ചരിത്രം പഠിക്കാൻ കുട്ടികൾക്ക് സ്റ്റഡി ടൂർ
text_fieldsകൂട്ടുകാരേ, കൊറോണക്കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചിരിക്കുകയല്ലേ എല്ലാവരും.
ഈ അവധിക്കാലത്ത് കങ്ങളിൽ പരാമർശിച്ച കേരളത്തിലെ
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കാണാൻ പോയാലോ? ആനന്ദവും അറിവും പകരുന്ന
ഒരു ചരിത്രവിനോദയാത്ര പോകാൻ പ്രചോദനമേകുന്ന ചില സ്ഥലവിവരങ്ങൾ ഇതാ...
കണ്ണൂര്‍: സെൻറ് ആഞ്ചലോ ഫോര്‍ട്ട്
കണ്ണൂരില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെ അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കോട്ടയാണ് സെൻറ് ആഞ്ചലോ ഫോര്‍ട്ട് (കണ്ണൂര്‍ കോട്ട). 1498ല്‍ വാസ്കോഡ ഗാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍, കോലത്തിരി രാജാവ് വാസസ്ഥലം പണിയുന്നതിനായി പോർചുഗീസുകാര്‍ക്ക് ഭൂമി നല്കി. 1505 ഒക്ടോബര്‍ 23ന് അദ്ദേഹം പോർചുഗീസുകാരനായ ഫ്രാന്‍സിസ്കോ ഡി അല്‍മേഡക്ക്, സ്ഥലത്ത് ഒരു കോട്ട പണിയാനുള്ള അനുമതി നല്കി.
1505 ഒക്ടോബര്‍ 30നാണ് കോട്ടയുടെ നിർമാണം പൂര്‍ത്തിയായത്. 1663ൽ ഡച്ചുകാര്‍, പോർചുഗീസുകാരില്‍നിന്ന് കോട്ട പിടിച്ചെടുത്തു. അവര്‍ കോട്ടയെ ആധുനീകരിക്കുകയും ഹോളണ്ടിയ, സീലാണ്ടിയ, ഫ്രൈസ്ലാന്ഡിയ എന്നീ കൊത്തളങ്ങള്‍ നിർമിക്കുകയും ചെയ്തു. ഡച്ചുകാര്‍ 1772ല്‍ അറക്കല്‍ രാജാവ് അലി രാജക്ക് ഈ കോട്ട വിറ്റു. 1790ല്‍ ബ്രിട്ടീഷുകാര്‍ ഇത് പിടിച്ചെടുക്കുകയും 1947 വരെ മലബാറിലെ തങ്ങളുടെ പ്രധാന സൈനികകേന്ദ്രമായി ഉപയോഗിക്കുകയും ചെയ്തു. കണ്ണൂര്‍ കേൻറാണ്‍മെൻറ് ഏരിയയിലാണ് കോട്ട സ്ഥിതിചെയ്യുന്നത്.
കോഴിക്കോട്: ദേവമാതാപള്ളി
കോഴിക്കോടിെൻറ ചരിത്രത്തിനൊപ്പം ചേർത്തുവായിക്കുന്നതാണ് ദേവമാതാപള്ളിയും. ബീച്ച് റോഡിനരികിൽ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന ദേവമാതാപള്ളി കോഴിക്കോട് നഗരത്തിലെ ആദ്യ ക്രൈസ്തവ ദേവാലയംകൂടിയാണ്. നടുവിലെ താഴികക്കുടവും തലയുയർത്തിനിൽക്കുന്ന ഗോപുരസമാനമായ എടുപ്പുകളുമുള്ള പള്ളി വലിയ പള്ളി എന്നാണ് അറിയപ്പെടുന്നത്. പള്ളിച്ചുമരിലെ 200 വർഷത്തിലധികം പഴക്കമുള്ള കന്യാമറിയത്തിെൻറ ചിത്രവും ചരിത്രം വിളിച്ചോതുന്നു.
