ഐസ്ലാൻഡ് എന്ന മഞ്ഞു രാജ്യം
text_fieldsയു.എസ്, കാനഡ, യു.കെ, പോളണ്ട്, ഈജിപ്ത്, ഖത്തർ, ഒമാൻ, ബ്രസീൽ, നെതർലാൻഡ്, കാനഡ, അർജന്റീന, ജർമ്മനി തുടങ്ങി ഈ ചെറിയ പ്രായത്തിനുള്ളിൽ ഷാനവാസ് കണ്ടുതീർത്തത് 67 രാജ്യങ്ങളാണ്. ഹോക്കി താരവും ദുബൈ ലാക്നോർ കമ്പനി ജീവനക്കാരനുമായ ഷാനവാസ് ഐസ്ലൻഡിലേക്കുള്ള തന്റെ യാത്ര അനുഭവം പങ്കുവെക്കുന്നു.
നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഹൃദയത്തോടു ചേർത്ത് നിർത്തുന്നത് ഒടുവിൽ സന്ദർശിച്ച ഐസ്ലാൻഡ് എന്ന മഞ്ഞു രാജ്യത്തെയാണ്. ഇമ വെട്ടാതെ നോക്കിയിരിക്കാൻ തോന്നുന്ന വശ്യസൗന്ദര്യമാണ് ഐസ്ലാൻഡിന്റെ പ്രത്യേകത. അതിന്റെ ഓരോ ജീവൽ തുടിപ്പിലും അത്ഭുതങ്ങൾ മാത്രമാണ് ദൈവം സൃഷ്ടിച്ചു െവച്ചിരിക്കുന്നത്. ആർട്ടിക്ക് പ്രദേശത്തുള്ള നോർഡിക് ദ്വീപ് രാഷ്ട്രമാണ് ഐസ്ലാൻഡ്. അഗ്നിപർവ്വതങ്ങൾ, ഒഴുകി നടക്കുന്ന ഗ്ലേഷർ എന്നറിയപ്പെടുന്ന മഞ്ഞുമലകൾ, ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയുടെ അതിശയിപ്പിക്കുന്ന കലവറ.
2008ലെ സാമ്പത്തിക മാന്ദ്യം ഐസ്ലാൻഡിനെ തകിടം മറിച്ചെങ്കിലും വിശ്വപ്രകൃതി സൗന്ദര്യത്തിന്റെ സമ്പന്നത കാരണം ഈ രാജ്യം വളരെ എളുപ്പം സാമ്പത്തിക മാന്ദ്യത്തെ മറികടന്നു. സൗത്തിലെ അങ്ങേയറ്റത്തെ തലസ്ഥാന നഗരമായ റെയിക്ജവിക്കിലാണ് ഐസ്ലാൻഡിലെ പ്രധാന എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഈ രാജ്യത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ഈ സിറ്റി ഉൾക്കൊള്ളുന്നത്. ബാക്കി 97 ശതമാനവും ജനവാസമില്ലാത്ത പ്രകൃതിരമണീയ ഭൂപ്രദേശങ്ങളായി പരന്നു കിടക്കുകയാണ്.
ഐസ്ലാലാൻഡിൽ വിമാനം ലാൻഡ് ചെയ്യുന്നത് അർദ്ധരാത്രി രണ്ടു മണിയോടുകൂടിയാണ്. അതിലും 45 മിനിറ്റ് മുന്നേ ഐസ്ലാൻഡിലെ അത്ഭുതങ്ങൾ ദൃശ്യമായി തുടങ്ങിയിരുന്നു. വലതു വിൻഡോയിലൂടെ ഞങ്ങളുടെ കണ്ണുകളിലേക്ക് നൃത്തം ചെയ്യുന്ന നോർത്തേൺ ലൈറ്റ്സിന്റെ വിസ്മയ രശ്മികൾ പതിച്ചു തുടങ്ങി. ഐസ്ലാൻഡിന്റെ സവിശേഷതകളിൽ മുൻതൂക്കമുള്ള പ്രതിഭാസമാണ് നോർത്തേൺ ലൈറ്റ്സ്. വിമാനമിറങ്ങി ഞങ്ങളെയും കൊണ്ട് പറക്കുന്ന കാറ്റിലൂടെ തണുത്ത് വിറച്ച് റെന്റ് എ കാർ അന്വേഷിച്ചു നടന്നു. തുടർന്ന് അങ്ങോട്ട് യാത്രകളുടെ മേളമായിരുന്നു.
ഈ ദ്വീപ് രാജ്യത്തെ മുഖ്യ ഹൈവേയായ റിങ് റോഡിലൂടെ തനിയെ കാറോടിച്ചാണ് സഞ്ചാരം ആരംഭിച്ചത്. ഐസ്ലാൻഡിനെ ചുറ്റിവരുന്ന ഈ റിങ് റോഡിലൂടെ കടന്നുപോകുമ്പോൾ എല്ലാ ഭൂപ്രകൃതി വിസ്മയങ്ങളും നമുക്ക് മുന്നിൽ പ്രത്യക്ഷമാകും. ദിക്കുകൾ മാറുന്നതിനനുസരിച്ച് മാറിവരുന്ന കാലാവസ്ഥയാണ് ഐസ്ലാലാൻഡിന്റെ മറ്റൊരു സവിശേഷത. സൗത്തിൽ ശക്തമായ കാറ്റ്, ഈസ്റ്റിൽ കഠിന മഞ്ഞു വീഴ്ച, നോർത്താകട്ടെ ഐസിനാൽ മൂടപ്പെട്ടുകിടക്കുന്നു, വെസ്റ്റിൽ കണ്ണുകാണാൻ വയ്യാത്ത മഴയും.
