ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ യാത്ര...
text_fieldsനോമ്പ് കാലത്തെ വടക്കേ ഇന്ത്യയെ നേരിൽ കാണാനായിരുന്നു ബംഗളൂരുവിലെ ഒരു സുഹൃത്തുമായി ഹിന്ദിയുടെ ഹൃദയ ഭൂമികയിലേക്ക് വണ്ടി കയറിത്. ഒരു പാട് പേരിലൂടെ കേട്ടറിഞ്ഞ ദില്ലിയിലെയും രാജസ്ഥാനിലെയുമൊക്കെ സഹ്രിയിലും ഇഫ്താറിലുമൊക്കെ ഒന്നു കൂടണം. ജാതി, മതഭേദമില്ലാതെ ദേശങ്ങളുടെ അതിര്‍വരമ്പുകളില്ലാതെ ജനങ്ങളെ ഒന്നടങ്കം ആത്മീയതയുടെ ഊര്‍ജപ്രവാഹത്തിലേക്ക് ആവാഹിച്ച, സമാധാനത്തിന്റെയും ശാന്തിയുടെയും ശബ്ദമായ സൂഫിവര്യന്മാരുടെ ദർഗകളിൽ സന്ദർശിക്കണം. പിന്നെ ഒരു പ്ലാനുമില്ലാതെ കുറച്ചങ്ങു അലയണം. ബംഗളൂരുവിൽനിന്ന് ഡൽഹിയിലെ നിസാമുദ്ധീനിലേക്ക് പോകുന്ന കർണാടക സപ്ക്രാന്തിയിൽ യെഷ്വന്തപുരയിൽനിന്നും കേറി. സീറ്റുമില്ല, ബർത്തുമില്ല. നോമ്പുമെടുത്തു ജനറൽ ബോഗിയിൽ തിങ്ങി ഞെരുങ്ങി ഒരു യാത്ര. അതും കഠിന ചൂടും. രണ്ടു ദിവസം നീണ്ട ഈ യാത്രയ്ക്ക് അറുതിയായത് ഉത്തർപ്രദേശിലെ ആഗ്രയിൽ.
നേരം വെളുക്കുന്നെ ഉളളൂ. വെയ്റ്റിങ് റൂമിൽ പോയി ഫ്രഷ് ആയതിനു ശേഷം നിസ്കാരവും കഴിഞ്ഞു നേരെ താജിലേക്ക്. കഴിഞ്ഞ പ്രാവിശ്യത്തെ പോലെ താജ്മഹലിനുള്ളിൽ കയറി കാണാൻ ഇത്തവണ പറ്റിയില്ല. വെള്ളിയാഴ്ച്ച ആയതു കൊണ്ടു അടഞ്ഞുകിടക്കുകയാണ്. വെള്ളിയാഴ്ച ദിനങ്ങളിൽ താജ്മഹലിൽ സന്ദർശകർക്ക് അനുമതി ഇല്ലെന്നുള്ള കാര്യം നേരത്തെ അറിയില്ലായിരുന്നു. അന്നത്തെ ദിവസം അവിടെയുള്ള മുസ്ലിങ്ങൾക്ക് ജുമുഅക്ക് വേണ്ടി വിട്ടു കൊടുക്കും. പ്രദേശവാസികൾക്കല്ലാതെ ആർക്കും അവസരമുണ്ടായിരുന്നില്ല. എങ്കിലും നമ്മൾ നിരാശരായില്ല. ചെങ്കോട്ടയുടെ ഓരം ചേർന്ന്, പൗരാണികത നിറഞ്ഞു തുളുമ്പുന്ന ആഗ്ര നഗരത്തിലൂടെ മെഹ്താ ബാഗിലെത്തി നമ്മൾ താജ്മഹൽ സന്ദർശിച്ചു. യമുനയുടെ തീരത്തു നിന്നു താജിന്റെ ചാരത്തു ഒരു കിടിലൻ വ്യൂ പോയന്റ്. ബാറ്ററി റിക്ഷയിൽ പഴമ ഓതുന്ന നഗരത്തിന്റ പ്രൗഢിയും ആസ്വദിച്ചു യമുനക്ക് കുറുകെയുള്ള ഇടുങ്ങിയ പാലത്തിലൂടെയുള്ള പൊളിപ്പൻ യാത്രയും.