അൾത്താരയുടെ സമീപം പൂർവികരായ മൂന്നു ബിഷപ്പുമാരുടെ ഭൗതികദേഹം അടക്കംചെയ്ത് ലാറ്റിൻ ഭാഷയിൽ അവരുടെ പേരുവിവരങ്ങൾ പ്രത്യേകം എഴുതിയ ഫലകം നിലത്ത് വിരിച്ചിരിക്കുന്നത് കാണാം. 1599ൽ അന്നത്തെ സാമൂതിരി രാജാവാണ് അദ്ദേഹത്തിെൻറ അധീനതയിലുള്ള സ്ഥലത്ത് ദേവമാതാപള്ളി പോർചുഗീസുകാർക്ക് പണിതുകൊടുത്തത്.പിന്നീട് ഗോവ അതിരൂപതയുടെ അധിപൻ അലക്സിയോ ഡി മെനസീസാണ് പള്ളി പുതുക്കിപ്പണിതത്. 1724ൽ പള്ളി വീണ്ടും വിപുലീകരിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാ ൻഡിൽനിന്നും റെയിൽവേ സ്റ്റേഷനിൽനിന്നും ഇവിടേക്ക് ഓട്ടോയിൽ എത്തിച്ചേരാം. റെയിൽ മാർഗം : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോ സർവിസ് ഉണ്ട്.
തൃശൂര്‍: ചേരമാന്‍ മസ്ജിദ്
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണിത്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ മേത്തലയിലാണ് ചേരമാന്‍ ജുമാമസ്ജിദ്. മുഹമ്മദ് നബിയുടെ ജീവിതകാലത്ത് നിർമിച്ച ഈ ആരാധനാലയം ഇന്ത്യയുടെ ചരിത്രപരവും വാസ്തുശാസ്ത്രപരവുമായ പള്ളികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.മുസിരീസ് എന്നാണ് കൊടുങ്ങല്ലൂർ മുമ്പ് അറിയപ്പെട്ടിരുന്നത്. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖവുമായിരുന്നു മുസിരീസ്. ഇസ്ലാം മതം സ്വീകരിക്കാനും തീർഥാടനം നടത്തുന്നതിനുമായി, കൊടുങ്ങല്ലൂരിലെ ചേരവംശ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ മക്കയിലേക്കു പോയി എന്ന് കരുതപ്പെടുന്നു.
എ.ഡി 629ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തിയ ഇസ്ലാമിെൻറ ആദ്യത്തെ അറബ് പ്രചാരകരിലൊരാളായ മാലിക് ഇബ്നു ദിനാറാണ് ചേരമാന്‍ ജുമാമസ്ജിദ് നിർമിച്ചത്.കേരള ശൈലിയിലുള്ള വാസ്തുവിദ്യയും പൈതൃകവും പള്ളിയുടെ നിർമാണത്തില്‍ കാണാം. എറണാകുളം നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പള്ളി ചരിത്രത്തിെൻറ ഒരു നിധിയാണ്. കൊടുങ്ങല്ലൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രമേ പള്ളിയിലേക്കുള്ളൂ. ആലുവയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്. 26 കി.മീ. ദൂരത്ത് നെടുമ്പാശ്ശേരി വിമാനത്താവളവും സ്ഥിതിചെയ്യുന്നു.
