ഹിമാലയത്തിലെ പക്ഷിസൗന്ദര്യം തേടി...
text_fieldsകഴിഞ്ഞ ഡിസംബർ 26ന്റെ തണുത്തുറഞ്ഞ പുലർകാലത്ത് ഉത്തരാഗണ്ഡിലെ മണ്ഡൽ ഗ്രാമത്തിലെ ഹോട്ടലിൽ നിന്ന് ഞാനിറങ്ങി. താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തി തണുപ്പ് എല്ലുകളെ തുളക്കുന്ന അവസ്ഥയിലെത്തിയിരുന്നു. അതിസാഹസികമായി മാത്രം എത്തിച്ചേരാൻ കഴിയുന്ന, സമുദ്ര നിരപ്പിൽ നിന്ന് 3680മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ക്ഷേത്രത്തിലേക്കാണ് ഞാനടക്കമുള്ള സംഘം യാത്രചെയ്യുന്നത്.
അപൂർവ പക്ഷികളുടെ ചിത്രം പകർത്താനുള്ള യാത്രയിൽ കൂടെയുള്ളത് ഗൈഡ് മുഹമ്മദ് ആസിഫ് സിദ്ധീഖിയും സഹയാത്രികരായ സോമൻ മണ്ഡൽ, ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫറായ മിത്തു കബിരാജ് മണ്ഡൽ, വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറായ അബ്ബർഥന മണ്ഡൽ, ഔർബംഗി മണ്ഡൽ എന്നിവരുമായിരുന്നു. വാഹനമോടിക്കുന്നത് രോഹിത് കൻവാൽ എന്നയാളാണ്. എല്ലാവരും സഹൃദയർ, ഏത് ആപത്തിലും കൈപിടിക്കുന്നവർ.
വാഹന യാത്ര അവസാനിച്ച് പുലരുംമുമ്പ് രാവിലെ അഞ്ചു മണിയോടെ ഞങ്ങൾ ട്രക്കിങ് ആരംഭിച്ചു. വൈതരണികൾ പിന്നിട്ട്, നാലു കി.മീറ്റർ സഞ്ചരിച്ച് രാവിലെ 7.30യോടെ എന്റെ ‘സ്വപ്ന പക്ഷി’യെ കണ്ടെത്താൻ സാധിച്ചു. ആഹ്ലാദകരമായ കാഴ്ചയായിരുന്നുവത്. ഹിമാലയൻ മൊണാൽ എന്നും ഇംപയെൻ മൊണാൽ എന്നും അറിയപ്പെടുന്ന ഒരിനം പക്ഷിയാണത്. ഹിമാലയൻ കാടുകളിലും 6,900–14,800 അടി ഉയരത്തിലെ പർവതയോരങ്ങളിൽ കുറ്റിച്ചെടികൾക്കിടയിലും കാണപ്പെടുന്ന പക്ഷിയാണിത്. ഫാസിയാനിഡേ കുടുംബത്തിൽ ഉൾപെട്ട ഇനമാണ്.
വംശനാശ ഭീഷണിനേരിടുന്ന ജീവജാലങ്ങളുടെ ഇന്റർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാചുറിന്റെ റെഡ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. നേപ്പാളിന്റെ ദേശീയ പക്ഷിയാണിത്. അവിടെ ഇത് ഡാൻഫെ എന്നാണറിയപ്പെടുന്നു. ഇന്ത്യയിൽ ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷി പദവിയുമിതിനുണ്ട്. ബംഗാൾ ബ്രിട്ടീഷ് ചീഫ് ജസ്റ്റിസായിരുന്ന സർ ഏലിജ ഇംപേയുടെ ഭാര്യ ലേഡി മേരി ഇംപേയുടെ സ്മരണാർത്ഥം നൽകപ്പെട്ട ശാസ്ത്രീയ നാമമാണിതിന്റേത്(ലോഫോഫോറസ് ഇൻപേജനസ്). ആഗ്രഹിച്ച പോലെ എല്ലാ ആംഗിളിൽ നിന്നുമുള്ള ചിത്രങ്ങൾ പകർത്താൻ അവിടെവെച്ച് സാധിച്ചു. പക്ഷിയുടെ ഓരോ ഇഞ്ചും പകർത്തുന്നത് വരെ ക്ലിക്ക് ചെയ്തുകൊണ്ടേയിരുന്നു. കൊടുംതണുപ്പിൽ കൈകൾ തണുത്തുറഞ്ഞിരുന്നെങ്കിലും മൊണാൽ ഹൃദയത്തെ കീഴടക്കിയതിനാൽ ഉൽസാഹത്തിന് കുറവുണ്ടായിരുന്നില്ല. അസ്വസ്ഥതകൾ മറന്ന് പക്ഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഓരോ നിമിഷവും കടന്നുപോയത്. ട്രക്കിങ് 6കി.മീറ്ററായിരുന്നു നിശ്ചയിച്ചത്. വളരെ കുറഞ്ഞ റോഡ് ഭാഗം മാറ്റിനിർത്തിയാൽ വഴി മുഴുവൻ വളരെ അപകടകരമായ ഭാഗങ്ങളായിരുന്നു.
