സൂഫിസത്തിെൻറ പ്രകാശം വീണ അജ്മീറിൽ
text_fields''കർമം ചെയ്യണോ? -വേണ്ട''
''എവിടുന്നാണ് -കേരളത്തിൽനിന്ന്''
എങ്കിൽ തീർച്ചയായും കർമം ചെയ്യണം എന്നായി... എത് വിധേനയും പണം മേടിച്ചെടുക്കാനുള്ള ശ്രമമാണ്. ''മേരേ പാസ് പൈസ നഹി ഹേ ഭായ്'' -പോക്കറ്റ് കാലിയാണെന്ന ഇന്ത്യ രാജ്യത്തിലെ മഹാഭൂരിപക്ഷത്തിെൻറ സാമ്പത്തിക ശാസ്ത്രം അറിയാവുന്ന ഹിന്ദി വെച്ച് പറഞ്ഞ് അവസാനിച്ചപ്പോ ആൾ സ്ഥലം കാലിയാക്കി.
എല്ലാ വർഷവും കോഴിക്കോട്ട് നടക്കുന്ന സാഹിത്യ ഉത്സവത്തിെൻറ അവസാന ദിനത്തിൽ വെറും 850 രൂപയും കുറച്ച് പുസ്തകങ്ങളും കൈയിൽ കരുതി ആരംഭിച്ച യാത്രയാണ്. ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ സുഹൃത്തിെൻറ കൂടെയുള്ള ഒരാഴ്ചത്തെ താമസവും ഡൽഹിയിലെ ഒരു പകൽ കറക്കവും കഴിഞ്ഞ് ഇന്നലെ രാത്രി ട്രെയിൻ കയറി പുലർച്ചെ ആറിനാണ് അജ്മീറിൽ വന്നിറങ്ങുന്നത്.
ആദ്യം കണ്ട സ്വകാര്യ ബസിൽ 20 രൂപ കൊടുത്ത് പുഷ്കറിലേക്ക് വണ്ടി കയറി. തടാകത്തിെൻറ പടിയിൽ എത്തിയത് മാത്രമേ ഓർമയുള്ളൂ. അത് വരെയുള്ള ദീർഘമായ യാത്രയുടെ ക്ഷീണവും ഏറ്റവും സുന്ദരമായ ഒരു പ്രഭാതത്തിെൻറ കുളിരണിയിക്കുന്ന കാലാവസ്ഥയും പതിയെ ഉറക്കത്തിലേക്ക് വീഴ്ത്തിയിട്ടു.
നിഗൂഢതയുടെ പുഷ്കർ
മൂന്ന് വശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വലിയ മലകള്‍ക്കിടയിലെ ചെറുപട്ടണമാണ് പുഷ്കർ. അജ്മീറിൽനിന്ന് 14 കിലോമീറ്ററാണ് ദൂരം. നാഗ് പര്‍വതമാണ് ഈ പ്രദേശത്തെ അജ്മീറില്‍നിന്ന് വേർതിരിക്കുന്നത്. പുഷ്പത്താല്‍ നിർമിതമായ കുളം എന്നാണ് പുഷ്കര്‍ എന്ന പദത്തിെൻറ അര്‍ത്ഥം. ഹിന്ദു വിശ്വസികളും സിഖുകാരും ഒരുപോലെ വിശുദ്ധമെന്ന് കരുതുന്ന നഗരം. പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമുള്ള നിഗൂഢതയും സൗന്ദര്യവുമാണ് ഈ നഗരത്തിെൻറ ആകര്‍ഷണം.
മുമ്പൊരിക്കൽ ബൈക്ക് യാത്രികനായ സുഹൃത്ത് പറഞ്ഞറിഞ്ഞ കഥകളാണ് ഈ നഗരത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചത്. അന്ന് മനസ്സിൽ കുറിച്ചിട്ട പുഷ്കർ സരോവറിെൻറ പടവുകളിലാണ് ഉറക്കച്ചടവോടെ ഇപ്പോൾ ഞാനിരിക്കുന്നത്. 33 അടി താഴ്ചയിൽ ചുറ്റിലും കാഴ്ചയുടെയും ആത്മീയതയുടെയും അതിവിശിഷ്ടമായ അനുഭൂതി പരത്തിയിട്ട് വിശാലമായി മുന്നിൽ പരന്ന് കിടക്കുകയാണ് തടാകം.
അർധവൃത്താകൃതിയിലെ ജലാശയത്തിന് തീര്‍ഥ രാജ് എന്നൊരു പേര് കൂടിയുണ്ട്. വജ്രനാഥ് എന്ന രാക്ഷസനെ വധിക്കാൻ ബ്രഹ്മാവ് ഉപയോഗിച്ച താമരപ്പൂവില്‍നിന്ന് കൊഴിഞ്ഞ മൂന്നിതളുകളില്‍ ഒന്ന് പുഷ്കറില്‍ പതിച്ചതിെൻറ ഫലമായിട്ടാണ് തടാകം ഉണ്ടായതെന്നാണ് ഐതിഹ്യം.
കാര്‍ത്തിക പൂര്‍ണിമ ദിവസം ഈ തടാകത്തില്‍ മുങ്ങിനിവരുന്നവര്‍ക്ക് മോക്ഷം ലഭിക്കും എന്നാണ് സങ്കൽപ്പം. തടാകത്തിന് ചുറ്റിലും മുന്നൂറിലേറെ ക്ഷേത്രങ്ങളും 52 സ്നാനഘട്ടങ്ങളും ഉണ്ടെന്നാണ് കണക്ക്. ഹിന്ദു വിശ്വാസികൾക്കിടയിൽ ബദരീനാഥ്, പുരി, രാമേശ്വരം, ദ്വാരക എന്നിവക്കൊപ്പമാണ് പുഷ്കറിെൻറയും സ്ഥാനം.
