Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കിർഗിസ്ഥാൻ ഡയറിക്കുറിപ്പുകൾ
cancel

ആകർഷകമായ പർവ്വതങ്ങൾക്കും തടാകങ്ങൾക്കും പേരുകേട്ട പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് കിർഗിസ്ഥാൻ. ചൈനയുടെ പടിഞ്ഞാറ് മധ്യേഷ്യയിലായി കിർഗിസ്ഥാൻ സ്ഥിതി ചെയ്യുന്നു. കിഴക്കും തെക്കുകിഴക്കും ചൈനയും വടക്ക് ഖസാക്കിസ്ഥാനും പടിഞ്ഞാറ് ഉസ്ബാക്കിസ്ഥാനും തെക്ക് താജികിസ്ഥാനുമായും കിർഗിസ്ഥാൻ അതിർത്തി പങ്കിടുന്നു. ഭൂപ്രദേശത്തിന്‍റെ 65 ശതമാനവും ടിയാൻ ഷാൻ, പാമിർ പർവത സംവിധാനങ്ങളാൽ ഉൾക്കൊണ്ടിരിക്കുന്നെങ്കിലും ടൂറിസം വ്യവസായത്തിന് വേണ്ടത്ര നിക്ഷേപം ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.

2021 ഓഗസ്റ്റിൽ ദുബൈയിൽ നിന്നാണ് കിർഗിസ്ഥാന്‍റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ ബിഷ്ക്കെക്കിലേക്ക് വിമാനം കയറുന്നത്. ചുയി താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരങ്ങളായ പർവതങ്ങളും തടാകങ്ങളും പര്യവേഷണം ചെയ്യുന്നതിന് മികച്ച സ്ഥലമാണ്. വൈകുന്നേരത്തോടെ ബിഷ്ക്കെക്കിലെത്തി. അന്ന് രാത്രി ഹോട്ടലിൽ തങ്ങി പിറ്റേന്ന് രാവിലെതന്നെ ഞങ്ങൾ യാത്ര തുടങ്ങി.ബിഷ്‌ക്കെക്കിലെ അല അർച്ച നാഷനൽ പാർക്കിലേക്കാണ് ആദ്യമായി പോയത്. ബിഷ്ക്കെക്കിൽ നിന്ന് 40 കിലോമീറ്റർ അകലെ ടിയാൻ ഷാൻ പർവ്വതനിരകൾ നിലകൊള്ളുന്ന ആൾപൈൻ ദേശീയോദ്യാനമാണ് അല അർച്ച നാഷനൽ പാർക്ക്. ഹിമപാളികളും പരുക്കൻ കൊടുമുടികളും ഇവിടുത്തെ നയനവിസ്മയങ്ങളാണ്. താഴ്‌വരയുടെ താഴെത്തട്ടിലൂടെ ആസ്വാദ്യകരമായ നടത്തവും കാഠിന്യമേറിയ പർവ്വതാരോഹണങ്ങളും ഇവിടം വാഗ്ദാനം ചെയ്യുന്നു.

ദൈർഘ്യമേറിയ നടത്തത്തിനു ശേഷം സമീപത്തെ പച്ചനിറത്തിലുള്ള നദിക്കരയിൽ ഒരുമിച്ചിരുന്ന് ഞങ്ങളും ഗൈഡ് നൂർ കാസിയും പങ്കാളിയും ഭക്ഷണം പാകം ചെയ്ത് കഴിച്ചു. സ്കി ചെയറിൽ മൗണ്ടൈൻ ടോപ്പിലെത്തി നൂർ ഖാസിയുടെ ജന്മദിനം ആഘോഷിച്ചതും ഏറെ ഹൃദ്യമായ ഓർമ്മയാണ്. ബിഷ്ക്കെക്കിൽ നിന്ന് 400 കിലോമീറ്റർ ദൂരത്തിലാണ് കരാക്കോൾ സ്ഥിതി ചെയ്യുന്നത്. ആറു മണിക്കൂർ നീണ്ട യാത്രയിൽ പാതി വെച്ച് പല ഡെസ്റ്റിനേഷൻസിലും ഞങ്ങൾ തമ്പടിച്ചു. ഏകദേശം അർദ്ധരാത്രിയോടെയാണ് കരാക്കോളിൽ എത്തിയത്. ഒരുപാട് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഹൃദയഭാഗമാണ് കരാക്കോൾ.

കരാക്കോളിൽ നിന്നും അതിമനോഹരമായ വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന കോക്ക് ജയ്ക്കിലേക്കാണ് പിന്നീട് പോയത്. ശരിയായ ഗതാഗതമാർഗം പോലുമില്ലാതെ മലയിടുക്കുകളും കാടകങ്ങളും താണ്ടി രണ്ടു മണിക്കൂർ യാത്ര ചെയ്തു വേണം കോക്ക് ജയ്ക്കിലെത്താൻ. വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ മേഖലയിലെ യാത്രാ മധ്യേയുള്ള പ്രകൃതിരമണീയമായ കാഴ്ചകൾ ഏറെ അനുഭൂതിയുണർത്തി. മരത്തടി കൊണ്ട് നിർമ്മിച്ച പാലങ്ങളും അതിനു കുറുകെ ഒഴുകുന്ന നദികളും ഗ്രാമീണതയുടെ വശ്യത വിളിച്ചോതി. മലയും കാടും കയറിയിറങ്ങി കോക് ജയ്ക്കിലെത്തി. ഗ്രാമീണതയുടെ പര്യായങ്ങളായ പുൽമേടുകളും കുതിര -കഴുത സവാരികളും കോക്ക് ജയ്ക്കിലെ സ്ഥിരം കാഴ്ചകളാണ്. കാറുകളോ മറ്റു വാഹനങ്ങളോ നമുക്കിവിടെ കാണാൻ സാധ്യമല്ല. യാത്രകൾക്കും സർവ്വ വ്യവഹാരങ്ങൾക്കും കുഞ്ഞുങ്ങളടക്കം ആശ്രയിക്കുന്നത് കുതിര - കഴുത സവാരിയാണ്.

