ഇതാ, ഖർദുങ് ലായെക്കാൾ ഉയരത്തിലുള്ള ഇന്ത്യയിലെ അഞ്ച് റോഡുകൾ
text_fieldsഓരോ സഞ്ചാരിയുടെയും വികാരമാണ് ഒരിക്കലെങ്കിലും ലഡാക്ക് സന്ദർശിക്കുകയും ലോകത്തിലെ ഉയരം കൂടിയ റോഡുകളിലൊന്നായ ഖർദുങ് ലായിലൂടെ വാഹനമോടിച്ച് പോകണമെന്നുമുള്ളത്. മഞ്ഞുമലകളും സാഹസികതയും നിറഞ്ഞ ഈ റോഡിലൂടെ യാത്ര ചെയ്യാൻ മാത്രമായി നിരവധി പേരാണ് ഓരോ വർഷവും ഇവിടേക്ക് എത്താറ്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാരയോഗ്യമായ പാത എന്ന റെക്കോർഡ് ഇതിനാണെന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ടായിരുന്നു. 17,582 അടിയാണ് ഖർദുങ് ലായുടെ യഥാർത്ഥ ഉയരം. ഇതിനേക്കാൾ ഉയത്തിലുള്ള ഇന്ത്യയിലെ അഞ്ച് റോഡുകളെ ഇവിടെ പരിചയപ്പെടാം.
1. ഉംലിംഗ് ലാ - 19,300 അടി
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാതയെന്ന റെക്കോർഡ് കഴിഞ്ഞയാഴ്ചയാണ് ഉംലിംഗ് ലാ സ്വന്തമാക്കിയത്. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിലുള്ള പാതയുടെ ഉയരമാണ് ഉംലിഗ് ലാ മറികടന്നത്. ലഡാക്കിൽ ചൈനീസ് അതിർത്തിയോട് ചേർന്നാണ് ഈ പാത. ചിസുംലെ, ഡെംചോക്ക് എന്നീ രണ്ട് മനോഹരമായ ഗ്രാമങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു. ഈ വഴിയിലൂടെ യാത്ര ചെയ്യാൻ ഇന്ത്യൻ സൈന്യത്തിന്‍റെ അനുമതി ആവശ്യമാണ്.
2. ദുൻഗ്രി ലാ, 18406 അടി
ഉത്തരാഖണ്ഡിൽ തിബറ്റ് അതിർത്തിയോട് ചേർന്നാണ് ഈ പാതയുള്ളത്. മന പാസ് എന്നും ഇത് അറിയപ്പെടുന്നു. തലസ്ഥാനമായ ഡെഹ്റാഡൂണിൽനിന്ന് 382 കിലോമീറ്റർ അകലെയാണ് ഈ പാത. ഇങ്ങോട്ടുള്ള വഴിയിലാണ് ബദ്രീനാഥും അളകനന്ദയുമെല്ലാം. ദുൻഗ്രി ലാ സന്ദർശിക്കാനും സൈന്യത്തിന്‍റെ മുൻകൂർ അനുമതി ആവശ്യമാണ്.
3. ഫോട്ടി ലാ, 18124 അടി
ദക്ഷിണ ലഡാക്കിലുള്ള ചംഗ്താങ് മേഖലയിലെ മനോഹരമായ പാതയാണിത്. ഈ വഴിയിൽ തന്നെയാണ് ഹാൻലെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള മൊണാസ്ട്രി ഏറെ പ്രസിദ്ധമാണ്. ഇൗ പാതയിലൂടെ സന്ദർശിക്കാനും അനുമതി ആവശ്യമാണ്. ലേയിൽനിന്ന് ഏകദേശം 270 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
4. കക്സാങ് ലാ, 17841 അടി
ലഡാക്കിലെ മറ്റൊരു മനോഹരമായ പാതയാണിത്. ചംഗ്‌താങ് മേഖലയിലാണ് ഈ പാതയുള്ളത്. ഏറെ സാഹസികത നിറഞ്ഞ റോഡാണിത്. വിദേശികൾക്കും ഇവിടേക്ക് പ്രവേശനം ലഭിക്കും. ലേയിൽനിന്ന് 200 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
5. ചാങ് ലാ, 17586 അടി
ലേയിൽനിന്ന് അതിപ്രശസ്തമായ പാങ്കോങ് തടാകത്തിലേക്കുള്ള വഴിയിലാണ് ചാങ് ലാ സ്ഥിതി ചെയ്യുന്നത്. ഖർദുങ് ലായെക്കാൾ ഏകദേശം 300 അടി മാത്രമാണ് ഉയരക്കൂടുതലുള്ളത്. ഇവിടേക്ക് ലേയിൽനിന്ന് 70 കിലോമീറ്റർ ദൂരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.