130 ഓളം അഗ്നിപർവ്വതങ്ങൾ ഉണ്ട് ഈ രാജ്യത്ത്. യൂറോപ്പിലെ ഏറ്റവും വലിയ ഗ്ലോഷർ ആയ വട്നയോകുൽ സ്ഥിതിചെയ്യുന്നത് ഐസ്ലാൻഡിലാണ്. പല അഗ്നിപർവ്വതങ്ങളും ഒളിഞ്ഞിരിക്കുന്നത് ഈ മഞ്ഞു കൊട്ടാരത്തിനുള്ളിലാണെന്നത് അതിശയകരമായ വാസ്തവമാണ്. നാലുവർഷത്തിലൊരിക്കൽ ഐസ്ലാൻഡിൽ അഗ്നിപർവ്വത സ്ഫോടനം സംഭവിക്കാറുണ്ടത്രേ.
നവംബർ മുതൽ ഐസ്ലാൻഡിൽ അതിശൈത്യം ആരംഭിക്കും. പിന്നീട് മാസങ്ങളോളം ആളുകൾ വീടിനുള്ളിൽ പതുങ്ങിയിരിക്കും. അപകടകരമായ ഈ കാലാവസ്ഥയിൽ എല്ലാവരും ഹിമനിദ്രയിലായിരിക്കും. സാമ്പത്തിക ചെലവ് വളരെ കൂടിയ ഇടമാണ് ഇവിടം. ഒരു ലിറ്റർ വെള്ളത്തിന് ഏതാണ്ട് 500 രൂപ വില വരും. മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും അഗ്നിപർവ്വതകളും ലാവാ ഫീൽഡും ടെക്ടോണിക് പ്ലേറ്റ്സ് സെപ്പറേഷനും ഹോട്ട് സ്പ്രിങ്സും ഗ്ലെയ്സറും ബ്ലാക്ക് സാൻഡ് ബീച്ചുകളും ഐസ് ബർഗുകളും ബ്ലു ലഗുൺ ജിയോ തെർമൽ പൂളും ഹൈലാൻ റീജിയനും തുടങ്ങി വിഭിന്നങ്ങളായ ദൈവ നിർമിതികൾ ഭൂമിയിലെ മനുഷ്യരിൽ ആശ്ചര്യം തീർക്കും.
പുറത്ത് -4 ഡിഗ്രി സെൽഷ്യസ് താപ നില നിലനിൽക്കുമ്പോൾ ഹോട്ട് സ്പ്രിങ്കിലെ ബാത്തിങ് തരുന്നത് സുഗമമായ ചൂടൻ അനുഭവമാണ്. മകൾ ഗസൽ കൈയ്യിലൊരു കോൾഡ് ഡ്രിങ്കുമായി ഇത് ആവോളം ആസ്വദിച്ചു. ഡയമണ്ട് ബീച്ചിൽ ലാവ പൊട്ടി തിരയോടൊപ്പം ഐസ് പാളികളായി കിലോമീറ്ററുകളോളം ദൂരത്തിൽ തെറിച്ചു കിടന്നിരുന്നു. വിദൂര ഗ്രഹങ്ങളിൽ ചെന്ന കാഴ്ചകളായി ഇവയെല്ലാം നമ്മെ വരവേൽക്കും.
നോഹ, സ്റ്റാർ വാർസ്, ഇന്റർസ്റ്റെലർ, ഗെയിം ഓഫ് ത്രോൺസ് പോലുള്ള സിനിമ -സീരീസുകളുടെ കടുത്ത ആരാധകയായ എന്റെ ഭാര്യ ബേനസീറക്ക് അവളുടെ വലിയ ആഗ്രഹപൂർത്തീകരണം കൂടിയായിരുന്നു ഈ ഐസ്ലാൻഡ് യാത്ര. ഭൂമിയിൽ നിന്നും മറ്റെരു ലോകത്തെത്തിയ അസാധാരണ അനുഭൂതിയാണ് ഐസ്ലാൻഡ് സമ്മാനിച്ചത്. വെള്ള പുതച്ച ഭൂപ്രതലങ്ങളുള്ള ഈ രാജ്യത്ത് പ്രകൃതിയുടെ മറഞ്ഞു കിടക്കുന്ന വർണ്ണവൈവിധ്യങ്ങൾ ആവോളം നുകരാനായതിന്റെ ആത്മ സംതൃപ്തിയിലാണ് ഞങ്ങൾ മടങ്ങിയത്.
തയാറാക്കിയത്:
സൽവ സലീന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.