Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bergamo
cancel
Homechevron_rightTravelchevron_rightDestinationschevron_rightമധ്യകാലഘട്ടത്തിലെ നിധി...

മധ്യകാലഘട്ടത്തിലെ നിധി തേടി ബെർഗമോയിൽ

text_fields
bookmark_border

ഒരു വർഷമായി ഇറ്റലി ഉത്സവപ്പറമ്പിലെ അലങ്കാര വിളക്കുകൾ പോലെ ഭയങ്കര കളർഫുള്ളാണ്. കൊറോണയുടെ കണക്കനുസരിച്ച്​ നിറങ്ങൾ മാറിക്കൊണ്ടിരിക്കും. ഓരോ റീജിയനുകളെ (സംസ്ഥാനങ്ങളെ) നാലു സോണായിത്തിരിച്ചിരിക്കുകയാണ്. ചുകപ്പ്, ഓറഞ്ച്​, മഞ്ഞ, വെളുപ്പ് എന്നിങ്ങനെയാണ് അവ. രണ്ടാഴ്ച കൂടുമ്പോൾ കൊറോണ കേസുകളുടെ അവലോകനമനുസരിച്ച്​ ഇത് പുതുക്കും.

ഞാൻ താമസിക്കുന്ന ലംബാർഡി റീജിയൻ കുറേകാലമായി റെഡ് അല്ലെങ്കിൽ ഓറഞ്ചു സോൺ ആയിരുന്നു. ഇത് രണ്ടിലും നമുക്ക് പുറത്തിറങ്ങി ചുമ്മാ കറങ്ങി നടക്കാൻ പാടില്ല. അവസാനം ഒരുപാട്​ നാളത്തെ കാത്തിരിപ്പിനുശേഷം മഞ്ഞയിലോട്ട് മാറി. ഇ​േതാടെ നമ്മുടെ റീജിയനുള്ളിൽ രാവിലെ അഞ്ചു മുതൽ വൈകീട്ട് പത്തു വരെ യാത്ര ചെയ്യാനാകുമെന്നായി.

ഇതറിഞ്ഞ ഉടനെ കൂടെ ജോലിചെയ്യുന്ന സുഹൃത്ത്​ ചോദിച്ചു, അടുത്ത വീക്കെൻഡ് നമുക്കൊരു യാത്ര പോയാലോ എന്ന്. കേൾക്കേണ്ട താമസം എങ്ങോട്ടാണെന്ന് പോലും ചോദിക്കാതെ ഞാൻ സമ്മതം മൂളി. കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വന്നപ്പോൾ കുടുംബത്തോടൊപ്പമാണ് അവസാനമായി യാത്ര പോയത്. അതുകൊണ്ട് തന്നെ എവിടെയെങ്കിലും പോകാൻ ഒരവസരം കാത്തിരിക്കുകയായിരുന്നു. പിന്നെ എങ്ങോട്ട് പോകണമെന്ന ചർച്ചയായി. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിലെത്തി, ബെർഗമോ.

ബെർഗമോ നഗരം

കൊറോണ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹവുമായി മിലിറ്ററി ട്രെക്കുകൾ വരി വരിയായി പോകുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലെല്ലാം വൈറൽ ആയിരുന്നു. അതെ, ഒരു ജനറേഷനെ തന്നെ ഭൂമിയിൽനിന്നും തുടച്ചുനീക്കി യമലോകത്തേക്ക്​ ആയച്ച കൊറോണ ഏറ്റവും കൂടുതൽ താണ്ഡവമാടിയ ഇറ്റലിയിലെ സ്ഥലമാണ് ബെർഗമോ. മിലാനിൽനിന്നും ഒരുമണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന സ്​ഥലം.