പണമില്ലാത്തവെൻറ അലച്ചിൽ
എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പുറപ്പെട്ട അലച്ചിലിെൻറ പത്താമത്തെ ദിവസമാണ്. കൈയിലാണെങ്കിൽ ബാക്കിയുള്ളത് 250 രൂപക്ക് താഴെ മാത്രം. ഹൈദരബാദിലെ യൂസഫൈൻ ദർഗയിൽ പുലരുവോളം കേട്ടിരുന്ന ഖവാലി ഈണങ്ങളാണ് അജ്മീറിലേക്കുള്ള യാത്രയുടെ തീവണ്ടി ദൂരങ്ങളെ കുറച്ചുതന്നത്. ഡൽഹി മുതൽ അജ്മീർ വരെയുള്ള ജനറൽ കമ്പാർട്ട്മെൻറിലെ യാത്ര വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത വിധം പ്രയാസമേറിയതായിരുന്നു. ആദ്യ രണ്ട് സ്‌റ്റേഷനുകളിൽ വണ്ടി നിർത്തുന്നത് വരെയും വാതിലിൽ തൂങ്ങിപ്പിടിച്ച് നിന്നാണ് യാത്ര.
അകത്ത് കയറികിട്ടിയ അവസരം നോക്കി വാതിലടച്ച് ഒറ്റയിരിപ്പായിരുന്നു. പുലർച്ചെ അജ്മീറിൽ നിന്നിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന തോന്നലാണ് പുഷ്കറിനെ ലക്ഷ്യമിട്ട് കുന്നുകയറുന്ന ബസിൽ ഒരു സീറ്റ് ഉറപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഭക്ഷണം കഴിച്ചിരുന്നില്ല. പുഷ്കറിൽ ഇറങ്ങി അത്രയൊന്നും രസം പിടിപ്പിക്കാത്ത ചായയും കുടിച്ച് തടാകത്തിെൻറ പടിയിൽ കിടന്ന് ഉറക്കം പിടിച്ച് വന്നപ്പോഴാണ് പൂജാരിയുടെ വരവ്. തടാകം കാണാനെത്തുന്ന ഓരോ ആളുകളെയും സമീപിച്ച് കർമങ്ങൾ ചെയ്യിപ്പിക്കാനാണ് അദ്ദേഹത്തിെൻറ ശ്രമം. ചെയ്യുന്ന കർമത്തിനുള്ള കാശ് കണക്കുപറഞ്ഞ് മേടിക്കുന്നുമുണ്ട്. എെൻറ കൈയിൽ പണമില്ല എന്നറിഞ്ഞതോടെ അയാൾ അടുത്തയാളെ തേടിയിറങ്ങി. ഉറക്കം പോയതോടെ ഞാനും എണീറ്റ് എങ്ങോട്ടെന്നില്ലാതെ കുറെദൂരം നടന്നു.
ഒറ്റക്കുള്ള അലച്ചിലിെൻറ സുഖം ഒന്ന് വേറെ തന്നെയാണ്. കറങ്ങികൊണ്ടിരിക്കുമ്പോൾ കിട്ടുന്ന നിശ്ചലതയാണ് ശരിയായ ത്വവാഫ് (ഭ്രമണം ചെയ്യല്‍) എന്ന് ഒരു ഗസൽ ഗായകൻ തെൻറ സൂഫി ആൽബത്തിന് പേരിടുന്ന സമയത്ത് പറഞ്ഞത് ഓർമയുണ്ട്. അത്തരം ഒരു കറക്കത്തിെൻറ ആഴത്തിലേക്കാണ് വീണുപോയിരിക്കുന്നത്. ഇതിനിടയിൽ വീണ്ടും ചായ കുടിക്കാൻ വഴിയോരത്തെ ചെറിയൊരു കടയിലേക്ക് കയറി.
ലഹരി നുരയും വീഥികൾ
തീർത്ഥാടന കേന്ദ്രം എന്ന പോലെ തന്നെ ഈ നഗരം ഒരു ഹിപ്പി ഹൈഡ് ഔട്ട് കൂടിയാണ്. സുലഭമായി ലഭിക്കുന്ന കഞ്ചാവും കറുപ്പുമെല്ലാമാണ് അതിെൻറ പ്രധാന കാരണങ്ങളിലൊന്ന്. അത്തരത്തിൽ മനുഷ്യെൻറ ബോധത്തെ നിയന്ത്രിക്കുന്ന ലഹരിയുടെ ചില്ലറ വിൽപനക്കാരെ ഈ നഗര തെരുവുകളിൽ എവിടെയും കാണാം. രാവിലെ ബസിറങ്ങിയ ഉടനെ തന്നെ ഇതുപോലൊരു ചായക്കടയിൽ വെച്ച് ഒരാളെ ഞാനും കണ്ടിരുന്നു. നേരത്തെ പൂജാരിയോട് പറഞ്ഞ അതേ വാചകം പറഞ്ഞ് അയാളെയും തിരിച്ചയച്ചു.
