മഞ്ഞണിഞ്ഞ ഖസാഖ്
text_fieldsഖസാഖ് എന്ന തലക്കെട്ട് കാണുമ്പോൾ നിനയ്ക്കണ്ട ഇത് ഒ.വി.വിജയന്റെ ഖസാഖിന്റെ ഇതിഹാസത്തിലെ ഖസാഖാണെന്ന്. മധ്യേഷ്യൻ രാജ്യമായ, പഴയ സോവിയറ്റ് യൂണിയന്റെ (യു.എസ്.എസ്.ആർ) ഭാഗമായിരുന്ന വലുപ്പത്തിൽ ഒമ്പതാംസ്ഥാനമുള്ള കരകളാൽ ബന്ധിതമായ രാജ്യങ്ങളിൽ ഏറ്റവും വലുതുമായ ഖസാഖിസ്താനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത്തവണ ഞങ്ങളുടെ യാത്ര അവിടേക്കായിരുന്നു. കൊച്ചിയിൽ നിന്ന് ഷാർജ വഴി അൽമാട്ടിയിലേക്ക് പോകുന്ന എയർ അറേബ്യ ഫ്ലൈറ്റിൽ യാത്ര പുറപ്പെട്ട ഞങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഞാനും സുഹൃത്ത് സ്വാദിഖും ഷാർജയിൽ നിന്ന് ചേരുകയായിരുന്നു .
കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരവും വാണിജ്യകേന്ദ്രവും മുൻ തലസ്ഥാനവുമായ Almaty International Airportത്തിൽ നവംബർ 23 ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെ ഞങ്ങളുടെ വിമാനം നിലംതൊട്ടു. ഇന്ത്യക്കാർക്ക് ഖസാക്കിസ്ഥാനിൽ രണ്ടാഴ്ച കാലയളവ് താമസിക്കുന്നതിന് വിസ ആവശ്യമില്ലാത്തതിനാൽ ആ നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ പുറത്തിറങ്ങാനായി.
നവംബർ ഒടുവായതിനാൽ തണുപ്പിനെ പ്രതീക്ഷിച്ചു തന്നെയാണ് ഞങ്ങളുടെ വരവ് . എയർപോർട്ടിനകത്ത് താപനിയന്ത്രണം ഉള്ളതിനാൽ താപനില എത്രയെന്ന് അത്രക്കങ്ങ് ഓർത്തിരുന്നില്ല. മൂന്ന് മണിയോടെ പുറത്തിറങ്ങുമ്പോൾ അസഹനീയമായ തണുപ്പും കാറ്റും. എല്ലാവരും ജാക്കറ്റുകൾ കരുതിയിട്ടുണ്ടെങ്കിലും അത് ധരിക്കാതെ ബാഗിനകത്ത് വച്ചാണ് ചിലരെങ്കിലും പുറത്തിറങ്ങിയത്. അപ്പോഴാണ് അവർ ശരിക്കും തണുപ്പിന്റെ വിവരം അറിഞ്ഞതും . അൽമാട്ടിയിലെ അപ്പോഴത്തെ താപനില പൂജ്യം ഡിഗ്രിയിൽ താഴെയാണ് !