താജ് സന്ദർശനത്തിന് ശേഷം ആഗ്ര ഫോർട്ടിലേക്ക് നടന്നിട്ടാണ് പോയത്. സ്വല്പം ദൂരമുണ്ടെങ്കിലും ആഗ്രയുടെ തെരുവോരങ്ങൾ കാണാനും സംസ്കാര ശൈലികൾ അറിയാനും നടത്തമാണ് ഉചിതം. മുഗൾ ചക്രവർത്തി അക്ബർ ആഗ്രയിൽ പണി കഴിപ്പിച്ച കോട്ടയാണ് ആഗ്ര കോട്ട. ആഗ്രയിലെ ചെങ്കോട്ട എന്നും അറിയപ്പെടുന്ന ഈ കോട്ട 1983-ൽ യുനെസ്കോയുടെലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയതാണ്. ലോകമഹാത്ഭുതമായ താജ്മഹലിന് രണ്ടര കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മുഗൾ ഭരണത്തിനു കീഴിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയായായിരുന്നു ഇത്. അക്ബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ് സാമ്രാജ്യം ഭരിച്ചത്. സാമ്രാജ്യത്തിന്റ ഏറ്റവും വലിയ ഖജനാവും ഇവിടെയായിരുന്നു. അതിശയിപ്പിക്കുന്ന ശിൽപ്പചാരുതകൾ നമുക്കിവിടെ ദർശിക്കാൻ കഴിയും. കോട്ടയുടെ മട്ടുപ്പാവിൽ നിന്നും താജിന്റെയും യമുനയുടെയും വിദൂര ദൃശ്യവും ഭംഗിയേറിയതാണ്. കോട്ടയിൽ നിന്ന് ഇറങ്ങുമ്പോഴേക്ക് ജുമുഅയുടെ സമയം ആയിരുന്നു. റംസാനിലെ ആദ്യത്തെ ജുമുഅ അങ്ങനെ ആഗ്രയിൽ നിന്നാക്കി. ജുമുഅ കഴിഞ്ഞ ഉടനെ ഡൽഹിയിലേക്ക് ബസ് കയറി.
യമുന എക്സ്പ്രസ് ഹൈവയിലൂടെ എസി ബസിൽ വെറും 300 രൂപക്ക് സുഖ, സുന്ദര യാത്ര. നോമ്പിന്റെ ക്ഷീണം പെട്ടന്ന് തന്നെ ഉറക്കിലേക്ക് നയിച്ചു. ഉറക്കം ഞെട്ടിയപ്പോഴേക്കും രാജ്യതലസ്ഥാനത്തിലേക്ക് പ്രവേശിച്ചിരുന്നു. ബസ് ഇറങ്ങി നേരെ ഇന്ത്യാ ഗേറ്റിലേക്ക് വിട്ടു. ഓട്ടോയിലാണ് പോയത്. ഇന്ത്യാ ഗേറ്റ് പരിസരത്തു നിന്നു തന്നെ നോമ്പും മുറിച്ചു. മെഹബൂബെ ഇലാഹി എന്ന പേരിലറിയപ്പെടുന്ന ദിവ്യ പ്രണയത്തിന്റെ അമരക്കാരൻ നിസാമുദ്ധീൻ ഔലിയയുടെ സവിധത്തിലേക്കാണ് പിന്നെ പോയത്. ഇവരിലൂടെയാണ് ആമിർ ഖുസ്രു അടക്കമുള്ളവർ ദിവ്യപ്രണയത്തിന്റെ പൊരുളറിയുന്നത്. രാജ്യത്തിന്റെ ഭരണ കേന്ദ്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടമാണ് നിസമുദ്ധീൻ ഔലിയയുടെ ദർഗ്ഗ. ആധുനിക ഇന്ത്യയുടെ ഭരണ കേന്ദ്രത്തിൽ തന്നെയാണ് ഇത്. അൽഹംദുലില്ലാഹ്, തറാവീഹ് നമസ്കാരം ചരിത്ര പ്രസിദ്ധമായ, 1644-56 AD കാലയളവിൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ഡൽഹി ജുമാമസ്ജിദിൽ നിന്ന് തന്നെ നിർവഹിക്കാനായി.
