വിനോദ സഞ്ചാരത്തിന് അനുമതിയായിട്ടും ആളനക്കമില്ലാതെ കവ്വായി കായൽ
text_fieldsപയ്യന്നൂർ: വിനോദ സഞ്ചാരത്തിന് അനുമതിയായിട്ടും ആളനക്കമില്ലാതെ കവ്വായികായൽ. ലോക് ഡൗണിന് മുമ്പ് ആരംഭിച്ച കയാക്കിങ്ങിന് ഉൾപ്പെടെ നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തിയ കായൽ ഇപ്പോൾ ജനമൊഴിഞ്ഞ് ഓളമിട്ടൊഴുകുകയാണ്.
എന്നാൽ കോവിഡ് 19 മൂലം ആളും അനിയന്ത്രിത കയ്യേറ്റവും കുറഞ്ഞതോടെ ഉത്തര മലബാറിന്റെ ഏറ്റവും വലിയ ജലസമൃദ്ധിയായ കവ്വായി കായൽ കൂടുതൽ സുന്ദരിയായി പഴയ പ്രതാപത്തിലേക്കാണ്.
വിനോദ സഞ്ചാരികളില്ലാത്തതും മലയോര മേഖലയിൽ ചെങ്കൽ പണകൾ കുറഞ്ഞതുമാണ് സംസ്ഥാനത്ത് വലുപ്പം കൊണ്ട് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കായയിന്റെ പ്രതാപം തിരിച്ചുപിടിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.ഒപ്പം അനിയന്ത്രിതമായി ചെങ്കൽക്കുന്നുകൾ ഇടിച്ചു നിർത്തുന്നത് കുറഞ്ഞതും തുണയായി. മഴക്കാലത്ത് കലക്കു വെള്ളം സാധാരണയാണെങ്കിലും ഇക്കുറി തെളിഞ്ഞ വെള്ളമായിരുന്നുവെന്ന് കായലോരത്തെ താമസക്കാർ പറയുന്നു.
ചരിത്രമുറങ്ങുന്ന ഏഴിമലയുടെ താഴ്വരയിൽ സഞ്ചാരികളുടെ പറുദീസയായി മാറിയ കായലിൽ കഴിഞ്ഞ നാലു മാസത്തോളമായി ആളനക്കമില്ലാതായിട്ട്. ഇതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയുന്നത് ഇല്ലാതായി. കോവിഡും ലോക് ഡൗണും കാരണം കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിൽ ചെങ്കൽ ക്വാറികൾ പ്രവർത്തനരഹിതമായതും മണ്ണെടുപ്പ് കുറഞ്ഞതും കായൽ ജലത്തെ ശുദ്ധീകരികരണത്തിന് സഹായകമായി.
ഉത്തരകേരളത്തിലെ ആലപ്പുഴയാണ് കായലോരം. അറബികടലിന് സമാന്തരമായി കണ്ണൂർ, കാസർകോട് ജില്ലകളിലായി നീണ്ടു കിടക്കുന്നതാണ് പ്രകൃതിയുടെ ഈ ജലവിസ്മയം. കൈവഴികൾ ഉൾപ്പെടെ വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളമുള്ള കായൽ ഇരു ജില്ലകളിലെയും ഭക്ഷ്യ, ജലസമൃദ്ധിയിൽ നിർണായക പങ്കുവഹിക്കുന്നു.
37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കായലിൽ ചെറുതും വലുതുമായ നിരവധി ദ്വീപുകളും തുരുത്തുകളുമുണ്ട്. ഇതാണ് ഏഴോളം പുഴകളുടെ സംഗമകേന്ദ്രമായ കവ്വായി കായലിന്റെ പ്രധാന ആകർഷണം. ഇതിനു കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലം പഞ്ചായത്തിലെ ചതുപ്പുകൾ കായലിന്റെ പ്രധാന കൈവഴികളിലാണ്.
ചെമ്പല്ലിക്കുണ്ട്, കുണിയൻ പക്ഷിസങ്കേതങ്ങളും കായലിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നു. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് കായൽ കാഴ്ച.
തെളിനീരാണ് കായലിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ പലവിധ മാലിന്യങ്ങൾ കായൽ ജലത്തെ നശിപ്പിച്ചു കൊണ്ടിരുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. പഴയ ശുദ്ധജല നന്മയാണ് നാലു മാസങ്ങൾ കൊണ്ട് പ്രകൃതി തന്നെ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്നത്. ഇത് നിലനിർത്താൻ സാധിച്ചാൽ കേരളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന മറ്റൊരു ശുദ്ധജല തടാകമായാരിക്കും പുനർജനിക്കുകയെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
കായലിന് അന്താരാഷ്ട്ര നിലവാരം അടയാളപ്പെടുത്തുന്ന രാംസർസൈറ്റ് പദവി നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇത് യാഥാർത്ഥ്യമാകുന്ന പക്ഷം കായലിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കും. കോവിഡുകാലത്തെ അപൂർവം നന്മകളിലൊന്നായ കായലിന്റെ തിരിച്ചുവരവെങ്കിലും നിലനിർത്തണമെന്ന ആവശ്യമാണ് നാട്ടുകാരും പരിസ്ഥിതി, ചരിത്ര സ്നേഹികളും മുന്നോട്ട് വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.