ഇക്കോ ടൂറിസം സാധ്യതകളുമായി കടലാടിപ്പാറ
text_fieldsബിരിക്കുളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂടോൽ കടലാടിപ്പാറയിൽ ഇക്കോ ടൂറിസം സാധ്യതകളേറെ. സായാഹ്നങ്ങളിൽ നിരവധി പേരാണ് സൂര്യാസ്തമയം ഉൾപ്പെടെ പ്രകൃതിസൗന്ദര്യ കാഴ്ചകൾ കാണാനായി ഇവിടെയെത്തുന്നത്. നിരവധി അപൂർവയിനം പൂമ്പാറ്റകളുടെയും ഓർക്കിഡുകളുടെയും ഡ്രൊസേറ ഇൻഡിക്ക വിഭാഗത്തിൽ പെടുന്ന ഇരപിടിയൻ സസ്യമുൾപ്പെടെയുള്ള സസ്യ, ജന്തുജാലങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് കടലാടിപ്പാറ.
സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ച ഇവിടെ നിന്നും ദൃശ്യമാണ്. അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിലാണ് ഇവിടേക്ക് ആൾക്കാർ എത്തുന്നത്. ഖനന ഭീഷണി ഒഴിഞ്ഞതു മുതൽ കടലാടിപ്പാറയിൽ കുട്ടികളുടെ പാർക്ക് ഉൾപ്പെടെ നിർമിച്ച് ഇവിടെയെത്തുന്നവർക്ക് വിനോദത്തിനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കുട്ടികൾക്കുള്ള കളിസ്ഥലം, ഓപൺ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ആംഫി തിയറ്റർ, നീന്തൽക്കുളം, ഭക്ഷണശാല, പച്ചക്കറിത്തോട്ടം, ആയുർവേദ കേന്ദ്രം തുടങ്ങിയവ നിർമിച്ച് ഇതിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിയാൽ പഞ്ചായത്തിനും മുതൽക്കൂട്ടാകും. കോട്ടേജുകൾ, ചുറ്റും നടപ്പാത, കാസർകോടൻ കലകൾ പരിചയപ്പെടുത്തുന്ന കിയോസ്കുകൾ എന്നിവയും ഇതിന്റെ ഭാഗമായി നിർമിക്കാവുന്നവയാണ്. ജൈവ കലവറ കൂടിയാണ് കടലാടിപ്പാറ. ഭൂപ്രകൃതിയിൽ ഒരു മാറ്റവും വരുത്താതെ പ്രകൃതി സൗഹൃദമായ ടൂറിസം വില്ലേജാണ് സ്ഥാപിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.