ചരിത്രങ്ങളുടെയും വാസ്തുവിദ്യയുടെയും കലവറയായി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ നാട്​. ലംബാർഡി റീജിയനിലെ നാലാമത്തെ വലിയ നഗരം. മധ്യകാലഘട്ടത്തിലെ വളരെ സമ്പന്നമായ ഇടം. ഒരുപാട്​ യുദ്ധങ്ങളിൽ പങ്കുചേർന്ന സ്ഥലം. ഇറ്റാലിയൻ രാജ്യം നിലവിൽ വരുന്നത് വരെ ആസ്ത്രിയൻ സാമ്രാജ്യത്തി​െൻറ ഭാഗമായ മനോഹര ഭൂമി. അങ്ങനെ എണ്ണി​യാലൊതുങ്ങാത്ത പ്രത്യേകതയുള്ള നാട്​.

മിലാൻ റെയിൽവേ സ്​റ്റേഷൻ

അവധിദിവസമായ ശനിയാഴ്ച രാവിലെ തന്നെ ഞങ്ങൾ റൂമിൽനിന്ന്​ ഇറങ്ങി. മിലാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും ഏഴ്​ മണിക്കാണ്​ ട്രെയിൻ. മെയിൻ സ്റ്റേഷൻ ആയതിനാൽ മിലിറ്ററി ചെക്കിങ്ങുണ്ട്​. എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ചോദിച്ചു. റീജിയൻ വിട്ടുപോകുന്നില്ല എന്ന് പറഞ്ഞപ്പോൾ അവർ യാത്ര അനുവദിച്ചു.

24 പ്ലാറ്റുഫോമുകളുണ്ട് മിലൻ സെൻട്രൽ റെയിൽവേ സ്റ്റേഷന്​. അതിൽ ഞങ്ങൾക്ക്​ പോകേണ്ട ട്രെയിൻ ഡിസ്പ്ലേ സ്‌ക്രീനിൽ നോക്കി കണ്ടുപിടിച്ചു. ആളുകൾ വളരെ കുറവാണ്. അടുത്ത് കണ്ട സീറ്റും പിടിച്ച്​ ഞങ്ങളിരുന്നു. മിലാൻ നഗരത്തിലൂടെ ട്രെയിൻ നീങ്ങിത്തുടങ്ങി. നഗരത്തെ മെല്ലെ പിന്നിലാക്കി സുന്ദരമായ ഗ്രാമപ്രദേശങ്ങളും മലകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ട്രെയിനി​െൻറ വേഗതയും ഞങ്ങളുടെ തള്ളലും കൂടി ആയപ്പോൾ 50 മിനിറ്റ്​ കൊണ്ട് തന്നെ ബെർഗമോ എത്തി.


മിലാൻ റെയിൽവേ സ്​റ്റേഷ​െൻറ ഉൾവശം

ചായക്കടയിലെ ടിക്കറ്റുകൾ

ട്രെയിനിറങ്ങിയ പാടെ അടുത്തുള്ള ഷോപ്പിൽ കയറി ബെർഗമോ മൊത്തം ചുറ്റിക്കാണാനുള്ള വൺഡേ പാസ് എടുത്തു. അഞ്ച്​ യൂറോയാണ് വില. അതുകൊണ്ട് എല്ലാ പൊതുഗതാഗതവും ദിവസം മുഴുവൻ പരിധിയില്ലാതെ ഉപയോഗിക്കാം. ഇറ്റലിയിൽ റെയിൽവേ, ബസ് സ്റ്റേഷനുകൾക്കടുത്തുള്ള ചെറിയ ഷോപ്പുകളിലെല്ലാം ട്രെയിൻ, ബസ് ടിക്കറ്റുകൾ ലഭ്യമാണ്​. ടിക്കറ്റുമായി സ്റ്റേഷനിൽനിന്നും പുറത്തിറങ്ങി. തൊട്ടടുത്തുള്ള ബസ് സ്റ്റേഷനാണ് ലക്ഷ്യം.

