ചരിത്രമുറങ്ങുന്ന മാച്ചുപ്പിച്ചുവിൽ
text_fieldsചന്ദ്രരാജ്
(‘ഉറുബാമ്പ’യുടെ മടിത്തട്ടിൽ-തുടർച്ച)
ഒല്ലന്തായ് തംബൊയിൽനിന്നും അഗ്വാസ് കലിന്റസിലേക്കുള്ള യാത്ര അതിമനോഹരമാണ്. ഉറുബാമ്പ നദിയുടെ തീരത്തുകൂടിയാണ് മാച്ചുപ്പിച്ചുവിലേക്കുള്ള റെയിൽപാത. ആമസോൺ നദിയുടെ ഒരു കൈവഴിയാണ് ഉറുബാമ്പ. യാത്രയിലുടനീളം ഒരു വശത്തു ഉറുബാമ്പ നദി പതഞ്ഞൊഴുകുന്നു. നദിക്കപ്പുറം തട്ടുതട്ടായി തിരിച്ചതും എന്നാൽ ചെങ്കുത്തായതുമായ പർവ്വത പ്രദേശങ്ങൾ. പർവ്വതങ്ങളുടെ ഇടയിലൂടെ സഹസിക സഞ്ചരികൾക്ക് നടന്നുകയറാനുള്ള വഴിച്ചാലുകൾ. അഗ്വാസ് കലിന്റസിലേക്ക് എത്തിയപ്പോൾ ചെറുതായി മഴ തുടങ്ങിയത് നിരാശയുണ്ടാക്കി. അടിവാരത്തു മഴയുണ്ടെങ്കിൽ ഇനി കൊടുമുടിയുടെ മുകളിലേക്ക് കയറിയാൽ കോട വന്നു ഒന്നും കാണാൻ പറ്റാതാകുമോ?
അഗ്വാസ് കലിന്റസിലിറങ്ങി പ്രത്യേക ബസിൽ വേണം മാച്ചുപ്പിച്ചുവിന്റെ മലമുകളിലേക്ക് പോകാൻ. അതല്ലെങ്കിൽ അവിടെനിന്നും ആറു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്നുകയറുകയുമാവാം. സഞ്ചാരികൾക്കായി ധാരാളം കച്ചവട കേന്ദ്രങ്ങൾ ഈ ചെറു പട്ടണത്തിലുമുണ്ട്. ഏതായാലും അവിടെ നിന്നും 5 ഡോളർ കൊടുത്തു ഒരു മഴകോട്ടും വാങ്ങി ബസ്സിൽ കയറി. നിരവധി ഹെയർപിൻ വളവുകൾ നിരങ്ങി നീങ്ങി കയറി, വനപാതയിലൂടെ സഞ്ചരിച്ചു മാച്ചുപ്പിച്ചുവിന്റെ മലമുകളിലെത്തി. അവിടെ വരെയേ ബസും പോകൂ. പിച്ചു എന്നാൽ പർവതം എന്നർത്ഥം... മാച്ചു എന്ന് പേരുള്ള ഒരു പിച്ചു. മാച്ചുവിനെ കൂടാതെ ധാരാളം മലകളുള്ള പ്രദേശമാണ് ഇന്നലകളുടെ ആ പഴയ നഗരം.
ബസ്സിൽനിന്നും ഇറങ്ങി. ഇനി നടന്നുതന്നെ കയറണം. അവിടെയുള്ള കൗണ്ടറിൽ ടിക്കറ്റും മറ്റും കാണിച്ചു കയറിത്തുടങ്ങി. അവിടെയും കുത്തനെയുള്ള കയറ്റം തന്നെ. അൽപം കഴിഞ്ഞപ്പോൾ അങ്ങ് ദൂരെ ഒരു മലയുടെ അടിവാരത്തു ആ ദൃശ്യം കാണാൻ തുടങ്ങി. ലോകാത്ഭുങ്ങളുടെ ലിസ്റ്റിൽ പണ്ടുമുതലേ കാണുന്ന ആ ചിത്രം കണ്മുൻപിൽ തെളിഞ്ഞു വരുന്നു!! മേൽക്കൂരകൾ നഷ്ടമായ, ഭീമകരങ്ങളായ പാറക്കല്ലുകൾ കൊണ്ടുള്ള വലിയ കെട്ടിട കോംപ്ലക്സുകൾ. അത്ര മഴ ഇല്ലെങ്കിലും ചെറുതായി കോടമഞ്ഞു വരുന്നത് ദൂരകാഴ്ചക്കു ചെറിയ തടസ്സമായി തോന്നി. ‘ഇൻകകളുടെ നഷ്ടപ്പെട്ട നഗരം’ എന്നറിയപ്പെടുന്ന മാച്ചുപ്പിച്ചുവിന്റെ ചരിത്രാവശിഷ്ടങ്ങൾ!! മിനുസപ്പെടുത്തിയ കൽമതിലുകൾ ഉപയോഗിച്ചുള്ള പഴയ ഇൻകകാല രീതിയിലാണ് മാച്ചുപിച്ചു നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
1460ന് അടുത്താണ് അന്നത്തെ ഈ മഹാ നഗരം നിർമ്മിക്കപ്പെട്ടത്, പക്ഷെ ഏതാണ്ട് നൂറുവർഷത്തിനകം സ്പാനിഷുകാർ ഇൻക സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ നഗരം അനാഥമായി എന്ന് പറയപ്പെടുന്നു. അതല്ല സ്പാനിഷുകാർ ഈ മേഖലയിൽ അധിനിവേശത്തിനെത്തുന്നതിനു മുമ്പ് തന്നെ പടർന്നുപിടിച്ച വസൂരി ബാധയെ തുടർന്ന് ഇവിടത്തുകാർ പൂർണമായും നശിച്ചു എന്നാണ് ചരിത്രകാരന്മാർക്കിടയിലുള്ള മറ്റൊരു വാദം. ഏതായാലും പ്രാദേശികമായി അറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറംലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കാടുകയറിക്കിടന്നു.
