സഞ്ചാരികളുടെ മനം കവർന്ന് 'കല്യാണ ഒറു'
text_fieldsവളാഞ്ചേരി: സഞ്ചാരികളുടെ മനംകവരുന്ന പ്രകൃതിരമണീയമായ കല്യാണ ഒറു സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. വളാഞ്ചേരി നഗരസഭയിലെ തോണിക്കലിലെ 'കല്യാണ ഒറു' എന്ന കല്യാണ ഉറവയിലെ വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് പ്രദേശത്ത് എത്തുന്നത്. കാലവർഷം ആരംഭിച്ചാൽ ആറു മാസം തുടർച്ചയായി ഇവിടെയുള്ള ഉറവയിൽനിന്ന് ഒഴുകി വരുന്ന വെള്ളമാണ് വെള്ളച്ചാട്ടത്തിന് കാരണമാവുന്നത്.
വെള്ളം പാറാഭട്ടി മനക്ക് മുന്നിലൂടെ ഒഴുകി തൊഴുവാനൂർ തോട്ടിലൂടെ കാട്ടിപ്പരുത്തി വില്ലേജിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾക്ക് നനുവേകുകയും ചെയ്യുന്നു. കാടുപിടിച്ച് കിടക്കുന്ന ഇവിടെ വിവിധയിനം പക്ഷികളുടെ വാസസ്ഥലംകൂടിയാണ്.
നഗരസഭയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ കല്യാണ ഒറു-ഒക്കാൻപാറ നീരൊഴുക്കിനെ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ തടഞ്ഞുനിർത്തി ചെക്ക്ഡാം നിർമിച്ചാൽ ഇവിടെ വർഷം മുഴുവൻ ജലസമൃദ്ധമായി തീരും. ചെക്ക്ഡാമിൽനിന്ന് കൃഷിക്ക് ഉൾപ്പെടെ വെള്ളം എത്തിക്കാനും സാധിക്കും. പ്രകൃതി സ്നേഹികളുടെ മനം കുളിർക്കുന്ന കല്യാണഒറു സംരക്ഷിക്കാനാവശ്യമായ സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
കല്യാണ ഒറുവിലെ ജലം തടഞ്ഞുനിർത്തി പ്രദേശത്തിന് ഉപകാര പ്രദമായരീതിയിൽ സംരക്ഷിക്കാൻ നഗരസഭയോട് ആവശ്യപ്പെടുമെന്ന് വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷനുമായ മുജീബ് വാലാസി പറഞ്ഞു.
കഞ്ഞിപ്പുര, തോണിക്കൽ, വട്ടപ്പാറ, താണിയപ്പൻ കുന്ന്, കോതോൾ എന്നീ സ്ഥലങ്ങൾ നഗരസഭയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നവയാണ്. കല്യാണ ഒറു സംരക്ഷിച്ച് വെള്ളം തടഞ്ഞുനിർത്തിയാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഏറക്കുറെ പരിഹാരമാകും. അതോടൊപ്പം നിരവധി പേരെ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാനും സാധിക്കും. വിഷയം നഗരസഭ ചെയർമാന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും മുജീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.