സോങ് കുൾ ലേക്കിലേക്ക്

പ്രശസ്തമായ സോങ് കുൾ ലേക്കാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം. കരാക്കോളിൽ നിന്ന് അഞ്ച് മണിക്കൂറിലധികം യാത്ര ചെയ്തു വേണം സോങ് കുൾ ലേക്കിലെത്താണ്. വന്യമായ ഓഫ് റോഡുകളും മലഞ്ചെരുവിലൂടെയുള്ള ദുർഘടമായ പാതകളും സോങ് കുൾ യാത്ര ഏറെ സാഹസികത നിറഞ്ഞതാക്കുന്നു. പ്രവചനാതീതമായ കാലാവസ്ഥയും ഇരുട്ടടുക്കുന്നതോടെ കൂടിവരുന്ന ശൈത്യവും ഈ യാത്രയെ ഏറെ ഭയവിഹ്വലതയുള്ളതാക്കി. ലക്ഷ്യസ്ഥാനത്തെത്താൻ 35 കിലോമീറ്ററോളം ശേഷിക്കെ വിജനമായ വഴിയിൽ ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ പൊടുന്നനെ നിന്നുപോയി. ഞങ്ങളുടെ ഡ്രൈവറുടെ പരിശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. മൂന്ന് മാസം മാത്രം പ്രായമുള്ള ഇയാതിനെയും മൂത്ത മകൻ ഇസാനെയും വഹിച്ചുള്ള ഈ യാത്ര ഞങ്ങളിൽ വല്ലാതെ പരിഭ്രാന്തി നിറച്ചു. സന്ധ്യയാകുന്നതോടെ കനത്ത പ്രഹരത്തിൽ ഐസ് മഴയും ആരംഭിച്ചു. ഒന്നു രണ്ടു വാഹനങ്ങൾ ഞങ്ങളെ കടന്നു പോയെങ്കിലും ആരും നിർത്തിയില്ല.

അല്പനേരം കഴിഞ്ഞ് യുക്രെയിനിൽ നിന്നുള്ള ദമ്പതികൾ അവരുടെ വാഹനവുമായി ഞങ്ങളെ സമീപിച്ചു. അവരുടെ ഹൃദയവിശാലത ഞങ്ങളെ ബുക്ക് ചെയ്ത യർട്ടിൽ (yurt) എത്തിച്ചു. കിർഗ്ഗിസ്ഥാനിലെ ചെറിയ ടെന്‍റ് ഹൗസുകളാണ് യർട്ട് എന്നറിയപ്പെടുന്നത്. ഞങ്ങളെ കാണാത്തതിനാൽ ബുക്ക് ചെയ്ത യർട്ട് മറ്റൊരാൾക്ക് കൈമാറിയ ഉടമസ്ഥനോട് വല്ലാത്ത അമർഷം തോന്നിയെങ്കിലും പിന്നീട് അവർ കാണിച്ച സൽക്കാരങ്ങളും ആതിഥ്യമര്യാദകളും ഞങ്ങളുടെ ഉള്ളു നിറച്ചു. യർട്ടിൽ രാപാർത്തു ക്ഷീണം അകറ്റി അടുത്ത ദിവസം ഞങ്ങൾ സോങ് കുൾ ലേക്കിലേക്ക് നീങ്ങി. നീണ്ട പരവതാനി കണക്കെ വ്യാപിച്ചുകിടക്കുന്ന പുൽമേടുകളോട് ചേർന്ന് മനോഹരമായ തടാകം. പശുക്കളും കുതിരകളും യഥേഷ്ടം മേഞ്ഞുനടക്കുന്ന ഈ തടാകതീരം വിനോദസഞ്ചാരികൾക്ക് ഈ യാത്രയെ പരിപൂർണ്ണമാക്കുന്നു.

ശേഷിക്കുന്ന ദിവസങ്ങളിൽ കിർഗിസ്താന്‍റെ പോഷക സ്ഥലങ്ങളും ഉൾപ്രദേശങ്ങളും താണ്ടി തീർത്തും ഉൾനാടൻ ഗൃഹാതുരത്വം അനുഭവിക്കാൻ സാധ്യമായി. സാഹസികതകൾക്കപ്പുറം നമ്മെ കാത്തിരിക്കുന്ന ഹൃദയഹാരിയായ ദൃശ്യ വിരുന്നുകളാണ് കിർഗിസ്ഥാന്‍റെ ഏറ്റവും വലിയ ഒളിഞ്ഞിരിക്കുന്ന സവിശേഷത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ItineraryKyrgyzstan Diaries
News Summary - Itinerary: Kyrgyzstan Diaries
Next Story