കഴിഞ്ഞ വർഷം ഇതേ സമയത്ത് നടത്തിയ അസർബൈജാൻ യാത്രയിൽ ഇത്ര തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. ഡ്രൈവർ ത്വൽഹ ഞങ്ങളെയും കാത്ത് പുറത്ത് വണ്ടിയുമായി നിൽപ്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ ഗഗാറിനെ സ്ട്രീറ്റിലെ ബസായ ക്രോസിംഗിനടുത്തുള്ള ഞങ്ങൾക്കായി ബുക്ക് ചെയ്ത ഹോട്ടലിൽ എത്തിച്ചു. പോകുന്നവഴി മണി എക്സ്ചേഞ്ചിൽ കയറി ഡോളർ മാറ്റി കസ്കിസ്താൻ കറൻസിയായ ടെൻങ്കെ വാങ്ങി കയ്യിൽ കരുതിയിരുന്നു. ചെലവുകൾക്ക് ടെൻഗെ തന്നെ ഉപയോഗിക്കുന്നത് സൗകര്യപ്രദമായി. എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്കുള്ള ആ ചെറിയ യാത്രയിൽ ഒരു കാര്യം വ്യക്തമായി. റഷ്യനോ ഖസാക്കോ അല്ലാത്ത ഒരു ഭാഷയും മിക്കവാറും ആളുകൾക്ക് അറിയില്ല. പുറത്ത് എവിടെയും ഒരു ഇംഗ്ലീഷിലുള്ള ബോർഡെങ്കിലും കാണാൻ മഷിയിട്ട് നോക്കേണ്ട അവസ്ഥ.
ഗൂഗിൾ ട്രാൻസ്ലേഷൻ തന്നെ ഇവിടെയും ശരണം. പക്ഷേ ഗൂഗിൾ ട്രാൻസ്ലേഷൻ ഉപയോഗിക്കുന്ന കാര്യത്തിലും ഇവിടുത്തുകാർക്ക് വല്യ പിടിപാടില്ലന്നും ഡ്രൈവറുമായുള്ള സംസാരത്തിൽ നിന്ന് ബോധ്യപ്പെട്ടു. അൽമാട്ടിയുടെ തെരുവുകൾ വിജനമാണ് . പാതകൾക്കിരുവശവും നിറയെ മരങ്ങൾ ഉണ്ടെങ്കിലും എല്ലാം ഇലപൊഴിച്ചുള്ള നിൽപ്പാണ്. ഉച്ചതിരിഞ്ഞാൽ ഇരുട്ട് മൂടുന്ന പ്രതീതി. പ്രധാന പാതകളിൽ ഇലക്ട്രിക് ബസുകൾ ഉൾപ്പടെ വാഹനപ്പെരുക്കം. തിരക്കില്ലാത്ത ഇടങ്ങളിൽ ഭാരം ചുമന്നുകൊണ്ടുപോകുന്ന കഴുതവണ്ടികളെയും കാണാം. നഗരങ്ങളിൽ വാഹനത്തിരക്ക് കൂടുതലായതിനാൽ പ്രതീക്ഷിച്ച സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ പലപ്പോഴും ബുദ്ധിമുട്ടും. മിഡിലിസ്റ്റിൽ കടുത്ത ചൂടിനെ തണുപ്പിക്കാൻ വാഹനത്തിനുള്ളിൽ എസി ഉപയോഗിക്കുന്നത് പോലെ ഇവിടെ കൊടും തണുപ്പിനെ ചൂടാക്കാൻ വാഹനത്തിനകത്ത് ഹീറ്റർ സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
എണ്ണ സമ്പന്ന രാജ്യമാണ് ഖസാക്കിസ്ഥാൻ. 1991 ൽ യു.എസ്.എസ്.ആറിൽ നിന്ന് സ്വതന്ത്രയായി. ജനസംഖ്യ തുലോം കുറവായ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണിത്. തെരുവുകളിൽ മുസ്ലിം പള്ളികളും അപൂർവമായി കൃസ്ത്യൻ ചർച്ചകളും കാണാം. ഹോട്ടലിൽ അല്പം വിശ്രമിച്ചതിന് ശേഷം ഡിന്നർ കഴിച്ച് സമയം ഉണ്ടങ്കിൽ പുറത്ത് പോകാനായിരുന്നു പദ്ധതി. ഹോട്ടലിന് പുറത്ത് അതേ കോമ്പൗണ്ടിൽ ഒരു സ്റ്റീക് ഹൌസ് കണ്ടു. എല്ലാവരും അവിടേക്ക് നടന്നു. അകത്ത് കയറിയപ്പോൾ തണുപ്പകന്നു ആശ്വാസമായി. ഭക്ഷണം ഓർഡർ എടുക്കാൻ വെയ്റ്റർ വന്നു നിന്നപ്പോൾ ഞങ്ങൾ ഇംഗ്ലീഷിൽ പറയാൻ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമില്ല.