പഞ്ചാബിലേക്കുള്ള യാത്രക്കിടെ മറ്റൊരിക്കൽ ഇവിടെയെത്തിയപ്പോഴും ഇതേ അനുഭവം ഉണ്ടായി. ഒമി എന്ന പേരിലാണ് അന്ന് അയാൾ സ്വയം പരിചയപ്പെടുത്തിയത്. അവസാന നിമിഷം വരെ കച്ചവട സാധ്യത കണ്ടത് കൊണ്ടായിരിക്കണം ഒരുപാട് സമയം സംസാരിച്ചിട്ടാണ് അയാൾ പോയത്. പോവുന്ന സമയത്ത് വിസിറ്റിങ് കാർഡ് ഏൽപ്പിക്കാനും മറന്നില്ല.
കാർത്തിക മാസത്തിൽ നടക്കുന്ന പുഷ്കർ മേളയാണ് ഈ നഗരത്തിലെ മറ്റൊരു പ്രധാന ആകർഷണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക പ്രദർശന മേളയാണിത്. ഈ സമയമാണ് പുഷ്കറിലെ തിരക്കേറിയ സീസൺ. മേളയുടെ സമയത്ത് ഒട്ടകങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം തന്നെ മറ്റു വളര്‍ത്തു മൃഗങ്ങളുടെ ചന്തയും നടക്കാറുണ്ട്. പലവിധത്തിലെ ഗ്രാമീണ ഉല്‍പന്നങ്ങളുടെ കൂടി ആഘോഷ ചന്തയാണ് പുഷ്‌കര്‍ ഉത്സവം. മീശ മത്സരം മുതല്‍ ക്രിക്കറ്റ് വരെ നീളുന്നതാണ് ഈ സമയത്തെ ആഘോഷങ്ങള്‍.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക് തന്നെ ഈ സമയത്ത് ഉണ്ടാവും. പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ലാതെ ഇറങ്ങിയ യാത്രയായത് കാരണം പുഷ്കർ മേളയിൽ പങ്കെടുക്കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി വൈകുന്നേരം വരെ കറങ്ങിനടന്ന് തിരിച്ച് അജ്മീറിലേക്ക് പുറപ്പെട്ടു.
ആത്മീയ സുഗന്ധത്തിെൻറ റോസാപൂക്കൾ
പുഷ്കറിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയത് താമര പൂവിെൻറ മൂന്നിതളുകളിലാണെങ്കിൽ സുഗന്ധം പരത്തുന്ന റോസാ പൂവിെൻറ ഓർമയാണ് അജ്മീറിനെ കുറിച്ചുള്ളത്. സൂഫിസത്തിെൻറ പ്രകാശം വീണ മണ്ണ്. ഇവിടത്തെ ദര്‍ഗ്ഗ ശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്. 1236ൽ അവസാനിക്കാത്ത ചിശ്തിയുടെ ഖബര്‍സ്ഥാന്‍ ഇന്നൊരു മഹാതീര്‍ത്ഥാടന കേന്ദ്രമാണ്. വെളിച്ചവും സാന്ത്വനവും തേടി ലോകത്തിെൻറ വിവിധ കോണുകളിൽനിന്ന് ആളുകൾ എത്തുന്ന ഇടം.
പല മതത്തിലും ഗോത്രത്തിലും പെട്ടവര്‍ ആശയ ശാസ്ത്രങ്ങളുടെ അതിരുഭേദിച്ച് ഖ്വാജ സാഹിബിെൻറ അനുഗ്രഹം തേടി ചൂരൽ താലങ്ങളിൽ പനിനീരും മുല്ലപ്പൂക്കളും തലയിലേന്തിയും അരച്ച ചന്ദനവുമായി വരുന്നു. അജ്മീർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് എതാണ്ട് രണ്ട് കിലോമീറ്റർ ദൂരമാണ് ദർഗ്ഗ ശെരീഫിലേക്ക്. റെയിൽവേ സ്‌റ്റേഷൻ ഗേറ്റ് കഴിഞ്ഞ് മെയിൻ റോഡ് മുറിച്ചുകടന്ന് വേണം ദർഗ്ഗയിലേക്ക് പോകുന്ന തെരുവിലേക്ക് പ്രവേശിക്കാൻ.
റോഡിന് ഇരുവശത്തും സുഗന്ധം പരത്തി റോസാപ്പൂക്കള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. ചുവപ്പും പച്ചയും നിറത്തിലെ തൊപ്പികളും വിവിധ വർണ്ണങ്ങളിലെ മാലയും ഉൾപ്പടെ ഇടുങ്ങിയ തെരുവ് നിറയെ കച്ചവടക്കാരുടെ വലിയ തിരക്കാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന തീർത്ഥാടകരുടെ തിരക്ക് കൂടി ആകുന്നതോടെ തെരുവ് അക്ഷരാർത്ഥത്തിൽ ഇടതൂർന്ന് ഒഴുകുകയാണെന്ന് പറയാം.
