ഇസ്തം ഇസ്തംബൂൾ
text_fieldsലോകത്തെ ഏറ്റവും പ്രശസ്ത നഗരങ്ങൾ ഏതൊക്കെയെന്ന് അന്വേഷിച്ചാൽ ആദ്യ 30 എണ്ണത്തിൽ ഉൾപ്പെടുന്നതാണ് ഇസ്തംബൂൾ. ഒട്ടോമൻ തുർക്കിയയുടെ മൂന്നാമത്തെയും അവസാനത്തെയും തലസ്ഥാനമായിരുന്നു ഇസ്തംബൂൾ. കാഴ്ചകൾകൊണ്ടൊരു പറുദീസ ഒരുക്കുന്നിടം.
ചെലവൽപം കൂടും
ബജറ്റ് ട്രിപ് ആലോചിക്കുന്നവർക്ക് യോജിച്ച സ്ഥലമല്ല തുർക്കിയ. അടുത്തിടെ തുർക്കിയ വിസയുടെ ചാർജ് 25 ഒമാനി റിയാലിൽനിന്ന് 76 ആയി വർധിപ്പിച്ചു. ഭക്ഷണവും താമസവുമുൾപ്പെടെ എല്ലാം ചെലവേറും. ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് ഇസ്തംബൂൾ പട്ടണത്തിന്റെ നിലനിൽപുതന്നെ. മസ്കത്തിൽനിന്ന് അഞ്ചുമണിക്കൂർ യാത്ര ചെയ്ത് സിറ്റിയുടെ അടുത്തുള്ള സബീഹ ഗോക്ചെ എയർപോർട്ടിൽ വിമാനമിറങ്ങുന്നത് സൂചി കുത്താനിടമില്ലാത്ത തിരക്കിലേക്കാണ്. ഒരുമണിക്കൂറിലേറെ എമിഗ്രേഷൻ ക്യൂവിൽനിന്നശേഷമാണ് പുറത്ത് കടക്കാനാകുക. പുറത്തിറങ്ങിയാൽ കാര്യങ്ങൾ എളുപ്പമാണ്. ജനങ്ങൾ വളരെ ആതിഥ്യ മര്യാദയുള്ളവരും സഹായമനസ്കരും. ഭാഷ വലിയൊരു പ്രശ്നമല്ല. കാരണം ചുറ്റിലും കാണുന്ന ആരെങ്കിലുമൊക്കെ അൽപസ്വൽപമെങ്കിലും ഇംഗ്ലീഷ് അറിയുന്നവരായിരിക്കും.
തുരുത്തിനപ്പുറം ഇസ്തംബൂളിന്റെ ശബ്ദം
സബീഹ ഗോക്ചെ എയർപോർട്ടിൽനിന്ന് ഇസ്തംബൂൾ സിറ്റിയിലേക്കുള്ള യാത്ര, അച്ചടക്കമുള്ള ട്രാഫിക്കും റോഡുകളുടെ നിലവാരവും മാറ്റിനിർത്തിയാൽ ഏതാണ്ട് കേരളത്തിലെ വലിയ ടൗണുകളിലൂടെയുള്ള യാത്രയെ ഓർമിപ്പിക്കും. ഇസ്തംബൂളിനോട് അടുക്കുംതോറും ട്രാഫിക് കൂടുതൽ തിരക്കേറിയതാണ്. കരിങ്കടലിന്റെ വലിയൊരു തുരുത്താണ് യൂറോപ്പിലും ഏഷ്യയിലുമായി കിടക്കുന്ന തുർക്കിയയെ രണ്ടായി വിഭജിക്കുന്നത്. 1.5 കി.മീ. നീളത്തിൽ നിർമിച്ചിരിക്കുന്ന ബോസ്ഫറസ് ഹാങ്ങിങ് ബ്രിഡ്ജിനു മുകളിലൂടെ നഗരത്തിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽപെടുന്നത് റോഡിലൂടെയും ഫൂട്പാത്തിലൂടെയും ഒഴുകുന്ന ജനസാഗരമായിരിക്കും. സിറ്റിയിലെ റോഡുകളിലുടനീളം ട്രാം ട്രാക്കുകൾ കാണാം. റോഡിലെ മറ്റു വാഹനങ്ങളോടും തിരക്കിനോടും പൊരുത്തപ്പെട്ട്, അവരിൽ ഒരാളായി തലങ്ങും വിലങ്ങും നീങ്ങുന്ന ട്രാമുകൾതന്നെയാണ് ഈ നഗരത്തിന്റെ മുഖമുദ്ര. അമ്പലങ്ങളിൽനിന്ന് ഇടക്ക് കേൾക്കാറുള്ള മണി ശബ്ദത്തെ ഓർമിപ്പിക്കുന്ന ശബ്ദമാണ് ട്രാമുകളുടെ ഹോൺ.