കാസർകോട്: ബേക്കല്‍ കോട്ട
കാസർകോടിെൻറ തെക്കുഭാഗത്തുള്ള കാഞ്ഞങ്ങാടുനിന്ന് 12 കിലോമീറ്റര്‍ യാത്രചെയ്താല്‍ ബേക്കലെത്താം. അവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ കോട്ടയിലെത്താം. കേരളത്തിലെ കോട്ടകളില്‍ ഏറ്റവും വലുതും മനോഹരവുമാണ് ചെങ്കല്‍കൊണ്ട് നിർമിച്ച ബേക്കല്‍ കോട്ട. 17ാം നൂറ്റാണ്ടിെൻറ മധ്യത്തിൽ കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്കാണ് കോട്ട നിർമിച്ചത് എന്ന് കരുതപ്പെടുന്നു. 40 ഏക്കറില്‍ നിറഞ്ഞുനില്ക്കുന്ന കോട്ടക്കുള്ളില്‍ നിരവധി നിരീക്ഷണഗോപുരങ്ങള്‍ നിർമിച്ചിട്ടുണ്ട്. കോട്ടമതിലില്‍ നിരവധി ഭാഗങ്ങളില്‍ ദ്വാരങ്ങള്‍ കാണാം. യുദ്ധവും മറ്റ് ആക്രമണങ്ങളും ഉണ്ടാകുമ്പോള്‍ ശത്രുക്കളെ നിരീക്ഷിക്കുന്നതിനും ആയുധങ്ങള്‍ സജ്ജീകരിക്കുന്നതിനുമാണ് ഈ ദ്വാരങ്ങള്‍. കോട്ടക്കകത്തുകൂടി കടൽതീരത്തേക്കു പോകാനുള്ള വഴിയുണ്ട്. കടൽതീരത്തും നിരീക്ഷണ ഗോപുരങ്ങളുണ്ട്. 25 രൂപയാണ് 15 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള ടിക്കറ്റ്. കാമറക്കും 25 രൂപ ടിക്കറ്റുണ്ട്.
വയനാട്: എടക്കല്‍ ഗുഹ
കല്പറ്റയിൽനിന്ന് 25 കിലോമീറ്റര്‍ അകലെ എടക്കല്‍ എന്ന സ്ഥലത്തുള്ള രണ്ടു പ്രകൃതിദത്ത ഗുഹകളാണ് എടക്കല്‍ ഗുഹകള്‍. സമുദ്രനിരപ്പില്‍നിന്ന് 3900 അടി ഉയരത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്.1890ല്‍ മലബാര്‍ ജില്ലയിലെ അന്നത്തെ പൊലീസ് സൂപ്രണ്ട് ഫ്രെഡ് ഫോസെറ്റ് വയനാട്ടിലേക്കുള്ള വേട്ടയാടലിനിടെയാണ് ഗുഹകള്‍ കണ്ടെത്തിയത്. നവശിലായുഗ മനുഷ്യരുടെ ആവാസകേന്ദ്രംകൂടിയായിരുന്നു ഇത്. 6000 ബി.സിയിലേതെന്ന്് കണക്കാക്കപ്പെടുന്ന ഗുഹ, പെയിൻറിങ്ങുകള്‍ക്ക് പ്രശസ്തമാണ്. ഗുഹകളില്‍ എത്താന്‍ അമ്പുകുത്തി മലയിലൂടെ ട്രക്കിങ് നടത്തണം.
മലകയറാന്‍ ഏകദേശം 45 മിനിറ്റെടുക്കും. ഗുഹക്കുള്ളില്‍ രണ്ട് അറകള്‍ കാണാം. ഗുഹകളുടെ ചുമരുകളില്‍ മനുഷ്യര്‍, മൃഗങ്ങളുടെ രൂപങ്ങള്‍, മനുഷ്യര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയുടെ കൊത്തുപണികളുണ്ട്. പുരാവസ്തു ഗവേഷകരുടെയും ചരിത്രകാരന്മാരുടെയും ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള സ്ഥലമാണ് എടക്കല്‍ ഗുഹ. ചിത്രകലാ കൊത്തുപണികള്‍ക്കൊപ്പം തമിഴ്, ബ്രാഹ്മി സ്ക്രിപ്റ്റുകളും കാണാം. സന്ദര്‍ശന സമയം രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ്. അമ്പുകുത്തി കുന്നുകളുടെ താഴ്ഭാഗം വരെ ബസ് അല്ലെങ്കില്‍ കാര്‍ വഴി എത്തിച്ചേരാം.