അടുത്ത ലക്ഷ്യമായ തുംഗനാഥ് ക്ഷേത്രത്തിലേക്ക് യാത്ര തുടരുകയാണ്. മുകളിൽ എത്തിയാൽ മറ്റൊരു അപൂർവ ഇനം പക്ഷിയെ കൂടി കണ്ടെത്താൻ കഴിയുമെന്നറിഞ്ഞപ്പോൾ ആവേശം ഇരട്ടിയായി. സംഗീതം പോലെ ആഹ്ലാദത്തോടെയാണ് കാതുകൾ അക്കാര്യം കേട്ടത്. സ്നോ പാർട്രിഡ്ജ്(ലെർവ ലെർവ) എന്ന പക്ഷിയായിരുന്നു അത്. പാക്കിസ്താൻ, ചൈന, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിലെ ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഫെസൻറ് കുടുംബത്തിലെ ഒരു ഗെയിംപക്ഷിയാണിത്. ഈ ജനുസ്സിലെ ഒരേയൊരു സ്പീഷിസാണിത്.
മാത്രമല്ല, ഫാസിയാനിനേ എന്ന ഉപകുടുംബത്തിലെ ‘എരക്റ്റൈൽ ക്ലേഡി’ലെ ഏറ്റവും അടിസ്ഥാന അംഗമായി കരുതപ്പെടുന്നതാണിത്. മലയടിവാരങ്ങളിലെ മേച്ചിൽപ്പുറങ്ങളിലും മരക്കാടുകൾക്ക് മുകളിൽ തുറന്ന കുന്നിൻചെരിവുകളിലും ഈ പക്ഷിയെ കാണാറുണ്ട്. എന്നാൽ ഹിമാലയൻ സ്നോകോക്ക് പോലെ പാറക്കെട്ടുകളിൽ കാണാറില്ല. ആണിനും പെണ്ണിനും ഒരേ രീതിയിലുള്ള തൂവലുകളാണുള്ളത്. എന്നാൽ ആൺ പക്ഷികൾക്ക് കാലുകളിൽ ഒരു പാദപീഠം(spur) കണാറുണ്ട്.
പ്രതീക്ഷയോടെ യാത്ര തുടർന്നു. പക്ഷേ വഴിയിൽ ധാരാളം വഴുക്കലുള്ള മഞ്ഞുപാളികൾ തടസം സൃഷ്ടിച്ചുകൊണ്ടിരുന്നു. വേഗത്തിൽ മല കയറുന്നതിന് ഇത് വലിയൊരു തടസം തന്നെയായിരുന്നു. അത്തരം ഒരു വലിയ മഞ്ഞുപാളിയിൽ വഴുതിവീണ് ഒരു പാറയുടെ മുകളിൽ തലയിടിച്ചു. കവിളിലും പുരികത്തിലും വലിയതും ആഴത്തിലുള്ളതുമായ മുറിവ് പറ്റി. പക്ഷേ രക്തം വാർന്നൊഴുകുകയും തോളിൽ വേദനയുണ്ടാക്കുകയും ചെയ്ത അപകടമായിട്ടും മുന്നോട്ടുള്ള യാത്ര അവസാനിപ്പിച്ചില്ല. കാരണം സ്നോ പാട്രിഡ്ജിനെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ, അങ്ങനെ അതിന്റെ നല്ല ഷോട്ടുകൾ കാമറയിൽ പകർത്താമെന്ന സ്വപ്നം എന്നെ മുന്നോട്ടുനയിച്ചുകൊണ്ടിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും ഇച്ഛാശക്തിയോടെ മുന്നോട്ടുപോകാൻ എനിക്കത് കരുത്തു പകർന്നുകൊണ്ടിരുന്നു.
