ആഫ്രിക്കയിലുള്ള ഹൃദയ ദ്വീപിന് മൂന്ന് ഏക്കറോളം വിസ്തീർണമേ വരൂ എന്നാണ് പരിസ്ഥിതി വിദഗ്ധർ പറയുന്നത്. 2004-ൽ ആകാശക്കാഴ്ചയിലെടുത്ത ഒരു ഫോട്ടോയിൽ നിന്നാണ് തുരുത്തിന്റെ വ്യക്തമായ ഹൃദയാകൃതി ശ്രദ്ധയിൽപെട്ടത്. വയനാട്ടിലെ മേപ്പാടിക്കടുത്ത് ചെമ്പ്ര പീക്കിൽ ഹൃദയ തടാകമുണ്ട്. ഒട്ടേറെ വിനോദ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഇടമാണിത്. തോണിക്കടവിലെ ഹൃദയ ദ്വീപിലേക്കും സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കാതിരിക്കില്ല എന്ന വിശ്വാസത്തിലാണ് നാട്ടുകാർ.
വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തും
കൂരാച്ചുണ്ട്: തോണിക്കടവിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിന് ഹൃദയ ദ്വീപിെൻറ സാധ്യതകൾ തേടി അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. തോണിക്കടവിൽനിന്ന് ദ്വീപിലേക്ക് തൂക്കുപാലം നിർമിച്ചാൽ മനോഹരമായ കാഴ്ചകൾ കണ്ട് സഞ്ചാരികൾക്ക് ദ്വീപിലേക്ക് പോകാൻ കഴിയും. വെള്ളത്തിലൂടെ സഞ്ചരിക്കാൻ ചെറിയ ചങ്ങാടങ്ങളാണ് ഏറ്റവും ഉത്തമം.
ദ്വീപിനെ തികച്ചും പരിസ്ഥിതി സൗഹൃദമാക്കിയുള്ള വിശ്രമകേന്ദ്രങ്ങളും ഇരിപ്പിടങ്ങളുമാണ് നിർമിക്കുക. ഇതിനനുയോജ്യമായ രീതിയിൽ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതായി എം.എൽ.എ പറഞ്ഞു. ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം സഞ്ചാരികൾക്ക് തുറന്നുകൊടുത്തിരുന്നില്ല.
കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം ടി.എം.സി വിളിച്ചുചേർത്ത് ഉടനെ തോണിക്കടവ് സഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്ന് എം.എൽ.എ അറിയിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട, ഡി.ടി.പി.സി സെക്രട്ടറി ബീന, ഇറിഗേഷൻ എൻജിനീയർമാർ എന്നിവർ എം.എൽ.എയുടെ കൂടെ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.