പെരുമ്പളം കാത്തിരിക്കുന്നു; സഞ്ചാരികളെ
text_fieldsപെരുമ്പളം: കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തിലേക്കുള്ള പാലത്തിന്റെ പൂർത്തീകരണം അവസാനഘട്ടത്തിൽ. സഞ്ചാരികൾക്ക് ഗ്രാമീണക്കാഴ്ചകളുടെയും അനുഭവങ്ങളുടെയും വിരുന്നൊരുക്കാൻ ദ്വീപ് തയാറെടുക്കുകയാണ്. എറണാകുളം, കോട്ടയം ജില്ലകളോട് തൊട്ടുരുമ്മിയാണ് ദ്വീപ് കിടക്കുന്നത്. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമാണ് പൂർത്തിയാകുന്നത്. വില്ലുവണ്ടി കമാന മാതൃകയിലുള്ള പാലം ഡിസംബറിൽ തുറന്നുകൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.
ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന് വലിയ സാധ്യതയാണ് ഈ വലിയ ദ്വീപിൽ ഒളിഞ്ഞുകിടക്കുന്നത്.ഒന്നു പൊടിതട്ടി തേച്ചുമിനുക്കിയെടുത്താൽ സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും ആനന്ദിക്കാനും ജീവിതമാർഗമാക്കാനും വകയൊരുങ്ങും. ഗ്രാമത്തിലേക്ക് എത്തുന്ന ഓരോ സഞ്ചാരിയെയും മാടിവിളിക്കുന്നത് സ്വച്ഛവും ശാന്തവുമായ ഗ്രാമ്യഭംഗിയും ശാന്തമായൊഴുകുന്ന വേമ്പനാട്ടുകായലിലൂടെയുള്ള യാത്രയുമാണ്.
പല ഗ്രാമങ്ങൾക്കും അന്യമാകുന്ന നെൽകൃഷി പരിശീലിക്കാം. ബ്രിട്ടീഷ് ഭരണകാലത്ത് പായ്ക്കപ്പലുകൾക്ക് വഴിയൊരുക്കിയ വിളക്കുമരവും കണ്ട് പെരുമ്പളത്തേക്ക് ഇറങ്ങാം. പെരുമ്പളത്തിന്റെ ഹൃദയഭാഗത്തായി ഖാദി ‘ചർക്കയിൽ നൂൽ നൂറ്റ്’ പരമ്പരാഗത രീതിയിലുള്ള ‘തറി’യിൽ മുണ്ട് നെയ്യുന്ന കൈത്തറി യൂനിറ്റുണ്ട്. റാഡിലും കൈപ്പിരിയായും കയർ പിരിക്കുന്നതും കൈതോല ചെത്തി ഉണക്കി തഴപ്പായ നെയ്യുന്നതും ഓലമെടയുന്നതും ഇവിടെ ഇപ്പോഴുമുണ്ട്.സർപ്പം തുള്ളലും ഗന്ധർവൻ തുള്ളലും കളമെഴുത്തും പാട്ടും ഉടുക്ക് കൊട്ടും പാട്ടും ഇവിടെയുണ്ട്.
വേമ്പനാട്ടുകായലിന്റെ വിശാലതയും സഞ്ചാര നൗകകളും കായൽ ജോലികളും സൂര്യാസ്തമയവും ആസ്വദിക്കാൻ പാലവും ദ്വീപും പുത്തൻ ഗാലറി ഒരുക്കും. ഇതെല്ലാം ചേർത്തൊരുക്കി ഉത്തരവാദിത്ത ടൂറിസത്തിന്റെ തണലിൽ ഒരിടംകൂടി കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ് പെരുമ്പളം ഗ്രാമപഞ്ചായത്ത്. ഇതുവരെയും ഗ്രാമവിശുദ്ധിക്ക് പോറലേൽക്കാതെ വേമ്പനാട്ടുകായലിലെ ദുർഘടയാത്ര തടഞ്ഞിരുന്നു. ആർക്കും എപ്പോഴും കടന്നുവരാവുന്ന സ്ഥലമായി പെരുമ്പളം മാറുമ്പോഴും നാട്ടുപച്ചയും നാടിന്റെ വിശുദ്ധിയും നാട്ടുകാരുടെ നിഷ്കളങ്കതയും കാത്തുസൂക്ഷിക്കാനും ദേശപ്പെരുമ കൈമോശം വരാതിരിക്കാനും ജാഗ്രതയിലാണ് ദേശക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.