അവധിദിനമായതിനാൽ നഗരം ഉന്നർന്നുവരുന്നതേയുള്ളൂ. ശൈത്യകാലം അവസാനഘട്ടത്തിലാണെങ്കിലും തണുപ്പിന് കുറവൊന്നുമില്ല. മനോഹരവും വൃത്തിയുള്ളതുമായ ചെറിയ നഗരം. കാണാനുള്ള സ്ഥലങ്ങളുടെ പ്ലാൻ ആദ്യമേ തയാറാക്കിയിരുന്നു. ന്യൂ സിറ്റി, ഓൾഡ് സിറ്റി എന്നിങ്ങനെ ബെർഗമോയെ രണ്ടായി തിരിച്ചിട്ടുണ്ട്. ബെർഗമോയുടെ ഭൂപ്രകൃതിക്കൊരു പ്രത്യേകതയുണ്ട്. നമ്മൾ ട്രെയിൻ ഇറങ്ങുന്ന ഭാഗം പരന്നുകിടക്കുന്ന ഒരു മോഡേൺ നഗരമാണ്. നഗരത്തിലൂടെ കുറച്ചു മുന്നോട്ടുപോയാൽ പെട്ടന്ന് കുത്തനെയുള്ള ഒരു കുന്നാണ്. അതാണ്​ ഓൾഡ് സിറ്റി. ഇത്​ കുന്നിൻ മുകളിലായതിനാൽ "ചിറ്റ ആള്താ" (മുകിലുള്ള നഗരം) എന്നാണ് അറിയപ്പെടുന്നത്.

കുന്നിൻ മുകളിലേക്കുള്ള ഫ്യൂണിക്കുലാർ

ബസ് സ്റ്റേഷനിലെത്തി ഞങ്ങൾക്ക്​ കയറേണ്ട വണ്ടി കണ്ടുപിടിച്ചു. ഓൾഡ് സിറ്റിയിലേക്ക്​ പോകുന്ന ബസ് ആണെങ്കിലും മുകളിൽ പോകാതെ മലയുടെ താഴ്ഭാഗത്തുള്ള ഫ്യൂണിക്കുലാർ സ്റ്റേഷനടുത്തിറങ്ങി. 1887ൽ പണിത 130 വർഷത്തിന് മുകളിലായി ആളുകൾ ഉപയോഗിക്കുന്ന ചരിത്ര പ്രസിദ്ധമായ ഫ്യൂണിക്കുലാർ.

ആ കൊച്ചുതീവണ്ടി കയറി മിനുറ്റുകൾകൊണ്ട് മുകളിലെത്തും. 16ാം നൂറ്റാണ്ടിൽ പണിതീർത്ത നാല്​ കിലോമീറ്ററോളം നീളമുള്ള മതിലിനാൽ ചുറ്റപ്പെട്ട്​ കിടക്കുകയാണ് ഓൾഡ് സിറ്റി. പഴയ നഗരവും കത്തീഡ്രലുകളും കോട്ടയുമെല്ലാം അതുപോലെ സംരക്ഷിച്ചുവെച്ചതിനാലാണ്​ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടാൻ ഈ സ്ഥലത്തിന് കഴിഞ്ഞത്.

ഫ്യൂണിക്കുലാറി​െൻറ പാളങ്ങൾ

കുന്നിൻചെരുവിലെ മൈതാനം

ഫ്യൂണിക്കുലാർ ഇറങ്ങി ചുറ്റുമതിലിന് മുകളിലൂടെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ മെല്ലെ നടന്നു. അത്യാവശ്യം തണുപ്പുണ്ട്. പക്ഷെ ജാക്കറ്റുള്ളതിനാൽ ശരീരം ചൂടായി നിൽക്കുന്നു. അതിരാവിലെ ആയതിനാൽ സഞ്ചാരികളാരുമില്ല. പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാർ കുറച്ചുപേരുണ്ട്. ഒരു ഭാഗത്ത്​ ചരിത്രമുറങ്ങുന്ന പഴയ നഗരം.

