കൊള്ളാം...കൊളായിലെ കാഴ്ചകൾ
text_fieldsമലപ്പുറം: വൈകീട്ട് സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ചകൾ. അതിരാവിലെ കോടമഞ്ഞിന്റെ ദൃശ്യവിരുന്ന്. മേൽമുറി കൊളായി വ്യൂ പോയിന്റിൽ കൺനിറയെ കാണാനില്ലെങ്കിലും കണ്ണെടുക്കാതെ മലപ്പുറം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലേയും ദൂരകാഴ്ചകൾ കാണാം.
പച്ചപ്പ് വിരിച്ച പാടങ്ങളും ഗ്രാമങ്ങൾക്കിടയിലൂടെ പോവുന്ന പാതകളും മാടിവിളിക്കുന്ന മലകളുമെല്ലാം കാഴ്ചക്ക് ഭംഗി കൂട്ടും. ചാറ്റൽ മഴയുള്ള സമയങ്ങളും ഇവിടെ നല രസമാണെന്ന് സഞ്ചാരികൾ പറയുന്നു. വൈകീട്ട് ആറുമുതൽ രാത്രി എട്ട് വരെയാണ് കൂടുതൽപേർ സമയം ചിലവഴിക്കാനെത്തുന്നത്.
പടിഞ്ഞാറൻ മല, അരിമ്പ്ര മല, മിനി ഊട്ടി തുടങ്ങിയ ഭാഗങ്ങളെല്ലാം ഇവിടെനിന്നുള്ള മനോഹര കാഴ്ചകളാണ്. മലപ്പുറം സഗരസഭയിലെയും പൂക്കോട്ടൂർ പഞ്ചായത്തിലെയും മനോഹരമായ പാടങ്ങളും ഗ്രാമഭംഗിയും ഇവിടെനിന്ന് ആസ്വാദിക്കാം. നാട്ടിലുള്ളവർ മാത്രം എത്തിയിരുന്ന സ്ഥലത്ത് നിലവിൽ ദൂരെ നാട്ടിൽ നിന്നുള്ളവരടക്കം വൈകുന്നേരങ്ങളിൽ കുടുംബമായി എത്തുന്നുണ്ട്.
കോവിഡ് കാലത്തിനു ശേഷമാണ് കൂടുതൽ സഞ്ചാരികൾ എത്തി തുടങ്ങിയത്. ആളുകളുടെ വരവ് കൂടിയതോടെ പ്രദേശത്ത് ചായകടകളും ഹോട്ടലുകളും തുടങ്ങി. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽപേർ എത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ ആലത്തൂർപ്പടിയിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് കൊളായി വ്യൂ പോയിന്റിലേക്കുള്ളത്. മലപ്പുറം നഗരത്തിൽ നിന്നും ഏകദേശം ആറ് കിലോ മീറ്റർ സഞ്ചരിച്ചാലും ഇവിടേക്കെത്താം. മലപ്പുറം-മഞ്ചേരി റോഡിലെ ഇരുമ്പുഴിയിൽ നിന്നും പൂക്കോട്ടൂർ-മഞ്ചേരി റോഡിലെ മാരിയാട് നിന്നും കൊളായി വ്യൂ പോയിന്റിലേക്ക് എത്തിചേരാൻ വഴിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.