മലപ്പുറം: പൂന്താനം ഇല്ലം
കേരളത്തിെൻറ ഇതിഹാസകവി എന്നറിയപ്പെട്ടിരുന്ന പൂന്താനം നമ്പൂതിരിയുടെ വസതിയായിരുന്നു മലപ്പുറം ജില്ലയിലെ പൂന്താനം ഇല്ലം. തെൻറ മഹദ് രചനയായ ജ്ഞാനപ്പാനകൊണ്ട് പ്രശസ്തനായ അദ്ദേഹം ഭക്തിപ്രസ്ഥാനത്തിെൻറ വക്താവായിരുന്നു. ഇന്ന് ഈ വീട് ഗുരുവായൂര്‍ ദേവസ്വത്തിെൻറ പരിപാലനത്തിലാണ്. ഒരു കവിയുടെ ജീവിതത്തെയും സമയത്തെയുംകുറിച്ചുള്ള മികച്ച ഓർമപ്പെടുത്തലാണ് ഈ സ്മാരകം.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്തുള്ള കീഴാറ്റൂരിലാണ് പൂന്താനം ഇല്ലം സ്ഥിതിചെയ്യുന്നത്. ഗുരുവായൂരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റൂട്ടിലാണ് ഈ സ്മാരകം. പൂന്താനം ദിനവും നവരാത്രിയുമാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍. പൂന്താനം ദിനത്തില്‍ പ്രത്യേക സാംസ്കാരിക പരിപാടികളും സാഹിത്യ സെമിനാറുകളും പൂന്താനം ഇല്ലത്തില്‍ സംഘടിപ്പിക്കുന്നു. പൂന്താനം നമ്പൂതിരിയുടെ പിന്‍ഗാമികള്‍ ഈ സ്വത്ത് ഗുരുവായൂര്‍ ദേവസ്വത്തിന് നല്കി. അദ്ദേഹം പ്രാർഥിച്ചിരുന്ന ശ്രീകൃഷ്ണ ക്ഷേത്രം ഈ ഇല്ലത്തിെൻറ സമീപത്തായി സ്ഥിതിചെയ്യുന്നു.
പാലക്കാട്:അഞ്ചുവിളക്ക്
ബ്രിട്ടീഷ് മേധാവികളുടെ വംശീയവിവേചനത്തിൽ പ്രതിഷേധിച്ച് പാലക്കാട് മേഖലയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ അസിസ്റ്റൻറ് കലക്ടർ പുലികാട് രത്നവേലു ചെട്ടിയാർ ആത്മഹത്യ ചെയ്തതിെൻറ ഓർമയാണ് അഞ്ചുവിളക്ക്.ലണ്ടനിൽനിന്ന് നിയമം പാസായെങ്കിലും കലക്ടർ ആകുന്നതിൽനിന്ന് ചെട്ടിയാറെ തടഞ്ഞു. കാരണം ഒരു ഇന്ത്യക്കാരനും ഈ പദവി വഹിക്കാൻ കഴിയില്ലെന്ന് പ്രസിഡൻറ്് പറഞ്ഞു. ബ്രിട്ടീഷുകാരനായ മലബാർ കലക്ടർ വിശിഷ്ടാതിഥികളുടെ മുന്നിൽവെച്ച് അപമാനിച്ചതിൽ മനംനൊന്ത് 1881 സെപ്റ്റംബർ 28ന് ചെട്ടിയാർ ആത്മഹത്യ ചെയ്തു. പാലക്കാട് കോട്ടക്കടുത്ത്, പുലികാട് രത്നവേലു ചെട്ടിയാറുടെ സ്മരണക്കായി സ്ഥാപിച്ച അഞ്ച് വിളക്കുകൾ അടങ്ങിയ തൂണാണ് അഞ്ചുവിളക്ക്.
