ഐ ലൗ സഅദിയാത്ത് ഐലൻഡ്
text_fieldsചില്ലുകുപ്പികളും കടലാസുകളും ചണനൂലുകളും കൊണ്ട് ലോകറെക്കോഡ് പ്രകടനം കാഴ്ചവച്ച് സഅദിയാത്ത് ഐലന്‍ഡ്. സഅദിയാത്ത് ബീച്ച് ക്ലബ്ബില്‍ ഐലൗ സഅദിയാത്ത് ഐലന്‍ഡ് എന്ന് കുപ്പികള്‍ കൊണ്ട് ഇംഗ്ലീഷ് അക്ഷരരൂപങ്ങള്‍ തീര്‍ത്താണ് ഗിന്നസ് ലോകറെക്കോഡ് സ്വന്തമാക്കിയത്. സഅദിയാത്ത് ദ്വീപിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് ദ്വീപിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വാങ്ങി ഇവ ചില്ലുകുപ്പികളില്‍ നിക്ഷേപിച്ചു സൂക്ഷിച്ചാണ് അധികൃതര്‍ ഇവ ലോകറെക്കോഡ് പ്രകടനത്തിനായി ഉപയോഗപ്പെടുത്തിയത്.
പാരിസിലെ പ്രസിദ്ധമായ പാലത്തില്‍ സഞ്ചാരികള്‍ തങ്ങളുടെ പേരെഴുതിയ താഴുകള്‍ പൂട്ടിയിടുന്ന രീതിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു സഅദിയാത്ത് ഐലന്‍ഡ് സന്ദര്‍ശകരില്‍ നിന്ന് ദ്വീപിനെക്കുറിച്ചുള്ള ഇഷ്ടവാക്കുകള്‍ രേഖപ്പെടുത്തി ഇവ ചില്ലുകുപ്പികളിലിട്ട് സൂക്ഷിക്കുന്ന രീതി പ്രാവര്‍ത്തികമാക്കിയത്.
മിറാല്‍ ഡെസ്റ്റിനേഷന്സിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ചില്ലുകുപ്പിയും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള കടലാസുകളും കൊടുക്കുകയും ഇവ രേഖപ്പെടുത്തിയ ശേഷം റിസപ്ഷന് കൗണ്ടറില്‍ വാങ്ങിവയ്ക്കുകയുമാണ് ചെയ്തിരുന്നത്. സുസ്ഥിരതാ വര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു അധികൃതര്‍ പ്രാദേശിക മണല്‍ കലാകാരനെ ഉപയോഗപ്പെടുത്തി ചില്ലുകുപ്പികളുടെ ഇന്സ്റ്റലേഷന് നടത്തിയത്.
ചില്ലുകുപ്പികള്ക്കു പുറമേ, പുനരുപയോഗിക്കാവുന്ന കടലാസുകള്‍, ചണനൂലുകള്‍, കോര്‍ക്ക് എന്നിവയാണ് ലോകറെക്കോഡ് പ്രകടനത്തിനായി ഉപയോഗപ്പെടുത്തിയത്. ഗിന്നസ് ലോകറെക്കോഡ് അധികൃതരില്‍ നിന്ന് ലോകറെക്കോഡ് അംഗീകാരപത്രം മിറാല്‍ ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ തഗ്രീദ് അല്‍സഈദ് ഏറ്റുവാങ്ങി. ഈ നേട്ടത്തിന്റെ ഭാഗമായ എല്ലാ സന്ദര്‍ശകര്‍ക്കും തങ്ങളുടെ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മിറാല്‍ ഡെസ്റ്റിനേഷന്‍സ് സി.ഇ.ഒ. ലിയാം ഫിന്‍ഡ്ലേ പറഞ്ഞു.