താഴെ പരന്നുകിടക്കുന്ന പുതിയ നഗരം. മുകളിലിൽനിന്ന്​ അതി​െൻറ ആകാശ കാഴ്​ചയും ഏറെ മനോഹരമാണ്​. നിരനിരയായി നിൽക്കുന്ന കെടിടങ്ങളുടെ ഓട് പാകിയ മുകൾ ഭാഗം നോക്കാത്ത ദൂരത്തോളം പരന്നുകിടക്കുന്നു.തണുപ്പുകാലമായത്​ കൊണ്ടാണെന്ന് തോന്നുന്നു, സൂര്യന്​ പുറത്തുവരൻ ഒരു മടിയുള്ളത് പോലെ. ദൂരക്കാഴ്ച കുറവാണ്.

പഴയ നഗരത്തി​െൻറ ചുറ്റുമതിലിന്​ മുകളിലെ നടപ്പാത

മതിലിന് അരികിലായി കുന്നിൻ ചെരുവിൽ പ്രകൃതി പച്ചപ്പരവതാനി വിരിച്ച മനോഹരമായ ഫുട്​ബാൾ മൈതാനമുണ്ട്​. സാധാരണ ഗ്രൗണ്ട് പോലെ കൃത്യം ദീർഘ ചതുരാകൃതിയിലൊന്നുമല്ല. ഒരു ഭാഗം കുറച്ചു വീതി കുറവാണ്. ഭൂപ്രകൃതിക്കനുസരിച്ച്​ അതിരുകൾ വരച്ചിട്ടുണ്ട്.

കണ്ണെത്താ ദൂരത്തോളം പ്രകൃതി സൗദര്യം ആസ്വദിച്ചുകൊണ്ട്​ ആ മൈതാനത്ത്​ പന്തുതട്ടാൻ എന്നിലെ മലപ്പുറംകാരന്​ ആശ തോന്നി. പക്ഷെ, അവിടെനിന്ന്​ പന്ത് താഴെ പോയാൽ എന്ത് ചെയ്യുമെന്നറിയില്ല? നമ്മളെന്തിനാ ഇപ്പൊ അതൊക്കെ ചിന്തിച്ച്​ വെറുതെ സമയം കളയുന്നതെന്നോർത്ത്​ കാഴ്ചകളുടെ ലോകത്തേക്ക് വീണ്ടും തിരിച്ചുവന്നു.

കുന്നിൻചെരുവിലെ മൈതാനം

ചുറ്റുമതിലിന് പ്രധാനമായും നാലു കവാടങ്ങളുണ്ട്. നടന്നു ഞങ്ങളെത്തിയത് ഏറ്റവും പ്രധാനപ്പെട്ട പോർത്ത സാൻ ജ്യാകോമോ എന്നറിയപ്പെടുന്ന സിറ്റി ഗേറ്റ് കവാടത്തിലാണ്. പതിനാറാം നൂറ്റാണ്ടിൽ മാർബിളിൽ പണിതീർത്ത കവാടം ഇപ്പോഴും പ്രൗഢ ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നു.

അവിടെനിന്നും പുതിയ നഗരത്തിലേക്ക് പോകാൻ നടപ്പാതയുണ്ട്. ചെറിയ കല്ലുകൾ മനോഹരമായി വിരിച്ചിരിക്കുന്നു. അതി​െൻറ രണ്ടു ഭാഗത്തും ഉയരത്തിൽ മതിലുകളാണ്​. അതിൽ ഇച്ചി പിടിച്ചതുപോലെ പച്ചപുല്ലുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ ആകെ ഹരിത സുന്ദരമായ അനുഭവമാണ്​.