അധിനിവേശങ്ങൾ നടമാടിയ മണ്ണ്
പേർഷ്യൻ നിർമാണ രീതിയിലെ കെട്ടിടങ്ങളാണ് ചുറ്റിലും പണിതിരിക്കുന്നത്. 12ാം നൂറ്റാണ്ടില്‍ സാകംബരി രാജാവായ ആര്യരാജാവാണ് അജയ്മെരു എന്ന അജ്മീര്‍ പട്ടണം സ്ഥാപിക്കുന്നത്. വടക്കേ ഇന്ത്യയില്‍ ചൗഹാന്‍മാര്‍ പിടിമുറുക്കിയതോടെ അജ്മീര്‍ അവരുടെ അധീനതയിലായി. പിന്നീട് മുഗൾ ഭരണകാലത്ത് അക്ബര്‍ ചക്രവര്‍ത്തി അജ്മീര്‍ പിടിച്ചടക്കി. 1770 വരെ മുഗള്‍ ആധിപത്യം തുടർന്നു. 1818ല്‍ 50,000 രൂപക്ക് ബ്രിട്ടീഷുകാർക്ക് വില്‍ക്കുന്നത് വരെ അജ്മീർ പ്രവിശ്യ മറാത്തൻമാരുടെ കൈയിലായിരുന്നു. ഇത്തരത്തിൽ അധിനിവേശങ്ങളുടെയും പിടിച്ചടക്കലിെൻറയും വലിയൊരു ചരിത്രം ഉണ്ടെങ്കിലും അജ്മീറിനെ ലോകം അറിയുന്നത് ഖാജ മുഈനുദ്ദീന്‍ ചിശ്തി എന്ന സൂഫി വര്യെൻറ പേരിലാണ്.
റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച നടത്തം ചെന്നവസാനിക്കുന്നത് താരഗർഹ് കുന്നിെൻറ ചുവട്ടിലെ ദർഗ്ഗ ശെരീഫിെൻറ മുഖ്യകവാടമായ നൈസാം ഗേറ്റിന് മുന്നിലാണ്. ഹൈദരബാദിലെ ഏഴാമത്തെ നൈസാമായിരുന്ന മിർ ഉസ്മാൻ അലി ഖാനാണ് 1911ൽ ഈ കവാടം പണി കഴിപ്പിക്കുന്നത്. കവാടത്തിെൻറ ആദ്യപടവുകളിലേക്ക് കാലെടുത്ത് വെച്ചപ്പോൾ തന്നെ വലിയ ശബ്ദത്തിൽ ബഹളമുണ്ടാക്കി ഒരാൾ ദൂരെനിന്ന് ഓടി വരുന്നത് കണ്ടു. ഭാഷ അത്ര വശമില്ലാത്തത് കാരണം ആദ്യമൊന്നും അയാൾ പറയുന്നത് മനസ്സിലായില്ല.
കയറിനിന്ന പടവുകളിൽനിന്ന് പിടിച്ച് താഴെയിറക്കി കാലിലെ ഷൂവിലേക്ക് ചൂണ്ടികൊണ്ട് സംസാരിച്ച് തുടങ്ങിയപ്പോഴാണ് കാര്യം മനസ്സിലായത്. വിശുദ്ധമെന്ന് കരുതി പോരുന്ന പടവുകളിലാണ് ഷൂ ധരിച്ച് കയറി നിൽക്കുന്നത്. അതാണ് അയാളെ ചെറുതല്ലാത്ത രീതിയിൽ ചൊടിപ്പിച്ചതും. അയാളോട് ക്ഷമ ചോദിച്ച് ഷൂ ഊരി പുറത്ത് സൂക്ഷിക്കാൻ ഏൽപ്പിച്ച ശേഷമാണ് അകത്ത് കയറിയത്.
ഷൂ മാത്രമല്ല, കാമറയോ ബാഗോ ഒന്നും തന്നെ അകത്ത് കടത്തില്ല. മൊബൈലിൽ ചിത്രങ്ങൾ പകർത്താൻ മാത്രം വിലക്കില്ല. എെൻറ കൈയിലെ പഴയ മോഡൽ ഫോണാണെങ്കിൽ പുഷ്കറിൽ വെച്ച് വെള്ളത്തിൽ വീണശേഷം അപകടാവസ്ഥയിലുമാണ്.
േപർഷ്യൻ ശിൽപകലകൾ
പ്രധാന കവാടം കഴിഞ്ഞാൽ പിന്നെയുള്ളത് മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണിത ഷാജഹാനി ഗേറ്റാണ്. അത് കഴിഞ്ഞാൽ മൾവ സുൽത്താനേറ്റിലെ ഭരണാധികാരിയായിരുന്ന മഹ്മൂദ് ഖൽജി പണി കഴിപ്പിച്ച ബുലന്ദ് ദർവാസ (ഫത്തേപൂർ സിക്രിയിൽ അക്ബർ പണി കഴിപ്പിച്ച ദർവാസയോട് പേരിൽ മാത്രം സാമ്യമുള്ളത്). പേർഷ്യൻ വാസ്തുശിൽപ കലയുടെ മനോഹാരിത മുഴുവനായും പകർത്തിവെച്ചത് പോലൊരു കാഴ്ചയാണത്. ഇതിലാണ് ഉറൂസിെൻറ പതാക ഉയർത്തുന്നത്. ഇത്തരത്തിൽ നിരവധി കവാടങ്ങളാണ് ദർഗ്ഗ ശെരീഫിലുള്ളതെങ്കിലും മൂന്നെണ്ണത്തിൽ മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ.