പിന്നീട് അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാമാണ് 1911ൽ ഇതിനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ മാച്ചുപ്പിച്ചു നഗരം വിനോദ സഞ്ചാരികളേയും ചരിത്രകാരൻമാരെയും ആകർഷിക്കുന്ന മേഖലയായി മാറി. മണിക്കൂറുകളോളം നടന്നു ആ പുരാനഗരത്തിലെ ഓരോ അത്ഭുത കാഴ്ചകളിലേക്കും പോയി. ക്ഷേത്രക്കെട്ടുകൾ, ഗോത്ര കൊട്ടാരങ്ങൾ, ബലി പീഠങ്ങൾ, ശ്മശാനങ്ങൾ, കാർഷിക മേഖലകൾ എന്തിനേറെ ജയിലുകൾ പോലും ഈ പൗരാണിക നഗരത്തിൽ സജ്ജമായിരുന്നു. പ്രദേശത്തെല്ലാം ലാമ എന്നൊരു മൃഗത്തെ കാണാൻ സാധിക്കും. ചെമ്മരിയാടിന്റെയും ഒട്ടകത്തിന്റയും മിശ്രിതമായൊരു ഓമനത്വം തോന്നുന്ന മൃഗം. ഇൻകകളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നത്രെ ലാമ.
സായാന്ഹത്തോടെ മലയിറങ്ങി അടിവാരത്തെ അഗ്വാസ് കലിന്റസിലെത്തി. ടൂറിസ്റ്റുകൾക്ക് മാത്രമായി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാത്രം രൂപം കൊണ്ടൊരു ചെറുനഗരം. തിരികെ കുസ്കോയിലെത്തുമ്പോഴേക്ക് രാത്രിക്ക് കട്ടികൂടിയിരുന്നു. പിറ്റേന്ന് കുസ്കോയിൽ നിന്നും ലിമയിലേക്കു പോകണമെന്ന് വിചാരിച്ചിരുന്നെങ്കിലും വിമാനം ക്യാൻസൽ ആയതിനാൽ ഒരു പകൽ കൂടി ആ പഴയ ഇൻക സാമ്രാജ്യത്തിൽ ചുറ്റിപറ്റി നടന്നു. പിന്നീടുള്ള ദിവസം പസഫിക് സമുദ്രത്തിന്റെ തീരത്തെ തലസ്ഥാന നഗരമായ ലിമയിലൂടെയുള്ള യാതകൾ. ഏതൊരു ആധുനിക നഗരത്തിലെയും ചില ടിപ്പിക്കൽ കാഴ്ചകൾ... എങ്കിലും മലകളും, താഴെ സമുദ്രവും... തീരത്തെ പ്രൊമനൈടുകളുമെല്ലാം ചേർന്നു ലിമ നഗരത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു.
പെറുവിനോട് യാത്ര പറയുമ്പോഴും മനസ്സിൽ മറ്റൊരു ചിന്ത മുഴച്ചു നിന്നിരുന്നു. ആറു നൂറ്റാണ്ടു മാത്രം പഴക്കമുള്ള മാച്ചുപിച്ചുവിനെ ലോക ടൂറിസ്റ്റ് ഭൂപടത്തിൽ വലുതായി അടയാളപ്പെടുത്തുമ്പോൾ, ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അത്ഭുത പുരാനിർമിതികൾ എന്തെ നമ്മളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നത്!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.