ആലപ്പുഴ: ലൈറ്റ് ഹൗസ്
തീരദേശ നഗരമായ ആലപ്പുഴയിലെ കടലോരത്താണ് വിളക്കുമാടം സ്ഥിതിചെയ്യുന്നത്. 1862ല്‍ നിർമിച്ച വിളക്കുമാടം ഇന്ന് ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവും കൂടിയാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള വിളക്കുമാടങ്ങളില്‍ ആദ്യത്തേതാണ് ആലപ്പുഴയിലേത്. പോർചുഗീസുകാരുടെ വരവിനുശേഷം ഡച്ച്, ഇംഗ്ലീഷ് വ്യാപാരികള്‍ക്ക് വിഴിഞ്ഞം, കൊല്ലം, തിരുവിതാംകൂര്‍, പുറക്കാട് എന്നിവയായിരുന്നു തിരുവിതാംകൂറിലെ പ്രധാന തുറമുഖങ്ങള്‍. പുറക്കാട് തുറമുഖത്തിെൻറ തകര്‍ച്ചയെ തുടര്‍ന്ന് ആലപ്പുഴയെ തുറമുഖമായി തിരഞ്ഞെടുക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു.
മാര്‍ത്താണ്ഡവര്‍മ-2 മഹാരാജാവിെൻറ ഭരണകാലത്താണ് വിളക്കുമാടത്തിെൻറ നിർമാണം ആരംഭിച്ചത്. മിസിസ് മഗ് ക്രോഫോര്‍ഡ് 1860 ഏപ്രില്‍ 26ന് ശിലാസ്ഥാപനം നിർവഹിച്ചു. ശ്രീ രാമവര്‍മ മഹാരാജാവിെൻറ കാലത്താണ് നിർമാണം പൂര്‍ത്തിയായത്. 27 മീറ്റര്‍ ഉയരമുള്ള വിളക്കുമാടത്തിന് തേക്കുകൊണ്ട് നിർമിച്ച സര്‍പ്പിള ഗോവണിയുണ്ട്. 1952 വരെ വെളിച്ചെണ്ണ ഒഴിച്ച് ഇരട്ട തിരിയിട്ട വിളക്കാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് 500 എം.എം ഡ്രം ഒപ്റ്റിക് ഡി.എ ഗ്യാസ് ഫ്ലാഷര്‍ ലൈറ്റ് സ്ഥാപിച്ചു. 1960 ആഗസ്റ്റ് നാലിന് പഴയ ഉപകരണങ്ങള്‍ എല്ലാം മാറ്റി വീണ്ടും പുതുക്കി നിർമിച്ചു.
കൊല്ലം: കോട്ടുക്കൽ ഗുഹാക്ഷേത്രം
കേരളത്തിലെ അറിയപ്പെടുന്ന ഗുഹാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതും അപൂര്‍വവുമായ ഗുഹാക്ഷേത്രമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കല്‍ ഗുഹാക്ഷേത്രം. നെല്‍വയലുകളുടെ നടുവിലായി സ്ഥിതിചെയ്യുന്ന വലിയ പാറ ആന കിടക്കുന്ന രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. സി.ഇ ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഗുഹാക്ഷേത്രം നിർമിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിെൻറ മറ്റൊരു പേര് കല്‍ത്തിരി കോവില്‍ എന്നാണ്. പാറയില്‍ കൊത്തിയ വ്യത്യസ്ത രൂപത്തിലുള്ള കിഴക്ക് ദര്‍ശനത്തിലുള്ള രണ്ടു ഗുഹകളാണ് ആദ്യം കണ്ണില്‍പെടുക. ഈ ഗുഹകള്ക്കിടയിലുള്ള ഭാഗത്ത് ഗണപതിയുടെ രൂപവും കാണാം. രണ്ടു ഗുഹകള്‍ക്കും വ്യത്യാസങ്ങളുണ്ടെങ്കിലും ഇവക്ക് പല സാമ്യങ്ങളുമുണ്ട്. രണ്ടു മുറികളും 10 അടി ഉയരവും 10 അടി നീളവും എട്ട് അടി വീതിയുമാണ്.