മെനു ആണെങ്കിൽ ഖസാകിലോ റഷ്യൻ ഭാഷയിലോ ഉള്ളത് മാത്രം. അവസാനം മെനുവിലുള്ള ചിത്രം കാണിച്ചും ചുവരിലെ ഏതോ ഒരു മൂലയിൽ തൂങ്ങുന്ന ചെറിയ ഒരു ഇംഗ്ലീഷ് മെനു കാണിച്ചും ഞങ്ങൾ ഓർഡർ നൽകി. ചുട്ട മാട്ടിറച്ചിയാണ് പ്രധാനം. കൂടെ ബ്രഡ്ഡും ചമ്മന്തിയും. രുചികരമാണ് ഭക്ഷണം. ഉറഞ്ഞുപോകുന്ന തണുപ്പിൽ ശരീരത്തിൽ ചൂട് നിലനിറുത്താൻ ഇത്തരം ഭക്ഷണം ആവശ്യമാണെന്ന് ബോധ്യമാകും.സമയം വൈകീട്ട് ആറുമണി കഴിഞ്ഞതെയുള്ളൂ. ആദ്യ ദിവസം ഒരു സ്ഥലമെങ്കിലും കണ്ടുമടങ്ങാം എന്ന് കരുതി അൽമാട്ടിയിലെ കോക്റ്റബെ കേബിൾ കാർ ലക്ഷ്യമാക്കി ഡ്രൈവർ വണ്ടി വിട്ടു. അവിടെയെത്തി വണ്ടിയുടെ വാതിൽ തുറന്നതേയുള്ളൂ അസ്ഥിക്ക് പിടിക്കുന്ന തണുപ്പ് ഇരച്ചുകയറി. ഒന്നിറങ്ങി കുറച്ചു മുന്നോട്ട് നടന്നെങ്കിലും കാറ്റും തണുപ്പും യാത്രാ ക്ഷീണവും കാരണം ഹോട്ടലിലേക്ക് തന്നെ മടങ്ങി.
ഷിംപുലാക്
അടുത്ത ദിവസം കാലത്ത് ഒമ്പത് മണിയോടെ ഡ്രൈവർ എത്തി. പ്രാതൽ, തുർകിഷോ ഖസാക്കോ ആവട്ടെ എന്ന് കരുതി അത്തരമൊരു റെസ്റ്റോറെന്റിലേക്കാണ് കയറിയത്. പ്രാതൽ കഴിച്ച് നേരെ ഷിംപുലാക്ക് ലക്ഷ്യമാക്കിയുള്ള യാത്ര. അൽമാട്ടിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരമാണ് ഷിംപുലാക്കിലേക്കുള്ളത്. സിലിസ്ക്യ അലറ്റു (Zailiisky Alatau) മലനിരകളുടെ താഴ്വരയിലായാണ് ഷിംബുലാക് സ്ഥിതിചെയ്യുന്നത്.
സമുദ്ര നിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മധേഷ്യയിലെ ഏറ്റവും വലിയ സ്കി റിസോർടാണ് ഷിംപുലാക്. കേബിൾ കാർ വഴി മലമുകളിലേക്കുള്ള യാത്രയും മഞ്ഞണിഞ്ഞ മലനിരകളുടെ മനോഹര കാഴ്ചയുമാണ് ഇവിടുത്തെ ആകർഷണം. മൂന്ന് സ്റ്റേഷനുകളാണ് ഉള്ളത്. ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ ടാൽഗർ പാസ്സ് ആണ്. സ്കി, സ്നോബോർഡിങ്, സ്ലെഡ്ജ് എന്നിവയാണ് പ്രധാന ആക്ടിവിറ്റികൾ. ഏകദേശം മൂന്ന് മണിക്കൂർ അവിടെ ചിലവഴിച്ചു. സൂര്യവെളിച്ചം നല്ലനിലയിൽ വീഴുന്ന ഈ മഞ്ഞു മലകളിൽ നിന്നുള്ള കാഴ്ചകളും അവയുടെ ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളും നമ്മെ പിന്നെയും പിന്നെയും അവിടെ പിടിച്ചിരുത്തും.