ചെങ്കോട്ടയും ഹ്യൂമയൂണ് ടോമ്പും കുതുബ് മീനാറും ലോട്ടസ് ടെമ്പിളും ഒക്കെയായി പിറ്റേന്നും ഡൽഹിയിൽ സജീവമാക്കി.രാത്രി പിങ്ക് സിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ജയ്പൂരിലേക്ക് ബസ് കയറി. സുന്ദരമായ ജയ്പൂർ കോട്ടയും മരുഭൂ അനുഭവങ്ങൾ സമ്മാനിച്ച സപുഷ്കർ ഡിസേർട്ട് ഏരിയയുമൊക്കെ സന്ദർശിച്ചു അജ്മീറിലേക്ക്. ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ട നഗരം. ചൗഹാന് രാജവംശത്തിന്റെ തലസ്ഥാനം. ഇടുങ്ങിയ വഴികളും പുഴപോലെ ഇടതടവില്ലാതെ ഒഴുകുന്ന ആള്‍ക്കൂട്ടവും ഇരുവശവുമുള്ള കടകളും താണ്ടി അജ്മീര്‍ ദര്‍ഗ ഷെരീഫില്‍. ലോകത്തിലെ സുപ്രധാന ദർഗകളിൽ ഒന്നാണ് അജ്മീര്‍ ദര്‍ഗ. ഖ്വാജ മൊയ്നുദീന് ചിസ്തിയുടെ അത്മീയവിശുദ്ധി നിറഞ്ഞുനില്ക്കുന്ന മണ്ണ്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഖ്വാജ അജ്മീറില്‍ താമസമാക്കുന്നത്. മാര്‍ബിളില്‍ ഒരുക്കിയ ദര്‍ഗയുടെ പ്രധാന കവാടം ഹൈദ്രാബാദ് നിസാം പണി കഴിപ്പിച്ചതാണ്. ചന്ദനത്തിരികളുടെയും വിവിധ പുഷ്പങ്ങളുടെയും ഗന്ധം അന്തരീക്ഷമാകെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്.
ദര്‍ഗയിലേക്കു പ്രവേശിക്കുന്ന അനേകം തീർത്ഥാടകർകിടയിലൂടെ ഞങ്ങളും അകത്തേക്ക്. എന്തെന്നില്ലാത്ത സമാധാനം പകരുന്ന ഒരു നിശ്ശബ്ദത ഞങ്ങളെ പൊതിഞ്ഞു. പ്രാര്‍ഥനാ നിരതരായി, നിശ്ശബ്ദരായി നിരവധി പേര് വിശാലമായ മുറ്റത്ത് ഇരിക്കുന്നു.ഗരീബ് നവാസ് ഖ്വാജാ തങ്ങളുടെ ഖബറിടമാണിവിടെ. പേര്‍ഷ്യയില്‍ നിന്നും മുഹമ്മദ് ഘോറിക്കൊപ്പം ഇന്ത്യയിലെത്തിയ സൂഫിവര്യൻ. ഒരു ദിവസം മുഴുവനായി അജ്മീറിൽ തന്നെ ചിലവഴിച്ചു. അജ്മീറിൽ ആദ്യമല്ലെങ്കിലും ഓരോ തവണയും വല്ലാത്ത അനുഭൂതി തന്നെയാണ്.