പല്ലവരാജ ഭരണകാലത്താണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് പുരാവസ്തു വകുപ്പ് നിഗമനം. പല്ലവരാജാക്കന്മാര് കേരളത്തില്‍ ഭരണം നടത്തിയിരുന്നില്ല. എന്നാല്‍, തമിഴ്നാട്ടില്‍ പല്ലവഭരണം നിലനിന്നിരുന്നു. ഇവരുടെ ഭരണകാലത്താണ് ഗുഹാക്ഷേത്രങ്ങള്‍ നിർമിച്ചത്. മഹാബലിപുരം ക്ഷേത്രത്തിലെ ഗുഹാക്ഷേത്രങ്ങളും പല്ലവകാലത്താണ് നിർമിക്കപ്പെട്ടത്.എം.സി റോഡില്‍ വടക്കുഭാഗത്തുനിന്നു വരുന്നവര്‍ക്ക് ആയൂര്നിന്ന് അഞ്ചു കിലോമീറ്റര്‍ കിഴക്കു ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. തിരുവനന്തപുരത്തുനിന്നു വരുന്നവര്‍ക്ക് നിലമേല്‍, കടയ്ക്കല്‍ വഴി കോട്ടുക്കല്‍ എത്തിച്ചേരാം.
തിരുവനന്തപുരം: അഞ്ചുതെങ്ങ് കോട്ട
കടല്‍ത്തീരത്ത് തലയുയര്ത്തിനില്ക്കുന്ന ചരിത്രസാക്ഷ്യമായ അഞ്ചുതെങ്ങ് കോട്ടക്ക് 321 വര്‍ഷത്തെ പഴക്കമുണ്ട്. 1684ല്‍ ആറ്റിങ്ങല്‍ റാണിയായിരുന്ന ഉമയമ്മറാണിയാണ് ബ്രിട്ടീഷുകാര്‍ക്ക് അഞ്ചുതെങ്ങില്‍ കച്ചവടകേന്ദ്രം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയത്. 1695ല്‍ ഇന്ന് കാണുന്ന കോട്ടക്കുള്ളില്‍ അവർ ഫാക്ടറിയും സ്ഥാപിച്ചു. ബ്രിട്ടീഷ് കമ്പനിയുടെ, കേരളത്തിലെ ആദ്യത്തെ കാൽവെപ്പായിരുന്നു ഇത്. മധ്യ-ദക്ഷിണ കേരളത്തില്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞത് ഈ കോട്ട നിര്‍മിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.
കുരുമുളകും കയറും തുണിത്തരങ്ങളുമായി കച്ചവടത്തിനെത്തിയ തദ്ദേശീയരോട് ബ്രിട്ടീഷുകാര്‍ അധികാരം കാണിച്ചുതുടങ്ങി. വില നിശ്ചയിക്കുന്നത് ബ്രിട്ടീഷുകാരായതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ആ പ്രതിഷേധത്തിെൻറ തീജ്വാലയാണ് 1721ല്‍ ആറ്റിങ്ങല്‍ (അഞ്ചുതെങ്ങ്) കലാപത്തിലേക്ക് നയിച്ചത്. രണ്ടുമൂന്നാള് പൊക്കമുള്ള വെട്ടുകല്ലില്‍ തീര്‍ത്ത ചുമരുകള്‍. കയറാന്‍ കല്‍പ്പടവുകള്‍. നാലു മൂലയിലും പീരങ്കി വെക്കാനുള്ള വിടവുകള്‍. കോട്ടയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി കടലിലേക്കുള്ള സഞ്ചാരമാർഗമായി തുരങ്കം. കോട്ടയുടെ മുകളില്‍ ആകാശത്തേക്ക് തലയുയര്‍ത്തി നിൽക്കുന്ന കഴുമരവും കാണാം.
