Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഅഴകിന്റെ ഇസ്തംബൂൾ

അഴകിന്റെ ഇസ്തംബൂൾ

text_fields
bookmark_border
അഴകിന്റെ ഇസ്തംബൂൾ
cancel

ബോസ്ഫറസിന്റെ ഓരങ്ങളിൽ മർമാര ചെറുകടലിന്റെയും കരിങ്കടലിന്റെയും തലോടലേറ്റ്, യൂറോപ്പിനെയും ഏഷ്യയെയും ആലിംഗനംചെയ്യുന്ന ഇസ്തംബുൾ. ചരിത്രവും ആധുനികതയുടെ മനോഹാരിതയും ഇഴചേർന്നുകിടക്കുന്ന വൈവിധ്യങ്ങളുടെ നാട്. സുൽത്താന്മാരും ചക്രവർത്തിമാരുടെയും പടയോട്ടക്കാരുടെയും സംസ്കാരത്തിന്റെയും കഥ മന്ത്രിക്കുന്ന യുറേഷ്യൻ പട്ടണം. പുസ്തകങ്ങളിൽ നിന്നും യാത്രാവിവരണങ്ങളിൽ നിന്നുമെല്ലാം പലവുരു മനസ്സിൽ പതിഞ്ഞ വരികൾ, വിശേഷണങ്ങൾ. ഇസ്താംബൂളിനെ ഒരു സ്വപ്നമായി മനസ്സിൽ വരച്ചിട്ട ചിത്രങ്ങൾ.

വരികളിൽ നിന്നും ചിത്രങ്ങളിൽ നിന്നും അനുഭവത്തിലേക്ക് അധികം ദൂരമൊന്നുമില്ല. നഗരത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന നിമിഷം തൊട്ട് ഏതൊരു സന്ദർശകനും തുർക്കിയുടെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ മാസ്മരിക വലയത്തിൽ വീണുപോകും. വാസ്തുവിദ്യ, ഭക്ഷണം, കാഴ്ചകൾ, രുചികൾ അങ്ങനെയങ്ങനെ വഴികൾ പലത് മുന്നിൽ തുറക്കും.


ബോസ്ഫറസ് കടലിടുക്ക്

നാലുദിവസം കറങ്ങി പിന്നെ കപ്പഡോക്കിയയിലേക്ക് പോകാൻ പദ്ധതിയിട്ടാണ് ഞങ്ങൾ ഇസ്തംബുളിലെത്തിയത്. ബോസ്ഫറസ് യാത്രയായിരുന്നു ആദ്യ ലക്ഷ്യം. സന്ധ്യാനേരത്ത് ബോസ്ഫറസ് തീരത്തെത്തുമ്പോൾ തലേന്ന് പെയ്ത മഴയുടെ ഗന്ധം കൂടി കിട്ടുന്നുണ്ടായിരുന്നു. ഈ കടലിടുക്ക് ഇസ്തംബൂൾപട്ടണത്തെ വൻകരാ വിഭജനങ്ങൾക്കതീതമാക്കുന്നു. ഒരുഭാഗത്ത് യൂറോപ്പിന്റെ ഭാഗമായ ഇസ്താംബുൾ. മറുകരയിൽ ഏഷ്യ പങ്കിടുന്ന തുർക്കിയുടെ ഭാഗമായ ഗ്രാമീണ സൗന്ദര്യം മുറ്റിനിൽക്കുന്ന അനറ്റോളിയ. പത്തുമിനിറ്റ് ബോട്ടിലിരുന്നാൽ ബോസ്ഫറസ് വഴി ഇസ്തംബുളിൽനിന്ന് അക്കരെ അനറ്റോളിയയിൽ എത്താം. പോരെങ്കിൽ ബോസ്‌ഫോറസ് പാലവുമുണ്ട്.