ചാരിയൻ ക്യാനിയൻ, കോൽസയ് തടാകം
മൂന്നാം ദിവസം ചാരിയൻ ക്യാനിയൻ, കോൽസയ് തടാകം എന്നിവ കാണാനായി കാലത്ത് ഏഴ് മണിക്ക് തന്നെ ഇറങ്ങി. തുടർന്നുള്ള രണ്ട് ദിവസം ഹുസൈൻ ആയിരുന്നു ഞങ്ങളുടെ ഡ്രൈവറായി വന്നത് . ഭാഷയുടെ കാര്യത്തിൽ നേരത്തെ സൂചിപ്പിച്ച പോലെയാണങ്കിലും ഹുസൈൻ കൊറേക്കൂടി സ്ഥലപരിചയം ഉള്ളവനും കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാൻ കഴിയുന്ന ആളുമായാണ് അനുഭവപ്പെട്ടത്. ഫ്രണ്ട്ലി ആണ്. ഏകദേശം 200 കിലോമീറ്ററിലധികം ദൂരമാണ് ആൽമാറ്റിയിൽ നിന്ന് കോൾസൈ തടാകം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുള്ളത്.
മൈനസ് ഡിഗ്രിയിലും താഴെയാണ് ഇവിടുത്തെ ഇപ്പോഴത്തെ താപനില. തടാകത്തിന്റെ കാഴ്ച അതിമനോഹരമാണ്. കോൾസൈലേക്ക് പോകുന്ന വഴിയിലാണ് ചാരിയൻ കാന്യൻ, ബ്ലാക്ക് കാന്യൻ എന്നിവയും. കാലാവസ്ഥ വ്യതിയാനം മണ്ണൊലിപ്പ് എന്നിവ വഴി നദികളിൽ സൃഷ്ടിക്കപ്പെടുന്ന വലിയ വിള്ളലുകളാണിവ. ഇവിടെത്തെ കാഴ്ച ഒരു പുരാതന നദീ തടത്തിൽ എത്തിപ്പെട്ട അനുഭവമാണ് സമ്മാനിക്കുക. ഒരു ദിവസം മുഴുവനായും വേണം കോൽസയ് ചാര്യൻ ക്യാനിയൻ എന്നീ സ്ഥലങ്ങൾ കണ്ടുമടങ്ങാൻ.
മലനിരകൾ തടാകങ്ങൾ , മരുഭൂമികൾ എന്നിങ്ങനെ വിവിധ റ്റെറൈനുകൾ ഉൾകൊള്ളുതാണ് കസാഖിസ്ഥാന്റെ ഭൂഭാഗങ്ങൾ. കോൾസൈ തടാകത്തിലേക്കുള്ള നീണ്ട യാത്രയുടെ പാതകൾ ഒരു മരുഭൂമിയിലൂടെ കടന്നുപോകുന്നതും മുന്നിൽ വളരെ ദൂരെയായി കാണുന്ന മഞ്ഞുപുതച്ചുകിടക്കുന്ന മലനിരകൾ ഒരു കടലായി അനുഭവപ്പെടുകയും അവയിലേക്ക് ചെന്നുമുട്ടുന്ന പാതയാണിതെന്ന ഒരു മരീചികാനുഭവവുമാണ് നമുക്ക് സമ്മാനിക്കുക. നാലാം ദിവസം സന്ദർശിക്കാൻ പരിപാടിയിട്ട സ്ഥലങ്ങൾ പ്രധാനമായും ആയുസായി വെള്ളച്ചാട്ടം, സെലിന്നി ബസാർ എന്നിവിടങ്ങളായിരുന്നു. ഇല്ലെ അലറ്റു എന്ന സ്ഥലത്തിന്റെ ഭാഗമായാണ് ആയുസായി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താൻ ഏകദേശം ഒരു 750 മീറ്റർ നടക്കണം.