പ്രധാന കവാടം

ചെറിയ പടി പടികളായി താഴോട്ട് ഇറങ്ങിപ്പോകുന്നു. രാത്രി പെയ്ത മഞ്ഞിൻ തുള്ളികൾ കല്ലുകളിൽ പറ്റിപ്പിടിച്ച്​ നിൽക്കുന്നു. ഗ്രിപ്പിലാത്ത ഷൂ സൂക്ഷിച്ചില്ലെങ്കിൽ സ്ലിപ് അകാൻ സാധ്യതയുണ്ട്.

വീണ്ടും ഫ്യൂണിക്കുലറിൽ

ഇടവഴിയുടെ മനോഹാരിത ആവോളം ആസ്വദിച്ച്​ ശ്രദ്ധിച്ച്​ മെല്ലെ താഴോട്ടിറങ്ങി. ഈ സുന്ദരമായ നടപ്പാത വന്നിറങ്ങുന്നത് നമ്മുടെ ഫ്യൂണിക്കുലറി​െൻറ താഴ്ഭാഗത്താണ്. അവിടന്ന് വീണ്ടും ഫ്യൂണിക്കുലർ പിടിച്ച്​ മുകളിലേക്ക്​ യാത്ര തുടർന്നു. ഞങ്ങളെ കണ്ടപാടെ ഓപ്പറേറ്റർ 'വീണ്ടും സ്വാഗതം' എന്ന് പറഞ്ഞു അഭിസംബോധനം ചെയ്തു. ആ യാത്രയിൽ ഞങ്ങൾ രണ്ടുപേർ മാത്രമേ മുകളിൽ പോകാനുണ്ടായിരുന്നുള്ളൂ.

ചെറിയ കല്ലുകൾ മനോഹരമായി വിരിച്ച നടപ്പാത

മുകളിലെത്തി പഴയ കെട്ടിടങ്ങൾക്കിടയിലൂടെ വസ്തുവിദ്യകൾ ആസ്വദിച്ചുകൊണ്ട് നേരെ നടന്നത് സെൻട്രൽ സ്​ക്വയർ ലക്ഷ്യമാക്കിയാണ്​. പിയാത്സാ വെക്കിയോ എന്നറിയപ്പെടുന്ന പഴയ നഗരത്തി​െൻറ ചരിത്ര പ്രധാനമായ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട്​ കിടക്കുന്ന ഹൃദയഭാഗമാണ്​ സെൻട്രൽ സ്​ക്വയർ. ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശക കേന്ദ്രവും ഇതുതന്നെ. നിലത്ത്​ ചെറിയ ചെറിയ ചതുരങ്ങളാക്കി ഇഷ്ടിക വിരിച്ചിട്ടുണ്ട്.

സ്​ക്വയറിന്​ നടുക്കായി ഒരു ജലധാരയുണ്ട്​, കോണ്ടാരിനി ഫൗണ്ടെയ്​ൻ. ഇതിന്​ ചുറ്റുമായി സിംഹം, പാമ്പ് തുടങ്ങിയവയുടെ ശിൽപങ്ങൾ അണിനിരക്കുന്നു. അവിടെനിന്ന് നാലു ഭാഗത്തേക്കും നോക്കിയാൽ നൂറ്റാണ്ടുകളുടെ കഥപറയാനുള്ള കെട്ടിടങ്ങളുടെ പൈതൃക ഭംഗി ആസ്വദിക്കാം.

സ്​ക്വയറിന്​ നടുവിലെ ജലധാര

അതിൽ 12ാം നൂറ്റാണ്ടിൽ നിർമിച്ച കെട്ടിടങ്ങളുമുണ്ട്. പഴമയുടെ സാന്ദര്യം അതുപോലെ കാത്തുസൂക്ഷിച്ചിരിക്കുന്നു. ഇറ്റാലിയൻ തെരുവുകളിലൂടെ നടക്കുമ്പോൾ നമ്മുടെ ശ്രദ്ധയിൽപെടുന്ന ഒരു കാര്യമാണ് പഴയ കെട്ടിടങ്ങൾ. പുറത്തുനിന്ന് നോക്കിയാൽ നമ്മൾ വിചാരിക്കും ഇതിപ്പോൾ പൊളിഞ്ഞ വീഴുമോ എന്ന്.