ഇരു കരകളിലുമുള്ള മെയ്ദാൻസ് ടവറും ദീപാലംകൃതമായ ഡോൾമബഷേ കൊട്ടാരവും ടോപ്കോപി കൊട്ടാരവും, ഓർത്തകൊയ്‌പള്ളിയും ബോസ്ഫറസ് പാലവും ഗലാട്ട ഗോപുരവുമൊക്കെ ബോസ്റഫറസിലിരുന്ന് സന്ധ്യാ നേരത്ത് കാണാൻ പ്രത്യേക ഭംഗിയാണ്. ഇതിനു പുറമെ ദീപാലംകൃതമായ കൊട്ടാരങ്ങൾ, പള്ളികൾ എന്നിവക്ക് കുങ്കുമ വർണ്ണത്തിലുള്ള ആകാശ മേലാപ്പു കൂടിയാവുമ്പോൾ ആ സന്ധ്യ എന്നേക്കുമായി നമ്മുടേതായി മാറും. തുർക്കിയിലെ പ്രധാന പ്രകൃതിദത്ത ജലപാതയായ ബോസ്ഫറസ്, കരിങ്കടലിനെ മർമാര കടലുമായി ബന്ധിപ്പിക്കുന്നുണ്ട്. അന്താരാഷ്‌ട്ര കപ്പലോട്ടത്തിന് ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും ഇടുങ്ങിയ കടലിടുക്കും ഇത് തന്നെയാണ്.

ഹജിയ സോഫിയ, ബ്ലൂ മോസ്ക് (സുൽത്താൻ അഹമ്മദ് പള്ളി), ടോപ്കാപ്പി പാലസ്, ഗലാറ്റ ടവർ, ബസ്ലിക്ക പൗരാണിക ജല സംഭരണി, ഗ്രാൻഡ് ബസാർ തുടങ്ങി വിനോദ സഞ്ചാരികളെ കാത്ത് ഒരുപാട് കേന്ദ്രങ്ങളുണ്ട് ഇസ്തംബുളിന്റെ ഹൃദയ ഭാഗമായ ഫാതിഹിൽ. തുർക്കി രുചി കൂട്ടുകൾ മണത്തും വിവിധതരം ഇറച്ചികളുടെയും കബാബുകളുടെയും ഗന്ധമാസ്വദിച്ച് പൂത്തുനിൽക്കുന്ന മാപ്പിൾസ് മരതണലിലൂടെയുള്ള നടത്തം നൽകുന്ന അനുഭൂതി ഒന്ന് വേറെയാണ്.


ഹഗിയ സോഫിയ

തുർക്കിയുടെ വാസ്തുവിദ്യാ ചാതുര്യമാണ് ഹഗിയ സോഫിയ. ബൈസ​ൈന്റൻ വാസ്തുവിദ്യയുടെ അഴക്. ഇസ്തംബൂളിന്റെ ഭൂതകാല പ്രൗഢി തലയിലേറ്റുന്ന സൗന്ദര്യം. മനോഹരമായ താഴികക്കുടം, ആരെയും ആകർഷിക്കുന്ന മൊസൈക്കുകൾ. കിഴക്കൻ റോമാചക്രവർത്തിയായിരുന്ന ജസ്റ്റിനിയൻ ഒന്നാമൻ എ.ഡി 530കളിലാണ് ഇത് നിർമിച്ചത്.

നേരെ മുന്നിലായി നീല പള്ളി കാണാം. ഔദ്യോഗിക നാമം സുൽത്താൻ അഹമ്മദ് മസ്ജിദ്. കാസ്കേഡ് താഴികക്കുടങ്ങളും ആറ് മിനാരങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നീല ടൈലുകളാൽ അലങ്കരിച്ച അകത്തളം. തുർക്കി വാസ്തുവിദ്യയുടെ പ്രതീകമാണിത്. ഇവിടെ ഇപ്പോഴും ആരാധനയുണ്ട്. ചക്രവർത്തിമാരുടെ പള്ളി എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്.