പൂർണമായും മഞ്ഞു നിറഞ്ഞ് തൂവെള്ളയിൽ കിടക്കുന്ന കുന്നുകൾക്ക് മുകളിലേക്ക് മരപ്പലകകൾകൊണ്ട് തീർത്ത ചെറുപാതകൾ ഉണ്ട് എങ്കിലും കയറ്റിറക്കങ്ങളും മഞ്ഞുറഞ്ഞ സ്ഥലങ്ങളും താണ്ടിയാണ് അവിടെ എത്തേണ്ടത്. ഈ വഴികൾ ചിലയിടങ്ങളിൽ അപകടകരമായ ഇടുങ്ങിയ വഴികളും വഴുക്കലുകളുള്ള മഞ്ഞുവീണ സ്ഥലങ്ങളാണ്. സാഹസികത നിറഞ്ഞ ഒരു നടത്തമാണിത് . ആർത്തലച്ചുവരുന്ന വെള്ളചാട്ടമല്ല നമുക്കിവിടെ കാണാനാവുക. ഐസുകൾക്കിടയിലൂടെ ചെറിയ തോടുകൾ പോലുള്ള കൈവഴികൾ ഭേദിച്ചുവരുന്ന ഉറവകളാണിവ. ഇരുവശങ്ങളിലും പാതിയലിഞ്ഞ മഞ്ഞു കട്ടകൾ അതിനിടയിലൂടെ വെള്ളത്തിന്റെ ഒഴുക്ക്.
ആയുസായിൽ നിന്ന് മടങ്ങിയെത്തി നേരെ സെലിന്നി ബസാറിലേക്ക് പോയി. അൽമാട്ടിയിലെ വലിയ ഒരു മാംസ മാർക്കറ്റാണിത്. പഴങ്ങളും പച്ചക്കറികളും വിൽപ്പനക്ക് ഉണ്ട് . മട്ടൻ, ബീഫ്, കുതിര, പോർക്ക്, ചിക്കൻ എന്നീ മാംസങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഭാഗങ്ങൾ തന്നെ ഉണ്ട്. കുതിര ഇറച്ചിയാണ് ഇവിടുത്തെ ഹൈലൈറ്റ്. കച്ചവടക്കാർ ഭൂരിഭാഗവും സ്ത്രീകളാണ്. മാംസമാർക്കറ്റിലും പഴക്കടകളിലും എല്ലാം കൂടുതൽ സ്ത്രീകളാണ് ജോലിക്കാരും വില്പനക്കാരും എന്ന പ്രത്യേകതയും ഇവിടെ കാണാനായി.
തണുപ്പ് രാജ്യമായതിനാൽ കുതിരകൾ ഖസാക്കിസ്ഥാന്റെ മിക്കയിടങ്ങളിലും മേഞ്ഞ് നടക്കുന്നത് കാണാം. നമ്മുടെ നാട്ടിൽ ആട് പശു എന്നിവയെ സുലഭമായി കാണാൻ കഴിയുന്നത് പോലെയും അറേബ്യൻ ഗൾഫിൽ മരുപ്രദേശത്ത് ഒട്ടകങ്ങളെ കാണുന്നത് പോലെയും ഇവിടെ കുതിരകളെ കാണാം. കുതിര, കഴുത, ചെമ്മരിയാട്, ചെമ്മരിപ്പശു എന്നിവ ഇടയന്റെ കൂടെ വിശാലമായ മണല്പരപ്പിലൂടെ നടന്നു നീങ്ങുന്ന കാഴ്ച മരുഭൂയിലെ ഒട്ടകകൂട്ടത്തെ ഓർമിപ്പിക്കും. ഞങ്ങളുടെ അൽമാട്ടിയാത്ര അവസാനിക്കാറായി. ഇന്ന് തിരിച്ചുപോകേണ്ട ദിവസമാണ്. രാത്രി വൈകിയാണ് മടക്ക ഫ്ലൈറ്റ്.