തുഴയെറിഞ്ഞാറാടാന് ഡ്രാഗണ്‍ വള്ളംകളി
ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് ആവേശത്തിരകളുയര്ത്താന് അബൂദബി ഹുദൈരിയാത്ത് ദ്വീപിലെ മര്‍സാന തീരത്ത് ഡ്രാഗണ്‍ വള്ളം കളി മല്‍സരം അരങ്ങേറുന്നു. ഈ മാസം 14 മുതല്‍ 15 വരെയാണ് വള്ളംകളി. ഓപണ്‍, മിക്സഡ്, വിമന്‍, കോര്‍പറേറ്റ്, കമ്യൂണിറ്റി, സ്കൂളുകള്‍ അല്ലെങ്കില്‍ യൂനിവേഴ്സിറ്റികള്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് 200 മീറ്റര്‍ വള്ളംകളി. ഓരോ വിഭാഗത്തിലും ടീമുകള്‍ ഹീറ്റ്സ്, സെമിഫൈനല്‍, ഫൈനല്‍ എന്നീ ക്രമത്തിലാണ് മത്സരങ്ങൾ. അന്താരാഷ്ട്ര കായിക കേന്ദ്രമെന്ന അബൂദബിയുടെ പദവി ഊട്ടിയുറപ്പിക്കുന്നതാവും ഹുദൈരിയാത്ത് സ്പോര്‍ട്സിന്റെ ഭാഗമായി നടത്തുന്ന ഡ്രാഗണ്‍ ബോട്ട് റേസ് സീരിസ്.
14 വയസ്സോ അതിലധികമോ പ്രായമുള്ളവര്‍ക്ക് ഡ്രാഗണ്‍ ബോട്ട് റേസിന്റെ ഭാഗമാവാം. വള്ളംകളിയുടെ പെരുമ പേറുന്ന കേരളത്തില്‍നിന്നടക്കമുള്ള പ്രവാസികള്‍ക്ക് ഗൃഹാതുരത ഉയര്‍ത്തുന്നതാവും ഈ വള്ളംകളി മല്‍സരമെന്നതാണ് പ്രത്യേകത. ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന നാട്ടിലെ വള്ളംകളിയുടെ ഓര്മ പുതുക്കല്‍ കൂടിയാവും മലയാളികള്‍ക്ക് ഡ്രാഗണ്‍ മല്‍സരം.
ഹുദൈരിയാത്ത് ദ്വീപില്‍ വെല്ക്രോണ് അബൂദബി, സര്‍ഫ് അബൂദബി, ജനപ്രിയ ഇക്കോ ടൂറിസം കേന്ദ്രം, ബാബ് അല്‍ നുജൂം റിസോര്‍ട്ട്, മര്‍സാന ബീച്ച്, ഒ.സി.ആര്. പാര്‍ക്ക്, ട്രെയില്‍ എക്സ്, ബൈക്ക് പാര്‍ക്ക്, 321 സ്പോര്‍ട്സ് തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങളാണുള്ളത്. സര്‍ഫ് അബൂദബി ഈ വര്‍ഷം അവസാനത്തോടെ തുറക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തിരമാലകള്‍ ഇവിടെയാവും ഉണ്ടാവുക. അന്താരാഷ്ട്ര സൈക്ലിങ് മല്‍സരങ്ങള്‍ക്ക് വേദിയാവുന്ന വെല്‍ഡ്രോം അബൂദബി 2025 ഒടുവിലാവും ഹുദൈഹിയാത്ത് ദ്വീപില്‍ തുറന്നുകൊടുക്കുക.