അനാസാഗർ അടക്കമുള്ള സമീപ പ്രദേശങ്ങളിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊക്കെ പോയി. മടങ്ങുമ്പോള്‍ മനസ്സില്‍ എ.ആർ റഹ്മാന്റെ ഗാനം നിറഞ്ഞു നിലക്കുകയാണ്. ‘ഖ്വാജാ മേരെ ഖ്വാജാ’ അജ്മീര്‍ യാത്ര ഒരു പ്രതേക ഫീൽ തരുന്ന യാത്ര തന്നെയാണ്. മനസ്സിനു കരുത്തേറ്റുന്ന എന്തോ ഒന്ന് അജ്മീറില്‍ നിന്നു നമുക്കു കിട്ടുന്നുണ്ട്. ശാന്തിയുടെ വെയില് നാളങ്ങള്‍ മനസ്സിനെ പൊതിയുന്നുണ്ട്. അതായിരിക്കണം ദിനേനെ പതിനായിരങ്ങൾ മത വേർതിരിവുകളൊന്നുമില്ലാതെ ഇവിടെ സന്ദർശിക്കുന്നത്.
അജ്മീറിൽ നിന്ന് നേരെ മുംബൈയിലേക്ക്
കാലി ബോഗിയിൽ സുഖമായുള ഒന്നര ദിവസത്തെ യാത്ര. രാജസ്ഥാനിലെയും ഗുജറാത്തിലെയും ചൂടിന്റെ തീഷ്ണത ശരിക്കും അനുഭവിച്ച സമായങ്ങളായിരുന്നു അത്. പലപ്പോഴും തോർത്ത് മുണ്ട് നനച്ചു ശരീരത്തിൽ ഇടേണ്ടി വന്നു. നോമ്പ് മുറിക്കാൻ അസ്തമയ സമയത്തിനു വേണ്ടി കാത്തിരുന്ന പോലെയുള്ള കാത്തിരിപ്പ് വല്ലാത്ത ഒരു അനുഭവം ആയിരുന്നു. രാവിലെയാണ് മുംബൈ എത്തിയത്. മുംബൈ സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങിയ നമ്മൾ നേരെ ഹാജി അലി ദർഗയിലേക്ക് പോയി. വിശ്രമവും ഫ്രഷ് ആകലും ഒക്കെ അവിടുന്നായിരുന്നു.
കടലിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദർഗയാണ് ഹാജി അലി. പതിനഞ്ചാം നൂറ്റാണ്ടിൽ ലോകം ചുറ്റിക്കറങ്ങിയ ശേഷം മുംബൈയിൽ താമസമാക്കിയ സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാരിയുടെ ദർഗയുടെ നിർമാണം 1431ലാണ് പൂർത്തിയായത്. സമീപ കാലത്തു വിവാദ വിഷയമായി ന്യൂസ് ചർച്ചകളിൽ സജീവമായ സ്ഥലമാണിത്. അറേബ്യൻ കടലിൽ 500 അടി ഉള്ളിലേക്കുമാറി വർളി തീരത്താണ് ദർഗ. ഗേറ്റ് വേ ഓഫ് ഇന്ത്യയും താജ് ഹോട്ടലും സീ ലിങ്ക് ബ്രിഡ്ജും ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാറാവിയും ഒക്കെ കണ്ടു രാത്രിക്കുള്ള കൊച്ചുവേളി സമ്മർ സ്പെഷൽ ട്രെയിനിൽ നാട്ടിലേക്ക് കയറി. ഛത്രപതി ശിവാജി ടെർമിനലിൽ നിന്ന് കേറി ലോകത്തിലെ ഏറ്റവും സുന്ദരമായ റയിൽപാതകളിലൊന്നായ കൊങ്കണിലൂടെ നാട്ടിലേക്ക്..
മഹാരാഷ്ട ഗോവ കർണ്ണാടക സംസ്ഥാനങ്ങളിലൂടെ 714 കി മീ ദൂരം 2000 പാലങ്ങൾ അതിൽ ചിലത് ലോകത്തിൽ െവച്ചുതന്നെ ഏറ്റവും പൊക്കമുള്ളതും. ചെറുതും വലുതുമായ 100 തുരങ്കങ്ങൾ. പ്രവചനാതീതമായ കാലാവസ്ഥ. മഞ്ഞും മഴയും കടൽ തീരങ്ങളും വനങ്ങളും വെള്ളച്ചാട്ടങ്ങളുടേയും അകമ്പടി. ഇതൊക്കെ തന്നെയാണ് ഈ റെയിൽ പാതയെ വേറിട്ട ലോകോത്തരമായ മനോഹര പാതയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.