ആകാശത്തിലെ അത്ഭുതങ്ങൾ വ്യക്തതയോടെ കാണാം; ആസ്ട്രോ വില്ലേജാകാൻ ഒരുങ്ങി ഇന്ത്യൻ ഗ്രാമം
text_fieldsആകാശത്തിലെ അത്ഭുത കാഴ്ചകൾ സഞ്ചാരികൾക്ക് മുന്നിൽ വ്യക്തതയോടെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമം. ചമോലി ജില്ലയിലെ ബെനിറ്റാൽ ഗ്രാമമാണ് 'ആസ്ട്രോ വില്ലേജായി' മാറ്റുന്നത്. സമുദ്രനിരപ്പിൽനിന്ന് 2600 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
സന്ദർശകർക്ക് ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ജ്യോതിശാസ്ത്ര സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചകൾ ഇവിടെനിന്ന് ലഭിക്കും. ഇതിനായി ദൂരദർശനികളും മറ്റു സംവിധാനങ്ങളും ഒരുക്കും.
സന്ദർശകർക്ക് യാത്ര സുഗമമാക്കാൻ റോഡുകൾ, കോട്ടേജുകൾ, റെസ്റ്റോറന്‍റുകൾ, ടെന്‍റടിക്കാനുള്ള പ്ലാറ്റ്ഫോമുകൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവ ടൂറിസം വകുപ്പ് നിർമിക്കും. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പദ്ധതികൾ ഒരുക്കുന്നത്.
ഇവിടെ ഒരുക്കേണ്ട സൗകര്യങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ എന്നിവ മനസ്സിലാക്കാൻ ജില്ല മജിസ്ട്രേറ്റ് ഹിമാൻഷു ഖുറാനയുടെ നേതൃത്വത്തിലെ സംഘം പ്രദേശം സന്ദർശിച്ചു. പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുന്നതിന്‍റെ ഭാഗമായി സിംലി മുതൽ ബെനിറ്റാൽ വരെയുള്ള റോഡ് ഉടൻ നന്നാക്കാൻ ഖുറാന നിർദേശിച്ചു. വിനോദ സഞ്ചാരികൾക്ക് ഈ മേഖലയെക്കുറിച്ച് അവബോധം നൽകാൻ പാതയോരങ്ങളിൽ സൈൻബോർഡുകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടു.
തലസ്ഥാനമായ ഡെറാഡൂണിൽനിന്ന് 240 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. പ്രകാശ മലിനീകരണം കുറവായതിനാൽ ഉത്തരാഖണ്ഡിലെ നിരവധി ഗ്രാമങ്ങൾ വാനനിരീക്ഷണത്തിന് ഏറെ പ്രസിദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.