ഖിനാലിക്; അസർബൈജാനിലെ മഞ്ഞു താഴ്വര
text_fieldsഅസർബൈജാനിലെ കോക്കസസ് പർവതനിരയിൽ സ്ഥിതിചെയ്യുന്ന സുന്ദരമായ ഒരു ഗ്രാമമാണ് ഖിനാലിക്. അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിൽനിന്ന് ഏകദേശം നാലുമണിക്കൂർ യാത്രചെയ്താൽ ഖിനാലിക് ഗ്രാമത്തിൽ എത്താം. സമുദ്രനിരപ്പിൽനിന്നും 2350 മീറ്റർ അടി മുകളിലാണ് ഈ പർവത ഗ്രാമം. അതിനാൽതന്നെ ശൈത്യകാലം അതികഠിനമായിരിക്കും. ഏകദേശം ആറുമാസം നീണ്ടുനിൽക്കുന്ന ശൈത്യകാലത്ത് താപനില മൈനസ് 30 ഡിഗ്രിയിൽവരെ എത്താറുണ്ട്.
സ്വന്തം ഭാഷയും സംസ്കാരവും
ഗ്രാമവാസികൾ ഇന്നും ഉപയോഗിക്കുന്നത് വളരെ പഴക്കമുള്ള കെററ്ഷ് എന്ന അവരുടേതുമാത്രമായ ലോകത്ത് മറ്റാരും ഉപയോഗിക്കാത്ത ഭാഷയാണ്. 5000 വർഷങ്ങൾക്കപ്പുറത്ത് അൽബേനിയയിൽ ജീവിച്ചിരുന്ന ഒരു ഗോത്രവർഗത്തിന്റെ പിൻഗാമികളാണ് ഖിനാലികിലെ ഗ്രാമീണർ എന്ന് വിശ്വസിക്കുന്നു. ഇരുനൂറിനും മുന്നൂറിനും ഇടയിൽ വർഷം പഴക്കമുള്ള പ്രത്യേക രീതിയിൽ നിർമിച്ച കല്ലുവീടുകൾ ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. തൊട്ടടുത്ത പുഴയിൽനിന്നും കല്ലുകൾ ശേഖരിച്ചാണ് ഇത്തരത്തിലുള്ള വീടുകൾ നിർമിക്കുന്നത്. ഗ്രാമീണർ തലമുറകളായി കൈമാറി വരുന്ന ആചാരങ്ങൾക്ക് അനുസരിച്ചാണ് വിവാഹവും മറ്റു ചടങ്ങുകളുമെല്ലാം നടത്തുന്നത്. ചെറിയ രീതിയിലുള്ള കൃഷിക്ക് പുറമെ ഗ്രാമീണർ പ്രധാനമായും ആശ്രയിക്കുന്നത് ആടുവളർത്തലിൽനിന്നുള്ള വരുമാനത്തെയാണ്. അതിനാൽതന്നെ സ്ത്രീകൾ ഇവിടെ കമ്പിളി നെയ്ത് വ്യത്യസ്ത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നു. ഗ്രാമവാസികൾ ഇവിടുത്തെ ഉൽപന്നങ്ങൾ തൊട്ടടുത്ത ചെറുപട്ടണമായ ഗുബയിൽ കൊണ്ടുപോയി വിൽക്കുന്നു. ഇവിടുത്തെ കമ്പിളികൊണ്ട് നെയ്ത ഷാളുകൾ പ്രസിദ്ധമാണ്. 2006ൽ അസർബൈജാനിലെ പ്രസിഡന്റിന്റെ ഗ്രാമത്തിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് ഇവിടെ റോഡ് നിർമിക്കുന്നത്. അതുവരെ കുതിരപ്പുറത്തുള്ള സവാരിയായിരുന്നു ഗ്രാമീണർ കൂടുതലായും ഉപയോഗിച്ചിരുന്നത്.