ചില കെട്ടിടങ്ങളന്നും പുറംഭാഗം തേച്ചിട്ടുണ്ടാകില്ല. അല്ലെങ്കിൽ തേച്ചതെല്ലാം പൊളിഞ്ഞുപോയി ഉള്ളിലെ കല്ലുകളൊക്കെ കാണുന്നുണ്ടാകും. പക്ഷെ, കെട്ടിടത്തിനകത്തേക്ക് പോയാൽ ആധുനിക രീതിയിലുള്ള ഷോപ്പുകളും താമസസ്ഥലങ്ങളുമായിരിക്കും.

ഒാൾഡ്​ സിറ്റിയുടെ നടപ്പാതക്ക്​ സമീപത്തുള്ള പഴയ​ കെട്ടിടം

സത്യത്തിൽ എല്ലാ കെട്ടിടങ്ങളും കൃത്യമായ ഇടവേളകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പക്ഷെ പഴമയുടെ സാന്ദര്യം ഒട്ടും ചേർന്നുപോകാതെയായിരിക്കും പ്രവൃത്തി. അതുകൊണ്ട് തന്ന ഓരോ കെട്ടിടത്തിനും സഞ്ചാരികളെ പിടിച്ചുനിർത്താൻ കഴിയുന്ന മാസ്മരിക സൗന്ദര്യമുണ്ട്.

ബ്വാൻജിയോർണോ

കെട്ടിടത്തി​െൻറ വസ്തുവിദ്യകൾ ആസ്വദിച്ച് നിൽകുമ്പോൾ സുഹൃത്ത്​ ചോദിച്ചു, ഒരു കാപ്പി കുടിച്ചാലോ എന്ന്. രാവിലെ വീട്ടിൽ നിന്നിറങ്ങിയശേഷം ഒന്നും കഴിച്ചിട്ടില്ല. ഈ സ്​ക്വയറിനുള്ളിൽ ഒരുപാട്​ റെസ്റ്റോറൻറുകളും കോഫി ബാറുകളുമുണ്ട്. അടുത്തുള്ള ഒരു കോഫി ബാറിലേക്ക് നടന്നു. ബ്വാൻജിയോർണോ (ഗുഡ്മോർണിംഗ്) പറഞ്ഞുകൊണ്ട് ഞങ്ങളെ അവിടെ സ്വീകരിച്ചത് സുന്ദരിയായ ഒരു ഇറ്റാലിയൻ പെൺകുട്ടിയാണ്. പുറത്തെ മേശയിലിരിക്കണോ അതോ അകത്തിരിക്കണോ എന്നായി അടുത്ത ചോദ്യം. ഞങ്ങൾ അകത്തിരിക്കാൻ തീരുമാനിച്ചു. കുറച്ചു നേരം ഹീറ്ററി​െൻറ ചൂടുകൊള്ളാമല്ലോ. നല്ലൊരു കഫേ മക്കിയതോ (പാലുള്ള കാപ്പി) നുകർന്നു.