ശക്തമായ പൊതു ഗതാഗത സംവിധാനമാണ് ഇവിടത്തെ സവിശേഷത. എല്ലാ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിലും ഒരേ കാർഡുപയോഗിച്ച് യാത്ര ചെയ്യാം. ബാലൻസ് കഴിയുമ്പോൾ റീചാർജ് ചെയ്താൽ മതി. ഞങ്ങൾ താമസിച്ചിരുന്ന സിറ്റി സെന്റർ ഏരിയയിലെ ഹോട്ടലിൽനിന്ന് നടക്കാവുന്ന ദൂരത്തിൽ രണ്ട് ട്രാം സ്റ്റേഷനുകൾ ഉണ്ടായിരുന്നു.
ഇസ്തംബൂളിന്റെ രുചി
ജൂലൈയിൽ ഇവിടെ സൂര്യൻ അസ്തമിക്കുന്നത് 8.30നുശേഷമാണ്. വളരെ നീണ്ട പകലുകൾ. താരതമ്യേനെ നല്ല കാലാവസ്ഥയും. സിറ്റിയിലെ അധികം വീതിയില്ലാത്ത റോഡുകൾക്കിരുവശവും തിങ്ങിനിറഞ്ഞുനിൽക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ കൂടുതലും ഭക്ഷണശാലകളാണ്. രുചികരമായ ഭക്ഷണത്തോടൊപ്പം പാട്ടും മേളവും മറ്റു പരിപാടികളും ആസ്വദിക്കാം. വിശദമായ മെനു പുറത്തു പ്രദർശിപ്പിച്ചിട്ടുണ്ടാകും. രുചിയാണെങ്കിൽ അതിഗംഭീരം. 280-300 ടർക്കിഷ് ലിറയെങ്കിലും ചെലവാക്കാതെ ഒരു ഭക്ഷണവും കിട്ടില്ല എന്നതാണ് പ്രശ്നം. ഒർട്ടക്കോയ് പരിസരത്ത് ലഭ്യമായ ഒരു സ്പെഷൽ ഫുഡ്, ഒർട്ടക്കോയ് കുമ്പിർ രുചിച്ചുനോക്കി. അസാധാരണ വലുപ്പമുള്ള ഉരുളക്കിഴങ്ങ് പുഴുങ്ങി അതിനുള്ളിൽ പച്ചക്കറികളും സോസേജും ചീസും തൈരും ഒലിവും നിറച്ചുള്ള രുചികരമായ വിഭവമാണ് കുമ്പിർ.
അത്ഭുതങ്ങൾ ഒളിപ്പിച്ച നഗരം
എ.ഡി 500 മുതലുള്ള അത്ഭുതക്കാഴ്ചകളാണ് നഗരത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്. 532ൽ ബൈസാന്റിൻ ചക്രവർത്തി ജസ്റ്റിനിയൻ, ഇസ്തംബൂളിലെ കുടിവെള്ള സംഭരണത്തിനുവേണ്ടി നിർമിച്ച അതിവിശാല ഭൂഗർഭ അറയായ ബസിലിക സിസ്റ്റേൺ കണ്ടാൽ അത്ഭുതപ്പെടാത്തവരുണ്ടാകില്ല. ഇസ്തംബൂൾ പരിസരത്തുള്ള എല്ലാ ജലസ്രോതസ്സുകളിൽനിന്നും ഭൂമിക്കടിയിലൂടെയാണ് സിസ്റ്റേണിലേക്ക് വെള്ളം വരുന്നത്. നഗരത്തിന്റെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കാവുന്നതും ലോകത്തിലെതന്നെ പ്രശസ്തവുമായ നിർമിതിയാണ് ഹാഗിയ സോഫിയ. 1616ൽ സുൽത്താൻ അഹ്മദ്-1ന്റെ കാലഘട്ടത്തിൽ നിർമിച്ച ബ്ലൂ മോസ് ക്കാണ് ഇസ്തംബൂളിലെ പള്ളികളിൽ ഏറ്റവും ഗംഭീരം.