ഹഗിയ സോഫിയയിൽനിന്ന് 300 മീറ്റർ നടന്നാണ് ബസിലിക്ക ജലസംഭരണിയിലെത്തിയത് (Bascilica Cistern). ഇസ്തംബൂൾ നഗരത്തിനിടയിലെ അത്ഭുതകരമായ നിർമാണം. ആറാം നൂറ്റാണ്ടിൽ ബൈസ​ൈന്റൻ ചക്രവർത്തി ജസ്റ്റിനിയൻ ഒന്നാമൻ 7000 ത്തോളം അടിമ തൊഴിലാളികളെ ഉപയോഗിച്ചു നിർമിച്ച ഭൂഗർഭ ജലസംഭരണി. ഞങ്ങൾ ഭൂമിക്കടിയിലേക്ക് പടികളിറങ്ങി തുടങ്ങി. ഭൂമിക്കടിയിലെത്തിയാൽ 9,800 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള വിശാലമായ ഒരു കെട്ടിടം. വലിയ തൂണുകളാൽ തിരിച്ചിരിക്കുന്ന നടവഴി. വശങ്ങളിൽനിലത്ത് വെള്ളം കെട്ടിനിൽക്കുന്നു. 336 മാർബിൾ കൽത്തൂണുകളുണ്ട്. നൂറ്റാണ്ടുകളോളം ഇത് ജലവിതരണത്തിന് ഉപയോഗിച്ചു. ഇസ്തംബൂളിൽനിന്നും 15 കി.മീ. അകലെയുള്ള ബെൽഗ്രേഡ് കാടുകളിൽനിന്നാണ് ഇതിലേക്ക് വെള്ളമെത്തിച്ചിരുന്നത്.

ടോപ്കാപി കൊട്ടാരം

ബസലിക്കയിൽനിന്ന് പുറത്തിറങ്ങി ടോപ്കാപി കൊട്ടാരത്തിലേക്ക് നടന്നു തുടങ്ങി. സുൽത്താൻ മെഹമദ് രണ്ടാമൻ1459 ലാണ് ഈ കൊട്ടാരം പണിയിച്ചു തുടങ്ങിയത്. നാലായിരത്തോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ടിതിൽ. മുറ്റങ്ങളും അറകളും പൂന്തോട്ടങ്ങളുമുള്ള ഒരു വിശാലമായ സമുച്ചയം. അഞ്ചു കിലോമീറ്റർ നീളുന്ന മതിൽ കെട്ട്. ഏഴ് ലക്ഷം സ്കയർ മീറ്ററിലുള്ള കൊട്ടാരം. സുൽത്താന്മാരുടെ അറകളിലൂടെ അലഞ്ഞുതിരിയാനും അവർ ഉപയോഗിച്ച രത്നങ്ങളും വസ്ത്രങ്ങളും തുടങ്ങി സകല വസ്തുക്കളും നമുക്ക് കാണാം.

മ്യൂസിയത്തിലേക്ക് കടന്നാൽ പിന്നെ വേറൊരു കാലത്തിലേക്കെത്തും. മൂസാനബിയുടെ വടി, ദാവൂദ് നബിയുടെ വാൾ, മുഹമ്മദ് നബിയുടെ കത്തുകളും സീലും കാൽപ്പാടുകളും മുടിയും ചെരുപ്പും, സുൽത്താന്മാരുടെ പടയാങ്കികളും പടച്ചട്ടകളും, ഓട്ടോമൻ കാലത്തെ തോക്കും വാളും കുന്തവും പരിചയും, ഒട്ടനവധി ചരിത്ര രേഖകളുടെ ഭണ്ഡാരം.

നിറങ്ങളുടെ ലോകം, ശബ് ദങ്ങളുടെയും

അടുത്ത ലക്‌ഷ്യം ഗ്രാൻഡ് ബസാറായിരുന്നു. ലോകത്തിലെ ഏറ്റവും പുരാതന ഷോപ്പിങ് സെന്ററാണിത്. നാലായിരത്തിലധികം കടകൾ. നിറങ്ങളുടെയും സുഗന്ധങ്ങളുടെയും ശബ്ദങ്ങളുടെയും ലോകം. തുർക്കി പരവതാനികൾ, ആഭരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ അങ്ങനെ എന്തിനും ഇവിടെ വിലപേശാം. കിട്ടാത്തതായി ഒന്നുമില്ല.