മുഗൾ ചക്രവർത്തിമാർക്ക് ദർഗ്ഗ ശെരീഫുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം തുറന്ന് കാണിക്കുന്നതാണ് വെളുത്ത മാർബിളിലും അല്ലാതെയുമായി പണികഴിപ്പിച്ച പല നിർമിതികളും. തെൻറ മകന് വേണ്ടിയുള്ള നേർച്ച നിറവേറ്റാൻ അക്ബർ ചക്രവർത്തി എല്ലാ വർഷവും ആഗ്രയിൽനിന്ന് കാൽനടയായി അജ്മീറിൽ എത്തുമായിരുന്നു എന്നാണ് ചരിത്രം. ഈ യാത്രയിലുടനീളം ഓരോ ദിവസവും താമസിച്ചതിെൻറ അടയാളങ്ങളായി കോസ് മിനാറുകൾ എന്ന വലിയ തൂണുകൾ നിർമിക്കുമായിരുന്നു. അതുപോലെ ഷാജഹാൻ ചക്രവർത്തി നിർമിച്ച അക്ബരി പള്ളിയും ദർഗ്ഗക്ക് അകത്തെ പ്രധാന കാഴ്ചയാണ്. ഈ നിർമിതികൾ ഒരോന്നും പേർഷ്യൻ ശിൽപ കലയുടെ മനോഹാരിത വിളിച്ചോതും.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഖാജ മുഈനുദ്ദീന്‍ ചിശ്തി എന്ന സൂഫിവര്യനും പേര്‍ഷ്യന്‍ സംസ്കാരത്തിെൻറ കളിത്തൊട്ടിലുകളും അറേബ്യയിലെ പുണ്യനഗരങ്ങളും താണ്ടി തന്നെയാണ് ഥാര്‍ മരുഭൂമിയിലെത്തുന്നത്. ചിശ്തി എന്നത് ദേശപ്പേരാണ്. അഫ്ഗാനിസ്ഥാനിലെ സിസ്സ്താന്‍ പ്രവിശ്യയിലാണിത്. മുഈനുദ്ദീന്‍ ഹസ്സന്‍ എന്നാണ് അദ്ദേഹത്തിെൻറ ശരിയായ പേര്. അഞ്ച് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരണപ്പെട്ടു. പിതാവിെൻറ സ്വത്തായി മുഈനുദ്ദീന് കിട്ടിയത് ഒരു കാറ്റാടിമില്ലും പഴത്തോട്ടവുമാണ്.
ഒരു ദിവസം ചെടികൾക്ക് നനച്ചുകൊണ്ടിരിക്കുമ്പോഴാണ് ഷെയ്ഖ് ഇബ്രാഹീം ഖുന്ധുസി എന്ന സൂഫിവര്യന്‍ പഴത്തോട്ടത്തിലേക്ക് കടന്നുവന്നത്. ഖാജ അദ്ദേഹത്തിന് കുറച്ചു പഴങ്ങള്‍ പറിച്ചുകൊടുത്തു. അതു കഴിച്ച് മടങ്ങിപ്പോകും മുമ്പ് ശൈഖ് ഒരു കഷ്ണം റൊട്ടി ഖാജക്ക് കൊടുത്തു. അത് ഭക്ഷിച്ചതോടെ വിചിത്രമായ സ്വപ്നങ്ങളും ജ്ഞാനാനുഭവങ്ങളും ഉണ്ടായി എന്നാണ് പറയപ്പെടുന്നത്.
ഖാജയുടെ യാത്രകൾ
പിന്നീട് തെൻറ സ്വത്ത് മുഴുവന്‍ വിറ്റ് ആ പണം പാവപ്പെട്ടവര്‍ക്കു ദാനം ചെയ്ത് ഖാജ യാത്ര ആരംഭിച്ചു. ബാഗ്ദാദ്, സമര്‍ഖന്ദ്, ബുഖാറ എന്നിവിടങ്ങളിലൂടെയായിരുന്നു ആദ്യകാല യാത്രകള്‍. ബാഗ്ദാദില്‍ െവച്ച് സൂഫി ഗുരുവായ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ കാണുന്നു. തുടര്‍ന്ന് മക്കയിലേക്കും മദീനയിലേക്കും യാത്ര. ശേഷം ഇറാനിലെ ഹാറൂണിലേക്ക്. 44ാം വയസ്സിലാണ് ഉസ്മാന്‍ ഹാറൂണ്‍ തെൻറ പിന്തുടര്‍ച്ചക്കാരനായി മുഈനുദ്ദീനെ പ്രഖ്യാപിക്കുന്നത്. വിദൂരതയിലേക്ക് യാത്ര ചെയ്യാനുള്ള തെൻറ നിയോഗം ഏറ്റെടുത്ത് ആദ്യം അജ്മീറിലെത്തുന്നത് 1191ൽ. തുടര്‍ന്ന് ബാല്‍ക്കിലേക്കും ബാഗ്ദാദിലേക്കും യാത്ര ചെയ്തു. മുള്‍ട്ടാനിലൂടെ ഡല്‍ഹി വഴി വീണ്ടും അജ്മീറില്‍.
ഖാജയുമായി ബന്ധപ്പെടുത്തി നിരവധി കഥകൾ വിശ്വസികൾക്കിടയിലുണ്ട്. ശൈഖ് തെൻറ അനുയായികളുമൊത്ത് അജ്മീറിൽ എത്തുമ്പോൾ രജപുത്ര രാജാവായ പൃഥിരാജ് ചൗഹാനായിരുന്നു ഭരണാധികാരി. ഖാജയുടെ വരവ് അദ്ദേഹത്തെ ചൊടിപ്പിച്ചു. അജ്മീറിലെ സുന്ദരമായ കാഴ്ചകളിൽ ഒന്നായ അനാസാഗർ തടാകത്തിെൻറ കരയിലാണ് ഖാജ ആദ്യമെത്തുന്നത്. തടാകത്തിൽ നിന്ന് വെള്ളമെടുക്കാൻ ചൗഹാെൻറ സൈന്യം വിലക്കിയെന്നും ഇതറിഞ്ഞ ഖാജ ഒരു കപ്പ് വെള്ളം മാത്രമെടുക്കാനുള്ള അനുമതി വാങ്ങുകയും അത് എടുത്തതോടെ തടാകവും സമീപ പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും ഉൾപ്പടെ വറ്റിവരണ്ടു എന്നുമാണ് വിശ്വാസികൾക്കിടയിൽ പ്രചാരം നേടിയ പ്രധാനപ്പെട്ട കഥകളിൽ ഒന്ന്.