എറണാകുളം: ഡച്ച് കൊട്ടാരം
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലുള്ള കൊട്ടാരമാണ് ഡച്ച് കൊട്ടാരം. കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും പ്രദർശനങ്ങളും ചിത്രീകരിക്കുന്ന ചുവർചിത്രങ്ങളുണ്ട് ഇവിടെ. 1545ൽ കൊച്ചി രാജാവിന് സമ്മാനമായി പോർചുഗീസുകാർ കൊട്ടാരം പണികഴിപ്പിച്ചു. 1663ൽ ഡച്ചുകാർ കൊട്ടാരത്തിൽ ചില വിപുലീകരണങ്ങളും നവീകരണങ്ങളും നടത്തി. അതിനുശേഷം ഡച്ച് പാലസ് എന്നറിയപ്പെട്ടു. പരമ്പരാഗത കേരള വാസ്തുവിദ്യാരീതിയായ നാലുകെട്ട് ശൈലിയിൽ നിർമിച്ച ചതുരാകൃതിയിലുള്ള കെട്ടിടമാണ് മട്ടാഞ്ചേരി കൊട്ടാരം. നടുക്ക് മുറ്റം, മുറ്റത്ത് ചെറിയ ക്ഷേത്രവുമുണ്ട്.
ഡൈനിങ് ഹാളിൽ തടിയിൽ കൊത്തിയെടുത്ത സീലിങ്, പരമ്പരാഗത കേരളരീതിയിലുള്ള മിനുക്കിയ കറുത്ത മാർബിൾ പോലെയുള്ള തറ തുടങ്ങിയ അപൂർവതകളും കൊട്ടാരത്തിലുണ്ട്. കത്തിച്ച ചിരട്ട, കരി, കുമ്മായം, സസ്യ ജ്യൂസുകൾ, മുട്ടയുടെ വെള്ള എന്നിവയുടെ മിശ്രിതമാണ് തറയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇടുക്കി: അഞ്ചുരുളി
കമിഴ്ത്തിവെച്ച ഉരുളിയുടെ ആകൃതിയുള്ള അഞ്ചു മലകൾക്ക് നടുവിലാണ് ഇടുക്കി അണക്കെട്ടിെൻറ ക്യാച്ച് ഡാമായ കാഞ്ചിയാര്‍ വില്ലേജില്‍പെട്ട അഞ്ചുരുളി. ആദിവാസികളാണ് സ്ഥലത്തിന് ഈ പേര് നല്‍കിയത്. കേരളത്തില്‍ അറിയപ്പെടുന്ന ജല ഗുഹാമുഖങ്ങളിലൊന്നാണ് അഞ്ചുരുളി. ഇന്ത്യയില്‍ ഒറ്റപ്പാറയില്‍ നിർമിച്ച ഏറ്റവും വലിയ തുരങ്കങ്ങളില്‍ ഒന്നുമാണിത്. മലകള്‍ക്കപ്പുറം 4.75 കിലോമീറ്റര്‍ ദൂരെ ഇരട്ടയാറില്‍നിന്നും പാറതുരന്ന് നിർമിച്ചിട്ടുള്ള ടണലാണിത്. അതിെൻറ അവസാനഭാഗമാണ് അഞ്ചുരുളിയില്‍ കാണുന്നത്. ഈ ടണലില്കൂടിയാണ് ഇരട്ടയാര്‍ ഡാമില്‍നിന്നുള്ള ജലം ഇടുക്കി ജലസംഭരണിയില്‍ എത്തിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 2430 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള ഗുഹാമുഖവും വെള്ളച്ചാട്ടവുമാണ് ഏറെ ആകര്‍ഷകം.
1974 മാര്‍ച്ച് 10നാണ് കല്യാണത്തണ്ട് മലയില്‍ ഈ ടണലിെൻറ നിര്‍മാണം ആരംഭിച്ചത്. 1980 ജനുവരി 30ന് ടണല്‍ ഉദ്ഘാടനം ചെയ്തു. ടണല്‍ നിർമിച്ചത് കോലഞ്ചേരിക്കാരന്‍ പൈലി പിള്ളയാണ്. മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ടണല്‍ നിർമിച്ചിരിക്കുന്നത്. ഏകദേശം 2000 അടിക്ക് മുകളില്‍ ഉയരമുണ്ട് ഈ മലക്ക്!