വിനോദസഞ്ചാരത്തിന് പ്രാധാന്യം
തലസ്ഥാന നഗരമായ ബാകുവിൽനിന്ന് ഞങ്ങൾ 17 പേരടങ്ങിയ ചെറുസംഘം രാവിലെ എട്ടുമണിക്ക് പുറപ്പെട്ടു വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള സംഘത്തിൽ ഇന്ത്യക്കാരനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസർബൈജാന്റെയും ഖിനാലിക്കിന്റെയും ചരിത്രവും വർത്തമാനവും ഒക്കെ ഗൈഡ് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
എണ്ണയിൽനിന്നുള്ള വരുമാനം കാരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാണ്. 1991ൽ രാജ്യം റഷ്യയിൽനിന്നും വേറിട്ട് സ്വതന്ത്രമായതിനുശേഷം അടിസ്ഥാനസൗകര്യങ്ങളുടെയും മറ്റും പുരോഗതിയിൽ രാജ്യം ഏറെ മുന്നോട്ടുപോയിരിക്കുന്നു. യൂറോപ്യൻ വാസ്തുവിദ്യയിൽ പണിത വർഷങ്ങൾ പഴക്കമുള്ള കല്ലുകൾകൊണ്ട് നിർമിച്ച കെട്ടിടങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ വ്യത്യസ്തമായ രീതിയിൽ നിർമിച്ച പുതിയ നിർമിതികൾ ബാകുവിന്റെ മുഖച്ഛായതന്നെ മാറ്റിയിരിക്കുന്നു. യാത്രയിൽ പല സ്ഥലങ്ങളിലും തകൃതിയായി നടക്കുന്ന റോഡ് പണി കാണാം. 2025 ആകുമ്പോഴേക്കും വിനോദസഞ്ചാരത്തിലൂടെ രാജ്യത്തേക്ക് കൂടുതൽ വരുമാനത്തെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ഉച്ചയോടെ ഞങ്ങൾ ഗുബയിലെത്തി. കോകസസ് പർവതനിരയിലേക്കുള്ള കവാടമാണ് ഗുബ. ആപ്പിൾ, മുന്തിരി തുടങ്ങിയ വ്യത്യസ്ത പഴവർഗങ്ങളും പച്ചക്കറികളും സമൃദ്ധമായി വളരുന്ന സുന്ദര ഗ്രാമമാണ് ഗുബ. റോഡിന് ഇരുവശവും കൃഷിത്തോട്ടങ്ങളിൽനിന്നും പറിച്ചെടുത്ത ആപ്പിളുകൾ വിൽക്കുന്ന ഗ്രാമീണരെ കാണാം.
നട്ടുച്ചക്കും ഇരുട്ടും തണുപ്പും
ചെറുപട്ടണമായ ഗുബയിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് ഗ്രചാഷ് വനമേഖല. ഈ പ്രദേശത്ത് മരങ്ങൾ ധാരാളമായി വളരുന്നതിനാൽ സൂര്യപ്രകാശം നിലത്ത് എത്തുന്നില്ല. ഉച്ചസമയത്തും നല്ല ഇരുട്ടും തണുപ്പുമാണ് അനുഭവപ്പെടുന്നത്. ഞങ്ങൾക്കുള്ള ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത് ഇവിടെയാണ്. അസർബൈജാന്റെ തനത് ശൈലിയിൽ ഉണ്ടാക്കിയെടുത്ത വ്യത്യസ്ത ഭക്ഷണങ്ങൾ. വിനോദസഞ്ചാരികളെ പ്രതീക്ഷിച്ചു നടത്തുന്ന ഇത്തരം ഭക്ഷണശാലകൾ ഈ പ്രദേശങ്ങളിൽ എല്ലാം ധാരാളം കാണാം. പല സ്ഥാപനങ്ങളിലും സ്ത്രീകൾതന്നെയാണ് ഭക്ഷണങ്ങൾ ഒരുക്കുന്നത്. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങളുടെ യാത്ര തുടർന്നു. വനമേഖല കഴിഞ്ഞ് വാഹനം പർവതനിരകളിലേക്ക് പ്രവേശിച്ചു. റോഡിനു ഇരുവശവും ധാരാളം മനോഹരമായ വീടുകൾ കാണാം. വീടിനുമുറ്റത്ത് നിറഞ്ഞുനിൽക്കുന്ന ആപ്പിൾ മരങ്ങളും മറ്റു പഴവർഗങ്ങളും, കൂട്ടമായി മേയുന്ന ആട്ടിൻപറ്റങ്ങളും കൂടെ കോടമൂടിയ മലനിരകളും യാത്രക്ക് ഏറെ ആസ്വാദനം നൽകി. പിന്നീട് ചെങ്കുത്തായ മലകൾ കാണാൻ തുടങ്ങി.
റോഡിന്റെ ഒരു വശത്ത് തൂങ്ങിനിൽക്കുന്ന പാറക്കെട്ടുകൾ, മറുവശത്ത് അഗാധമായ ഗർത്തം താഴ്ഭാഗത്ത് ഒഴുകിനടക്കുന്ന അരുവികളും കാണാം. അൽപം ഭയത്തോടെയാണ് എല്ലാവരും വാഹനത്തിൽ ഇരിക്കുന്നത് ഡ്രൈവർ ഒരു പോരാളിയെപ്പോലെ വാഹനം നിയന്ത്രിച്ചുകൊണ്ടിരുന്നു. വാഹനം പർവതമുകളിൽ എത്തുന്നതിനനുസരിച്ച് കോടമഞ്ഞിന് ശക്തി കൂടിക്കൊണ്ടിരുന്നു. സന്ധ്യയാവുമ്പോഴേക്കും തിരിച്ച് മലയിറങ്ങേണ്ടതിന്റെ പ്രാധാന്യം ഗൈഡ് ഓർമിപ്പിച്ചു.
