അറിയാം ആസ്വദിക്കാം,അല്‍നൂര്‍ ദ്വീപ്
text_fieldsസ്കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രകൃതി ഭംഗി ആസ്വദിച്ച് വിനോദത്തിലേർപ്പെടാൻ യോജിച്ച ഷാർജ നഗരമധ്യത്തിലെ പച്ചത്തുരുത്താണ് അൽ നൂർ ഐലൻഡ്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും ശബ്ദബഹളങ്ങളിൽ നിന്നും മാറി അല്പനേരം ശാന്തമായി ചെലവഴിക്കാന്‍ കഴിയുന്നൊരിടം എന്ന നിലയിൽ നിരവധി സന്ദർശകർ ദിവസവും ഇവിടെയെത്തുന്നു.
അൽ നൂറിന്റെ പാലം കടന്ന് ഓരോ സന്ദർശകനും കയറുന്നത് മനോഹരമായൊരു ലോകത്തേക്കാണ്. പച്ച പുതച്ചു നില്ക്കുന്ന, പക്ഷികളുടെ വീചികളാല്‍ മുഖരിതമായ മറ്റൊരു ലോകം. കുളിരുപകരുന്ന കടല്‍ക്കാറ്റും പച്ചപ്പിന്റെ തണലും ആസ്വദിച്ച് ഈ ദ്വീപിലൂടെ സഞ്ചരിച്ചാൽ മനസും ശരീരവും ഊര്‍ജസ്വലമാകും. ഷാര്‍ജയില്‍ അല്‍ നൂര്‍ മസ്ജിദിന് സമീപം ഖാലിദ് ലഗൂണിലാണ് അല്‍ നൂര്‍ ഐലന്‍ഡ് സ്ഥിതി ചെയ്യുന്നത്.
2016ലാണ് ഈ പ്രദേശത്തെ വിനോദത്തിന് യോജിച്ച രൂപത്തിൽ വികസിപ്പിച്ചത്. ഇവിടെ എഴുപതിനായിരത്തോളം മരങ്ങളും ചെടികളുമുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള ഒട്ടേറെ അപൂര്‍വ ഇനം ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിവിധ ഇനം പക്ഷികളുടെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ ദ്വീപ്. ദേശാടന പക്ഷികളും ധാരാളമായി ഇവിടെ എത്തിച്ചേരാറുണ്ട്.
ദ്വീപിന്റെ പ്രധാന ആകർഷണം ഇവിടുത്തെ ബട്ടർഫ്ലൈ ഹൗസ് എന്ന ശലഭോദ്യാനമാണ്. 500ലധികം ചിത്രശലഭങ്ങളുടെ സംഗമ കേന്ദ്രമാണിത്. പല നിറത്തിലും വലിപ്പത്തിലും ചുറ്റും പാറി നടക്കുന്ന നിരവധി ചിത്രശലഭങ്ങളെ ഇവിടെ കാണാൻ സാധിക്കും. ബട്ടർഫ്ലൈ ഹൗസിന്റെ ഏറ്റവും വലിയ പ്രത്യേകത രൂപകൽപനയാണ്. കാഴ്ചയിൽ അതിശയിപ്പിക്കുന്ന തരത്തിലാണ് ഈ ബട്ടർ ഫ്ലൈ ഹൗസ് നിർമ്മിച്ചിരിക്കുന്നത്. സുഷിരങ്ങളുള്ള സ്റ്റീൽ കൊണ്ട് നിർമ്മിച്ച ബാഹ്യ ഘടനയും സൂര്യപ്രകാശം കടക്കുന്നതിന് ആവശ്യമായ രൂപകൽപ്പനയും ഇവിടെ ചെയ്തിട്ടുണ്ട്. താപനിലയും ഈർപ്പവും ഒരേ രീതിയിൽ നിയന്ത്രിക്കുന്ന ഈ ഘടനയിൽ വിവിധ കിഴക്കൻ ഏഷ്യൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന 20 ലധികം വ്യത്യസ്ത ഇനം ചിത്രശലഭങ്ങളുണ്ട്.
എക്സ്പ്ലോറർ പാസ്
ദ്വീപ് കാണാനെത്തുന്നവർക്കായി പ്രത്യേകമായ ‘എക്സ്പ്ലോറർ പാസ്’ പുറത്തിറക്കിയിരിക്കയാണ് അധികൃതർ. പ്രകൃതിയും കലയും വിനോദവും സമന്വയിപ്പിക്കുന്ന ഈ പാസ് കുടുംബങ്ങൾക്കും കുട്ടികൾക്കും ആനന്ദകരമായ അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ സന്ദർശകനും ഒരു പ്രത്യേക എക്സ്പ്ലോറർ കിറ്റ് ലഭിക്കുന്നതാണ് സംവിധാനം. പ്രത്യേകം തയാറാക്കിയ ദ്വീപിന്റെ ഭൂപടം, ഇവിടുത്തെ ജീവജാലങ്ങളെയും സസ്യങ്ങളെയും കുറിച്ചുള്ള രസകരമായ അറിവുകൾ എന്നിയവയെല്ലാം കിറ്റിന്റെ ഭാഗമാണ്. ഭൂപടം പിന്തുടർന്ന് ദ്വീപിന്റെ പല ഭാഗങ്ങളിലായി മറഞ്ഞിരിക്കുന്ന കലാസൃഷ്ടികളും പ്രകൃതികാഴ്ചകളും സ്വയം കണ്ടെത്താനാവും. കുട്ടികൾക്ക് കളിക്കാനുള്ള ഇടവും പച്ചപ്പ് മൂടിക്കിടക്കുന്ന വഴികളിൽ ഫോട്ടോയെടുക്കാനും ഷാർജ നഗരക്കാഴ്ചയാസ്വദിച്ച് ഊഞ്ഞാലാടാനുമെല്ലാം അവസരമുണ്ട്.
ദ്വീപ് കാഴ്ചകൾ ആസ്വദിച്ചതിന് ശേഷം സന്ദർശകർക്ക് ബട്ടർഫ്ലൈ ഹൗസിലേക്കു പ്രവേശിക്കാം. ചിത്രശലഭങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും മനോഹരമായ കാഴ്ചകളുമാണ് ഇവിടെ കാത്തിരിക്കുന്നത്. പരിശീലനം നേടിയിട്ടുള്ള ഗൈഡിന്റെ സാന്നിധ്യത്തിൽ കുട്ടികൾക്ക് വിവിധയിനം ചിത്രശലഭങ്ങളെ അടുത്തറിയാനും അവയുടെ ജീവിതചക്രം മനസ്സിലാക്കാനും അവസരമുണ്ടാവും. അൽ നൂർ ദ്വീപിലേക്കുള്ള പ്രവേശനം, ബട്ടർഫ്ലൈ ഹൗസിലൂടെയുള്ള ഗൈഡഡ് ടൂർ, എക്സ്പ്ലോറർ കിറ്റ് എന്നിവയെല്ലാം അടങ്ങുന്നതാണ് പാസ്. മുതിർന്നവർക്കും കുട്ടികൾക്കും 75 ദിർഹമാണ് നിരക്ക്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9മുതൽ രാത്രി 11വരെയും വാരാന്ത്യങ്ങളിൽ 9മുതൽ 12വരെയുമാണ് അൽ നൂർ ദ്വീപിൽ സന്ദർശകർക്ക് പ്രവേശനം. ബട്ടർഫ്ലൈ ഹൗസ് ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.