കാരുണ്യത്തിൻ ചെമ്പുകൾ
ദർഗ്ഗയുടെ ഉൾവശം നിറയെ റോസാപൂവിെൻറയും ചന്ദന തിരികളുടെയും തുളച്ച് കയറുന്ന ഗന്ധമാണ്. തെരുവിലുള്ളത് പോലെ തന്നെ പൂക്കളുടെയും മറ്റു നിവേദ്യങ്ങളുടെയും കച്ചവടവും നടക്കുന്നുണ്ട്. കവാടം കഴിഞ്ഞാൽ ഒരിടത്ത് വലിയ രണ്ട് ചെമ്പുകൾ കാണാം. ഏറെ പ്രശസ്തമായ 'അജ്മീർ ചെമ്പു'കളാണത്. അവയിൽ ഒരെണ്ണം അക്ബർ ചക്രവർത്തി നൽകിയതാണ്. അദ്ദേഹത്തിന് ദർഗ്ഗ ശെരീഫിനോടുള്ള അടുപ്പത്തിെൻറ ഓർമക്കായി ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച പള്ളിയും സമീപത്ത് തന്നെയുണ്ട്. ദർഗ്ഗ കാണാനെത്തുന്ന സന്ദർശകർ പണവും ധാന്യങ്ങളും നിക്ഷേപിക്കുന്നത് ചെമ്പുകളിലേക്കാണ്.
മറ്റു പല ആരാധനാലയങ്ങളിലും ഉള്ളതിന് സമാനമായ രീതിയിൽ ലക്ഷക്കണക്കിന് രൂപയാണ് ഓരോ ദിവസവും ഈ ചെമ്പുകളിൽ നിറയുന്നത്. നിശ്ചിത സമയം കഴിഞ്ഞാൽ ഇതേ ചെമ്പുകൾ തന്നെ പാചകത്തിനും ഉപയോഗിക്കും. സന്ദർശകരായി എത്തുന്നവർക്കും സ്ഥിരമായി ഇവിടെ കഴിയുന്നവർക്കും സൂഫികൾക്കുമുള്ള ഭക്ഷണമാണ് പാചകം ചെയ്ത് വിതരണം ചെയ്യുന്നത്. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെ 'ലംഗാർ' പോലെയാണത്. ഭക്ഷണ വിതരണത്തിലെ ഈ സാദൃശ്യം, സൂഫി വര്യനായിരുന്ന സായി ഹസ്രത് മിയാൻ മിർ ആയിരുന്നു ഹർമന്ദർ സാഹിബിെൻറ (സുവർണ്ണ ക്ഷേത്രം) ശിലാസ്ഥാപനം നടത്തിയത് എന്ന ഓർമയിലേക്കാണ് എന്നെ കൊണ്ടുപോയത്.
ഒടുങ്ങാത്ത പ്രാർഥനകൾ
ഖാജയുടെ മസാറിന് മുന്നിൽ വലിയ തിരക്കാണ്. മുൻവശത്തെ പന്തലിൽ ഏതോ നാടോടി ഗായക സംഘം ഖവാലി പാടുന്നു. ഭാഷ അത്ര വശമില്ലെങ്കിലും ഖാജയെ പുകഴ്ത്തിയാണ് അവർ പാടുന്നതെന്നും അവരുടെ വിശ്വാസത്തിെൻറ ആഴവും നമുക്ക് മനസ്സിലാകും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ളതാണ് സൂഫി മാര്‍ഗം. സൂഫിയാനി സംഗീതം ദൈവത്തോടുള്ള ഒടുങ്ങാത്ത പ്രാര്‍ത്ഥനകളാണ്.
അവസാനത്തെ രാവില്‍ ചിശ്തി തങ്ങളുടെ അടച്ചിട്ട മുറിയില്‍നിന്ന് സാരംഗിയുടെ നേര്‍ത്ത സംഗീതം കേട്ടിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. സൂഫികളെ സംബന്ധിച്ച് രാജ്യാതിര്‍ത്തികളോ ദേശവ്യത്യാസമോ ഇല്ല. കാറ്റും വെളിച്ചവും കാണിക്കുന്ന വഴികളിലൂടെ യാത്ര ചെയ്യും. അധികാരങ്ങളെ അനുസരിക്കേണ്ടതില്ല. ഉദാരത നദിപോലെ ഒഴുകണം, സ്നേഹം സൂര്യപ്രകാശം പോലെ ജ്വലിക്കുകയും വേണം, ഭൂമിപോലെ ആതിഥ്യ മര്യാദയുണ്ടാവണം എന്നാണ് ചിശ്തിയന്‍ സമീപനം. ഭൗതികമായ സമ്പത്തിന് വില കല്‍പ്പിക്കേണ്ടതില്ല. അങ്ങനെ പറയുമ്പോഴും ആദ്യം ഹൈദരാബാദിലും പിന്നീട് അജ്മീറിലും കണ്ടത് കച്ചവട കണ്ണുകള്‍ ആയിരുന്നില്ലേ എന്ന് തോന്നിപോകും.