കോട്ടയം: പൂഞ്ഞാർ കൊട്ടാരം
പൂഞ്ഞാര്‍ രാജവംശം മധ്യകാല കേരളത്തിലെ രാജവംശങ്ങളിലൊന്നാണ്. രാജവംശത്തിെൻറ സ്ഥാപകന്‍ പാണ്ഡ്യ രാജാവായിരുന്ന മാനവിക്രമ കുലശേഖര പെരുമാളാണ്. മധ്യതിരുവിതാംകൂര്‍ മേഖലയിലെ ഒരു ചെറിയ രാജഭരണപ്രദേശമായിരുന്നു ഇത്. പ്രശസ്തനായ ചോള രാജാവായ കുളത്തുങ്കൾ, ചോള പാണ്ഡ്യ രാജാവായിരുന്ന മാനവിക്രമൻ കുലശേഖര പെരുമാളുമായി നടന്ന യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ഗൂഡല്ലൂര്‍ മേഖലയില്‍ സ്ഥിരതാമസമാക്കി. പിന്നീട് തെക്കുംകൂര്‍ രാജാക്കന്മാരില്നിന്ന് ഭൂമി വാങ്ങിയശേഷം മാനവിക്രമനും കുടുംബവും കോയിക്കല്‍ ഭരണാധികാരികള്‍ ഭരിച്ചിരുന്ന പൂഞ്ഞാറിലെ കൊട്ടാരത്തിലേക്കു മാറി.
എടപ്പള്ളി രാജാവ് മാനവിക്രമെൻറ മകളെ വിവാഹം കഴിച്ചതോടെ, കൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും പൂഞ്ഞാറിെൻറ കീഴിലായി. പരമ്പരാഗത വാസ്തുവിദ്യാശൈലിയിലാണ് 600 വര്‍ഷത്തോളം പഴക്കമുള്ള പൂഞ്ഞാര്‍ കൊട്ടാരം നിർമിച്ചിരിക്കുന്നത്. തടി ഉരുപ്പടികള്‍ കൂടുതല്‍ ഉപയോഗിച്ചാണ് നിർമാണം നടത്തിയിട്ടുള്ളത്.
പത്തനംതിട്ട:പന്തളം രാജവംശം
പാണ്ഡ്യ രാജ്യത്തിെൻറ ഒരു ശാഖയിൽനിന്ന് ഉയർന്നുവന്ന രാജവംശമാണ് പന്തളം രാജവംശം. ഒരു ഭരണാധികാരിയുടെ ആക്രമണം ഭയന്ന് കേരളത്തിലെത്തിയ ഇവർക്ക് കൈപ്പുഴയിലെ അമാന്തൂർ കൊട്ടാരത്തിൽ താമസിച്ചിരുന്ന കൈപ്പുഴ തമ്പാൻ (നിലമ്പൂർ കോവിലകത്തെ കുഞ്ഞുണ്ണി വർമ തമ്പാൻ) ഭൂമിയും പദവിയും നൽകി ആദരിച്ചു. അച്ചന്‍കോവില്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പന്തളം രാജകുടുംബാംഗങ്ങളുടെ വസതിയാണ് പന്തളം കൊട്ടാരം. പാണ്ഡ്യരുടെയും കേരളീയരുടെയും വാസ്തുവിദ്യാ മിശ്രിതങ്ങള്‍ ഈ കൊട്ടാരത്തിെൻറ ഏതു കോണിലും കാണാന്‍ കഴിയും. ചളി, മുള, കല്ല്, മരം എന്നിവയാണ് പഴയ ഘടനയില്‍ കൂടുതലായി ഉപയോഗിച്ചിരിക്കുന്ന നിർമാണ ഘടകങ്ങള്‍. വലിയ കോയിക്കല്‍ ക്ഷേത്രം, കൈപ്പുഴ ക്ഷേത്രം, തേവാരപ്പുര തുടങ്ങിയ ഏതാനും കെട്ടിടങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.