1400-1800കൾ വരെ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന ടോപ്കാപി പാലസ്, സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുതമാണ്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ സൂക്ഷിച്ച ഒരു മ്യൂസിയമാണ് ഇന്ന് ടോപ്കാപി പാലസ്. ഏപ്രിൽ-മേയ് മാസങ്ങളിൽ മനോഹരമായ തുലിപ് പൂക്കളും ഇവിടെ കാണാം.
ഒരു മാർക്കറ്റ്, നാലുലക്ഷംപേർ
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന, മുഴുവനായും കവർ ചെയ്യപ്പെട്ട മാർക്കറ്റാണ് ഇസ്തംബൂൾ ഗ്രാൻഡ് ബസാർ. 61 സ്ട്രീറ്റുകളിലായി 4000ത്തോളം ഷോപ്പുകൾ ഗ്രാൻഡ് ബസാറിലുണ്ട്. 1455ൽ ഒട്ടോമൻ ചക്രവർത്തി ഫത്തിഹ് സുൽത്താൻ മെഹമദാണ് ഗ്രാൻഡ് ബസാർ പണികഴിപ്പിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശിക്കുന്ന ടൂറിസ്റ്റ് ഏരിയയുടെ ലിസ്റ്റിൽ ഗ്രാൻഡ് ബസാർ ഇടംപിടിച്ചിട്ടുണ്ട്. ഗ്രാൻഡ് ബസാറിനോട് ചേർന്ന് ഏതാണ്ട് അത്രതന്നെ വലുപ്പമുള്ള ഒരു സ്പൈസസ് ബസാർ കൂടിയുണ്ട്. പലതരത്തിലുള്ള സ്പൈസസും മിഠായികളും മറ്റു മധുരപലഹാരങ്ങളും വിൽക്കുന്ന കടകൾ ഈ ബസാറിന് വർണവൈവിധ്യം നൽകുന്നു. ആധുനിക ഇസ്തംബൂളിന്റെ കേന്ദ്രം എന്ന് വിശേപ്പിക്കപ്പെടുന്ന തക്സീം സ്‌ക്വയർ സഞ്ചാരികളുടെ പറുദീസയാണ്. ഇസ്തംബൂൾ മെട്രോയുടെ ഹൃദയമാണ് ഈ ചത്വരം.
വെറും 30 കി.മീ. നീളമുള്ള ബോസ്ഫറസ് കടലിടുക്കാണ് മറ്റൊരു പ്രധാന കേന്ദ്രം. ബോസ്ഫറസ് കടലിടുക്കിലൂടെ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള നൂറുകണക്കിന് ബോട്ടുകൾ നീങ്ങുന്നത് കാണാം. അതിന് മുകളിലൂടെ മുകളിലൂടെ നിർമിച്ച മൂന്ന് തൂക്കുപാലങ്ങൾക്കടിയിലൂടെ യാത്രചെയ്ത് യൂറോപ്യൻ, ഏഷ്യൻ തീരങ്ങളിലെ മനോഹരമായ നിർമിതികൾ കാണാം. നിരവധി പള്ളികളും കൊട്ടാരങ്ങളുമടക്കം ഒട്ടോമൻ തുർക്കികളുടെ നിർമാണവിരുത് കണ്ടാസ്വദിക്കാം.
ഇസ്തംബൂൾ സന്ദർശിക്കുന്നവരുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് ബോസ്ഫറസ് ക്രൂയിസ്. ബോസ്ഫറസ് തീരത്തുള്ള ഒർട്ടക്കോയ് മസ്ജിദ് സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. വളരെ ചെറുതാണെങ്കിലും രൂപഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നതാണ് ഒർട്ടക്കോയ് മസ്ജിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.