ചരിത്രം കണ്ടു ബോറടിച്ചപ്പോഴാണ് ഇസ്തിക്‌ലാൽ സ്ട്രീറ്റിലേക്ക് പോയത് മെട്രോയിലായിരുന്നു യാത്ര. ടക്സിം ചത്വരത്തിന് ചേർന്നാണിത്. ഇരുവശവും പലതരം കടകളും ഭക്ഷണശാലകളും ബാറുകളും നൈറ്റ് ക്ലബ്ബുകളും കഫേകളും കെട്ടിടങ്ങളും. ഇവിടം നടന്നുതന്നെ കാണണം. ആധുനിക ഷോപ്പിങ് സെന്ററുകളും നഗരത്തിന്റെ സമകാലിക ട്രെന്റുകളും ഭക്ഷവും ആസ്വദിച്ച് തെരുവ് സംഗീതജ്ഞരെ കേട്ട് തുർക്കിയെ അനുഭവിച്ചറിയാൻ ഇതിലും അവസരം ഇനി കിട്ടിയെന്ന് വരില്ല. ആദാന കബാബ്, ഉർഫ കബാബ്, ഷിഷ് -തൗക്, കസാൻടിബിയുമൊക്കെ യാത്രക്കിടയിൽ രുചിച്ചു നോക്കിയില്ലെങ്കിൽ തുർക്കി യാത്ര പൂർണ്ണമാകില്ല. പതിനാലാം നൂറ്റാണ്ടിൽ വാച്ച് ടവറായി പണിത ഗലാട്ട ഗോപുരം കണ്ട് മടങ്ങുബോൾ തൊട്ടടുത്തുള്ള ‘വിയാന കഹ്‌വെസ’യിൽ കയറി സാൻ സെബസ്സ്റ്റിൻ ചീസ് രുചിച്ചു. ഇസ്താംബൂളിലെത്തുന്നവർ ഈ കടയുടെ പേര് മറക്കരുത്, ഒരിക്കലും മറക്കാത്ത രുചിയിലേക്കുള്ള കവാടമാണിത്. ക്രിസ്തുവിന്റെ ജീവിതത്തിലെ വിവിധ രംഗങ്ങൾ വരച്ചു കാട്ടിയ ചോറ ചർച്ച് അഥവാ കരിയ പള്ളിയും യാത്രയിൽ കണ്ടു.

യാത്രയുടെ അവസാന ദിവസം ബോസ്ഫറസ് കടന്ന് ഏഷ്യൻ ഭാഗത്തേക്ക് പോയി കോടികോയിലെത്തി. തീർത്തും വേറൊരു വൈബാണ് ഇവിടെ. പ്രകൃതി സൗന്ദര്യം ആവോളം. പേരുകേട്ട ഭക്ഷണ കേന്ദ്രങ്ങളും പാർക്കുകളും ഒരുപാട്. 1849 മുതലുള്ള ഇസ്കന്തർ കബാബ് കഴിക്കാൻ മാത്രമായി ഒരുപാട് പേർ ഇവിടെ എത്തുന്നു. ഞങ്ങളുടെയും ലക്ഷ്യങ്ങളിൽ ഒന്ന് അത് തന്നെയായിരിക്കുന്നു. ഇനിയും നിന്നാൽ അവസാന ബോട്ട് നഷ്ടപ്പെടുമെന്ന് കൂടെയുള്ളവർ ഓർമപെടുത്തിയപ്പോൾ ഞങ്ങൾ തിരിച്ചു നടന്നു തുടങ്ങി.


ഇസ്തംബൂളിൽ ശ്രദ്ധിക്കാം

ഇസ്റ്റ കാർഡെടുത്താൽ ട്രാം, മെട്രോ, ബോട്ടുകൾ വഴി ഇസ്തംബുളിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്താം. യാത്രക്ക് ചെലവ് വളരെ കുറവ്. ലിറയുടെ വില എപ്പോഴും മാറി മറയും. അതിനാൽ ഡോളർ കൊണ്ടുവരിക. ദിർഹമും റിയാലുമൊക്കെ ഇവിടുന്ന് മാറ്റുമ്പോൾ ലാഭമുണ്ട്. ഭക്ഷണ ശാലകളിൽ കയറുമ്പോൾ വില ഉറപ്പു വരുത്തണം. ഇസ്തംബൂൾ എയർപോർട്ട് വളരെ വലുതും തിരക്കേറിയതുമാണ്. ചെക്കിൻ ചെയ്ത ശേഷം നിർദിഷ്ട ഗേറ്റുകളിലേക്ക് നേരെത്തെ പുറപ്പെടുന്നത് നല്ലതാണ്. ടാക്‌സികൾ പരമാവധി ഒഴിവാക്കുക, നിരക്ക് കൂടുതലാണ്, ട്രാഫിക് ബ്ലോക്കിലും പെടും.

ചിത്രങ്ങൾ: കെ.ടി. ഫൈഹ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Istanbul
News Summary - Istanbul
Next Story