അതേസമയം മറ്റൊരു ഭാഗത്ത് വിദൂരതയിലക്ക് കണ്ണ് നട്ടിരുന്ന് ഖവാലിയുടെ ഈണങ്ങളിലും പ്രാർത്ഥനകളിലും പങ്കെടുക്കുന്ന കുറെ നിഷ്കളങ്കരായ മനുഷ്യരും നിലത്തുരുണ്ടും ചുമരിൽ തലയിടിച്ചും തൊണ്ടപൊട്ടി പ്രാർത്ഥിക്കുന്ന മറ്റൊരു കൂട്ടരും. അങ്ങനെ നോക്കിയാൽ ഒരേസമയം വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും ഇടം കൂടിയാണ് ഖാജയുടെ സന്നിധി.
ചിശ്തിയുടേത് ഉൾപ്പടെ എട്ടോളം ശവകുടീരങ്ങൾ ദർഗ്ഗയിലുണ്ട്. ഖാജയുടെ മകൾ ബീവി ഹാഫിസ ജമാലിേൻറത് ഉൾപ്പടെ അതിലുണ്ട്. ഒരു അന്താരാഷ്ട്ര വഖഫിെൻറ കീഴിലാണ് ദർഗ്ഗ പ്രവർത്തിക്കുന്നത്. പ്രധാന ആരാധനാലമായ മസാർ ശെരീഫിലെ ആചാര അനുഷ്ഠാനങ്ങളുടെ ചുമതല ഖാദിംസിനാണ്. അതിഥി മന്ദിരങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ചുമതല സർക്കാർ നിയോഗിച്ച ദർഗ കമ്മറ്റിക്കും.
യാക്കൂബ് ഭായിയുടെ 'സഹായം'
ദർഗ്ഗ സന്ദർശനവും കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്താണ് കൈയിലെ പരിമിതമായ പൈസയെ കുറിച്ചോർക്കുന്നത്. യാത്രക്കിടയിൽ പുഷ്കറിൽ വെച്ച് ആരെയും വിളിക്കാൻ പോലും സാധ്യമല്ലാത്ത രീതിയിൽ മൊബൈൽ ഫോൺ തകരാറിലായിരുന്നു. ഇടക്കുവെച്ച് പരിചയപ്പെട്ട ഒരാളോട് അറിയാവുന്ന ഭാഷ വെച്ച് സംസാരിച്ചപ്പോഴാണ് തിരിച്ചുപോകാൻ മാർഗമില്ലാതെ കുടുങ്ങിപോയവരെ സഹായിക്കാൻ ദർഗ്ഗ കമ്മിറ്റി വക പ്രത്യേക സെൽ പ്രവർത്തിക്കുന്ന കാര്യം അറിഞ്ഞത്. ആ വഴിക്കൊന്ന് അന്വേഷിച്ച് നോക്കാൻ തന്നെ തീരുമാനിച്ച് തെരുവിലേക്കിറങ്ങി.
കുറെ സമയത്തെ അന്വേഷണങ്ങൾക്കൊടുവിൽ ദർഗ്ഗക്ക് മുമ്പിൽ കാവൽനിന്ന ഒരു പൊലീസുകാരനോട് കാര്യം പറഞ്ഞു. ദർഗ്ഗ കമ്മിറ്റി സഹായം നൽകുന്ന കാര്യം അദ്ദേഹവും ഉറപ്പിച്ചു. പക്ഷെ നേരം ഇരുട്ടി തുടങ്ങിയതിനാൽ ഇനി നാളെ മാത്രമേ ദർഗ്ഗ കമ്മിറ്റിയെ ബന്ധപ്പെടാനാകൂ. പൊലീസുകാരനുമായി സംസാരിച്ച് നിൽക്കുന്ന സമയത്താണ് യാക്കൂബ് ഭായിയുടെ വരവ്. കഞ്ചാവിെൻറ മണമുള്ള മനുഷ്യൻ. ചുവന്ന വലിയ കണ്ണുകളും ഇടറിയ ശബ്ദവുമാണയാൾക്ക്. ദർഗ്ഗയിലെ തൊഴിലാളിയാണ്. കേരളത്തിൽ നിന്നാണെന്നും ദർഗ്ഗ കമ്മിറ്റിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നതും ഉൾപ്പടെ ചേർത്ത് പറഞ്ഞ് പൊലീസുകാരൻ വിശദമായി തന്നെ എന്നെ അയാൾക്ക് പരിചയപ്പെടുത്തി. പരസ്പരം ഭാഷയറിയില്ലെങ്കിലും കൂടെ വരാൻ ആവശ്യപ്പെട്ട് അയാൾ മുന്നിൽ നടക്കാൻ ആരംഭിച്ചു.
വിഭജനാന്തര കാലത്ത് രാജ്യം മുഴുവൻ കലാപത്തിൽ കത്തിയെരിഞ്ഞപ്പോഴും ചില ഒറ്റപ്പെട്ട ആക്രമണങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് രാജസ്ഥാൻ. മനുഷ്യനെ മതാതീതമായി നോക്കികാണാൻ പഠിപ്പിച്ച സൂഫിസവും ഭക്തി പ്രസ്ഥാനവും തഴച്ചുവളർന്നത് സിന്ധിെൻറ കർമഭൂമിയിൽ ആയതായിരിക്കാം അതിെൻറ കാരണമെന്ന് എ. റശീദുദ്ദീൻ എഴുതിയത് ഓർക്കുന്നുണ്ട്. അത്തരത്തിൽ സൂഫിസത്തിെൻറ വെളിച്ചം വീണ അജ്മീറിലെ ഗല്ലികളിലേക്കാണ് യാക്കൂബ് ഭായ് എനിക്ക് വഴികാണിച്ചത്.