അതിനു മുമ്പ് കുറച്ചു മധുരം വാങ്ങാമെന്നു കരുതി റാഹത് ചോക്കലേറ്റ് ബിൽഡിങ്ങിലേക്ക് കയറി. അവിടെ സാമാന്യം നല്ല തിരക്കുണ്ട്. റാഹത് ചോക്കലേറ്റ് ബിൽഡിങ്ങിന്റെ തൊട്ട് പാതയോരത്ത് ഇരുവശങ്ങളിലുമായി സാധാരണ കച്ചവടക്കാരുടെ നീണ്ടനിര. വസ്ത്രങ്ങൾ, പഴങ്ങൾ, മസാലകൾ തേച്ചുവെച്ച മാംസവിഭവങ്ങൾ, കളിപ്പാട്ടങ്ങൾ, കൂടെ ചായവണ്ടികളും. വൈകുന്നേരമായതിനാലാവണം അസാധാരണ തിരക്കാണിവിടെ. കസാക്കിസ്ഥാനികളോട് ഇന്ത്യയിൽ നിന്നാണ് ഞങ്ങൾ എന്ന് പറയുമ്പോൾ അവർ ദൽഹിയാണ് ആദ്യം പറയുക. ദൽഹി അവർക്ക് വളരെ സുപരിചിത നാമമാണ്.
ഖസാക്കിസ്ഥാനിൽ അൽമാട്ടി കൂടാതെ അസ്ഥാന, തുർകിസ്ഥാൻ, ബൈക്കനൂർ എന്നിങ്ങനെ വേറെയും നിരവധി നഗരങ്ങളും കാണേണ്ട സ്ഥലങ്ങളും ഉണ്ടെങ്കിലും സമയപരിമിതി, ദൂരം എന്നിവ കാരണം അത് മറ്റൊരു യാത്രയിൽ ആവാമെന്ന് വെക്കുകയായിരുന്നു. നഗരത്തിലെ ഗതാഗതകുരുക്ക് കാരണം വിമാനത്താവളത്തിൽ സമയത്തിന് എത്താൻ പ്രയാസപ്പെടുമെന്ന ആശങ്കയിൽ വേഗം തന്നെ ഹോട്ടലിലേക്കും അവിടുന്ന് പാക്കപ്പ് ചെയ്ത് എയപോർട്ടിലേക്കും തിരിച്ചു. ഒരുപിടി മനോഹര കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഓർമ്മകൾ ബാക്കിവച്ചാണ് അൽമാറ്റിയോട് ഞങ്ങളുടെ ഏഴംഗ സംഘം വിടപറഞ്ഞത്.
അസെൻഷ്യൻ കത്തീഡ്രൽ
ഷിംപുലാക്കിൽ നിന്ന് മടങ്ങി അസൻഷ്യൻ കത്തീഡ്രൽ കാണാനാണ് പോയത്. ആണികളൊന്നും ഉപയോഗിക്കാതെ മരത്തിൽ നിർമിച്ച ഈ റഷ്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, മരത്താലുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിയാണെന്ന് കരുതപ്പെടുന്നു. 1907 ലാണ് ഇതിന്റെ പണിപൂർത്തിയായത്. സെങ്കോവ് കത്തീഡ്രൽ എന്നും ഇത് അറിയപ്പെടുന്നുണ്ട്. അൽമാട്ടിയിലെ ഹാപ്പനിങ് സ്ട്രീറ്റ് ആയി അറിയപ്പെടുന്ന അർബാത് സ്ട്രീറ്റിലെ കാഴ്ചകൾ കണ്ട് ഡെഗിർമെൻ റെസ്റ്റൊറന്റിൽ നിന്ന് ഡിന്നറും കഴിച്ച് അന്നത്തെ യാത്ര അവസാനിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.