ഭൂമിയിലെ പറുദീസയിൽ
text_fieldsഭൂമിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന സ്വർഗമാണ് ജമ്മു-കശ്മീർ. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്ന്. കാലവും അധിനിവേശങ്ങളും ജമ്മു-കശ്മീരിനെ മുറിവേൽപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ഭൂമിയിലെ സ്വർഗം സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടിരിക്കുകയാണ്.
വിവിധ ഭാഷകൾ, മതം തുടങ്ങി വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംയോജനകേന്ദ്രം കൂടിയാണ് ഇവിടം. ഹിമാലയത്തിലെ പിർ പഞ്ചൽ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന ജമ്മു-കശ്മീരിൽ മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.
ആൽപൈൻ പുൽമേടുകളും മഞ്ഞുമൂടിയ പർവതനിരകളും ആരാധനാലയങ്ങളും കോട്ടകളും മ്യൂസിയങ്ങളും ഉദ്യാനങ്ങളും ജമ്മു- കശ്മീരിന് മാറ്റ് കൂട്ടുന്നു. ശ്രീനഗറിലെ ദാൽ തടാകം കാഴ്ചയുടെ വസന്തം ഒരുക്കി നൽകും. മഞ്ഞു മൂടിക്കിടക്കുന്ന പർവതങ്ങളിലെ സുന്ദരകാഴ്ചകളൊരുക്കുന്ന സോനാമാർഗും പഹൽഗാം എ.ബി.സി വാലിയും കണ്ണുകളിൽ കാഴ്ചയുടെ വസന്തം ഒരുക്കും.
പർവതനിരക്ക് താഴെ ചെറു തടാകത്തിന്റെ വിസ്മയവുമായി നിൽക്കുന്ന ദൂത്പത്രി ഈ ഭൂമിയിലെ സ്വർഗത്തിന്റെ കവാടമാണെന്ന് തോന്നും. ആരെയും അത്ഭുതപ്പെടുത്തുന്ന ഗുൽമാർഗിലെ മിനി സ്വിറ്റ്സർലൻഡിൽ തണുപ്പിനൊപ്പം മനസ്സിലൊരു കുളിരും നൽകിയാണ് യാത്രയാക്കുക.
സുഗന്ധവും രുചിയും കൊണ്ട് സമ്പന്നമായ കശ്മീരിന്റെ തനതു രുചികൾ നാവിനൊരുക്കുന്ന വിരുന്നാണ്. കശ്മീരിൽ തന്നെ വിളയുന്ന സുഗന്ധവ്യജ്ഞനങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണം വീണ്ടും വീണ്ടും രുചിക്കാൻ തോന്നും. ആപ്പിൾ, വാൾനട്ട്, ബദാം, മറ്റു പഴവർഗങ്ങളുടെ തോട്ടങ്ങൾകൊണ്ട് സമ്പന്നമായ ഇവിടം കാഴ്ചകൾക്കൊപ്പം രുചിമുകുളങ്ങളെയും ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.