പുരാതന കെട്ടിടങ്ങൾ

തുടർന്ന്​ നമ്മുടെ സുന്ദരിയോട് അറിവധർച്ചി (ഗുഡ്ബൈ) പറഞ്ഞിറങ്ങി. സ്​ക്വയറിന്​ ചുറ്റുമുള്ള ഓരോ കെട്ടിടങ്ങളും ഇനി അടുത്തറിയണം. ആദ്യംപോയത്​ പാലാസോ ഡെല്ല റാഗിയോൺ (Palazzo della Ragione) എന്ന കെട്ടിടത്തിലേക്കാണ്. ഒമ്പത്​ നൂറ്റാണ്ട്​ മുമ്പ്​ നിർമിച്ച കെട്ടിടം. ടൗൺ ഹാൾ, കോടതി, തിയറ്റർ അങ്ങിനെ കാലചക്രത്തി​െൻറ കറക്കമനുസരിച്ച്​ പലതായും ഈ കെട്ടിടം നിലകൊണ്ടു. ഇറ്റലിയിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൗൺ ഹാളാണിത്. മാറിമാറി വന്ന ഭരണാധികാരികൾ പല കാലഘട്ടത്തിലായി അവരുടെ ഭരണ സിരാകേന്ദ്രമാക്കിയ സ്ഥലം.

തൊട്ടടുത്തായി ക്യാമ്പനോൺ ടോറെ സിവിക്ക (campanone torre civica) എന്നറിയപ്പെടുന്ന ഒരു വലിയ ടവർ. ഇത്​ പത്രണ്ടാം നൂറ്റാണ്ടിൽ സുവാർഡി കുടുംബമാണ് നിർമിച്ചിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന സമ്പന്നമായ ഒരു കുടുംബമായിരുന്നു അവർ. ആ കാലഘട്ടത്തിൽ ഒരു കുടുംബത്തി​െൻറ സമ്പന്നത കൂടുന്നതനുസരിച്ച്​ കെട്ടിടത്തി​െൻറ വലിപ്പവും കൂടിയിരുന്നത്രെ. ഈ നഗരത്തിലെ ഏറ്റവും വലിയ ടവറാണിത്. അതിന് മുകളിൽ കയറിയാൽ നഗരത്തി​െൻറ ആകാശ കാഴ്ച ആസ്വദിക്കാൻ കഴിയും. ടൂറിസ്റ്റുകൾ എ​േപ്പാഴും തിങ്ങി നിറഞ്ഞുനിക്കുന്ന സ്ഥലമായിരുന്നുവിത്. പക്ഷെ, കോവിഡ്​ കാരണം യാത്രാ വിലക്കുകളുള്ളതിനാൽ സഞ്ചാരികൾ വളരെ കുറവാണ്.

പിയാസ ഡെൽ ഡ്യുമോ കത്തീഡ്രലി​െൻറ ഉൾവശം

വിശുദ്ധ മാതാവി​െൻറ പള്ളി

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന, എത്രയോ തലമുറകൾ ജീവിച്ചുതീർത്ത ചുമരിനോടും മണ്ണിനോടും യാത്രപറഞ്ഞു ഞങ്ങൾ മെല്ലെ നടന്നുനീങ്ങി. കുറച്ചു ടൂറിസ്റ്റുകളൊക്കെ നടന്നുപോകുന്നുണ്ട്. എല്ലാവരും കാഴ്ചകൾ ആസ്വദിച്ച്​ നടക്കുകയാണ്. ഞങ്ങളും നടപ്പാതയിലൂടെ നടന്നുനീങ്ങി, ഓരോരോ കെട്ടിടങ്ങളായി നടന്നു കണ്ടുതീർക്കണം.

അവിടന്ന് നേരെ പോയത്​ പിയാസ ഡെൽ ഡ്യുമോ (Piazza del Duomo) എന്ന കത്തീഡ്രൽ സ്​ക്വയറിലേക്കാണ്. ഇറ്റലിയിലെ എല്ലാ നഗരത്തിലും ഇങ്ങനെ ഒരു ഇടം ഉണ്ടാകും. അവിടത്തെ പ്രധാനപ്പെട്ട കത്തീഡ്രൽ നിൽക്കുന്ന സ്ഥലം. 1133ൽ വടക്കൻ ഇറ്റലിയിൽ ​േപ്ലഗ് എന്ന മഹാമാരി പടർന്നുപിടിച്ചപ്പോൾ നഗരത്തെ രക്ഷിക്കാൻ അവിടത്തുകാർ വിശുദ്ധമാതാവിന് നേർച്ചയാക്കിയതാണ് ഈ പള്ളി എന്ന് പറയുന്നുണ്ട്.