രണ്ട് തവണയാണ് അജ്മീറിൽ വന്നിട്ടുള്ളത്. രണ്ട് തവണയും കൂടെ നടക്കാൻ ഈ നാട്ടുകാരായ ആളുകളെ തന്നെ തരപ്പെട്ട് കിട്ടി എന്നൊരു ഭാഗ്യം കൂടി ഉണ്ടായി. ഒരു തവണ യാക്കൂബ് ഭായി ആയിരുന്നെങ്കിൽ മറ്റൊരു പ്രാവശ്യം ജസ്രാജ് ഖിഛി എന്ന സുഹൃത്തായിരുന്നു. അഞ്ച് രൂപയുടെ സഹായം ചോദിച്ചാൽ 50 രൂപയുടെ സഹായം ചെയ്ത് തരുന്നവരാണ് രാജസ്ഥാനികൾ എന്നാണ് മുമ്പൊരിക്കൽ അജ്മീർ സന്ദർശിച്ച ഒരു സുഹൃത്ത് പറഞ്ഞത്. ജസ്രാജ് ആ കൂട്ടത്തിൽപെടുന്ന ഒരാൾ തന്നെയായിരുന്നു.
പുസ്തകങ്ങൾ ബൈൻഡിങ്ങ് ചെയ്ത് ജീവിക്കുന്ന പിതാവും അമ്മയും ജൂനിയർ ഫുട്ബാൾ ടീമിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന അനിയനും ഉൾപ്പെട്ട നാലംഗ കുടുംബത്തിലെ അംഗം. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അത് ഇന്ത്യയുടെ ഭാഗമാണോ എന്ന നിഷ്കളങ്കമായ ചോദ്യമാണ് ജസ്രാജിെൻറ പിതാവ് അന്ന് എനിക്ക് നേരെ എറിഞ്ഞത്.
പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഓടിനടന്ന് ഏറ്റവും മികച്ചതിനെ തേടിയ പ്രിയപ്പെട്ട സുഹൃത്തായിരുന്നു അവൻ. ഒരു ദിവസത്തെ താമസ സൗകര്യം തന്നതിന് നന്ദിയറിയിച്ച ശേഷം യാത്ര പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ ഉറപ്പായും കേരളം കാണാൻ വരും എന്ന് പറഞ്ഞാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്.
എന്നാൽ, യാക്കൂബ് ഭായിയുടെ കൂടെ ഇടുങ്ങിയ ഗല്ലികൾക്ക് ഇടയിലൂടെ നടക്കുമ്പോൾ അത്ര നിഷ്കളങ്കമായിരുന്നില്ല കാര്യങ്ങൾ. അദ്ദേഹത്തിന് പരിചയമുള്ള ആറോ ഏഴോ കടകളിൽനിന്ന് പണം വാങ്ങിക്കുന്നത് ഞാൻ കണ്ടിരുന്നു. ഓരോ സ്ഥലത്തും പണം വാങ്ങുന്നതിന് മുമ്പ് എന്നെ കാണിച്ച് 'കേരളത്തിൽ നിന്നാണെന്നും തിരികെ പോകാൻ പ്രയാസപ്പെടുന്ന ആളാണെന്നും' പറയുന്നത് ശ്രദ്ധിച്ചു.
ഓരോ ഇടവേളകളിലും അദ്ദേഹം ടുബാക്കോ പൈപ്പിെൻറ മാതൃകയിലുള്ള ചെറിയ പൈപ്പിൽ കഞ്ചാവ് നിറച്ച് അകത്തേക്കെടുക്കുന്നുണ്ട്. കുത്തനെയുള്ള പടവുകൾ കയറി മുകളിലേക്ക് നടക്കുന്നതിനിടയിൽ എങ്ങോട്ടാണെന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇന്നു രാത്രി കൂടെ താമസിക്കാമെന്നും നാളെ പകൽ ദർഗ്ഗ കമ്മിറ്റിയെ സമീപിച്ചശേഷം തിരികെ പോകാമെന്നും അയാൾ പറഞ്ഞു.
നേരത്തെ കടകളിൽനിന്ന് വാങ്ങിയ പണമോ എന്നൊരു ചോദ്യം അലക്ഷ്യമായി എെൻറ തൊണ്ടയിൽ കുടുങ്ങിക്കിടന്നു. പകരം െറയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ഏതെന്ന ചോദ്യമാണ് പുറത്തേക്ക് വന്നത്. യാക്കൂബ് ഭായിയെയും ഇടുങ്ങിയ ഗല്ലികളിലെ കെട്ടിടങ്ങളെയും പിന്നിലാക്കി കുറെനടന്നു. ഉസ്മാനിയചില്ല എന്നൊരു സ്ഥലമുണ്ടിവിടെ. ചിശ്തി തങ്ങള്‍ പല ദിവസങ്ങളിലും ഏകാകിയായി ധ്യാനിച്ചത് ഇവിടെയിരുന്നാണ്. അവിടെയിരുന്നാല്‍ അജ്മീര്‍ തടാകം കാണാം. ദൈവത്തിെൻറ വരദാനം പോലെയാണ് തടാകത്തിെൻറ നീലക്കാഴ്ച. കാഴ്ചകളെ പിന്നിലാക്കി ഒടുക്കം റെയില്‍വേ സ്റ്റേഷന് ലക്ഷ്യമാക്കി തിരികെയിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.