തുംഗനാഥ് ക്ഷേത്രത്തിന്റെ ഉയരത്തിൽ എത്തിയ ഞങ്ങൾ മറ്റൊരു വഴിയിലൂടെ മഞ്ഞുപാളികൾ കാണുന്ന സ്ഥലത്തെത്തി. ശുദ്ധമായ, വെളുത്ത മഞ്ഞുകട്ടകളിലൂടെ 500 മീറ്റർ നടന്നു. ഒടുവിൽ ആ സ്ഥലത്തെത്തിയിരിക്കുന്നു. ഞാൻ അതിശയിച്ചുപോയി. കാരണം എന്റെ ഭാഗ്യത്തിന് അവിടെ 11-12 സ്നോ പാർട്രിഡ്ജുകൾ ഉണ്ടായിരുന്നു. തേടിവന്ന കാഴ്ചകൾകൊപ്പം പ്രദേശത്തിന്റെ പ്രകൃതിഭംഗിയും എന്നെ വിസ്മയിപ്പിച്ചു. ആ കാഴ്ച ഏതോ കണ്ടുമറന്ന പെയിന്റിങ്ങിനു ജീവൻ വച്ചതു പോലെ തോന്നി. മനോഹരമായ പക്ഷികളുടെ ചിത്രങ്ങൾ ഹൃദയവും കാർഡും നിറയുന്നത് വരെ പകർത്തിക്കൊണ്ടിരുന്നു. അവയുടെ സൗന്ദര്യം പകർത്തുന്നതിനിടയിൽ മഞ്ഞ് എന്റെ കാൽമുട്ട് വരെ ഉയർന്നു. എങ്കിലും സുഹൃത്തക്കളുടെ സഹായത്തോടെ എനിക്ക് വഴിയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു. അവരുടെ സഹായമില്ലായിരുന്നുവെങ്കിൽ ഇത്രയും മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിയുമായിരുന്നില്ല. ഫോട്ടോയെടുപ്പ് പൂർത്തിയാക്കിയ ശേഷം ഞങ്ങൾ ക്ഷേത്രം സന്ദർശിച്ച ശേഷം മലയിറങ്ങാൻ തുടങ്ങി.
ഉച്ചയോടടുത്ത് താഴേക്ക് ഇറങ്ങിത്തുടങ്ങിയപ്പോൾ ഇരുട്ടിൽ കടന്നുവന്ന വഴിയിലെ സൗന്ദര്യം ഞങ്ങൾക്ക് ശരിക്കും ആസ്വദിക്കാനായി. കവിതകളിലും കഥകളിലും വായിച്ചത് യാഥാർത്ഥ്യമായി എന്ന് മാത്രമേ എനിക്ക് വിവരിക്കാൻ കഴിയൂ. ഒരു വശത്ത് കേദാർ കൊടുമുടിയും മറുവശത്ത് ചൗഖംബയും മോഹിപ്പിച്ചുനിൽക്കുന്നു. സൂര്യപ്രകാശം കനത്തതോടെ മഞ്ഞുപാളികൾ കൂടുതലായി ഒരുകിത്തുടങ്ങിയത് സഞ്ചാരത്തെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു.
പാത കൂടുതൽ വഴുവഴുപ്പുള്ളതായതിനാൽ മുകളിലേക്ക് കയറുന്നതിനേക്കാൾ കഠിനമായിരുന്നു ട്രക്കിങ് കഴിഞ്ഞുള്ള ഇറക്കം. 12 മണിക്കൂർ നീണ്ട ഈ യാത്രയിൽ ഊർജം നൽകാനായി കുറച്ച് കപ്പ് ചായയും ചോക്ലേറ്റുകളും മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. എന്നാൽ പക്ഷേ പ്രകൃതി സമ്മനിച്ച കാഴ്ചകൾ ഞങ്ങളുടെ വയർ നിറച്ചിരുന്നു. ഒടുവിൽ വൈകുന്നേരം 4.45ഓടെ ട്രക്കിങ് പൂർത്തിയായി. ലഘുഭക്ഷണങ്ങൾ കഴിച്ച്, മണ്ഡലിലെ ഞങ്ങളുടെ ഹോട്ടലിലേക്ക് തിരികെ കാർ യാത്ര ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.