ഹുദൈരിയാത്ത് ദ്വീപിലെ സൈക്ലിങ് ഹബ് തുറന്നതോടെ അബൂദബി ആഗോള സൈക്ലിങ് ഹബ്ബ് ആയി മാറിയിട്ടുണ്ട്. പൊതുജനങ്ങളെ സൈക്ലിങ് രംഗത്ത് വ്യാപൃതരാക്കാന്‍ സഹായിക്കുന്നതില്‍ സേവനം നല്കുന്ന പശ്ചിമേഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്. തുടക്കക്കാര്‍ക്കും പ്രഫഷണലുകള്‍ക്കും ഇടമൊരുക്കുക, എമിറേറ്റിലെ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംയോജിത സൈക്ലിങ് ക്ലബ്ബിനുള്ളത്. ഹുദൈരിയാത്ത് ദ്വീപില്‍ 3500 കാണികളെ ഉള്‍ക്കൊള്ളുന്ന 109 കിലോമീറ്റര്‍ ട്രാക്ക് വെലോഡ്രോം സജ്ജമാണ്. എമിറേറ്റിലെ സൈക്ലിങ് സൗഹൃദ ഇടപെടലുകളെ തുടര്‍ന്ന് യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷനലെ (യു.സി.ഐ)അബൂദബിയെ ബൈക്ക് സിറ്റിയായി തിരഞ്ഞെടുത്തിരുന്നു.
പശ്ചിമേഷ്യയിലും ഏഷ്യയിലും തന്നെ ഈ പദവി നേടുന്ന നഗരം കൂടിയായി അബൂദബി. 2018ല്‍ തുറന്നുകൊടുത്ത ഹുദൈരിയാത്ത് ദ്വീപ് അതിവേഗം അബൂദബിയുടെ മുന്‍നിര ബീച്ചുകളിലൊന്നായും മാറിയിട്ടുണ്ട്. ഹുദൈരിയാത്ത് പാലം ഇവിടുത്ത പ്രധാന ആകര്‍ഷണമാണ്. 600 മീറ്റര്‍ മാത്രമാണ് ഇവിടുത്തെ ബീച്ച്. ഭക്ഷണശാലകളും കായിക കേന്ദ്രങ്ങളുമൊക്കെ ഇവിടെ സജ്ജമാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം. ഹുദൈരിയാത്ത് ദ്വീപിലെ ബോട്ട്, ജെറ്റ് സ്കൈസ്, സര്‍ക്യൂട്ട് എക്സ് സ്കേറ്റ് പാര്‍ക്ക് തുടങ്ങിയവ സന്ദര്‍ശകരെ ആവേശം കൊള്ളിപ്പിക്കുന്നവയാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുക. പ്രവേശനം സൗജന്യമാണ്.
അതേസമയം, ഹുദൈരിയാത്ത് ഐലന്‍ഡിനെ താമസകേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 51 ദശലക്ഷം ചതുരശ്ര മീറ്ററില്‍ വികസന പദ്ധതികള്‍ നടന്നുവരികയാണ്. ഹുദൈരിയാത്ത് ദ്വീപിന്റെ പകുതിയിലേറെ സ്ഥലത്താണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. അബൂദബിയുടെ നഗരവികസന പദ്ധതിയില്‍ നാഴികക്കല്ലായി മാറും ഹുദൈരിയാത്ത് ദ്വീപിലെ ഈ പദ്ധതി. വലിപ്പത്തിലും വിസ്തൃതിയിലും ഇത്തരത്തിലുള്ള ആദ്യ നഗരമാവും ഹുദൈരിയാത്ത് ദ്വീപിലെ പദ്ധതി. അബൂദബി നഗരത്തിന്റെയും കടല്‍തീരത്തിന്റെയും പനോരമിക് കാഴ്ച ദൃശ്യമാവുന്ന നിലയിലാവും താമസകേന്ദ്രം നിര്‍മിക്കുക. പദ്ധതി അബൂദബിക്ക് 16 കിലോമീറ്റര്‍ ബീച്ച് അടക്കം 53.5 കിലോമീറ്റര്‍ തീരപ്രദേശം കൂടി സമ്മാനിക്കും. വിനോദ, വണിജ്യ, സുഖസൗകര്യങ്ങള്‍, എമിറേറ്റിലെ ബൃഹത്തായ നഗര ഉദ്യാനം, 220 സൈക്കിള്‍ ട്രാക്ക് ശൃംഖല എന്നിവ പദ്ധതിയിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.