മഞ്ഞുമൂടും ഗ്രാമം
ഒടുവിൽ ഞങ്ങൾ ഖിനാലികിൽ എത്തി. ഗ്രാമത്തിലെ ഏറ്റവും ഉയർന്ന മലനിരകളിൽതന്നെയാണ് ഗ്രാമീണർ വീടുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെനിന്നുള്ള ഗ്രാമത്തിന്റെ കാഴ്ച അതിമനോഹരമാണ്. വൈകുന്നേരം ആയപ്പോഴേക്കും തണുപ്പ് ശക്തമായി തുടങ്ങി. ചെറിയ മഞ്ഞുവീഴ്ച മഴപെയ്ത പ്രതീതി ഉണ്ടാക്കിയിരിക്കുന്നു. ഗ്രാമത്തിലെ സ്ത്രീകൾ ഉണങ്ങിയ ചാണകം വൈക്കോലിൽ കലർത്തി ഉണ്ടാക്കുന്ന കട്ടകൾ അട്ടിയായി എടുത്തുവെക്കുന്നു. തണുപ്പുകാലത്തെ വരവേൽക്കാൻ വേനലിൽ അവർ ഒരുങ്ങുകയാണ്. തണുപ്പുകാലത്ത് ബയോഗ്യാസ് ആയി ഈ കട്ടകളാണ് അവർ ഉപയോഗിക്കുന്നത്. സഞ്ചാരികൾ ഗ്രാമത്തിലേക്ക് വരാൻ തുടങ്ങിയതോടുകൂടി ഗ്രാമവാസികൾ പുറമേയുള്ള ആളുകളുമായി സംവദിക്കാൻ ആരംഭിച്ചു. മറ്റു ഭാഷകൾ അൽപാൽപം സംസാരിക്കാൻ പഠിച്ചു. ഈ അടുത്തകാലത്ത് ഗ്രാമവാസികൾക്കായി ഇന്റർനെറ്റ് സംവിധാനം സർക്കാർ ഒരുക്കിക്കൊടുത്തു. ഇത് ഗ്രാമവാസികൾക്ക് പുറംലോകവുമായുള്ള ബന്ധത്തിന് വേഗം കൂട്ടി.
അസർബൈജാനിലെ ഭരണകൂടം ഇന്ന് ഈ ഗ്രാമവാസികളെ പലരീതിയിലും സംരക്ഷിക്കുന്നു. രണ്ട് ഗ്രാമങ്ങളിലായി താമസിക്കുന്ന കുട്ടികൾക്കായി ഒരു സ്കൂൾ പണിതിട്ടുണ്ട്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്കായി ബാക്കുവിലെ സർവകലാശാലകളിൽ പഠനത്തിനായി സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നു. പ്രാചീനതയെ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രയാസകരമായ കാലത്താണ് 200നും 300നും ഇടയിൽ വർഷം പഴക്കമുള്ള വീടുകൾ ഇവിടെ നിലനിർത്തിയിരിക്കുന്നത്. ഗ്രാമവാസികൾക്കായി ഒരു ചെറിയ കട ഖിനാലികിൽ ഉണ്ട്. കുട്ടിക്കാലത്ത് നമ്മുടെ നാട്ടിലെ നാട്ടിൻപുറങ്ങളിൽ കണ്ടിരുന്ന പലചരക്കു കടകളെയാണ് ഓർമയിൽ വന്നത്. ഹിന്ദുസ്ഥാനിയാണോ എന്ന് അറിയാവുന്ന ഇംഗ്ലീഷിൽ കടയുടമ എന്നോട് കുശലം ചോദിച്ചു.
പിന്നീട് പഴയ ഹിന്ദി സിനിമയിലെ ഒരു ഗാനത്തിന്റെ അല്പം വരികൾ മൂളിത്തന്നു. ഇത്തരത്തിലുള്ള രാജ്യങ്ങളിൽ പലരും ഹിന്ദി സിനിമകൾ ഇഷ്ടപ്പെടുന്നവരാണ്. മുമ്പ് ജോർജിയയിൽ കുടുംബവുമൊത്ത് യാത്രചെയ്തപ്പോൾ ടാക്സി ഡ്രൈവർ ഞങ്ങൾ ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോൾ ഇതുപോലെ ഒരു ഹിന്ദി ഗാനത്തിന്റെ അല്പം വരികൾ പാടിത്തന്നത് ഓർമയിൽ വന്നു. ഗ്രാമത്തിലെ കുട്ടികളും സഞ്ചാരികളുമായി കുശലം പറയുന്ന തിരക്കിലാണ്. മൂന്നോ നാലോ മനാത്ത് (അസർബൈജാനിലെ കറൻസി) കുട്ടികൾക്ക് കൊടുത്താൽ അവരുടെ അടുത്തുള്ള കഴുതപ്പുറത്ത് ഗ്രാമത്തിലൂടെ നിങ്ങൾക്ക് ഒരു സഞ്ചാരമാവാം. ഇനി തിരിച്ച് ബാക്കുവിലേക്ക് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.