കമ്പാർ പുഴയോരം ടൂറിസം സാധ്യതകൾ തേടുന്നു
text_fieldsകുമ്പള: പ്രകൃതി ഭംഗി കൊണ്ട് സമ്പന്നമായ കമ്പാർ പുഴയോരം ടൂറിസം സാധ്യതകൾ തേടുന്നു. മൊഗ്രാൽ പൂത്തൂർ, മധൂർ, പുത്തിഗെ, കുമ്പള ഗ്രാമ പഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് കമ്പാർ പുഴയോരം. മൊഗ്രാൽ പുഴയുടെ ഭാഗമായ കമ്പാർ പുഴയോരം പച്ചപ്പ് കൊണ്ടും ഗ്രാമീണ ഭംഗി കൊണ്ടും മനോഹരമാണ്. ഇവിടെ നിന്ന് അനന്തപുരത്തേക്ക് രണ്ട് കിലോ മീറ്റർ മാത്രമേ ദൂരമുള്ളു.
ട്രക്കിങ്ങിനു സാധ്യതയുള്ള റൂട്ടാണിത്. പുഴയോരത്ത് ടാറ് ചെയ്ത നല്ല റോഡ് സൗകര്യവുമുണ്ട്. നിലവിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം വിനോദ സഞ്ചാരികൾ പുഴയോരം ആസ്വദിക്കാൻ എത്തുന്നുണ്ട്. പുഴയോരം പാർക്ക്, ഭക്ഷണശാല, ബോട്ടിങ്ങ്, വാട്ടർ സ്പോർട്സ്, ട്രക്കിങ്ങ്, ഫാം ടൂറിസം എന്നിവയ്ക്കുള്ള സാധ്യതകൾ തേടി ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവൻ, ബി.ആർ.ഡി.സി.അസിസ്റ്റന്റ് മാനേജർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു.
ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനു മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. റിവർ ടൂറിസത്തിനുവേണ്ടി രൂപകല്പന ചെയ്ത ലോഗോ ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവൻ പ്രകാശനം ചെയ്തു. ഓൺലൈൻ ആയി നടന്ന ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്‍റണി, ബി.ആർ.ഡി.സി. അസിസ്റ്റന്റ് മാനേജർ സുനിൽകുമാർ, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട്, പി.എം.മുനീർ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുജീബ് കമ്പാർ, ഹക്കീം കമ്പാർ, മൻസൂർ കമ്പാർ എന്നിവർ സംബന്ധിച്ചു. നാഫിദ് പരവനടുക്കമാണ് ലോഗോ രൂപകല്പന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.