പുരാതന നഗരത്തി​െൻറ ചുറ്റുമതിൽ

അതിനുമുമ്പേ എട്ടാം നൂറ്റാണ്ടിൽ അവിടെ പള്ളിയുണ്ടായിരുന്നു. അതിന്​ മുകളിലാണ് പുതിയ പള്ളി നിർമിച്ചതെന്നും പറയപ്പെടുന്നു. പള്ളിയുടെ​ അകത്തേക്ക് കയറി. വളരെ ശാന്തമായ സ്ഥലം. കുറച്ചുപേർ അവിടെ പ്രാത്ഥിക്കുന്നു. സഞ്ചരികളായി വന്നവർ പ്രാർഥിക്കുന്നവർക്ക്​ ബുദ്ധിമുട്ടുണ്ടാക്കാതെ നിശ്ശബ്​ദരായി ചിത്രങ്ങൾ പകർത്തുന്നു.

ചിലർ ചുവർ ചിത്രങ്ങൾ ആസ്വദിക്കുന്നു. പള്ളിയുടെ അകത്തളത്തിൽ ചുവരുകളും മേൽക്കൂരയുടെ ഉൾഭാഗവുമെല്ലാം കലയുടെ ഒരു ലോകമാണ്. കുറച്ചുനേരം എല്ലാം കണ്ടാസ്വദിച്ചതിന് ശേഷം ഞങ്ങൾ പുറത്തിറങ്ങി. പതിനഞ്ചാം നൂറ്റാണ്ടിൽ ഈ പള്ളിയോടു കൂടി കൊളോണി ചാപ്പലും നിർമിക്കപ്പെട്ടു. ഒരുപാട്​ കൊത്തുപണികളും ശിൽപങ്ങളും കൊണ്ട് അതും​ അലങ്കരിക്കപ്പെട്ടിട്ടുണ്ട്. അതിന് മുകളിലായി ഒരു താഴികക്കുടവും സ്​ഥാനം പിടിച്ചിരിക്കുന്നു.

പഴയ നഗരത്തി​െൻറ ചുറ്റുമതിലിന്​ മുകളിലെ നടപ്പാതക്ക്​ സമീപം

അവിടത്തന്നെ ബസിലിക്ക സെൻറ്​ മേരി മേജറി​െൻറ സ്നാപനം കാണാം. ഒക്ടഗോണേൽ ആകൃതിയിൽ പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച ഇത് ആദ്യം പള്ളിയുടെ അകത്തായിരുന്നത്രെ ഉണ്ടായിരുന്നത്. പിന്നീട് 1898ൽ പുറത്തേക്ക്​ മാറ്റി. അതിന് എതിർവശത്തായി സാന്താ മരിയ മാഗിയൂർ എന്ന 1459ൽ നിർമിച്ച കത്തീഡ്രലുമുണ്ട്​.

ഇതിനെല്ലാം പുറമെ പ്രസിദ്ധമായ മ്യൂസിയങ്ങളും പാർക്കുകളും ഇൗ നഗരത്തെ സമ്പന്നമാക്കുന്നു. അതിലൂടെയെല്ലാം ഒരു ഒാട്ടപ്രദക്ഷിണം നടത്തി പ്രയാണം തുടർന്നു. പത്ത്​ കിലോമീറ്റർ അകലെയുള്ള അതിമനോഹരമായ ഒരു ഗ്രാമമാണ്​ ഇനി ഞങ്ങളുടെ ലക്ഷ്യം.

(തുടരും)

https://instagram.com/nazu_wanderlust?r=nametag


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italybergamo
News Summary - In Bergamo in search of medieval treasure
Next Story